2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൃദയപൂർവ്വം !!!!






ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കില്‍ ആ ആഴ്ചയിലെ മറ്റൊരു ദിവസം ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനമാണിത്. ഇന്ത്യയിലെ ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക് 4 ശതമാനത്തില്‍ കുറവാണ്.

ആരോഗ്യ പൂര്‍ണമായ ജീവിതരീതിയാണ് ഹൃദ്രോഗം ഒഴിവാക്കാനുള്ള പ്രധാന വഴി. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വര്‍ജ്ജിക്കുക, ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക, പതിവായി വ്യായാമം ചെയ്യുക ഇവയൊക്കെ ഹൃദ്രോഗത്തെ തടയും.


പുകവലി

പുകവലിക്കുമ്പോൾ രക്തത്തിലുള്ള ഓക്സിജനു പകരം സിഗരെറ്റിലുള്ള   കാർബൺ മോണോക്സൈഡ് രക്തത്തിൽ അലിഞ്ഞു ചേരുകയും ധമനികൾ നശിക്കുകയും ചെയുന്നു .ഇതു പല ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു .

കൊളസ്ട്രോൾ

കൊളസ്ട്രോൾ എന്നത്  ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഉപകാരപ്രദമായ    കൊഴുപ്പാണ്‌ . അത്  ശരീരത്തിൽ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാനും  വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കാനും  ഭക്ഷണം ദഹിപ്പിക്കാനും സഹായിക്കുന്നു . പക്ഷേ , ഇതിന്റെ അളവ് രക്തത്തിൽ കൂടിയാൽ അത്  രോഗങ്ങൾക്ക്‌ വഴി തെളിക്കുന്നു .

പ്രമേഹം

നമ്മുടെ  ഭക്ഷണ ക്രമം മൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ്  കൂടുന്നതോ കുറയുന്നതോ ആണ് പ്രമേഹം.ഇതും ഹൃദയ രോഗത്തിന്റെ ഒരു കാരണമാണ്.

കുടുംബ പാരമ്പര്യം

പാരമ്പര്യമായ്   ലഭിക്കുന്ന രക്ത സമ്മർദം , കൊളസ്ട്രോൾ , പ്രമേഹം , ശരീരപ്രകൃതം  എന്നിവ  ഹൃദയ രോഗങ്ങൾക്ക്  കാരണമാകുന്നു .

അമിത വണ്ണം

ഓരോ വ്യക്തിയുടെയും ശരീര ഭാരം അയാളുടെ പൊക്കത്തെ ആശ്രയിച്ചിരിക്കുന്നു . പൊക്കത്തേക്കാൾ കൂടുതൽ ഭാരമുള്ള  വ്യക്തികൾക്ക്  രോഗ സാധ്യത കൂടുതലാണ് .

വ്യായാമത്തിന്റെ കുറവ്

വ്യായാമം  ഹൃദയത്തിലെ അറകളെ ആരോഗ്യമുള്ളതാക്കിതീർക്കുന്നു . എന്നാൽ  ഇന്ന്  വ്യായാമം  ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ് . അതുകൊണ്ട്  അമിതമായ രക്ത സമ്മർദം , പ്രമേഹം , അമിത വണ്ണം , കൊളസ്ട്രോൾ എന്നിവയ്ക്ക്  സാധ്യത കൂടുതലാണ് .

പ്രായം

മനുഷ്യന്റെ ചെറുപ്പക്കാലത്ത് തന്നെ പ്ലേക്   ശരീരത്തിൽ വന്നു ചേരുന്നു . എന്നാൽ പുരുഷന്മാരിൽ 45 വയസ്സിനു ശേഷവും സ്ത്രീകളിൽ 55 വയസ്സിനു ശേഷവും പ്ലേക് വർദ്ധിച്ചു  വരുന്നു

ലക്ഷണങ്ങൾ


നെഞ്ചു  വേദന
ശ്വാസം  മുട്ടൽ
വേദനകൾ , കയ്കാൽ തളർച്ച
കഴുത്ത് , താടി , തൊണ്ട , നെഞ്ച്  , നടു എന്നിവിടങ്ങളിൽ വേദന


ഏതെല്ലാം സാഹചര്യങ്ങളിൽ ജീവിച്ചാലും വളർന്നാലും ആരോഗ്യ പ്രദമായ ഒരു ഹൃദയം  നമ്മുടെ എല്ലാവരുടെയും  അവകാശമാണ് 

അർഹിച്ച വിജയം !!!!





