2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ഊഞ്ഞാൽ !!!!






"വീണ്ടും ഒരോണം കൂടി എത്തി കുട്ടാ, എന്റെ കുട്ടൻ ഇത്തവണ എങ്കിലും അമ്മയെ കാണാൻ എത്തുമോ? മുറ്റത്തെ മൂവാണ്ടൻ മാവ് മുറിക്കാൻ സമയമായി കുട്ടാ, അതിനു മുൻപ് അതിന്റെ താഴ്ന്ന കൊമ്പിൽ ഊഞ്ഞാല് കെട്ടി ഒരിക്കൽ കൂടി മതിവരുവോളം ആടണ്ടേ എന്റെ കുട്ടന്"
'അമ്മ എഴുതിയ കത്ത് അർജുന്റെ കൈകളിലിരുന്നു വിറച്ചു , ഉള്ളിലെ നീറ്റൽ കണ്ണുകളിലേക്കു നനവായ് പടർന്നിറങ്ങിയപ്പോൾ അക്ഷരങ്ങൾ അവ്യകതമായി. ഓരോ ഓണത്തിനും  ഓണത്തിന് വരുമല്ലോ കുട്ടാ എന്ന് അന്വോഷിച്ചു 'അമ്മ  കത്തെഴുതാറുണ്ട്. അപ്പോഴൊന്നും തോന്നാത്ത ഒരു പിടച്ചിൽ ഇടനെഞ്ചിലിപ്പോൾ  . വെട്ടിപ്പിടിച്ചതെല്ലാം  വ്യർത്ഥമായിരുന്നു എന്ന തിരിച്ചറിവിൽ ഹൃദയം മുറിഞ്ഞു കണ്ണുനീർ ചാലുകളായി.

പഴമയുടെയും പ്രൗഡിയുടെയും പൊങ്ങച്ചത്തിന്റെ ബാക്കി പത്രം എന്നും പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നു. എല്ലാത്തിനോടും വെറുപ്പായിരുന്നു. എല്ലാം വെട്ടിപ്പിടിക്കാനുള്ള മോഹമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും നഷ്ടപ്രണയവും എല്ലാം കൂടി മാറാപ്പിലേന്തി എത്തിപ്പെട്ടത് മറ്റൊരു തുരുത്തിൽ ആയിരുന്നു. നാടും വീടും ബന്ധങ്ങളും ഉപേക്ഷിച്ചു കൊണ്ട് അന്യനാട്ടിൽ എല്ലാം വെട്ടിപ്പിടിക്കുവാനുള്ള പരക്കം പാച്ചിൽ .
തിരിഞ്ഞു നോക്കാൻ സമയമില്ലാത്തതിനാൽ മുന്നോട്ടു തന്നെയായിരുന്നു യാത്ര . ആ യാത്രയിൽ എവിടെ വച്ചോ ഒപ്പം ചേർന്ന് നടക്കാൻ തുടങ്ങിയതാണ് എയ്ഞ്ചേൽ . ഇന്നിപ്പോൾ മക്കളായ ആദിയും അഞ്ജലിയും ഒപ്പമുണ്ട് .
എയ്ഞ്ചേൽ എന്നും വഴികാട്ടി ആയിരുന്നു. കേരളത്തിൽ വേരുകൾ ഉണ്ടെങ്കിലും എയ്ഞ്ചേൽ ജനിച്ചതും വളർന്നതും അമേരിക്കയിൽ തന്നെ ആയിരുന്നു. എങ്കിലും കേരളത്തിന്റെ സംസ്കാരവും പ്രകൃതിയുമൊക്കെ എയ്ഞ്ചേൽ മറ്റാരേക്കാളും മനസ്സിലാക്കിയിരുന്നു. കേരളത്തെക്കുറിച്ചുള്ള ഏഞ്ചലിന്റെ ചില കണ്ടെത്തലുകൾ  തനിക്കു പോലും പുതിയ അറിവായിരുന്നു. തങ്ങളുടെ അച്ഛന്റെ നാടിനെ കുറിച്ച് മക്കൾ അറിയണം എന്ന് ഏഞ്ചലിന് നിർബന്ധം ആയിരുന്നു. അതിനു വേണ്ടി മക്കൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. പലപ്പോഴും കേരളീയ വിഭവങ്ങൾ തയ്യാറാക്കി എയ്ഞ്ചൽ അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു.
ജോലിയുടെ ടെൻഷനിൽ മനസ്സാകെ ചഞ്ചലമാകുന്ന സമയത്തു ഒരു കുളിർ കാറ്റ് പോലെ എയ്ഞ്ചേൽ അടുത്ത് വരും. തന്റെ നെറുകയിൽ പതിയെ ചുംബിക്കും എന്നിട്ടു ചോദിക്കും നമുക്ക് നാട്ടിലൊക്കെ പോയി അമ്മയെ ഒക്കെ കണ്ടു വന്നാലോ. എന്നിട്ടവൾ കണ്ണുകളിലേക്കു നോക്കും . ആ കണ്ണുകളിലെ ദൈന്യ ഭാവവും ചുണ്ടുകളിലെ വിളറിയ ചിരിയും കാണുമ്പോൾ തന്നെ അതിനായി തന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല എന്ന് അവൾക്കു മനസ്സിലാകും. പിന്നെ നെറുകയിൽ മറ്റൊരു ചുംബനം കൂടി നൽകി പതിയെ നടന്നു പോകും.
വിറയാർന്ന കൈകളിൽ കത്തുമായി വിദൂരതയിലേക്ക് നോക്കി നെടുവീർപ്പിടുന്ന അർജുന്റെ അരികിലേക്ക് എയ്ഞ്ചേൽ എത്തി . നെറുകയിൽ മൃദുവായി ചുംബിച്ചു കൊണ്ട് ചോദിച്ചു, നമുക്ക്  നാട്ടിലൊക്കെ പോയി അമ്മയെ ഒക്കെ ഒന്ന് കണ്ടു വന്നാലോ. പിന്നെ അവൾ അർജുന്റെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകളിലെ പതിവിലും വലിയ തിളക്കം എയ്ഞ്ചേൽ തിരിച്ചറിഞ്ഞു. അർജുൻ ഏഞ്ചലിനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു, പോകണം നാട്ടിൽ പോകണം അമ്മയെ കാണണം മൂവാണ്ടൻമാവിലെ താഴ്ന്നകൊമ്പിലെ ഊഞ്ഞാലിലിൽ ഇരുന്നു മതിയാവോളം ആടണം.

