2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

കേരളപ്പിറവി !!!!


നമ്മൾ തൻ ജന്മഗേഹം കേരളം
നമ്മൾ തൻ മാതൃഭാവം കൈരളി
അറുപതു വർഷങ്ങൾപ്പുറത്തായി
ജാതിക്കോമരങ്ങൾ തൻ വാഴ്ചയും
ഭിന്നഭേദവിചാരങ്ങളും
ഭ്രാന്താലയമെന്ന മഹത് വാക്യവും
ചേർന്ന് മറതീർത്ത ഭൂവിൽ
രക്തസാക്ഷിത്വ പ്രതീകങ്ങളാ0
വീരപുരുഷന്മാർ നൽകിയ
ധീരമാം സമരമുന്നേറ്റങ്ങളിൽ
ഐക്യ ദാഹം തുളുമ്പിയ ഹൃദയങ്ങൾ
പാടീ ഏകതാഗാനം......

ഇന്നിതാ നമ്മളൊന്നായ്
ഒരു ഭാഷതൻ കീഴിലായ്
കേരളപ്പിറവി കൊണ്ടാടുന്നു
ദൈവത്തിൻ സ്വന്തമാമീ നാട്ടിൽ
വർഗ്ഗവംശീയ വിഷവിത്തുകൾ
സ്ഥാനമുറപ്പിക്കാനൊരുങ്ങീടുന്നു
കലാ കായിക ശാസ്ത്ര രംഗങ്ങളിൽ
ഏറെ നാം മുന്നോട്ടു പോയിഎന്നാകിലും
അനിവാര്യമായൊരാ മാറ്റത്തെ
കൈനീട്ടി എറ്റിടുമ്പോഴും
മനസ്സിന്റെ മതിലെല്ലാം തട്ടിത്തകർക്കാം
ഉണർന്നെണീക്കാം ഒന്നായ് നമുക്ക്
അണിചേരാം പുതു കാഹളധ്വനിക്കായ്‌
ഇനിയുമൊന്നായ് പാടാം നവഗീതം
ഐശ്വര്യ പൂർണ്ണമാം പുതു കേരളപിറവിക്കായ്

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

ദീപാവലി ആശംസകൾ !!!!ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ !!!!

ദേശീയ ആയുർവേദ ദിനം !!!!


നിത്യജീവിതത്തില്‍ അടിയന്തിരപ്രാധാന്യം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഫലപ്രാപ്തയുണ്ടാകുന്നതിന് താഴെപറയുന്ന ആയൂര്‍വേദചികിത്സകള്‍ ഉപകാരപ്രദമാകും.

 വീട്ടില്‍ ആയുര്‍വേദ ഔഷധങ്ങളാല്‍ സജ്ജമായ ഒരു 'ഫസ്റ്റ് എയ്ഡ് ബോക്‌സ്' ഉണ്ടെങ്കില്‍ ആരോഗ്യകരമായി ഇവയെ വകവരുത്താനാകും. എന്നാല്‍ വൈദ്യ നിര്‍ദേശത്തില്‍ ജീവിതചര്യയിലെ ആരോഗ്യകരമായ മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ടുവേണം ഈ എമര്‍ജന്‍സി ബോക്‌സിനെ വിനിയോഗിക്കാന്‍.

പൊള്ളലുകള്‍
ചെറിയ തീപ്പൊള്ളലുകളേല്‍ക്കുമ്പോള്‍ പൊള്ളലേറ്റഭാഗത്ത് ജാത്യാദിഘൃതം നനച്ച് പഞ്ഞിയിടുക. വലിയ പൊള്ളലാണെങ്കില്‍, പൊള്ളലേറ്റഭാഗം പഴുക്കാതിരിക്കാനും പെട്ടെന്നു സാധാരണ ചര്‍മം വരുന്നതിനും പുനര്‍നവാദി കഷായഗുളിക കൂടി വീട്ടില്‍ കരുതുക. ദഹനത്തെ കുറയ്ക്കുന്ന ആഹാരങ്ങള്‍ പാല്‍, പാലുത്പന്നങ്ങള്‍, ബേക്കറി സാധനങ്ങള്‍ ബ്രഡ്, ബണ്‍ തുടങ്ങിയവയടക്കം, എണ്ണ, പുളിയും ഉപ്പും അധികമുള്ള അച്ചാറുകള്‍ തുടങ്ങിയവ, പുളിയുള്ള പഴങ്ങള്‍ ഇവ നിശ്ചിതകാലം അപഥ്യമാണ് (ഒഴിവാക്കേണ്ടതാണ്.)