✨💓ഉൗഴം കണ്ട പ്രേക്ഷകന്‍ എന്ന നിലയില്‍ ,ചിത്രം തീരും വരെ നിശ്ശബ്ദമായി അതില്‍ ലയിച്ചു ചേര്‍ന്ന പ്രേക്ഷകര്‍ക്കും നിലയ്കാത്ത കൈയ്യടികള്‍ക്കും അപ്പുറം ചിത്രം തീര്‍ന്നിട്ടും അതറിയാതെ സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ സീറ്റുകളില്‍ അമര്‍ന്നിരിക്കുന്ന മുഴുവന്‍ പ്രേക്ഷകരും ആണ് അത്ഭുതപ്പെടുത്തിയത്. എ ജീത്തു ജോസഫ് ഫിലിം എന്ന എന്‍ഡ് ടൈറ്റില്‍ കാര്‍ഡ് തെളിയുമ്പോഴാണ് ഓരോ പ്രേക്ഷകനും യാഥാര്‍ത്ഥ്യ ലോകത്തേക്ക് മടങ്ങി എത്തുന്നത്! തീര്‍ച്ചയായും അഭിമാനിക്കാം.
ബിഗ് സല്യൂട്ട്
      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

🌹🌟പ്രിയദർശനം🌟🌹






മലയാളത്തിന്റെ പ്രിയ സംവിധായകൻ ശ്രീ പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുമ്പോൾ അത് കാലത്തിന്റെ കാവ്യ നീതി കൂടിയാണ്. മലയാള സിനിമാ ചരിത്രത്തിൽ കലാപരമായും വാണിജ്യപരമായും ഏറ്റവും കൂടുതൽ സംഭാവന നൽകിയ ചലചിത്രകാരന് കാലം നൽകുന്ന അംഗീകാരം. തീർച്ചയായും പൂച്ചക്കൊരു മൂക്കുത്തിയിൽ തുടങ്ങി ഒപ്പത്തിൽ എത്തി നിൽക്കുമ്പോൾ പ്രിയദർശൻ എന്ന പ്രതിഭയെ അത്ഭുതത്തോടെ , ആദരവോടെയെ നോക്കി കാണാൻ കഴിയൂ. ഇപ്പോഴിതാ എയ്ഡ്‌സ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് അദ്ദേഹം  സംവിധാനം ചെയ്ത 'സില സമയങ്ങളില്‍' എന്ന തമിഴ് ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലെ അവസാന പത്തിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ. സൗത്ത് ഇന്ത്യക്കാർ പ്രേതെകിച്ചു മലയാളികൾ ഒരിടം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുന്ന ഹിന്ദി ചലച്ചിത്ര  രംഗത്ത് പോലും മുൻ നിരയിൽ ഇരിപ്പിടം കണ്ടെത്തിയ ചലച്ചിത്രകാരൻ. അദ്ദേഹം സംവിധാനം ചെയ്ത ഒന്നോ രണ്ടോ ഹിന്ദി ചിത്രങ്ങൾ ഒഴിച്ചാൽ മറ്റെല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്. പല ചിത്രങ്ങളും എത്ര തവണ കണ്ടു എന്ന് പോലും അറിയില്ല . ഇത് വ്യക്തിപരമായി എന്റെ മാത്രം അനുഭവം ആയിരിക്കാൻ വഴിയില്ല. കാരണം മലയാളികളുടെ ആകെ ആസ്വാദനത്തിന്റെ രസക്കൂട്ടുകൾ മതിയായ അളവിൽ വിന്യസിപ്പിക്കുന്നതിൽ പ്രിയദര്ശന് പോലെ മറ്റൊരു ഒരു ചലച്ചിത്രകാരനും  കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം
. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഇഷ്ട്ടമാണ് എങ്കിലും വ്യക്തിപരമായി ഏറെ ഇഷ്ടം ചിത്രം എന്ന സിനിമയോടാണ്. ആദ്യ കാഴ്ച്ചയിൽ തന്നെ ഉള്ളിൽ ഉറഞ്ഞു കൂടിയ ആസ്വാദന ചാരുത കാലമേറെ കഴിഞ്ഞു ഇന്ന് കാണുമ്പോഴും അതേ അളവിൽ തുളുമ്പി നിൽക്കുന്നു . ഒപ്പത്തിന്റെ വിജയം അടയാളപ്പെടുത്തുന്ന മറ്റൊന്ന് കൂടി ഉണ്ട്. ഒരു പക്ഷെ എല്ലാത്തിനും മുകളിൽ പ്രസക്തമായതു അത് തന്നെയാവാം , പഴയ തലമുറ , പുതിയ തലമുറ  എന്ന തരത്തിൽ സിനിമയെ വിഭജിക്കുന്ന ഇന്നത്തെ കാലത്തു അത്തരം വേർതിരിവുകൾക്കു പ്രസക്തിയില്ല എന്നും  നല്ല സിനിമകൾ എല്ലാ തലമുറകൾക്കും ഉള്ളതാണ് എന്നുമുള്ള  യാഥാർഥ്യമാണ് ശ്രീ പ്രിയദർശൻ ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ മലയാളിക്ക് മനസ്സിലാക്കി തരുന്നത് . ഒരു പക്ഷെ പ്രിയദർശൻ എന്ന സംവിധായകന് മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ. തീർച്ചയായും ഇന്ന് രംഗത്ത് നിന്ന്  മാറി നിൽക്കുന്ന  പ്രതിഭാധനരായ ഒട്ടേറെ സംവിധായകർക്ക് പ്രചോദനം നല്കാൻ ഒപ്പത്തിന്റെ വിജയത്തിലൂടെ ശ്രീ പ്രിയദര്ശന് സാധിച്ചു. മലയാള സിനിമ ലോകത്തു മറ്റൊരു പൂക്കാലം തിരികെ  വരുന്നു എന്ന് പ്രതീക്ഷിക്കാം . പിന്നെ പലപ്പോഴും പല കണ്ടു മുട്ടലുകളും യാദൃച്ഛികമാണ്. പ്രിയൻ സാറിനെ കാണാനും പരിചയപ്പെടാനും സാധിച്ചതും അത്തരം ഒരു അനുഭവം ആണ്. പ്രിയൻ സാറിനെക്കാളും അദ്ദേഹത്തിന്റെ അച്ഛനുമായി ആയിരുന്നു ഏറെ അടുപ്പം  . പലപ്പോഴും ഫോണിൽ വിളിക്കുകയും ഇടക്കൊക്കെ വീട്ടിൽ പോയി കാണുകയും ചെയ്യാറുണ്ടായിരുന്നു. ആ സ്നേഹവും വാത്സല്യവും നേരിട്ടറിയാൻ പല തവണ കഴിഞ്ഞിട്ടുണ്ട്. ചില നിയോഗങ്ങൾ അങ്ങനെയാണ്.
ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടു മുട്ടാൻ സാധ്യത ഇല്ലാത്തവർ പോലും ഏതോ ജന്മ ബന്ധങ്ങളുടെ തീരത്തു വച്ച് കണ്ടുമുട്ടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന നിമിഷങ്ങൾ !!!!

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

സ്നേഹഗീതം@9 !!!!





സ്നേഹഗീതം എന്ന എന്റെ ചെറിയ  ബ്ലോഗ്‌ 9 വര്ഷത്തിലേക്ക്... എഴുത്തിന്റെ വഴികളിൽ എന്നും സ്നേഹമായ് , വാത്സല്യമായ്, പ്രോത്സാഹനമായ്‌ ഒപ്പമുള്ള  പ്രിയപ്പെട്ടവര്ക്ക് ഒരായിരം നന്ദി......

