2016, ജൂൺ 27, തിങ്കളാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്.....




എന്താണ് എഴുതുക,  എങ്ങനെയാണ് എഴുതുക ,  അറിയില്ല എന്നാലും എഴുതാതിരിക്കാൻ കഴിയില്ല. എന്നും നിന്നോടൊപ്പം ചേർന്ന് നിന്നിട്ടേയുള്ളു. ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. പലരും ചോദിക്കാറുണ്ട് എന്തിനാണ് നിന്നെക്കുറിച്ചു ഇത്രമാത്രം സംസാരിക്കുന്നത് , എഴുതുന്നത് എന്നൊക്കെ. അവരോടൊക്കെ പറയാൻ ഒരു ഉത്തരമേ ഉള്ളു. നീ സൃഷ്ട്ടിക്കുന്ന ശൂന്യതയിൽ നിന്റെ മഹത്വങ്ങൾ പറഞ്ഞു കണ്ണീർ വാർക്കുന്നതിനേക്കാൾ നിന്റെ സാന്നിധ്യത്തിൽ , നിന്റെ കളിയഴക് നിറയുന്ന വേളയിൽ തന്നെ നിനക്കു അർഹമായ ആദരവ്,  പരിഗണന, പ്രോത്സാഹനം നല്കണം എന്നു നിർബന്ധം ഉള്ളത് കൊണ്ടു തന്നെയാണ് നിന്റെ സാന്നിധ്യം ഞങ്ങൾ ആഘോഷമാക്കുന്നത്, നിന്റെ കളിയിടങ്ങൾ ഞങ്ങൾ ഉത്സവങ്ങൾ ആക്കി മാറ്റുന്നത്.  നീ എന്നും ഞങ്ങളുടെ വിശ്വാസ്സം കാത്തിട്ടേയുള്ളു. ഞങ്ങളെ പരിഹസിക്കാൻ ആർക്കും ഇടം നൽകാതെ കളിക്കളത്തിൽ നീ ഇന്ദ്രജാലങ്ങൾ കാട്ടിക്കൊണ്ടേയിരുന്നു. ഞങ്ങളെ പരിഹസിക്കാൻ ആർക്കും വിട്ടു കൊടുക്കില്ല എന്നത് നിന്റെ നിർബന്ധം കൂടിയായിരുന്നു. പകരം വയ്ക്കാൻ കഴിയാത്ത സ്നേഹവും പരിഗണനയും നീ ഞങ്ങൾക്ക് തിരിച്ചും നൽകി. എങ്കിലും ചെറിയ പിഴവുകൾ പറ്റുമ്പോൾ പോലും നീ ഏറെ വേദനിച്ചിരുന്നു. സ്വാർത്ഥമായ ചിന്തയിൽ ആയിരുന്നില്ല. നിന്നെ സ്നേഹിക്കുന്ന ഞങ്ങളെ പോലെയുള്ളവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല എന്ന വേദന ആയിരുന്നു  അതിനു പിന്നിൽ . നിന്നെ ഞങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. മനുഷ്യ സാധ്യമായതിനു അപ്പുറം നീ ചെയ്യുമ്പോഴും നീ ഞങ്ങളുടെ അരികിൽ തന്നെ ഞങ്ങളിൽ ഒരാളായി എപ്പോഴും ഉണ്ടായിരുന്നു. ആകാശത്തോളം വളരുമ്പോഴും നിന്റെ പാദങ്ങൾ ഭൂമിയിൽ തന്നെ ഉറച്ചു നിന്നിരുന്നു. നിന്റെ കണ്ണുകൾ ഞങ്ങളെ തേടിക്കൊണ്ടേയിരുന്നു. നിന്റെ പുഞ്ചിരി ഞങ്ങൾക്ക് നേരെ തന്നെയായിരുന്നു. രാജ്യത്തിനു വേണ്ടി ഒരു കപ്പ് നേടുക എന്നത് നിന്റെ ആഗ്രഹമായിരുന്നു, അതിനു വേണ്ടി നീ തീവ്രമായി ശ്രമിക്കുകയും ചെയ്തു. അതു കൊണ്ടാണല്ലോ നാലു ഫൈനലുകളിൽ നിന്റെ ടീമിനെ എത്തിക്കാൻ നിനക്കു കഴിഞ്ഞത്.  എല്ലാ കളികളിലും മനുഷ്യ സാധ്യമായതിനും അപ്പുറം  നിന്റെ വിസ്മയങ്ങൾ കാണുകയും ചെയ്തു.
നിന്റെ മനസ്സ് ഞങ്ങൾക്ക് അറിയാം. വിരമിക്കാനുള്ള തീരുമാനം എത്ര വേദനയോടെ ആണ് നീ കൈക്കൊണ്ടത് എന്നും അറിയാം. അത്രമേൽ ഫുട്ബാളിന് വേണ്ടി സമർപ്പിച്ച നിനക്ക് കരയാതിരിക്കാൻ കഴിയില്ല എന്നും അറിയാം. എങ്കിലും ഞങ്ങളെ തനിച്ചാക്കി നടന്നകലാൻ നിനക്ക് കഴിയുമോ. എന്നും ഒപ്പമായിരുന്നില്ലേ . നീ എത്ര സന്തോഷം നമുക്ക് പകർന്നു തന്നിട്ടുണ്ട്, അന്നെല്ലാം നമ്മൾ ഒരുമിച്ചുണ്ടായിരുന്നില്ലേ , എന്നിട്ടു നിനക്ക് ഒരു വേദന ഉണ്ടായപ്പോൾ സ്വയം ഏറ്റെടുത്തു കൊണ്ടു ഏകനായി നീ യാത്ര പോകുന്നുവോ. ഇല്ല നിന്റെ വേദനകൾ ഞങ്ങളുടേത് കൂടിയാണ്. നിന്റെ കണ്ണ് നിറഞ്ഞാൽ   ഞങ്ങളുടെ കണ്ണുകളും സജലങ്ങളാകും. നീ തിരിച്ചു വരും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ സ്നേഹവും വാത്സല്യവും നിന്നെ തഴുകുമ്പോൾ അങ്ങനെയങ്ങു പോകാൻ നിനക്ക് കഴിയുമോ. ഇല്ല കാൽപ്പന്തു  കൊണ്ടു കവിത രചിക്കാൻ , മായാജാലങ്ങൾ കാട്ടാൻ , മഴവില്ലു തീർക്കാൻ  നീ ഇനിയും ഉണ്ടാകണം. നിന്റെ സാന്നിധ്യങ്ങൾ ആഘോഷമാക്കണം ഞങ്ങൾക്ക്, നിന്റെ കളിയിടങ്ങൾ ഉത്സവമാക്കണം ഞങ്ങൾക്ക് . കാത്തിരിക്കുന്നു നിന്റെ മടങ്ങി വരവിനായി. നീ ഒരിടത്തും പോയിട്ടില്ല ഞങ്ങളുടെ ഇടയിൽ തന്നെ ഉണ്ട് . അതു കൊണ്ടു തന്നെ നിന്നോടുള്ള എല്ലാ സ്വാതന്ത്ര്യവും എടുത്തു കൊണ്ടു ലോകത്തോടായി ഞങ്ങൾ വിളിച്ചു പറയുന്നു ഞങ്ങളുടെ മെസ്സി ഒരിടത്തും പോയിട്ടില്ല ഒരു പുഞ്ചിരിയുമായി കാൽപ്പന്തിന്റെ ആരവങ്ങളിലേക്കു ഇനിയും മെസ്സി ഉണ്ടാകും  ഉറപ്പ്.

2016, ജൂൺ 15, ബുധനാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........






മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്ണ്നീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ...

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍....

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2016, ജൂൺ 9, വ്യാഴാഴ്‌ച

പ്രതീക്ഷയോടെ !!!!




കേരളത്തിന്റെ കായിക രംഗത്തിനു പുത്തൻ പ്രതീക്ഷയും ഉണര്വ്വും നൽകുന്ന ബഹുമാനപ്പെട്ട കായികമന്ത്രി  ശ്രീ ഇ. പി ജയരാജന്  അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും. തീര്ച്ചയായും നമ്മുടെ കായികരംഗം കൂടുതൽ ശുദ്ധീകരിക്കപ്പെടെണ്ടതും നവീകരിക്കപ്പെടെണ്ടതും ആണെന്ന കാര്യത്തിൽ സംശയം ഇല്ല. ഒട്ടേറെ പ്രതിഭകൾ നമ്മുടെ ഇടയിൽ ഉണ്ട്. എല്ലാവര്ക്കും വളരാനുള്ള ഇടം ഉണ്ട് എങ്കിലും വളർച്ച പുഷ്ട്ടിപ്പെടുത്താനുള്ള വളവും വെള്ളവും എല്ലാവര്ക്കും ആവശ്യത്തിനു ലഭ്യമാകുന്നില്ല എന്നതാണ് പോരായ്മ . തീര്ച്ചയായും കായിക രംഗത്ത് നിലനിൽക്കുന്ന ദുഷ്പ്രവണതകൾ തിരുത്തേണ്ടത് അനിവാര്യം തന്നെയാണ്. ബഹുമാനപ്പെട്ട കായിക മന്ത്രിയുടെ ധീരമായ നടപടികൾക്ക് എല്ലാ കായിക പ്രേമികളുടെയും പിന്തുണ ഉണ്ട്. കാരണം വ്യക്തിപൂജയും അലങ്കാര പദവികളും  മാത്രമല്ല അടിസ്ഥാനപരമായ കെട്ടുറപ്പ് തന്നെയാണ് കായിക രംഗത്തെ സംബധിച്ച് പ്രധാനം .
ഒപ്പം തന്നെ മറ്റൊരു കാര്യം കൂടി പറയട്ടെ. കായിക രംഗത്തെ പോലെ തന്നെ ശുദ്ധീകരണ പ്രക്രിയ ആവശ്യം വേണ്ടുന്ന ഒരിടമാണ് കലാരംഗം. പ്രതേകിച്ചു സിനിമാ രംഗം. കുറച്ചു നാളുകളായി സിനിമ രംഗം മലീമസമാണ്. പോർവിളിയും ആരോപണങ്ങളും സമരങ്ങളും വിലക്കും ഒക്കെയായി കുത്തഴിഞ്ഞ അവസ്ഥയിലാണ് സിനിമാരംഗം. ചലച്ചിത്രോത്സവങ്ങളിൽ അർഹമാായവക്കു പ്രാതിനിധ്യം ലഭിക്കുന്നില്ല. പുരസ്കാരങ്ങൾ കച്ചവടമോ  വീതം വൈക്കലുകളോ മാത്രമാകുന്ന അവസ്ഥ എത്ര പരിതാപകരമായ അവസ്ഥയാണ് . എന്തിനെന്നോ എതിനെന്നോ ഇല്ലാതെ സമരം , വിലക്ക്  , ഗ്വോ  ഗ്വോ വിളികൾ. ജനങ്ങളുടെ പണമാണ് സിനിമയുടെ നിലനില്പിന് ആധാരം. ഏതെങ്കിലും പ്രേക്ഷകൻ സിനിമാ രംഗത്തെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ അത് പറയാൻ പ്രേക്ഷകന് അവകാശമില്ല എന്നാ തരത്തിലുള്ള ചില പ്രമാണിമാരുടെ പെരുമാറ്റങ്ങൾ . ഏതുകാലത്തും കാര്യങ്ങൾ തങ്ങളുടെ വരുതിയിൽ വരുത്താൻ തൻ പ്രമാണിത്തം കൈമുതലക്കിയവർ , ഇങ്ങനെ ആകെ കുത്തഴിഞ്ഞ സിനിമാ രംഗത്ത് കൂടി സമഗ്രമായ പരിഷ്കരണം വേണം. തൻ പ്രമാണിത്തം കൈമുതൽ ആക്കിയവരെ നിലക്ക് നിർത്തുക തന്നെ വേണം. ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ദീർഘ വീക്ഷണതോടെയുള്ള നടപടികൾ ജനങ്ങൾ കാത്തിരിക്കുന്നു.
പ്രതീക്ഷയോടെ 

മഴക്കാല രോഗങ്ങൾ കരുതിയിരിക്കാം !!!!







മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. മഴയുടെ ആരംഭത്തോടെ ഒട്ടുമിക്ക രോഗങ്ങളും തലപൊക്കിത്തുടങ്ങി.. അന്തരീക്ഷ ഈർപ്പം മൂന്നു മടങ്ങായി വർധിക്കുമെന്നതിനാൽ മനുഷ്യന്റെ േരാഗപ്രതിരോധ േശഷി ഏറ്റവും കുറഞ്ഞ സമയമാണിത്.
വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് വൈറൽ , ബാക്ടീരിയൽ , ഫങ്ക്ഗൽ     രോഗങ്ങൾ  കൂടുതലാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്മ ഴക്കാല രോഗങ്ങള് കൂടിവരുന്നു. കാരണങ്ങള് ഇവയാണ്:
മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും
ശക്തമായ ചൂടുള്ള കാലാവസ്ഥയില്നിന്നും മഴയിലേക്കുള്ള മാറ്റം രോഗാണുക്കളെ ശക്തരാക്കുന്നു.
മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു.
പകര്ച്ചവ്യാധികള് വളരെ എളുപ്പം പകരുന്നു.

മഴക്കാല രോഗങ്ങളില് വളരെ സാധാരണയായി കാണുന്ന പകര്ച്ചവ്യാധികള്- എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ശ്വാസകോശ രോഗങ്ങള്*, ഉദരരോഗങ്ങള്, പൂപ്പല് തുടങ്ങിയ ത്വഗ് രോഗങ്ങള് ഇങ്ങനെ ഒരു വലിയനിരതന്നെയുണ്ട്.


തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
. ഭക്ഷണത്തിനു മുന്‍പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
. ഭക്ഷണസാധനങ്ങള്‍ ചൂടോടുകൂടി കഴിക്കുക.
. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക
. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്. അല്‍പ്പം വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടാല്‍ ബ്ളീച്ചിങ് പൌഡര്‍ വിതറുകയാണ് ഉത്തമം.
. കിണറിനും വേണം ശ്രദ്ധ. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ക്ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
. കിണറ്റിന്‍കരയില്‍ അലക്കരുതെന്നും കുളിക്കരുതെന്നും മൃഗങ്ങളെ കുളിപ്പിക്കരുതെന്നും പറയേണ്ട കാര്യമില്ലല്ലോ.
. മലിനജലം ഒഴുക്കിവിടാന്‍ അഴുക്കുചാല്‍ ഉണ്ടാകണം. അവസാനം ഒരു കുഴിയും. കുഴിയില്‍ പൊട്ടിയ ഒാട്, ഇഷ്ടികക്കഷണങ്ങള്‍ എന്നിവ അടുക്കിയശേഷം മണല്‍ വിരിക്കുക. കൊതുകു പെരുകാതിരിക്കാന്‍ ഉത്തമമാര്‍ഗമാണിത്.
. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം. പനിയുടെ കാര്യത്തില്‍ ഇതു പ്രധാനമാണ്. സാധാരണ പനിയെന്നു പറഞ്ഞു തള്ളിക്കളയുന്നതു പിന്നീടു ദോഷമുണ്ടാക്കും.

ചര്‍മ സംരക്ഷണം
മുടി വരണ്ട് അറ്റം വിണ്ടു കീറുക, ചര്‍മം പരുക്കനാകുക, ചുണ്ടു പൊട്ടുക, കാല്‍പ്പാദങ്ങള്‍ വെടിച്ചു കീറുക...അങ്ങനെ പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്. വളരെ ഡ്രൈ ആയ ചര്‍മമുള്ളവര്‍ പ്രത്യേകം ജാഗ്രത കാണിക്കണം. എണ്ണമയം കുറയുന്നതോടെ തൊലിപ്പുറത്തും ചുണ്ടിലും മറ്റും വിണ്ടുകീറല്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. സോപ്പിന്റെ ഉപയോഗം കുറയ്ക്കണം. പകരം ചെറുപയര്‍ പൊടിയോ കടലമാവോ ആവാം. എണ്ണമയം നിലനിര്‍ത്താന്‍ ക്രീമുകളോ പച്ചവെളിച്ചെണ്ണയോ ഉപയോഗിക്കാവുന്ന താണ്. കുളിച്ചു കഴിഞ്ഞാല്‍ മുടിയില്‍ ഈര്‍പ്പം ഉണ്ടാകരുത്. ഈര്‍പ്പം ഉണ്ടായാല്‍ താരന്റെ ആക്രമണ ത്തിനു വഴിതുറക്കും.