മുറിവ്, ചതവുകള്‍
ഉടനടി മുറിവോ ചതവോ പറ്റിയ ഭാഗം നല്ല വെള്ളത്തില്‍ കഴുകി ഉണക്കിയതിനു ശേഷം ആ ഭാഗത്ത് മുറിവെണ്ണ നനച്ച് പഞ്ഞിയിടുക. വലിയ മുറിവാണെങ്കില്‍ വൈദ്യനിര്‍ദേശപ്രകാരം മുറിവു പഴുക്കാതിരിക്കാനും പെട്ടെന്നു കരിയാനും വില്വാദിഗുളിക വളരെ പ്രയോജനം ചെയ്യും. വേദനയും നീരും കുറയ്ക്കാനായി ദശമൂലം കഷായഗുളികയും ആവശ്യംവരും.

വയറിളക്കം, ഛര്‍ദി:
മേല്പറഞ്ഞ രോഗലക്ഷണങ്ങള്‍ പെട്ടെന്നു തുടങ്ങുമ്പോള്‍ വില്വാദിഗുളിക, ദാഡിമാഷ്ടകചൂര്‍ണം എന്നിവ വൈദ്യനിര്‍ദേശത്തില്‍ പ്രയോജനപ്പെടും. ഈ അവസ്ഥയില്‍ മലരും ജീരകവും വെന്ത വെള്ളം അല്പാല്പമായി ചെറുചൂടോടെ ഇടയ്ക്കിടെ കുടിക്കണം.

മേല്പറഞ്ഞ ഔഷധങ്ങള്‍ അണുജന്യവിഷാംശങ്ങളെ ശക്തമായി നിര്‍വീര്യമാക്കി പുറന്തള്ളി രോഗശമനമുണ്ടാക്കും. മലര്‍വെള്ളം ശരീരത്തിലെ നിര്‍ജലാവസ്ഥയെയും ധാതുഅസന്തുലിതാവസ്ഥയെയും മലത്തിലൂടെയുള്ള ദ്രവനഷ്ടത്തെയും ശ്രേഷ്ഠമാംവിധം പരിഹരിക്കും.

പഥ്യം: ഉപ്പിട്ട കഞ്ഞി മാത്രം ചെറുചൂടോടെ വളരെ ചെറിയ മാത്രയില്‍ ഇടയ്ക്കിടെ നല്‍കണം.

താഴ്ന്ന ബി.പി
ബി.പി. ക്രമാതീതമായി കുറഞ്ഞിരിക്കുമ്പോള്‍ ദശമൂലം കഷായഗുളികയോ ധാന്വന്തരം ഗുളികയോ പ്രയോജനം ചെയ്യും. മേല്പറഞ്ഞ ഔഷധം തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ ശക്തിപ്പെടുത്തുകയും അങ്ങനെ ബി.പി. കുറഞ്ഞിട്ടുണ്ടാകുന്ന തലകറക്കത്തെയും മറ്റും പ്രതിരോധിക്കുകയും ബി.പി. കൂട്ടുകയും ചെയ്യും.

പഥ്യം: ദ്രവാംശം ഏറിയ ആഹാരം ദഹിക്കാനെളുപ്പമുള്ള രീതിയില്‍ ചെറുചൂടോടെ കഴിക്കാം.