2016, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

അയാൾ വരും, വരാതിരിക്കാൻ അയാൾക്ക്‌ കഴിയില്ല !!!!






കേരള  സെക്രെട്ടറിയെറ്റ് എംപ്ലോയീസ് അസോസിയേഷൻ സാംസകാരിക വിഭാഗം  രചന സംഘടിപ്പിച്ച ടാലെന്റ്റ്‌ ടൈം 2015  കഥാ മത്സരത്തിൽ പുരസ്കാരത്തിന് അർഹമായ എന്റെ കഥ      "  ഒരു തീവണ്ടി  യാത്ര".......  പ്രിയപ്പെട്ടവര്ക്കായി സമര്പ്പിക്കുന്നു......

തീവണ്ടി കുതിച്ചു പായുകയാണ്. ഒപ്പം വഴിയോര കാഴ്ചകൾ പിന്നിലേക്ക്‌ ഓടി മറയുന്നു . മാധവ് ഒന്നുകൂടി സീറ്റിൽ ഇളകി ഇരുന്നു. തന്റെ ചുറ്റുപാടും നടക്കുന്നതൊന്നും അയാൾ ശ്രദ്ധിക്കുന്നതേ ഇല്ല. ഹൃദയത്തിൽ വല്ലാത്തൊരു നെരിപ്പോടുമായാണ്   മാധവിന്റെ യാത്ര . ആകെ അസ്വസ്ഥനാണ് അയാൾ. ഏതാണ്ട് രണ്ടു മാസം മുൻപ് ഇതുപോലെ ഒരു തീവണ്ടി യാത്ര തന്റെ ജീവിതം അപ്പാടെ മാറ്റി മറിക്കുമെന്ന് അയാൾ കരുതിയതെ ഇല്ല. തീവണ്ടിയുടെ ഗതിവേഗത്തിനും അപ്പുറം മാധവിന്റെ ചിന്തകളും ഓര്മ്മകളുടെ ആഴങ്ങളിലേക്ക് യാത്രയായി .. ഏതാണ്ട് രണ്ടു മാസം മുൻപ് ഔദ്യോഗിക ആവശ്യം കഴിഞ്ഞു വീട്ടിലേക്കുള്ള മടക്ക യാത്രയിൽ തീവണ്ടിയിൽ കയറുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. തന്റെ സീറ്റ് കണ്ടു പിടിച്ചു ഒരു ദീർഘ നിശോസ്വതോടെ ഇരുന്നു . തന്റെ ബോഗിയിൽ ഉള്ളവർ അവരവരുടെ ലോകത്താണ്. ഏറെ വൈകിയാണെങ്കിലും പത്രത്തിലും മാഗസിനുകളിലും കണ്ണ് നട്ടിരിക്കുന്നവർ, മൊബൈലിലും, ലപ്റ്റൊപിലും ഫൈസ്ബുക്കും വാട്ട്സ് ആപ്പും നോക്കി സമയം കളയുന്നവർ, മറ്റു ചിലര് ഇപ്പോൾ തന്നെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തീവണ്ടി സ്റ്റഷൻ വിട്ടു കഴിഞ്ഞു. മാധവ് തന്റെ വിന്ഡോ സീറ്റിൽ ഇരുന്നു വഴിയോര കാഴ്ചകളിലേക്ക് കണ്ണ് നട്ടു. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട് , കൂടെ ചെറിയ ചാറ്റൽ മഴയും. മഴ എന്നും തനിക്കു പ്രിയപ്പെട്ടതാണ് .പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നൊമ്പരമോ , ആഹ്ലാദമോ ഒക്കെ നല്കിയാണ് ഓരോ മഴയും കടന്നു പോകുന്നത്. പലപ്പോഴും  മനസ്സില് പ്രണയം നിറയ്ക്കുന്നതും ഈ മഴ തന്നെ ആണ്. ദീപ്തിക്കു അറിയാം താൻ പുലര്ച്ചെ മാത്രമേ എത്തുകയുള്ളൂ എന്ന് . അച്ഛനെ കാത്തിരുന്നു ഉണ്ണിമോൻ ഉറങ്ങി കാണും . ചിലപ്പോൾ വാശി പിടിച്ചു കരഞ്ഞിട്ടുണ്ടാവാം. അവനു വാങ്ങിയ മിട്ടായിയും കളിപ്പാട്ടവും ബാഗിൽ ഉണ്ട്. ചുറ്റും ഉള്ളവര് എല്ലാം ഉറക്കമായി. ഉറക്കം ചെറുതായി കണ്ണുകളെ തഴുകുന്നുണ്ട്, എങ്കിലും ഈ മഴ കാഴ്ചകൾ കണ്ടു മതിയായിട്ടില്ല , അലപനേരം കൂടി ഇരിക്കാം. എത്ര സറെഷനുകൾ പിന്നിട്ടു എന്നറിയില്ല തീവണ്ടി അപ്പോഴും ലക്ഷ്യത്തിലേക്ക് പായുകയാണ്. പെട്ടെന്നാണ് അടുത്ത ബോഗിയിൽ നിന്ന് ഒരു നിലവിളി കേട്ടത്. ഒരു പെണ്‍കുട്ടിയുടെ ശബ്ദമാണ്. വല്ലാത്തൊരു അലര്ച്ച ആയിരുന്നു. മാധവ് ചാടി എണീറ്റു. ഉറക്കത്തിൽ ആയിരുന്ന മറ്റു ചിലരും ഉണര്ന്നു എണീറ്റു.ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ല. എന്ത് പറ്റി എന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. അടുത്ത ബോഗിയിൽ നിന്നാണ് നിലവിളി കേട്ടത് എന്തായാലും അപായ ചങ്ങല വലിച്ചു നോക്കാം , മാധവിന്റെ കൈകൾ അപായ ചങ്ങലയിലേക്കു നീങ്ങി. പെട്ടെന്ന് മറ്റു ചിലർ എതിർത്തു, ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ലല്ലോ , മാത്രമല്ല ഇപ്പോൾ തന്നെ ഏറെ വൈകി ഒരു പക്ഷെ അപായ ചങ്ങല വലിച്ചു വണ്ടി നിർത്തിയാൽ സമയത്ത് ലക്ഷ്യങ്ങളിൽ എത്താനും കഴിയില്ല. ഭൂരിപക്ഷ അഭിപ്രായത്തിനു മുൻപിൽ മാധവും തീരുമാനം മാറ്റി. തീവണ്ടി അപ്പോഴും കുതിച്ചു പായുകയാണ് . ഏതാണ്ട് പുലരാർ ആയപ്പോഴേക്കും മാധവ് ഉറക്കച്ചടവ് വിട്ടു എഴുന്നേറ്റു. ഇനി ഒരു സ്റ്റഷൻ കൂടി മാതമേ ഉള്ളു. നിർത്തി ഇട്ടിരിക്കുന്ന സ്റെഷനിൽ ഇറങ്ങി തണുത്ത വെള്ളത്തിൽ മുഖം കഴുകി. ഒരു കോഫിയും പത്രവും വാങ്ങി തിരികെ സീറ്റിൽ എത്തി. ഇനി ബോഗിയിൽ രണ്ടു മൂന്നു പേര് മാത്രമേ ഉള്ളു. അവരെല്ലാം സ്റേഷൻ എത്തിയിട്ട് എനീൽക്കാം എന്ന് കരുതിയാവും ഇപ്പോഴും കിടക്കുകയാണ്. ജീവിതമാകുന്ന യാത്രയും അങ്ങനെ തന്നെയാണ്, പരിചയമുള്ള പല സഹ  യാത്രികരും അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിച്ചു പോകാറുണ്ട്, ഒപ്പം പുതിയ സഹയാത്രികർ ഒപ്പം ചെരാറും ഉണ്ട്, എവിടെയോ വച്ച് എപ്പോഴോ എന്റെ ഈ യാത്രയും അവസാനിപ്പിച്ചു വിട പറയേണ്ടതുണ്ട് .  