2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

മാറുന്നോ മലയാളി ........?


തിരക്കിട്ട് ഓഫീസിലേക്ക് പോകുന്ന വഴിക്കാവും മിക്കവാറും ഗോപലാൻ ചേട്ടനെ കാണാറ്‌. ആള് ഗൾഫിലെ ജോലി ഒക്കെ മതിയാക്കി നാട്ടിൽ എത്തിയിട്ട് കുറച്ചു വര്ഷമായി. സമ്പാദ്യമായി കുറച്ചു വസ്തുക്കളും ബാങ്ക് ബലൻസുമൊക്കെ ആയി ബാക്കിയുള്ള ജീവിതം അങ്ങനെ കഴിക്കുന്നു....... പക്ഷെ എന്നും കാണുന്ന ഗോപലാൻ ചേട്ടനെ അല്ല ഇന്ന് കണ്ടത്, ചേട്ടന്റെ തലയിൽ ഒരു കെട്ടു മരിച്ചീനി കമ്പുകൾ  (കപ്പ ). എന്താ ചേട്ടാ പതിവില്ലാത്ത ഒരു കാഴ്ച,  എന്റെ ചോദ്യം കേട്ട ഗോപലാൻ ചേട്ടൻ ഒരു ദീർഘ നിശ്വാസം എടുത്തു, എന്നിട്ട് ഒരു കിതപ്പോടെ പറഞ്ഞു എന്ത് പറയാനാ കപ്പക്ക്‌ ഒക്കെ ഇപ്പൊ എന്താ വില, മുപ്പതും നാൽപ്പതും ഒക്കെ ആയി , എന്റെ പറമ്പിലും കപ്പ വിളയുമോ എന്ന് നോക്കട്ടെ , മുപ്പതും നാൽപ്പതും ഒക്കെ കൊടുത്തു വാങ്ങുന്നതിന് പകരം നമുക്ക് ആവശ്യമുള്ളത് നമുക്ക് തന്നെ ഉണ്ടാക്കി എടുത്തു കൂടെ. ഗോപലാൻ ചേട്ടന്റെ നില്പ്പും ഭാവവും കണ്ടപ്പോൾ പണ്ട് ആർക്കിമെടീസ് യുറേക്കാ എന്ന് വിളിച്ചു കൂവിയപ്പോൾ ഇതേ ഭാവം ആയിരുന്നോ എന്ന് തോന്നി പോകും. ഒരു ശരാശരി മലയാളിയുടെ ഈ  തിരിച്ചറിവ് ഒരുപക്ഷെ അർക്കിമെദീസിന്റെ കണ്ടുപിടിത്തത്തെക്കാൾ പ്രാധാന്യം അർഹിക്കുന്നത് തന്നെ. പ്രേരണ ക്ക്  അടിസ്ഥാനമായത് എന്ത് തന്നെ ആയാലും ഓരോ മലയാളിയും ഗോപലാൻ ചേട്ടനെ പോലെ തിരിച്ചറിവ് പ്രകടമാക്കിയാൽ ഒരു പരിധി വരെ നമുക്ക് സ്വയം പര്യാപ്തത നേടാൻ കഴിയും അതിനു ഇങ്ങനെ എഴുതുക മാത്രം ചെയ്യാതെ എന്റെ പറമ്പിലേക്ക് ഞാനും ഇറങ്ങിയേ തീരു......................

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഇന്ത്യയുടെ ഹൃദയത്തിനു ഏറ്റ മുറിവ്........