പെട്ടെന്നു തുടങ്ങുന്ന പനി
വീട്ടില്‍ അമൃതോത്തരം കഷായഗുളിക സൂക്ഷിക്കുകയാണെങ്കില്‍ ഏതു പനിയിലും വൈദ്യ നിര്‍ദേശത്തില്‍ കൊടുത്തുതുടങ്ങാം. അണുജന്യവിഷാംശങ്ങളെ നിര്‍വീര്യമാക്കിയും പുറന്തള്ളിയും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തിയും ഈ ഔഷധം പനിയുടെ കാരണത്തോട് (ഏത് 'അണു'ആയാലും) ആരോഗ്യകരമായി പൊരുതും. കൂടാതെ രാസ്‌നാദി ചൂര്‍ണം തളംവെക്കുന്നതുകൊണ്ട് പനി മസ്തിഷ്‌കത്തെ ബാധിക്കുന്നത് തടയാം.

പഥ്യം (ശീലിക്കേണ്ടത്): ഉപ്പിട്ട കഞ്ഞിമാത്രം വിശപ്പിനനുസരിച്ച് ശീലിച്ചുതുടങ്ങി, വിശപ്പു കൂടുന്നതിനനുസരിച്ച് കഞ്ഞിയും പയറും ആക്കാം. ചുക്കും മല്ലിയും വെന്തവെള്ളം മാത്രം ഇടയ്ക്കിടെ ചൂടോടെ കുടിക്കണം.

പെട്ടെന്നു ബി.പി. കൂടിയാല്‍
ഉയര്‍ന്ന രക്താതിമര്‍ദത്തെ മിനിറ്റുകള്‍ക്കകം കുറയ്ക്കാനായി അഭയാരിഷ്ടത്തില്‍ കസ്തൂര്യാദി ഗുളിക വൈദ്യനിര്‍ദിഷ്ടമായ രീതിയില്‍ ഏറെ പ്രയോജനം ചെയ്യും. രക്തചംക്രമണത്തിലുണ്ടാകുന്ന താളപ്പിഴവിനെ ശരിയാക്കിയാണ് ഈ ഔഷധം ബി.പി. കുറയ്ക്കുന്നത്. പിന്നീട് ഒരുമാസത്തോളം രക്തചംക്രമണം സ്വാഭാവികമാക്കുന്നതിനുള്ള ആയുര്‍വേദചികിത്സ പൂര്‍ണപഥ്യത്തോടെ ആവശ്യമാണ്. ചുക്കും മല്ലിയും വെന്ത വെള്ളം ബി.പി. ഉടനടി കുറയ്ക്കാന്‍ വിശിഷ്ടമാണ്.

അപഥ്യം: ദഹനത്തെ കുറയ്ക്കുന്നവ, ഉപ്പും പുളിയും ഏറിയ സാധനങ്ങള്‍, പുളിയുള്ള പഴങ്ങള്‍, ചെറുപഴം.

പെട്ടെന്നുണ്ടാകുന്ന ഉളുക്ക്, കോച്ചിപ്പിടിത്തം, കഴുത്ത്-നടുവേദനകള്‍
പേശികളിലും സ്‌നായുക്കളിലുമുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇപ്പറഞ്ഞ വേദനകള്‍ക്ക് കാരണം. പെട്ടെന്നുതന്നെ അമൃതോത്തരം കഷായഗുളിക വൈദ്യനിര്‍ദേശത്തില്‍ കഴിക്കുക. വേദനയുള്ള ഭാഗത്ത് തൈലം, ക്രീം, ഓയിന്‍മെന്റ്, വെള്ളം ഇവയൊന്നുംതന്നെ പുരട്ടരുത്. ഏതുതരം ഓയിന്‍മെന്റ് ആണെങ്കിലും ഈയവസരത്തില്‍ വേദന കൂടാന്‍ കാരണമാകും. വരണ്ട ചൂട് ഏല്പിക്കുകയും വേണം (ഇരുമ്പുചട്ടിയില്‍ തുണി ചൂടാക്കിയോ, വാമര്‍ ഉപയോഗിച്ചോ, വാട്ടര്‍ബാഗ് ഉപയോഗിച്ചോ).