മാധവ് കോഫി ഒന്ന് സിപ് ചെയ്തു പത്രത്തിൽ  കണ്ണോടിക്കാൻ തുടങ്ങി. പെട്ടെന്ന് മാധവിന്റെ കണ്ണുകൾ ഒരു വാർത്തയിൽ ഉടക്കി. താൻ യാത്ര ചെയ്യുന്ന തീവണ്ടിയിൽ യാത്ര  ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ  അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുതിയിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന ദുരന്തം പ്രധാന വാർത്തയായി തന്റെ മുന്നില് എത്തിയിരിക്കുന്നു. വാർത്ത‍ വിശദമായി തന്നെ കൊടുത്തിരിക്കുന്നു. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം ഇന്സൈട്ടിൽ കൊടുത്തിരിക്കുന്നു. ഒപ്പം യാത്ര  ചെയ്തിരുന്നവരുടെ സ്വാർത്ഥത കാരണമാണ് പെണ്‍കുട്ടിയെ രക്ഷിക്കാൻ കഴിയാത്തത് എന്ന് പരാമർശവും ഉണ്ട്. മാധവിനു തല ചുറ്റുന്നത്‌ പോലെ തോന്നി , ഹൃദയമിടിപ്പ്‌ കൂടി ,ശ്വാസ്സഗതി വര്ദ്ധിച്ചു. ദൈവമേ നിലവിളി കേട്ട സമയം അപായ ചങ്ങല വലിച്ചാൽ മതിയായിരുന്നു. അപായ ചങ്ങലയിലേക്കു നോക്കിയപ്പോൾ അത് തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ പരിഹസിക്കുന്നത് പോലെ പുശ്ചിക്കുന്നത്  പോലെ  മാധവിനു തോന്നി .  താൻ  ഉള്പ്പെടയുള്ള ചിലരുടെ സ്വാർത്ഥത കാരണം ഒരു പെണ്‍കുട്ടിക്ക് ഈ ദുരന്തം സംഭവിച്ചല്ലോ എന്നാ ചിന്ത മാധവിനെ വേട്ടയാടാൻ തുടങ്ങി. അപ്പോഴേക്കും വണ്ടി സ്റെഷനിൽ എത്തിയിരുന്നു. എത്രയും വേഗം വീട്ടില് എത്തണം. എല്ലായിടത്തും ചര്ച്ച ഈ സംഭവം തന്നെ ആണ്. വീട്ടില് എത്തിയപ്പോഴും മാധവ്  ആകെ അസ്വസ്ഥനായിരുന്നു. ദീപ്തിയോടു ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ദീപ്തിയുടെ പിന്തുണയും സാന്ത്വനവും മാത്രമായിരുന്നു ആശ്വാസം. എങ്കിലും മാധ്യമങ്ങളിലും  സോഷ്യൽ മീഡിയയിലും ഒക്കെ ഈ സംഭവങ്ങൾ നിറയുമ്പോൾ അഞ്ജാത സാന്നിധ്യമായി  താനും അതിന്റെ ഭാഗം ആയി മാറുന്നു എന്നാ യാദര്ത്യം മാധവ് തിരിച്ചറിഞ്ഞു.ഒരു പക്ഷെ  അവർ ഉദെഷിക്കുന്ന ആൾ താൻ ആണ് എന്ന് അറിയാത്തവർ    അപായ ചങ്ങല  വലിക്കാത്ത ആളിനെ ശപിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും മാധവ്   സാക്ഷി ആകേണ്ടി  വന്നിട്ടുണ്ട്. അജ്ഞാതനായ ആ മനുഷ്യനുമേൽ എല്ലാവരും ശാപ വാക്കുകൾ കേൾക്കുമ്പോൾ കുറ്റബോധം നിറഞ്ഞ മനസ്സുമായി നിസ്സന്ഗ്ഗനായി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.