ചായയും കാപ്പിയും അധികമാവരുത്
വേനല്‍ക്കാലത്ത് ചായയും കാപ്പിയും മദ്യത്തിനു തുല്യമാണ് എന്നാണു വിലയിരുത്തല്‍. മഴക്കാലത്തും വ്യത്യസ്തമല്ല. രാവിലെയും വൈകിട്ടും ഒാരോ കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതിന്റെ അളവ് കൂടരുത് എന്നുമാത്രം. ദാഹം മാറ്റാനുള്ളതല്ല ഇവയെന്ന് ഒാര്‍മ വേണം.

സോക്സും ഷൂസും വില്ലനാകും
നനഞ്ഞ യൂണിഫോമും ഷൂസിനകത്തെ നനഞ്ഞുകുതിര്‍ന്ന സോക്സും വില്ലന്‍മാരാകും. മഴക്കാലത്ത് ഷൂ, സോക്സ് എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുന്നതാണു നല്ലത്. നനഞ്ഞ സോക്സ് ധരിച്ച് ഇരുന്നാല്‍ ഫംഗസ് ബാധ ഉണ്ടാകാം. മഴ നനഞ്ഞു വന്നുകഴിഞ്ഞാല്‍ കാല്‍ വൃത്തിയായി കഴുകിത്തുടച്ച് ഉണക്കണം. വിരലുകള്‍ക്കിട വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ലെതര്‍ നിര്‍മിത ചെരുപ്പുകളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കും എന്നതിനാല്‍ പ്ളാസ്റ്റിക് നിര്‍മിത അല്ലെങ്കില്‍ റബര്‍ നിര്‍മിത ചെരുപ്പുകളാണ് ഉത്തമം. അതുപോലെതന്നെ നനഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കില്‍ ഫംഗല്‍ ഇന്‍ഫക്ഷനും വൈറല്‍ ഇന്‍ഫക്ഷനും ഉണ്ടാകും. നനഞ്ഞ വസ്ത്രങ്ങള്‍ ഫാനിനു ചുവട്ടില്‍ ഇട്ട് ഉണക്കുന്ന ശീലമുണ്ട് ചിലര്‍ക്ക്. ആ മുറിയുടെ വാതിലുകളും ജനലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം


എലിപ്പനി

രോഗബാധയുള്ള എലിമൂത്രം ചതുപ്പിലോ, ചെളിയിലോ ഉണ്ടാകുകയും ഇത് നമ്മുടെ ത്വക്കിലെ ചെറിയ മുറിവുകള് വഴി രക്തത്തില് കലരുകയും ചെയ്താല്എലിപ്പനിക്ക് സാധ്യതയായി. ശക്തമായ പനിയും കണ്ണിലും ത്വക്കിലും ചെറിയ ചുവന്ന കുത്തുകളോട് കൂടിവരുന്ന പനിയും ക്രമേണ ആന്തരിക അവയവങ്ങളുടെ പ്രവര്*ത്തനത്തെ തകരാറിലാക്കുന്നു.

ഡെങ്കിപ്പനി

ഏഡിസ് കൊതുകുകള്പരത്തുന്ന ഈ അസുഖം കഴിഞ്ഞ പത്തുവര്*ഷമായി കേരളത്തില്* കൂടിവരികയാണ്. ശരീരവേദന, തലവേദനയോടു കൂടിയ പനി രക്തത്തിലെ പ്*ളേറ്റ് ലറ്റുകളുടെ അളവ് കുറയ്ക്കുന്നു. ഹോമിയോപ്പതിയില്* ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.