വിമാനത്താവളത്തിൽ നിന്ന് തറവാട്ടിലേക്കുള്ള യാത്രയിൽ അർജുന്റെ മനസ്സ് നിറയെ ചിന്തകളായിരുന്നു. തനിക്കു പ്രിയപ്പെട്ട നാട്ടിടങ്ങളും രൂപങ്ങളും നിറങ്ങളും ഒക്കെ തന്നിലേക്ക് ഓടി എത്തുന്നതായി അർജുൻ തിരിച്ചറിഞ്ഞു. എന്തേ താൻ ഇത്രനാളും ഇവിടേയ്ക്ക് വരാൻ മടിച്ചു, വെറുപ്പ് എന്നത് വെറും കാപട്യത്തിന്റെ ആവരണം മാത്രമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. എയ്ഞ്ചൽ അപ്പോഴും നാട്ടിലും മുത്തശ്ശിയോടുമൊക്കെ പെരുമാറേണ്ടുന്ന രീതി കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.തറവാട്ട് പടിക്കൽ വണ്ടി എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. എല്ലാം മാറിയിട്ടുണ്ടാകും എന്ന് കരുതി എങ്കിലും ചിലതെങ്കിലും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്നത് സന്തോഷകരം തന്നെ. തൊടിയിലെ പുല്ലുകൾ വകഞ്ഞു മാറ്റി പടിക്കെട്ടുകൾ കയറുമ്പോൾ തുളസിത്തറയിലെ ദീപപ്രഭയിൽ ഉമ്മറപ്പടിയിൽ ആരെയോ പ്രതീക്ഷിച്ചു  വഴിക്കണ്ണുമായിരിക്കുന്ന അമ്മ. ഒരു നിമിഷം അർജുൻ ഒന്ന് നിന്നു, അർജുന്റെ കണ്ണുകളിൽ നിന്നു കണ്ണുനീർ ചാലുകളായി ഒഴുകിയിറങ്ങി. അർജുന്റെ മനസ്സു അറിഞ്ഞിട്ടെന്ന വണ്ണം എയ്ഞ്ചേൽ അർജുന്റെ ചുമലിൽ മൃദുവായി കൈകൾ ചേർത്തു. നിറഞ്ഞ മിഴികളുമായി ഏഞ്ചലിനെ തിരിഞ്ഞു നോക്കുമ്പോൾ ഏഞ്ചലും കരയുകയായിരുന്നു. ഒപ്പം ആദിയുടെയും അഞ്ജലിയുടേം കണ്ണുകളും സജലങ്ങളായി. പെട്ടെന്ന് ഒരു കുളിര്കാറ്റ്‌ അവരെ തഴുകി കടന്ന് പോയി. ആ കുളിർ  കാറ്റിൽ മൂവാണ്ടൻ മാവിലെ താഴ്ന്നകൊമ്പിൽ കെട്ടിയിരുന്ന ഊഞ്ഞാലും ഇളകിയാടുന്നുണ്ടായിരുന്നു

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️