മനസ്സ് ആകെ കലുഷിതമായി ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെ , ഉറക്കമില്ലാതെ ഭ്രാന്ത് പിടിച്ച അവസ്ഥ കണ്ടിട്ട് ദീപ്തിക്കു ഭയമായി . ആ പെണ്‍കുട്ടിയുടെ വീട്ടില് ഒന്ന് പോകാനും അവളുടെ ശവകുടീരത്തിൽ ഒരു പനിനീര് പൂവ് അര്പ്പിച്ചു പ്രാർത്ഥിക്കുവാനും ദീപ്തിയാണ് മാധവിനു ഉപദേശം നല്കിയത്. ദീപ്തിയുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് തന്റെ  ഈ  യാത്ര .  തീവണ്ടി സ്റെഷനിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. ആ കുട്ടിയുടെ വീട്ടിൽ  ചെന്നിട്ടു ഇന്ന് തന്നെ മടങ്ങണം. കവലയിൽ എത്തി പെണ്‍കുട്ടിയുടെ വീട് ചോദിച്ചപ്പോഴേ കൃത്യമായി മറുപടി കിട്ടി. അന്നാട്ടുകര്ക്ക് എല്ലാം പ്രിയപ്പെട്ടവളായിരുന്നു അവൾ.അവരുടെ മറുപടിയിലും പ്രതികരണത്തിലും അത് വെളിവായിരുന്നു. നീറുന്ന മനസ്സോടെ ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ഏക സഹോദരനെയും കണ്ടു. ആരാണ് അയാൾ എന്ന് അവർ അന്വോഷിച്ചില്ല , എന്നും ആരെങ്കിലും ഒക്കെ അവളുടെ ശവകുടീരം സന്ദര്ശിക്കുക പതിവായിരുന്നു. മാത്രമല്ല അവര്ക്ക് അയാൾ  ആരാണ് എന്ന് അന്വോഷിക്കേണ്ട കാര്യവും ഇല്ല, കാരണം ഏതൊരു ആശ്വസ്സ വചനങ്ങള്ക്കും , സാന്നിധ്യങ്ങല്ക്കും നികത്താൻ കഴിയാത്തതു ആണല്ലോ അവ്ര്ക്കുണ്ടായ നഷ്ട്ടം.കുറ്റബോധം പേറുന്ന മനസ്സുമായി ആ പെണ്‍കുട്ടിയുടെ ശവകുടീരത്തിനു മുൻപിൽ നിൽക്കുമ്പോൾ അറിയാതെ മാധവിന്റെ കണ്ണുകൾ നിറഞ്ഞു, എന്നോട് പൊറുക്കുക സോദരീ , സ്വാർത്ഥമായ ഈ ലോകത്തിന്റെ രക്തസാക്ഷിയാണ് നീ , എന്നിൽ  പൊറുക്കുക .ഒരു പാട് സ്വാർത്ഥ ജന്മങ്ങളുടെ കണ്ണ് തുറപ്പിക്കുവാൻ നിന്റെ ജീവിതം ബലി കഴിക്കേണ്ടി വന്നു . കൈയിൽ കരുതിയിരുന്ന പനിനീര്പൂവ് ആ പെണ്‍കുട്ടിയുടെ ശവ കുടീരത്തിൽ അര്പ്പിച്ചു പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു നിന്നപ്പോൾ ഒരു ഇളം കാറ്റ് മാധവിനെ തഴുകി കടന്നു പോയി . ഇപ്പോൾ ഹൃദയത്തിന്റെ ഭാരം വല്ലാതെ ഒഴിഞ്ഞത് പോലെ അയാള്ക്ക് തോന്നി. ആ പെണ്‍കുട്ടിയുടെ അമ്മയോടും സഹോദരനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം സന്ധ്യ  മയങ്ങിയിരുന്നു.. ഒപ്പം ചെറിയ ചാറ്റൽ മഴയും ............