മലേറിയ
അനോഫിലസ് കൊതുകുകള് പരത്തുന്ന ഈ രോഗത്തിന് രണ്ട് ആഴ്ചവരെ നീണ്ടുനില്*ക്കുന്ന പനി കാണാറുണ്ട്. മലേറിയയ്ക്ക് പ്രതിരോധമരുന്നുകള്* അലോപ്പതിയിലും ഹോമിയോപ്പതിയിലും ലഭ്യമാണ്.

ടൈഫോയ്ഡ്

മലിനജലം വഴി പകരുന്ന രോഗമാണിത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമായ ഈ അസുഖത്തിന് ശരിയായ ചികിത്സ ചെയ്തില്ലെങ്കില് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

മഞ്ഞപ്പിത്തം

മലിനജലം വഴിയും രോഗിയില്നിന്ന് നേരിട്ടും പകരുന്ന മഞ്ഞപ്പിത്തം മഴക്കാലത്ത് സാധാരണയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തിന് ഹോമിയോപ്പതി, അലോപ്പതി, ആയുര്*വേദത്തില്ഫലപ്രദമായ മരുന്നുകള് ലഭ്യമാണ്. പനി, തലവേദന, സന്ധിവേദന, ഛര്*ദ്ദില് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്കാണുന്ന രോഗത്തിന് പൂര്*ണ വിശ്രമവും എളുപ്പം ദഹിക്കുന്ന ആഹാരവും ആവശ്യമാണ്.

കോളറ

മഴക്കാല രോഗങ്ങളില്പ്രധാനിയും വളരെവേഗം പകരുന്നതുമായ രോഗമാണിത്. ശക്തമായ വയറിളക്കവും ശരീരം വേദനയുമായി തുടങ്ങി. രണ്ടുദിവസം കൊണ്ട് രോഗി കിടപ്പാകുന്ന അവസ്ഥയിലെത്തുന്നു. ചികിത്സ ചെയ്തില്ലെങ്കില് മരണം വരെ സംഭവിക്കാം. ഒ. ആര്. എസ് ലായനി, കഞ്ഞിവെള്ളം തുടങ്ങി ശരീരത്തിന്റെ ജലാംശം നിലനിറുത്തുന്ന ചികിത്സാരീതിയിലാണ് പ്രധാനം.

ശ്വാസകോശ രോഗങ്ങൾ

മഴ  ക്കാലത്ത് ജലദോഷം വരാത്തവര് ചുരുക്കമാണ്.സൂക്ഷിച്ചില്ലെങ്കില് ഇത് സൈനസൈറ്റിസ്, ചെവിപഴുപ്പ്, ടോണ്സിലൈറ്റിസ്, ചുമ, കഫക്കെട്ട് ഇങ്ങനെ കടുത്തുവരാറുണ്ട്. രണ്ടുദിവസംകൊണ്ട് ജലദോഷപ്പനി കുറഞ്ഞില്ലെങ്കില്അടുത്തുള്ള അലോപ്പതി ഡോക്ടറെകണ്ട് ലഘു ആന്റി ബയോട്ടിക്കുകള് ഉപയോഗിക്കാം. ഹോമിയോപ്പതിയില് ശ്വാസകോശ രോഗങ്ങള്*ക്ക് 4 മണിക്കൂറില് തന്നെ ഫലം ലഭിക്കുന്ന മരുന്നുകള് ലഭ്യമാണ്. മഴക്കാലത്ത് ത്വക്ക് വരള്ച്ച, സന്ധിവേദനകള്, രക്തസമ്മര്*ദ്ദം കൂടുക, ഗ്യാസ് ട്രബിള് മറ്റ് ഉദര രോഗങ്ങള്* ഇവയെല്ലാം കണ്ടുവരുന്നു.

2016, ജൂൺ 8, ബുധനാഴ്‌ച

ഇടവപ്പാതി ........




രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ ഇടവപ്പാതി മഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് ഇടവപ്പാതി മഴ  യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ ഇടവപ്പാതി മഴയിൽ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം ഇടവപ്പാതി മഴ പോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ ഇടവപ്പാതി  മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി ഇടവപ്പാതി മഴ   അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാഥാർത്ഥ്യങ്ങൾക്കു  മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

2016, ജൂൺ 7, ചൊവ്വാഴ്ച

ഒരു മയിൽ‌പീലി തുണ്ടിന്റെ ഓര്മ്മക്കായ് !!!!