1991 മെയ്‌ 21 പാതിരാത്രി ഉറക്കത്തിൽ എപ്പോഴോ ഉച്ചഭാഷിണിയിലൂടെ ഉള്ള അറിയിപ്പ് കേട്ട് ഞെട്ടിയുനര്ന്നു, നമ്മുടെ പ്രിയങ്കരനായ രാജീവ്‌ ജി നമ്മെ വിട്ടു പോയിരിക്കുന്നു......... രാഷ്ട്രീയത്തിന്റെ അകം പുറങ്ങളെ കുറിച്ച് തീര്ത്തും അഞ്ജനയിരു്ന ആ സമയത്തും രാജീവ്‌ ഗാന്ധിയെ ഏറെ ആരാധനയോടെ നോക്കി കണ്ടിരുന്നു. അദ്ധേഹത്തിൽ ഏറെ പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സമയത്താണ് ഇത്തരത്തിൽ ദുഖകരമായ വാര്ത്ത പുറത്തു വന്നത്. രാജ്യം എത്ര വൈകാരികം ആയാണ് അദ്ധേഹത്തിന്റെ വിയോഗത്തോട്‌ പ്രതികരിച്ചത്. എല്ലാ വീടുകളിലും ടി വി ഇല്ലാതിരുന്ന അക്കാലത്തു , ടി വി ഉള്ള വീടുകളിലേക്ക് ജനം ഓടിയെത്തി , അലമുറയിട്ടു........ മറക്കാനാകാത്ത ഒര്മ്മചിത്രമായി .
 ഇന്നിപ്പോൾ രാജീവ്‌ ഗാന്ധി വധത്തിലെ പ്രതികളെ വിട്ടയക്കണം എന്നാ തരത്തിലുള്ള വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ആണ് ഇത്തരം ഒരു കുറിപ്പ് എഴുതുന്നത്‌. എത്ര ക്രൂരമായാണ് അദ്ദേഹം വധിക്കപ്പെട്ടത്, തന്റെ കൊലയാളികൾ ആണ് മുൻപിൽ നില്ക്കുന്നത് എന്നത് അറിയാതെ എത്ര സ്നേഹ വായപോടെ ആണ് അദ്ദേഹം അവരോടു പെരുമാറിയത്, ആ ഒരു നിമിഷത്തിൽ പോലും മനുഷ്യത്വം എന്നാ വാക്കിന്റെ വിലയുടെ ഒരു അംശം പോലും കാണിക്കാൻ തയ്യാർ ആകാതെ അതി ക്രൂരമായി അദ്ധേഹത്തെ വധിച്ച , അതിൽ പങ്കാളികൾ ആയ ആളുകളോട് മനുഷ്യത്വം കാണിക്കണം അവരെ വിട്ടയക്കണം എന്ന് പറയുന്നത് എത്ര ദുഖകരം ആണ്. രാജീവ്ജി ഒരു വ്യക്തി എന്നതിൽ ഉപരി ഒരു രാജ്യത്തിൻറെ പ്രതിരൂപം തന്നെ ആയിരുന്നു. അത്തരത്തിൽ ഒരു രാജ്യത്തിന്‌ ഏറ്റ മുറിവ് വിലകുറച്ച് കാണാൻ കഴിയുമോ. നമ്മുടെ നീതിന്യായ വ്യവസ്ഥ ശക്തവും നീതി യുക്തവുമാണ്, പക്ഷെ പലപ്പോഴും തീരുമാനം ഉണ്ടാകുന്നതിലെ കാലതാമസ്സം ഇത്തരത്തിൽ ഉള്ള കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിലും ഒക്കെ കൊണ്ട് ചെന്ന് എത്തിക്കുന്നു. എനിക്ക് ഒരു സ്വപ്നം ഉണ്ട് ...... എന്നായിരുന്നു രാജീവ്ജിയുടെ അവസാന പ്രസ്ന്ഗം.... തീര്ച്ചയായും ഒരു നേതാവ് എന്നാ നിലയില അദ്ദേഹത്തിന് തന്റെ രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും ഒത്തിരി സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നിരിക്കണം, എന്നാൽ നേതാവ് എന്നതില ഉപരി അദ്ദേഹം ഒരു സാധാരണ മനുഷ്യനും കൂടി ആയിരുന്നു. അദ്ദേഹത്തിന് തന്റെ കുടുംബത്തെ കുറിച്ചും , കുട്ടികളെ കുറിച്ചും ഒരുപാടു സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സ്വപനങ്ങളും പ്രതീക്ഷകളും തകര്ക്കാൻ ആ കപലികർക്കു ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. ഇന്നിപ്പോൾ പറയുന്ന മനുഷ്യത്വത്തിന്റെ ഒരംശം ഒരു നിമിഷം അധെഹത്തോട് കാട്ടിയിരുന്നെങ്കിൽ സ്വന്തം രാജ്യത്തെ കുറിച്ചും ജനങ്ങള് കുറിച്ചും സ്വന്തം കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമുള്ള അദ്ധേഹത്തിന്റെ സ്വപ്നങ്ങള്ക്ക് പ്രതീക്ഷകൾക്കു വേണ്ടി അദ്ദേഹത്തിന് പ്രവര്തിക്കാമായിരുന്നു. ഇന്ത്യുടെ ചരിത്രം തന്നെ മറ്റൊരു രീതിയിൽ എഴുതപ്പെടുമായിരുന്നു. ഇന്നിപ്പോൾ അവസാനം കേള്ക്കുന്ന വാർത്ത‍ രാജീവ്‌ ഗാന്ധി വധത്തിൽ പങ്കാളി ആയ നളിനിയുടെ മകൾ അമ്മയെ മോചിപ്പിക്കണം എന്ന് പറഞ്ഞു  രാഹുൽ ഗാന്ധിക്ക്  കത്തെഴുതി എന്നാണ്.ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പൂർണ്ണ അവകാശവും സ്വാതന്ത്ര്യവും ഉള്ള വ്യക്തി രാഹുൽ ഗാന്ധി തന്നെ ആണ്. തന്റെ കുടുംബത്തിനു തുടരെ തുടരെ ഉണ്ടായ ദുരന്തങ്ങളിൽ എത്ര സംയമനത്തോടെ ആണ് രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടുള്ളത്. പ്രതികള്ക്ക് വധ ശിക്ഷ നല്കണം എന്നാ അഭിപ്രായം തനിക്കില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്രയും വലിയ ദുരന്തങ്ങള ഏറ്റു വാങ്ങിയിട്ടും അദ്ധേഹത്തിന്റെ വലിയ മനസൂ തന്നെ ആണ് ഇത്തരത്തിൽ പറയാൻ അദ്ധേഹത്തെ പ്രേരിപ്പിച്ചത്.  അദ്ദേഹത്തിന് നഷട്ടമായ പിതൃ വാത്സല്യവും, സ്നേഹവും , സംരക്ഷണവും തിരിച്ചു നല്കാൻ ഈ മനുഷ്യത്വ വാദികൾക്ക് കഴിയുമോ. വോട്ടു രാഷ്ട്രീയത്തിൽ കണ്ണ് വച്ച് കൊണ്ട് മനുഷ്യത്വത്തിന്റെ പേര് പറഞ്ഞു പ്രതികളെ മോചിപ്പിക്കണം പറയുന്നവർ,  ഇത്തരം ഷുദ്ര ശക്തികൾ ഈ രൂപത്തില അല്ലെങ്കിൽ മറ്റൊരു രൂപത്തില നാളെ  തങ്ങൾക്കു
നേരയും വന്നു കൂടാ എന്നാ യാദര്ത്യം മറക്കരുത്.................. കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിനും ഉള്ള അവസ്സരം സ്രിഷ്ട്ടിക്കാതെ ഉണര്ന്നു പ്രവര്തിക്കാൻ നമ്മുടെ നീതിന്യായ വ്യവസ്ഥക്കും സാധിക്കട്ടെ.........