പഥ്യം: ദഹിക്കാനെളുപ്പമുള്ള ലഘുവായ ആഹാരം മാത്രം. ചുക്കും ഞെരിഞ്ഞിലും ഇട്ടു വെന്തവെള്ളം (നീര്‍ക്കെട്ടിനെ ഇല്ലാതാക്കാന്‍) കുടിക്കുക. അമിതമായ ഉപ്പ്, പുളി ഇവ വര്‍ജിക്കണം.

പെട്ടെന്നുണ്ടാകുന്ന അലര്‍ജികൊണ്ടുള്ള ശ്വാസതടസ്സം
ശ്വാസാനന്ദം ഗുളിക വൈദ്യനിര്‍ദിഷ്ട മാത്രയില്‍ കനകാസവത്തില്‍ പലവട്ടമായി അല്പാല്പം കഴിച്ചുതുടങ്ങണം. അരമണിക്കൂറിനുള്ളില്‍ത്തന്നെ വിമ്മിട്ടം നന്നായി കുറയും. എന്നാല്‍ ഇതു കുറയുമ്പോള്‍ അലര്‍ജിക്കുള്ള (ശരീരത്തിലെ കാരണത്തിന്) ആയുര്‍വേദ ചികിത്സ ഒന്നുരണ്ടുമാസത്തോളം പഥ്യത്തോടെ ആവശ്യമായി വരും.

ഹൃദ്രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍
ഇങ്ങനെ സംശയം തോന്നുന്ന അവസ്ഥയിലെല്ലാംതന്നെ ഉടനടി അഭയാരിഷ്ടത്തില്‍ കസ്തൂര്യാദിഗുളിക പ്രയോജനം ചെയ്യും (വൈദ്യനിര്‍ദേശത്തില്‍). ഇത് ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തെ ഉടനടി മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തിന്റെ പ്രത്യാഘാതങ്ങളെ ഏറെ ഫലപ്രദമായി തടുക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. ഒപ്പം ചുക്കും മല്ലിയും വെന്തവെള്ളം ചെറുചൂടോടെ അല്പാല്പമായി നല്കുകവഴി രക്തചംക്രമണം മെച്ചപ്പെടുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയാനുള്ള സാഹചര്യം മാറിവരികയുംചെയ്യും. ഹൃദ്രോഗമാണെങ്കിലും അല്ലെങ്കിലും ഇത് പ്രയോജനം ചെയ്യും.

ഒരു രോഗത്തിന് ഒരു മരുന്ന് എന്നുള്ള രീതി ആയുര്‍വേദത്തില്‍ ഇല്ല. എങ്കിലും മേല്‍പ്പറഞ്ഞ ചികിത്സകള്‍ കൊണ്ട് രോഗസാഹചര്യത്തെ ആരംഭത്തില്‍ത്തന്നെ നിഷ്പ്രഭമാക്കാം.

പൊതുവായി ശ്രദ്ധിക്കേണ്ടത്
മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ വീട്ടില്‍ കരുതുകയും, എന്നാല്‍ വൈദ്യനിര്‍ദേശത്തില്‍ മാത്രം ഔഷധങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം.

ഇത് ആരംഭത്തില്‍ത്തന്നെ ശരിയായി ചെയ്യുന്നതുകൊണ്ട് പിന്നീടുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതത്തെ വലിയൊരളവു തടയാന്‍ കഴിയും. പക്ഷേ തുടര്‍ന്നുള്ള വൈദ്യോപദേശം രോഗലക്ഷണങ്ങള്‍ കുറഞ്ഞാലും ഇല്ലെങ്കിലും ദേഹസുരക്ഷയ്ക്ക് ആവശ്യമാണ്.

രോഗാവസ്ഥയ്ക്കനുസൃതമായ ജീവിതചര്യ ശ്രദ്ധാപൂര്‍വം അനുഷ്ഠിക്കുക. അനുകൂലമായ ശരീരസാഹചര്യം ഇങ്ങനെയുണ്ടാവുകയും, അങ്ങനെ ഔഷധപ്രവര്‍ത്തനം ത്വരപ്പെടുകയും, രോഗശമനം എളുപ്പമാവുകയും ചെയ്യും.