മഴ പെയ്യുകയാണ് . തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പെയ്യുകയാണ് . തുറന്നിട്ട ജനല്‍ പാളികള്‍ക്ക്‌ ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഷമിച്ചതും  ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നഷ്ട്ടപ്പെടുന്നത്  ഒരു മഴക്കാലതാണ്. എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . അമ്പരപ്പോടെയും പരിഭ്രമത്തോടെയും സ്കൂളിൽ എത്തിയപ്പോൾ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചത് അവനായിരുന്നു. ചന്ദനത്തിന്റെ നിറവും ഗന്ധവുമായിരുന്നു അവനു. പിന്നീട് എപ്പോഴും നമ്മൾ ഒരുമിച്ചായിരുന്നു. രാജമ്മ ടീച്ചർ ആയിരുന്നു ക്ലാസ്സ്‌ ടീച്ചർ. രസകരങ്ങളായ പല അറിവുകളും ശങ്കരൻ പറഞ്ഞു തന്നിട്ടുണ്ട്. സ്കൂളിൽ പോകുന്ന വഴിക്ക് ചാണകത്തിൽ ചവിട്ടിയാൽ അന്ന് ടീച്ചറിന്റെ കയ്യില നിന്ന് അടി കൊള്ളും എന്നാ ശങ്കരന്റെ  മുന്നറിയിപ്പ് ഉള്ളത് കാരണം വളരെ സൂക്ഷിച്ചാണ് നടന്നിരുന്നത്. അടി കൊള്ളാതിരിക്കാൻ മറ്റൊരു ഉപായവും അവൻ പറഞ്ഞു തന്നിട്ടുണ്ട്. മതിലുകളിലും മറ്റും പിടിച്ചു നില്ക്കുന്ന ചെറിയ ഒരു പായൽ ചെടി നുള്ളി കൈയ്യിൽ  വച്ചിരുന്നാൽ അന്ന് അടി കിട്ടില്ല. പക്ഷെ നിരഭാഗ്യ വശാൽ എന്നൊക്കെ ആ ഇല നുള്ളി കൈയിൽ വച്ചോ അന്നൊക്കെ എനിക്ക് അടി കിട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഞാൻ അവനെ ദേഷ്യത്തോടെ നോക്കും ഇല അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കും. അന്നൊക്കെ സ്കൂളിൽ ഉച്ചക്ക് ഉപ്പുമാവ് നല്കാറുണ്ട് . 50 പൈസ അടക്കുന്നവര്ക്കെ ഉപ്പുമാവു ഉള്ളു. എന്റെ കൈയിൽ പൈസ കാണില്ല. ശങ്കരൻ പൈസ അടക്കും, ഉപ്പുമാവ് നമ്മൾ രണ്ടുപേരും കൂടി കഴിക്കും . രാജമ്മ ടീച്ചർ കാണാതെ ആണ് കഴിക്കുന്നത്‌, കാരണം ഞാൻ പൈസ അടച്ചിട്ടില്ലലോ. ഒരു ദിവസ്സം അങ്ങനെ കഴിച്ചു ഇരിക്കുമ്പോൾ ടീച്ചർ വരുന്നു. ഞാൻ ആകെ ഇളിഭ്യനായി . അത് മനസ്സിലാക്കിയത്‌ കൊണ്ടാകണം ഒന്ന് പുഞ്ചിരിച്ചിട്ട്  ടീച്ചർ പറഞ്ഞു കഴിച്ചോ. അതുപോലെ സ്കൂൾ നടയിൽ മിട്ടായി    വില്ക്കുന്ന വളരെ പ്രായം ചെന്ന ഒരു അമ്മാവൻ ഉണ്ട് . കേടു വന്ന നാണയവുമായി മിട്ടായി വാങ്ങാൻ ചെല്ലും അമ്മാവൻ  കണ്ണട ഒക്കെ വച്ച് കൃത്യമായി പരിശോധിക്കും കേടു വന്ന നാണയം എന്ന് കണ്ടാൽ ചീത്ത വിളിച്ചു കൊണ്ട് ദൂരേക്ക്‌ വലിച്ചെറിയും . പിന്നെ ഒരോട്ടമാണ്.  എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍‌പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. പിന്നെ മയിൽ പീലിക്കുള്ള ഭ്ഷണവും അവൻ പറഞ്ഞു തന്നു. തെങ്ങോല  മടലിൽ പറ്റി പിടിച്ചിരിക്കുന്ന ചെറിയ പൂപ്പൽ , അത് ഇളക്കി മയിൽപീലിക്കു കൊടുക്കണം. എന്തായാലും എല്ലാം ശങ്കരൻ പറഞ്ഞത് പോലെ കൃത്യമായി തന്നെ ചെയ്തു. മാനം  കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍‌പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ,ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശങ്കരനെയും  കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഷമം  തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍‌പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ശങ്കരന്റെ ഓർമ്മകളിൽ ഇപ്പോഴും ഞാൻ ഉണ്ടാവുമോ ? ഉണ്ടാവണം . ആത്മാർത്ഥ സുഹൃത്തുക്കൾ പോലും കോറിയിടുന്ന ഓര്മ്മ ചിത്രങ്ങൾ വ്യ്ത്യസ്തങ്ങൾ ആയിരിക്കാം , എങ്കിലും എനിക്ക് ഉറപ്പുണ്ട് അവന്റെ ഓർമ്മകളിൽ എന്നും ഞാൻ ഉണ്ടാവും . ഇന്ന് അവൻ ഭാര്യയും മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടയിരിക്കണം  .  ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിന്റെ അവകാശം  തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍‌പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും......

