ജീവിതത്തിലെ ചെറിയ ചെറിയ തെറ്റുകളും , പരിഹാരങ്ങളും തിരിച്ചറിവുകളുമായി മനോഹരമായ ഒരു സിനിമാ അനുഭവം- ജെയിംസ് ആൻഡ് ആലീസ്...
ജെയിംസ് ആൻഡ് ആലിസ്
പ്രശസ്ത ഛായാഗ്രഹകന്‍ ആയ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ജയിംസ് ആന്റ് ആലീസ്.പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ നായികയായെത്തുന്നത് വേദികയാണ്. ഇവിടെയ്ക്ക് ശേഷം ധാര്‍മിക് ഫിലിംസ് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരകഥയൊരുക്കിയിരിക്കുന്നത് ഡോ എസ് ജാനാര്‍ദനന്‍ ആണ്.
കഥ
ജയിംസ് ഒരു അനാഥനാണ്. ഒരു ചിത്രകാരനായ അയാള്‍ കോടീശ്വരനായ ഡേവിഡ് തേക്കെപറമ്പിലിന്റെ മകളായ ആലീസുമായി പ്രണയത്തിലാവുന്നു. ഡേവിഡിനു ജയിംസ് അനാഥനായത് ഒരു വിഷയമല്ല. പക്ഷെ ഒരു സ്ഥിരവരുമാനമില്ല എന്ന കാരണത്താല്‍ അദ്ദേഹം കല്യാണത്തിനു വിസമ്മതിക്കുന്നു. ആലീസ് ജയിംസിനോടൊപ്പം ഇറങ്ങി വരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് ജയിംസ് ചെറിയ ഒരു ആഡ് മേക്കര്‍ ആണ്. ആലീസാകട്ടെ ഒരു ബാങ്കില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
പ്രണയകാലത്തിന്റെ തീക്ഷ്ണതയൊന്നും വിവാഹ ജീവിതത്തിനില്ല എന്ന് ജയിംസും ആലീസും മനസ്സിലാക്കി വരുന്നു. ജയിംസിന്റെ ജോലി തിരക്കുകള്‍ കാരണം പലപ്പോഴും ആലീസിന്റെയും മകളുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നു. പഴയ വൈരാഗ്യം മറന്ന് ആലീസിന്റെ അപ്പച്ചന്‍ ഇവരെ തിരികെ വിളിക്കുമ്പോള്‍ ഈഗോ കാരണം ജയിംസ് അപ്പച്ചനെ കാണാന്‍ കൂട്ടാക്കുന്നില്ല. ജയിംസിനെ കാണാതെ അപ്പച്ചന്‍ മരിക്കുന്നു. ഇത് ആലീസില്‍ വലിയ മുറിവുണ്ടാക്കുന്നു. ആലീസും മകളും ജയിംസിന്റെ വീട് വിട്ടിറങ്ങുന്നു. ആലീസ് വിവാഹമോചനത്തിനു അപേക്ഷിക്കുന്നു. കൗണ്‍സിലിംഗ് സമയത്ത് ജയിംസില്‍ ആലീസ് ആരോപിക്കുന്ന കുറ്റങ്ങളില്‍
ഒരെണ്ണമെങ്കിലും ഒരുമിച്ച് താമസിച്ചിരുന്ന കാലത്ത് തന്നോട് പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കിലായിരുന്നു എന്ന പറഞ്ഞ് ജയിംസ് വിവാഹ മോചനത്തിനു സമ്മതിക്കുന്നു. തന്റെ മകളുടെ പിറന്നാള്‍ ദിവസം കുറച്ച് സമയം തന്നോടൊപ്പം ആലീസും മകളും ചിലവഴിക്കണമെന്ന ജയിംസിന്റെ അപേക്ഷ ആലീസ് അംഗീകരിക്കുന്നു. അതനുസരിച്ച് ജയിംസിനെയും പ്രതീക്ഷീച്ച് ആലീസും മകളും കാത്തിരിക്കുമ്പോഴാണ് ആ ദുരന്തം സംഭവിക്കുന്നത്..!!!!!
വിശകലനം.
കുടുബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരുപാടൊരുപാട് സിനിമകള്‍ സിനിമ ഉണ്ടായ കാലം മുതല്ക്കേ ഉണ്ടായിട്ടുള്ളതാണ്. പ്രണയവിവാഹവും അതിനു ശേഷം സംഭവിക്കുന്ന കലഹങ്ങളും പിന്നീടുണ്ടാകുന്ന ഒത്തുച്ചേരലുകളുമുള്ള നിരവധി സിനിമകള്‍ കണ്ട് ഒരുപാട് വട്ടം മലയാളി സിനിമ പ്രേക്ഷകര്‍ പുളകിതരായിട്ടുമുണ്ട്. പിന്നെ എന്താണ് വീണ്ടും ഇത്തരമൊരു പ്രമേയത്തിനു പ്രസക്തി എന്ന് ചിന്തിക്കുന്നവര്‍ക്കായി ഇതിന്റെ സെക്കന്റ് ഹാഫില്‍ ഒരു വ്യത്യസ്ഥത ഒരുക്കി വെച്ചിട്ടുണ്ട്. ഒരു പക്ഷെ ആ ഒരു സ്പാര്‍ക്ക് ആയിരിക്കണം ഈ കഥ സിനിമയാക്കാന്‍ പൃഥ്വിരാജ് സമ്മതം മൂളിയതിനു കാരണവും.