രോഗങ്ങളെയും രോഗാണുക്കളെയും കണ്ടുപിടിക്കുന്നതിനെക്കാള്‍ പ്രാധാന്യം ശരീരത്തിലെ രോഗസാഹചര്യത്തെ കണ്ടുപിടിച്ച് ശീലിക്കുന്ന പഥ്യത്തിനും സേവിക്കുന്ന ഔഷധങ്ങള്‍ക്കുമുണ്ട്. ഇന്ന് പലപ്പോഴും രോഗലക്ഷണങ്ങളുമായെത്തുന്ന രോഗിയില്‍ രോഗം കണ്ടുപിടിക്കുന്നതിനുള്ള ലാബ് ടെസ്റ്റ് റിസള്‍ട്ട് വരുന്നതിനുമുമ്പുതന്നെ രോഗി ആയുര്‍വേദചികിത്സയാല്‍ രോഗം മാറി ആരോഗ്യവാനായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ടാകുന്നതിനുള്ള പ്രധാനകാരണം മേല്‍പ്പറഞ്ഞ വസ്തുതയാണ്.

ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ വേണ്ട മരുന്നുകള്‍

1. അമൃതോത്തരം കഷായഗുളിക.
2. വില്വാദിഗുളിക.
3. ദശമൂലം കഷായഗുളിക.
4. ശ്വാസാനന്ദം ഗുളിക.
5. ധാന്വന്തരം ഗുളിക.
6. അഭയാരിഷ്ടം
7. കസ്തൂര്യാദി (വായു) ഗുളിക.
8. മലര്
9. മുറിവെണ്ണ, ജാത്യാദിഘൃതം.
10. രാസ്‌നാദിചൂര്‍ണം
11. പുനര്‍ന്നവാദി കഷായഗുളിക
12. ഇന്ദുകാന്തം കഷായഗുളിക.

2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

സെക്രട്ടറിയേറ്റിലെ താഴ്ന്ന വിഭാഗം ജീവനക്കാരെ സെക്രട്ടറിയേറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ഉത്തരവ് G.O (P) No. 8/2016/ GAD പ്രകാരം  03/02/2016 ൽ  പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അതിന് ഇതുവരെയും അന്തിമ അംഗീകാരം  ലഭിച്ചിട്ടില്ല! എത്രയും വേഗം അന്തിമ അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു!
     

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

നല്ല സിനിമകൾ വിജയിക്കട്ടെ !!!!