2016, ജൂൺ 2, വ്യാഴാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......





2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥയാണ് ഇത്.  ഇന്നിപ്പോൾ  കോപ്പ അമേരിക്ക ആവേശം നിറയുമ്പോൾ പ്രിയപ്പെട്ടവര്ക്കായി ഒരിക്കൽകൂടി ........

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുറുക്കത്തിനു    ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി  ആണെങ്കില  മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ്  ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ്  അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

പ്രിയപ്പെട്ട മെസ്സിക്ക്......





കഴിഞ്ഞ  ലോകകപ്പ്‌ ഫുട്ബാൾ ഫൈനൽ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു ഗോളിന് ജര്മ്മനിയോടു അർജെന്റീന പരാജയപ്പെട്ടപ്പോൾ ഞാൻ എഴുതിയ കുറിപ്പാണ് ചുവടെ.   അതിനു ശേഷം കോപ്പ  അമേരിക്ക കപ്പ് ഫൈനലിലും ചിലിയോട്‌ ഒരു ഗോളിന് പരാജയപ്പെട്ടു . രണ്ടു മത്സരങ്ങളിലും മികച്ച കളി പുറത്തെടുത്തു എങ്കിലും  ഭാഗ്യം തുണച്ചില്ല.  എന്നാൽ ഇതാ വീണ്ടും  മറ്റൊരു അവസ്സരം .ഇടവപ്പാതി മഴയുടെ താളത്തിനൊപ്പം മെസ്സി എന്ന ഫുട്ബോൾ മാന്ത്രികന്റെ ദ്രുത ചലനങ്ങളും, കോപ്പ അമേരിക്ക 2016. തീര്ച്ചയായും മെസ്സിക്ക് വേണ്ടി അർജെന്റീന കപ്പ് നേടണം , നേടുക തന്നെ ചെയ്യും ! 2014 ജൂലൈ 13 നു സ്നേഹഗീതം എന്നാ ബ്ലോഗിൽ പ്രിയപ്പെട്ട മെസ്സിക്ക് ...... എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ കുറിപ്പ് പ്രിയപ്പെട്ടവര്ക്കായി വീണ്ടും ......

പ്രിയപ്പെട്ട മെസ്സിക്ക്......

നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.  നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ്‌ നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു.  നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ  മുന്നിലെ  പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി  കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ  ഉണ്ടാകും..........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...