2016, ജൂലൈ 29, വെള്ളിയാഴ്‌ച

ഭരതൻ: ജീവിതം സിനിമ ഓർമ







മലയാള സിനിമയെ കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാൻ സഹായിക്കുന്ന പുസ്‌തകമാണ് ഒലിവിന്റെ ഭരതൻ ജീവിതം സിനിമ ഓർമ. പി എൻ മേനോൻ, കെ പി എ സി ലളിത, , കെ ജി ജോർജ്, മമ്മൂട്ടി, പവിത്രൻ, ഷാജി എൻ കരുൺ, സത്യൻ അന്തിക്കാട്, കമൽ, ഭരത് ഗോപി, നെടുമുടി വേണു, ജലജ തുടങ്ങിയവരുടെ ഓർമകൾ.

ഷൊർണൂരിൽ വെങ്കലത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. തകരയ്‌ക്കു ശേഷം ഭരതനുമായി ചേർന്ന് ബാബു ആവാരംപൂ എന്ന തമിഴ് ചിത്രം നിർമിച്ചു. പിന്നീട് അവരുടെ കൂട്ടായ്‌മയിൽ നിന്നുണ്ടായ ചിത്രമാണ് വെങ്കലം. ഈ ചിത്രത്തിനു സെറ്റുണ്ടാക്കാൻ ഭാരതപ്പുഴയുടെ തീരത്ത് ബാബു കുറെ സ്‌ഥലം വാങ്ങിയിരുന്നു. അവിടെയാണ് പ്രധാന സെറ്റായ കെ പി എ സി ലളിതയുടെ വീട്. മണ്ണുകൊണ്ടു തീർത്ത ആ കൊച്ചു വീട് ഇന്നും അവിടെയുണ്ട്. വെങ്കലപാത്രങ്ങൾ നിർമിക്കുന്നവരുടെ കഥയായിരുന്നു അത്. എന്തെടുത്താലും ‘റിയാലിറ്റി ടു ദ കോർ’ എന്നതായിരുന്നു ഭരതന്റെ രീതി. ചെപ്പടി വിദ്യ കാട്ടി പ്രേക്ഷകരെ കബളിപ്പിക്കാൻ ഈ സംവിധായകൻ ഒരിക്കലും തയ്യാറായിട്ടില്ല. പക്ഷേ, ഈ രീതിയാകട്ടെ വളരെ അപകടം പിടിച്ചതുമാണ്.

അന്ന് ഭാരതപ്പുഴയുടെ തീരത്തെ മൺകുടിലിനോട് ചേർന്നുള്ള ഉലയിൽ യഥാർഥത്തിൽ ലോഹം ഉരുക്കി മൂശയിലൊഴിച്ച് ഓട്ടുപാത്രങ്ങൾ വാർത്തെടുക്കുകയുണ്ടായി. തീർത്തും അപകടം പിടിച്ച ആ പണിയാണ് മുരളിയും മനോജും ലളിതയും ഒക്കെ ചേർന്ന് ചെയ്‌തത്. ഒന്നു പിഴച്ചാൽ, ഒരു തുള്ളി തെറിച്ചാൽ… ഇല്ല ഒന്നും സംഭവിച്ചില്ല. കത്തുന്ന സൂര്യശോഭയിൽ ആ രംഗങ്ങൾ പിന്നീട് സ്‌ക്രീനിൽ കണ്ടപ്പോഴാണ് അതിന്റെ പ്രത്യേകത മനസ്സിലായത്. ഇടവേളയിലെപ്പോഴോ ഭരതനോട് തിരക്കി “ഒരു സിനിമയ്‌ക്കു വേണ്ടി ഇത്രയും റിസ്‌ക്… ഈ സൂക്ഷ്‌മത ആവശ്യമോ?” അന്നാണ് ഭരതൻ വൈശാലിയുടെ കഥ പറഞ്ഞത്.

വൈശാലിയുടെ ക്ലൈമാക്‌സിൽ മഴ പെയ്യുവാൻ വേണ്ടി ഒരു യാഗം നടക്കുന്നു. യാഗവേദിയിലെ ഹോമകുണ്ഡത്തിൽ നിന്നുയരുന്ന പുക മേഘങ്ങളായി, മഴ പെയ്യുന്നു എന്നതാണ് ഇതിന്റെ മിത്ത്. അന്ന് ആ യാഗവേദി ഒരുക്കിയത് സംസ്‌കൃത കോളജിലെ പ്രഫസർമാരുടെ നിർദേശാനുസരണമായിരുന്നു. ചൊല്ലിയ മന്ത്രങ്ങളൊക്കെ യഥാർഥ മന്ത്രങ്ങളായിരുന്നു. ഉപയോഗിച്ച വസ്‌തുവകകൾ ഒക്കെയും ഒറിജിനൽ. നെയ്യു മുതൽ എള്ളുവരെയുള്ള എല്ലാ സാധനങ്ങളും പാത്രങ്ങളും വരെ. വെള്ളപൂശിയതു പോലെ തെളിഞ്ഞതായിരുന്നു അപ്പോൾ ആകാശം. മന്ത്രജപം ഉയർന്നു, അഗ്നി ജ്വലിച്ചു. പിന്നീട് ഹവിസ്സായി ആകാശത്തേക്ക് പുക ഉയർന്നു. മൂന്നു ക്യാമറ വച്ചായിരുന്നു ചിത്രീകരണം. പുക ഉയർന്ന് മഴ മേഘങ്ങളാകുന്നതും ചിത്രീകരിക്കേണ്ടതാണ്. എം ടിയും അവിടെയുണ്ട്. . പുകയിലൂടെയാണ് ഞങ്ങൾ അത് കണ്ടത്.. ആകാശം മുഴുവൻ മഴ മേഘങ്ങൾ നിറഞ്ഞിരിക്കുന്നു. പിന്നെയൊരു ചൊരിച്ചിലായിരുന്നു. നിലക്കാത്ത മഴ.. വാസ്‌തവത്തിൽ രോമാഞ്ചമുണ്ടായി. തിരിഞ്ഞു നോക്കുമ്പോൾ ധ്യാനനിരതനായി ഭരതൻ.. അതേ രീതിയിൽ നിൽക്കുന്നു എം ടിയും.

കടപ്പാട് - മൂവി രാഗ 

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...