പുതുതായി ഏതു ചിത്രം ഇറങ്ങിയാലും , ആ ചിത്രത്തെ നവ മാധ്യമങ്ങളിൽ കൂടിയും മറ്റും      മോശമായി ചിത്രീകരിക്കാനും പരാജയപ്പെടുത്താനും ചിലർ ബോധപൂർവ്വം ശ്രമിക്കുന്നു എന്ന് ആ ചിത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത് ഇപ്പോൾ പതിവ്  കാഴ്ചയാണ്. തീർച്ചയായും അത്തരത്തിലുള്ള ശ്രമങ്ങൾ ചെറുക്കപ്പെടേണ്ടതാണ്. ഓരോ സിനിമയ്ക്ക് പിന്നിലും ഉള്ള കഠിന പ്രയത്നം അറിയാൻ പാടില്ലാത്തവരോ , അന്ധമായ താരാരാധന തലയിൽ കയറിയവരോ ആണ് ഇത്തരത്തിൽ മറ്റു ചിത്രങ്ങളെ മോശമായി അവതരിപ്പിക്കുന്നത്. തങ്ങൾ ആരാധിക്കുന്ന താരങ്ങളുടെ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഓരോ പ്രേക്ഷകനും അവകാശമുണ്ട് , എന്നാൽ അതെ സമയം തന്നെ മറ്റു ചിത്രങ്ങളെ കുറിച്ച് മോശം പ്രചരിപ്പിക്കാതിരിക്കാനുള്ള വിവേകവും വിവേചന ശേഷിയും ഉണ്ടാകേണ്ടതുണ്ട്. അതില്ലാത്ത പക്ഷം ഇത്തരത്തിൽ ബോധം ഉണ്ടാക്കിക്കൊടുക്കാൻ സിനിമയിലെ എല്ലാ രംഗത്തും പ്രവർത്തിക്കുന്നവർക്ക് ബാധ്യത ഉണ്ട്. ഇപ്പോൾ തന്നെ നോക്കുക ഒരു ചിത്രം ഇറങ്ങി , അതിനെ ബോധപൂർവ്വം മോശമായി ചിത്രീകരിക്കാൻ  ശ്രമിച്ചാൽ അതിൽ പ്രതികരണം നടത്തുന്നത് ആ ചിത്രവുമായി ബന്ധപ്പെട്ടവർ മാത്രമാണ്. സ്വാഭാവികമായും അങ്ങനെയാണ്. എന്നാൽ ആ ചിത്രവുമായി ബന്ധമില്ലാത്ത സിനിമ മേഖലയിൽ പെട്ട മറ്റൊരാളും ആ ചിത്രത്തിനെതിരെയുള്ള ബോധപൂർവ്വമായ മോശം പ്രചാരണം തെറ്റാണെന്നു പറഞ്ഞു കണ്ടിട്ടില്ല. അവനവന്റെ ഭാഗത്തു പ്രശ്നം വരുമ്പോൾ മാത്രം പ്രതികരിക്കുകയും എന്നാൽ മറ്റുള്ളവർക്ക് ഈ പ്രശ്നം ഉണ്ടായാൽ നിസ്സംഗത പാലിക്കുകയും ചെയ്യുന്ന മനോഭാവം മാറ്റാത്തിടത്തോളം ഇത്തരം ബോധപൂർവ്വമായ മോശം പ്രചാരങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. മറിച്ചു ഏതു നല്ല ചിത്രത്തെ മോശമായി ചിത്രീകരിക്കാൻ ആര് തന്നെ ശ്രമിച്ചാലും ആ ചിത്രവുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമായ സിനിമ മേഖലയിലെ മുഴുവൻ ആളുകളും പ്രതികരണവുമായി വന്നാൽ ഇത്തരം പ്രവണതകൾ താനെ അവസാനിക്കും. പക്ഷെ അതിനു മാത്രം വിശാല മനസ്കർ അല്ലല്ലോ നമ്മൾ അത് കൊണ്ട് തന്നെ   ഇന്ന് ഞാൻ നാളെ  നീ  അത്ര മാത്രം !!!!