2014, ഫെബ്രുവരി 12, ബുധനാഴ്‌ച

തിരുവനതപുരത്തിന്റെ മഹോത്സവം - ആറ്റുകാൽ പൊങ്കാല


ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 16 ഞായറാഴ്ച
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ] കണ്ണകിയാണെന്നാണ് വിശ്വാസം.

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

കേരളത്തെ ഭ്രാന്താലയം ആക്കുന്നവർ ...........

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും 20 ലോക സഭ മണ്ഡലങ്ങളിലും സ്വന്തം സമുദായത്തിൽ പെട്ട സ്ഥാനര്തികളെ സ്വന്തം സമുദായത്തിന്റെ പേരില് നിർത്തി അവരിൽ ഒരാളെയെങ്കിലും ജയിപ്പിക്കാൻ കഴിയുന്ന നട്ടെല്ലുള്ള ഏതെങ്കിലും സാമുദായിക നേതാവ് കേരളത്തില ഉണ്ടോ. അതിനു കഴിയില്ല എന്നാ യാഥാര്ത്യം  ഈ സാമുദായിക നേതാക്കൾക്ക്‌ എല്ലാം അറിയാം. അതിനു കഴിയാത്തത് കൊണ്ടാണ്  ഏതെങ്കിലും പാർട്ടിക്കാർ നിർത്തി ജയിപ്പിക്കുന്ന സ്വന്തം സമുദായത്തിൽ പെട്ട ആളുകളെ തങ്ങളാണ് ജയിപ്പിച്ചത് എന്നാ പേരില് കൊട്ടും കുരവയുമായി ആഘോഷത്തിനു നില്ക്കുന്നത്. ഏതെങ്കിലും രാഷ്രീയ പാർടി അവരുടെ അധ്യക്ഷ സ്ഥാനത് ഒരാളെ നിയമിക്കുമ്പോൾ പോലും അയാളുടെ സമുദായം നോക്കി തങ്ങള് ആവശ്യപ്പെട്ടിട്ടാണ് ഇത്തരം ഒരാളെ അധ്യക്ഷൻ ആക്കിയത് എന്ന് വീമ്പു പറയുന്നവരും ഇവര തന്നെ ആണ്. ഇവരുടെ ഈ വീമ്പു പറയലിനും ധിക്കാരത്തിനും ഒരു പരിധി വരെ ഉത്തരവാദികൾ രാഷ്ട്രീയക്കാർ തന്നെ ആണ്. തിരെഞ്ഞെടുപ്പിൽ  ഞങ്ങൾ കാണിച്ചു തരാം എന്നൊക്കെ യുള്ള ഇത്തരക്കാരുടെ അഹങ്കാരം പറച്ചിൽ കേട്ട് രാഷ്ട്രീയ കഷികൾ ഭയക്കാൻ പാടില്ല. ഇത്തരം സാമുദായിക സംഘടനകളുടെ പിന്തുണ ആവശ്യം ഇല്ല എന്ന് എല്ലാ രാഷ്ട്രീയ കഷികളും ഒരേ സ്വരത്തിൽ പറയുകയും അർജ്ജവമുണ്ടെങ്കിൽ തങ്ങളുടെ സ്ഥാനര്തികൾക്ക് ഒപ്പം നിങ്ങളുടെ സമുദായ സ്ഥാനര്തികളെയും നിർത്തു എന്ന് ആവശ്യപ്പെടുകയും ചെയ്താൽ ഈ സമുദായ മേലാളന്മാർ കുടുങ്ങുന്നത് കാണാം. സമുദായ ശക്തികൾ അല്ല ജയ പരാജയങ്ങൾ നിര്ന്നയിക്കുന്നത് മറിച്ചു നിഷ്പക്ഷരായ വൊട്ടെർമാരനു എന്നാ യാദര്ത്യം രാഷ്ട്രീയക്കാർ വിസ്മരിക്കുന്നത് എന്തിനു. ജനക്ഷേമ പ്രവര്ത്തനം നടത്തുന്നത് എതു കക്ഷി ആയാലും എതു സമുദായത്തിൽ പെട്ടവരും അവര്ക്ക് വോട്ടു ചെയ്യും. അല്ലാതെ സമുദായം ചൂണ്ടിക്കാണിക്കുന്ന ആളെ അല്ല ജനങ്ങള് തിരെഞ്ഞെടുക്കുന്നത്‌. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാ വാക്യം മനുഷ്യൻ ഏതായാലും സ്വന്തം മതം നന്നായാൽ മതി എന്ന് മാറ്റി പറയുന്ന ഈ കാലഘട്ടത്തിൽ ഈ സാമുദായിക നേതാക്കൾ മനുഷ്യ മനസ്സുകളിൽ വിഷം കുത്തി വൈക്കുകയാണ്‌ ചെയ്യുന്നത്. ഇന്ന് സാമുദായിക സംവരണം അല്ല വേണ്ടത്, സാമ്പത്തിക സംവരണം ആണ് ശരിയായ നടപടി . എല്ലാ സമുദായങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഉണ്ട്. അത് കൊണ്ട് സാമ്പത്തിക സംവരണം മാത്രമാണ് ഇത്തരം സമുദായ വക്താക്കളെ നിലക്ക് നിര്ത്താനുള്ള മാര്ഗ്ഗവും. ഇന്നുവരെ കേരളത്തില ഉണ്ടായിട്ടുള്ള എല്ലാ മുഖ്യമന്ത്രിമാരും , മന്ത്രിമാരും ജനങ്ങളുടെ ക്ഷേമത്തിന് തന്നെ ആണ് പ്രാധാന്യം നൽകിയിട്ടുല്ലതും , ഇനിയുള്ള കാലവും അങ്ങനെ തന്നെ ആകും  ആല്ലാതെ ഇവരിൽ ആരും ജനക്ഷേമം മാറ്റി വച്ച് തങ്ങളുടെ സമുദായ ക്ഷേമത്തിന് വേണ്ടി മാത്രം പ്രവര്ത്തിക്കുന്നു എന്നതായി കാണുന്നില്ല. അത്തരത്തിൽ കാണുന്നത് സമുദായ നേതാക്കൾ മാത്രമാണ് അത് കൊണ്ടാണ് പൂട്ടും താക്കോലും  എന്നൊക്കെ പറഞ്ഞു ഇവര വേവലാതി പെടുന്നതും. ഇത്തരം സമുദായ വാദികളെ  നിലക്ക് നിരത്താനും കേരളത്തെ ഭ്രാന്താലയം ആക്കി മാറ്റാതിരിക്കാനും ഉള്ള ആര്ജ്ജവം  നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ കാണിക്കും എന്ന് തന്നെ കരുതാം........................