സുജിത് വാസുദേവിന്റെ ക്യാമറകണ്ണിലൂടെ ഒത്തിരി മനോഹര സിനിമകള്‍ മലയാളികള്‍ കണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സംവിധാന വൈഭവം ഈ ചിത്രത്തിലൂടെ അനുഭവിക്കാനുള്ള ഭാഗ്യം പ്രേക്ഷകര്‍ക്കുണ്ടായി, ദോഷം പറയരുതല്ലോ തരക്കേടില്ലാത്ത തരത്തില്‍ ജയിംസിനെയും ആലീസിനെയും അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. സംവിധായകന്‍ തന്നെ ക്യാമറാമാന്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ആവിഷ്ക്കാര സ്വാതന്ത്രത്തിന്റെ അനന്തമായ നീലാകാശം പരമാവധി പ്രയോജനപ്പെടുത്തിയാണ് സുജിത് വാസുദേവ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അതു തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണവും. അഭിനേതാക്കളില്‍ പൃഥ്വിരാജ്, വേദിക എന്നിവര്‍ക്ക് മാത്രമേ കാര്യമായ റോളുകള്‍ ഉണ്ടായിരുന്നുള്ളു. ഇരുവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. ശബ്ദ സാന്നിധ്യമായി എത്തുന്ന അനൂപ് മേനോനും തകര്‍ത്തിട്ടുണ്ട്. നടന്‍ ശ്രീകുമാറിന്റെ ഡ്യൂപ്പാവാന്‍ പാകത്തിലൊരു നടനെ ഈ സിനിമയില്‍ കാണാം.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ ചെറിയ അഡ്ജസ്റ്റ്മെന്റുകളിലൂടെയാണ് ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നത് എന്ന സദ്ദുദേശപരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. ഇത് പക്ഷെ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍ തക്കവണ്ണം പ്രഹര ശേഷി ചിത്രത്തിന്റെ തിരകഥയ്ക്ക് ഇല്ലാതെ പോയി എന്നത് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതില്‍ നിന്ന് ചിത്രത്തെ പിന്നോട്ട് വലിക്കും. വിവാഹിതര്‍ക്കും വിവാഹത്തിനു തയ്യാറെടുക്കുന്നവര്‍ക്കും വിവാഹം
കഴിച്ച് കുറച്ച് കാലങ്ങള്‍ ആയവര്‍ക്കും മാത്രമേ ഈ സിനിമയോട് ശരിയായ രീതിയില്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കു എന്ന് പറയുന്നതിന്റെ അര്‍ത്ഥം തിയറ്ററില്‍ വന്ന് സിനിമ കാണുന്ന ബഹുഭൂരിപക്ഷം വരുന്ന കുടുബബന്ധങ്ങളെ കുറിച്ചൊന്നും ഗൗരവമായി ചിന്തിക്കാന്‍ പ്രായമായിട്ടില്ലാത്ത യൂത്തന്മാര്‍ക്ക് രസിക്കില്ല എന്ന് തന്നെയാണ്..!!
ബോക്സോഫീസ് സാധ്യത
കുടുബ പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ ഈ ചിത്രം കുടുബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്താല്‍ ഹിറ്റ് ഉറപ്പിക്കാം...!!
പ്രേക്ഷക പ്രതികരണം.
പൃഥ്വിരാജിന്റെ നീളന്‍ മുടി ഗെറ്റപ്പൊക്കെ കണ്ട് ഒരു സ്റ്റൈലിഷ് പടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായെങ്കിലും സിനിമ അവസാനിച്ചപ്പോള്‍ അങ്ങിങ്ങായി കയ്യടികള്‍ ഉയര്‍ന്നു.
റേറ്റിംഗ് : 3/5
അടിക്കുറിപ്പ്: ഈ സിനിമ കണ്ട് കഴിഞ്ഞ ഉടന്‍ ഒരാളെങ്കിലും തന്റെ ഭാര്യയെ വിളിച്ച് വെറുതെ ഒന്ന് സുഖവിവരം അന്വേഷിച്ചു എങ്കില്‍ അതാണ് ഈ സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.
NATIONAL STAR