അപായ ചങ്ങലയുടെ ദുഖം........






2011 ഫെബ്രുവരി മാസം ബ്ലോഗിൽ ഞാൻ  എഴുതിയ കവിതയാണ് അപായച്ചങ്ങലയുടെ ദുഃഖം......  പ്രിയപ്പെട്ടവർക്കായി ഇതാ ഒരിക്കൽ കൂടി ...





ഞാനൊരു അപായ ചങ്ങല,

നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി

പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു

നിശബ്ധമായി കേഴുന്നു ഈ ഞാന്‍,

പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,

ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,

പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍ നീ വെമ്പല്‍ കൊള്കെ

,ഇരുളിന്‍ മറ പറ്റി വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തചിടുമ്പോള്‍

കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,

ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,

സ്വാര്‍ത്ഥ ഭാരത്താല്‍ പോങ്ങിയില്ലൊരു കരവും,
പൊറുക്കുക പ്രിയ സോദരീ നീ
,
സഹജീവി ദുഃഖം തിരിച്ചരിയാതോരീ ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

എന്റ ഊഴം✨🌟💓






✨💓ഉൗഴം കണ്ട പ്രേക്ഷകന്‍ എന്ന നിലയില്‍ ,ചിത്രം തീരും വരെ നിശ്ശബ്ദമായി അതില്‍ ലയിച്ചു ചേര്‍ന്ന പ്രേക്ഷകര്‍ക്കും നിലയ്കാത്ത കൈയ്യടികള്‍ക്കും അപ്പുറം ചിത്രം തീര്‍ന്നിട്ടും അതറിയാതെ സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ സീറ്റുകളില്‍ അമര്‍ന്നിരിക്കുന്ന മുഴുവന്‍ പ്രേക്ഷകരും ആണ് അത്ഭുതപ്പെടുത്തിയത്. എ ജീത്തു ജോസഫ് ഫിലിം എന്ന എന്‍ഡ് ടൈറ്റില്‍ കാര്‍ഡ് തെളിയുമ്പോഴാണ് ഓരോ പ്രേക്ഷകനും യാഥാര്‍ത്ഥ്യ ലോകത്തേക്ക് മടങ്ങി എത്തുന്നത്! തീര്‍ച്ചയായും അഭിമാനിക്കാം.
ബിഗ് സല്യൂട്ട്  
      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഊഴം - ഒറ്റവാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ








ഊഴംകണ്ടു.... ഒറ്റവാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ... ജീത്തു ജോസഫിന്ടെ മുൻ സിനിമകളിൽ നിന്നും വെത്യസ്ഥമായ ഒരു കിടിലൻ റിവഞ്ജ് ത്രില്ലർ.. അതിന്ടെ പെരുമ ഒട്ടും ചോർന്ന് പോകാത്ത സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്.. സസ്പെൻസ് ഇല്ല എന്നു ജിത്തു നേരത്തെ പറഞ്ഞിരുന്നെങ്കിലുംസസ്പെൻസ് ഉണ്ട്..
സൂര്യകൃഷ്ണമൂർത്തിയായി പ്രിഥ്വി തകർത്തു കസറി ... കൂടെ നീരജുംപൊളിച്ചു...
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തി. അവസാനം തകർപ്പൻ ക്ലൈമാക്സും... ഓണച്ചിത്രങ്ങളിൽ ഈ ചിത്രം ഒന്നാമതായി മുന്നേറും എന്നതിന് തെളിവായി ക്ലൈമാക്സിൽ കിട്ടിയ കയ്യടി മാത്രം മതി...കൂടുതൽ പറഞ്ഞ് ത്രില്ല് കളയുന്നില്ല.. റേറ്റിംഗ് 4/5

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .........









ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി.
 തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുൽക്കൊടി തുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കൈയ്പ്പു  ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ  എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക.ഇന്നിപ്പോൾ ആ സ്നേഹസാമീപ്യം ഇല്ലാതെ മറ്റൊരോണം കൂടി...

 തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴും  , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.

 ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു.

 തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകൾ  അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു.

സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു.......
എല്ലാ പ്രിയപ്പെട്ടവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...