2016, ജൂൺ 27, തിങ്കളാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്.....




എന്താണ് എഴുതുക,  എങ്ങനെയാണ് എഴുതുക ,  അറിയില്ല എന്നാലും എഴുതാതിരിക്കാൻ കഴിയില്ല. എന്നും നിന്നോടൊപ്പം ചേർന്ന് നിന്നിട്ടേയുള്ളു. ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. പലരും ചോദിക്കാറുണ്ട് എന്തിനാണ് നിന്നെക്കുറിച്ചു ഇത്രമാത്രം സംസാരിക്കുന്നത് , എഴുതുന്നത് എന്നൊക്കെ. അവരോടൊക്കെ പറയാൻ ഒരു ഉത്തരമേ ഉള്ളു. നീ സൃഷ്ട്ടിക്കുന്ന ശൂന്യതയിൽ നിന്റെ മഹത്വങ്ങൾ പറഞ്ഞു കണ്ണീർ വാർക്കുന്നതിനേക്കാൾ നിന്റെ സാന്നിധ്യത്തിൽ , നിന്റെ കളിയഴക് നിറയുന്ന വേളയിൽ തന്നെ നിനക്കു അർഹമായ ആദരവ്,  പരിഗണന, പ്രോത്സാഹനം നല്കണം എന്നു നിർബന്ധം ഉള്ളത് കൊണ്ടു തന്നെയാണ് നിന്റെ സാന്നിധ്യം ഞങ്ങൾ ആഘോഷമാക്കുന്നത്, നിന്റെ കളിയിടങ്ങൾ ഞങ്ങൾ ഉത്സവങ്ങൾ ആക്കി മാറ്റുന്നത്.  നീ എന്നും ഞങ്ങളുടെ വിശ്വാസ്സം കാത്തിട്ടേയുള്ളു. ഞങ്ങളെ പരിഹസിക്കാൻ ആർക്കും ഇടം നൽകാതെ കളിക്കളത്തിൽ നീ ഇന്ദ്രജാലങ്ങൾ കാട്ടിക്കൊണ്ടേയിരുന്നു. ഞങ്ങളെ പരിഹസിക്കാൻ ആർക്കും വിട്ടു കൊടുക്കില്ല എന്നത് നിന്റെ നിർബന്ധം കൂടിയായിരുന്നു. പകരം വയ്ക്കാൻ കഴിയാത്ത സ്നേഹവും പരിഗണനയും നീ ഞങ്ങൾക്ക് തിരിച്ചും നൽകി. എങ്കിലും ചെറിയ പിഴവുകൾ പറ്റുമ്പോൾ പോലും നീ ഏറെ വേദനിച്ചിരുന്നു. സ്വാർത്ഥമായ ചിന്തയിൽ ആയിരുന്നില്ല. നിന്നെ സ്നേഹിക്കുന്ന ഞങ്ങളെ പോലെയുള്ളവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല എന്ന വേദന ആയിരുന്നു  അതിനു പിന്നിൽ . നിന്നെ ഞങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. മനുഷ്യ സാധ്യമായതിനു അപ്പുറം നീ ചെയ്യുമ്പോഴും നീ ഞങ്ങളുടെ അരികിൽ തന്നെ ഞങ്ങളിൽ ഒരാളായി എപ്പോഴും ഉണ്ടായിരുന്നു. ആകാശത്തോളം വളരുമ്പോഴും നിന്റെ പാദങ്ങൾ ഭൂമിയിൽ തന്നെ ഉറച്ചു നിന്നിരുന്നു. നിന്റെ കണ്ണുകൾ ഞങ്ങളെ തേടിക്കൊണ്ടേയിരുന്നു. നിന്റെ പുഞ്ചിരി ഞങ്ങൾക്ക് നേരെ തന്നെയായിരുന്നു. രാജ്യത്തിനു വേണ്ടി ഒരു കപ്പ് നേടുക എന്നത് നിന്റെ ആഗ്രഹമായിരുന്നു, അതിനു വേണ്ടി നീ തീവ്രമായി ശ്രമിക്കുകയും ചെയ്തു. അതു കൊണ്ടാണല്ലോ നാലു ഫൈനലുകളിൽ നിന്റെ ടീമിനെ എത്തിക്കാൻ നിനക്കു കഴിഞ്ഞത്.  എല്ലാ കളികളിലും മനുഷ്യ സാധ്യമായതിനും അപ്പുറം  നിന്റെ വിസ്മയങ്ങൾ കാണുകയും ചെയ്തു.
നിന്റെ മനസ്സ് ഞങ്ങൾക്ക് അറിയാം. വിരമിക്കാനുള്ള തീരുമാനം എത്ര വേദനയോടെ ആണ് നീ കൈക്കൊണ്ടത് എന്നും അറിയാം. അത്രമേൽ ഫുട്ബാളിന് വേണ്ടി സമർപ്പിച്ച നിനക്ക് കരയാതിരിക്കാൻ കഴിയില്ല എന്നും അറിയാം. എങ്കിലും ഞങ്ങളെ തനിച്ചാക്കി നടന്നകലാൻ നിനക്ക് കഴിയുമോ. എന്നും ഒപ്പമായിരുന്നില്ലേ . നീ എത്ര സന്തോഷം നമുക്ക് പകർന്നു തന്നിട്ടുണ്ട്, അന്നെല്ലാം നമ്മൾ ഒരുമിച്ചുണ്ടായിരുന്നില്ലേ , എന്നിട്ടു നിനക്ക് ഒരു വേദന ഉണ്ടായപ്പോൾ സ്വയം ഏറ്റെടുത്തു കൊണ്ടു ഏകനായി നീ യാത്ര പോകുന്നുവോ. ഇല്ല നിന്റെ വേദനകൾ ഞങ്ങളുടേത് കൂടിയാണ്. നിന്റെ കണ്ണ് നിറഞ്ഞാൽ   ഞങ്ങളുടെ കണ്ണുകളും സജലങ്ങളാകും. നീ തിരിച്ചു വരും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ സ്നേഹവും വാത്സല്യവും നിന്നെ തഴുകുമ്പോൾ അങ്ങനെയങ്ങു പോകാൻ നിനക്ക് കഴിയുമോ. ഇല്ല കാൽപ്പന്തു  കൊണ്ടു കവിത രചിക്കാൻ , മായാജാലങ്ങൾ കാട്ടാൻ , മഴവില്ലു തീർക്കാൻ  നീ ഇനിയും ഉണ്ടാകണം. നിന്റെ സാന്നിധ്യങ്ങൾ ആഘോഷമാക്കണം ഞങ്ങൾക്ക്, നിന്റെ കളിയിടങ്ങൾ ഉത്സവമാക്കണം ഞങ്ങൾക്ക് . കാത്തിരിക്കുന്നു നിന്റെ മടങ്ങി വരവിനായി. നീ ഒരിടത്തും പോയിട്ടില്ല ഞങ്ങളുടെ ഇടയിൽ തന്നെ ഉണ്ട് . അതു കൊണ്ടു തന്നെ നിന്നോടുള്ള എല്ലാ സ്വാതന്ത്ര്യവും എടുത്തു കൊണ്ടു ലോകത്തോടായി ഞങ്ങൾ വിളിച്ചു പറയുന്നു ഞങ്ങളുടെ മെസ്സി ഒരിടത്തും പോയിട്ടില്ല ഒരു പുഞ്ചിരിയുമായി കാൽപ്പന്തിന്റെ ആരവങ്ങളിലേക്കു ഇനിയും മെസ്സി ഉണ്ടാകും  ഉറപ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️