2016, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പറയാനുള്ളത് !!!!!
ബഹുമാനപ്പെട്ട മന്ത്രി ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ഞാൻ എഴുതിയ പോസ്റ്റുകൾക്ക് എല്ലാ തരത്തിലും പെട്ട ഒട്ടേറെ പ്രതികരണങ്ങൾ വന്നിരുന്നു, അത് സ്വാഭാവികവുമാണ്. ഈ ലോകത്തിൽ ഞാൻ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്ന് പോലും പറഞ്ഞവർ ഉണ്ട്. തീർച്ചയായും നമ്മുടെ സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളും വ്യക്തമായി നോക്കി കണ്ടു അഭിപ്രായം പറയുന്ന ആൾ എന്ന നിലയിൽ അദ്ദേഹം രാജി വയ്‌ക്കേണ്ട ആവശ്യം ഇല്ല എന്നത് വ്യക്തിപരമായ എന്റെ   ഉറച്ച അഭിപ്രായം തന്നെ ആയിരുന്നു . അതിൽ ഇപ്പോഴും മാറ്റമൊട്ടില്ല താനും . അച്ചടക്കമുള്ള ഒരു പാർട്ടി സംവിധാനത്തിൽ ഇത്തരം വിഷയങ്ങളിൽ ഗൗരവമേറിയ ചർച്ചകൾ നടക്കുകയും അതിനൊത്ത തീരുമാനത്തിൽ എത്തുകയും ചെയ്യും. അങ്ങനെ തീരുമാനം വരുകയും അത് ഞാൻ ഉൾപ്പെടെ എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു. ദിവസങ്ങളോളം ഈ വിഷയം ചർച്ച ചെയ്തു ലക്‌ഷ്യം നേടി എന്ന് അവകാശപ്പെടുന്ന മാധ്യമ സുഹൃത്തുക്കൾ പോലും മറ്റു ചില വിഷയങ്ങളിൽ  പ്രതിരോധം പുലർത്തുന്നതായി നമുക്ക് കാണാം . തെളിവുകൾ നൽകിയിട്ടും ഇപ്പോഴും നമ്മുടെ മാധ്യമ സുഹൃത്തുക്കൾ  ചർച്ച ചെയ്യാൻ മടിക്കുന്ന നിരവധി സംഭവങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലേ. അത് അവരുടെ നിലനിൽപ്പും അജണ്ടയും. പിന്നെ നമ്മുടെ ആദർശം നമ്മളെ എളുപ്പത്തിൽ കുടുക്കാനുള്ള രീതിയിലാണ് മറ്റുള്ളവർ  നോക്കി കാണുന്നത് എങ്കിൽ  അതിനു ശ്കതമായ പ്രതിരോധം തന്നെയാണ് വേണ്ടത് അല്ലാതെ ബലഹീനതയിൽ നിലനിക്കുകയല്ല വേണ്ടത് എന്ന ഒരു കാര്യം ഞാൻ പോസ്റ്റിൽ പറഞ്ഞിരുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും തുടങ്ങി അത്തരം സംഭവങ്ങൾ നമുക്ക് ചൂണ്ടി കാണിക്കാൻ കഴിയും. രണ്ടു പക്ഷത്തിനും ഒരു പോലെ വേണ്ടപ്പെട്ട ആൾ ആയിട്ടും ശ്രീകൃഷ്ണൻ പാണ്ഡവ പക്ഷത്തു നിൽക്കുകയും അർജ്ജുനന് ഗീത ഉപദേശിച്ചു കർണ്ണനെ വധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തില്ലേ എന്നാൽ അത് അധർമ്മം ആണെന്ന് കരുതാൻ കഴിയുമോ. പുരുഷ ഗണത്തിൽ ധർമ്മിഷ്ടനും സത്യസന്ധനും എന്ന നിലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന യുധിഷ്ട്ടരന് അശ്വത്ഥാമാവ്  മരിച്ചു എന്ന് തരത്തിൽ പറയേണ്ടി വന്നതു അധർമ്മമാണോ. പുരുഷ കുലത്തിലെ ഏറ്റവും ഉത്തമനായ ശ്രീരാമൻ ബാലിയെ ഒളിയമ്പ് എയ്തു വീഴ്ത്തിയത് അധർമ്മത്തിന്റെ ഏതു ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്. അത് കൊണ്ട് ആദർശത്തിൽ വീഴ്ച വരുത്തണം എന്നല്ല അർഥം . ചില പ്രേത്യേക സാഹചര്യങ്ങൾ അതിനു ന്യായീകരണങ്ങൾ നൽകും എന്നത് തന്നെ ആണ്.
പിന്നെ മോഷ്ടിക്കപ്പെട്ട തേങ്ങാ തിരിച്ചു നൽകിയാലും മോഷണമല്ലേ എന്ന് ചോദിച്ച സുഹൃത്തുക്കളോട് മറ്റൊരു ചോദ്യം, മോഷ്ടിച്ചു എന്ന് ആരോപിക്കുന്നതോ  , അറിയാതെ എടുത്തതോ ആയ തേങ്ങ,  തിരിച്ചു നൽകിയ ഒരാളും , ആ തേങ്ങ ഭക്ഷണമാക്കിയ ഒരാളും, ഈ രണ്ടു കേസുകൾ വിധി തീർപ്പിനായി നിങ്ങളുടെ അടുത്ത് വന്നാൽ രണ്ടും മോഷണം എന്ന നിലയിൽ ഒരേ ശിക്ഷാ വിധി ആയിരിക്കുമോ, അതോ ഈ രണ്ടു കേസുകളുടെ സ്വഭാവം അനുസരിച്ചുള്ള വിധി ആയിരിക്കുമോ നീതിമാനായ വിധികർത്താവ് എന്നനിലയിൽ നിങ്ങൾ നടത്തുക ....... ആലോചിക്കുക .....