2014, ഫെബ്രുവരി 9, ഞായറാഴ്‌ച

മൂവന്തി താഴ്വരയിൽ........


മലയാള സിനിമാ ഗാനങ്ങൾക്ക് ഭാവ തീവ്രമായ വരികൾ സമ്മാനിച്ച ശ്രീ ഗിരീഷ്‌ പുത്തഞ്ചേരി ഓർമ്മയായിട്ട് ഇന്ന് നാലു വര്ഷം തികയുന്നു. കാവ്യ  ഭംഗിക്ക് അപ്പുറം ലാളിത്യമുള്ള വാക്കുകളിലൂടെ മലയാളി മനസ്സുകളിൽ എന്നും നിറഞ്ഞു നില്ക്കുന്ന ഒരു പിടി ഗാനങ്ങൾ . അദ്ധേഹത്തിന്റെ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടതാണ് എങ്കിലും എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഗാനം കന്മദം എന്നാ ചിത്രത്തിലെ മൂവന്തി താഴ്‌വരയിൽ എന്നാ ഗാനമാണ്.എന്റെ ഇഷ്ട്ടങ്ങളും നഷ്ട്ടങ്ങളും ഒക്കെ ഒരു ഒര്മ്മപ്പെടുതലായി  ഈ നോവ്‌ പാട്ടിലൂടെ വീണ്ടും വീണ്ടും എന്നെ തേടിയെത്തുമ്പോൾ മൂവന്തി താഴ്‌വരയിൽ വെന്തുരുകുന്ന വിണ്‍   സൂര്യനെ പോലെ ഞാനും .................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️