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

അഭിവാദ്യങ്ങൾ !

മന്ത്രി ജയരാജന്‍ ഒരു കാരണവശാലും രാജി വയ്കരുത്. അദ്ദേഹത്തിന്റ രാജിക്കായി ചില കോണുകളില്‍ നിന്നുളള ഗൂഢാലോചനകള്‍ വളരെ ശക്തമാണ്. അത് ആഘോഷമാക്കാന്‍ കാത്തിരിക്കുന്ന ചില സംഘങ്ങള്‍ ഉണ്ട്! ജയരാജന്‍ അങ്ങോട്ട് തിരിഞ്ഞു, ജയരാജന്‍ ഇങ്ങോട്ട് തിരിഞ്ഞു എന്ന തരത്തില്‍ ഫുട്ബാള്‍ കളിയുടെ വിവരണം പോലെ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് അത് വളരെ പ്രകടവുമാണ്! അദ്ദേഹം  ചെയ്തത് മഹാ അപരാധമോ കൊടിയ അഴിമതിയോ ആല്ല . അങ്ങനെ വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നപ്പോള്‍ ശക്തമായ പ്രതിരോധം ആണ് വേണ്ടിയിരുന്നത്. മാധ്യമ വിചാരണയുടെ അടിസ്ഥാനത്തില്‍ ഒരു കാരണവശാലും അങ്ങ് രാജിവയ്കരുത് . അതിന്റ ആവശ്യമൊട്ടില്ല താനും.
നമ്മുടെ ആദർശം നമ്മളെ എളുപ്പത്തിൽ കുടുക്കാനുള്ള രീതിയിലാണ് മറ്റുള്ളവർ  നോക്കി കാണുന്നത് എങ്കിൽ  അതിനു ശ്കതമായ പ്രതിരോധം തന്നെയാണ് വേണ്ടത് അല്ലാതെ ബലഹീനതയിൽ നിലനിക്കുകയല്ല വേണ്ടത് !

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

അഭിവാദ്യങ്ങൾ !!!!


ഇപ്പോഴത്തെ സ്വാശ്രയ സമരം അനാവശ്യവും അപഹാസ്സ്യവും ആണെന്നും മുഖ്യമന്ത്രിയുടെ നിലപാട് ധീരമാണെന്നുമുള്ള എന്റെ പോസ്റ്റുകൾ കണ്ടിട്ട് ഒട്ടേറെ പേർ കുറച്ചു കൂടി വ്യക്തമായി കാര്യങ്ങൾ പറയാമോ എന്ന് അഭ്യർത്ഥിച്ചത് കൊണ്ടാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതുന്നത്.

സ്വാശ്രയ പ്രശ്നം അതിന്റെ തുടക്കം മുതൽ സശ്രദ്ധം വീക്ഷിക്കുന്ന ആൾ എന്ന നിലയിലാണ് ഞാൻ അത്തരത്തിൽ ഒരു നിലപാടിൽ എത്തി ചേർന്നത്. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വളരെ ചുരുങ്ങിയ സമയം ആണ് ഈ പ്രശ്‌നം കൈകാര്യം ചെയ്യാനായി ലഭിച്ചത്. എന്നിരുന്നാൽ തന്നെ ആ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വളരെ കാര്യക്ഷമമായി അത് കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുകയും ചെയ്തു. ഏകീകൃത ഫീസ് കൊണ്ട് വരുന്നതുൾപ്പെടയുള്ള കാര്യങ്ങൾക്കു മുൻകൈ എടുക്കുകയും ചെയ്തു. എന്നാൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് പിന്നീട് കാര്യങ്ങൾക്കു മാറ്റം വന്നത്. കോടതി വിധിയെ മാനിച്ചു കൊണ്ട് വിവിധ മാനേജ്മെന്റുകളുമായി സർക്കാർ പലവട്ടം ചർച്ചകൾ നടത്തി. ഈ ഘട്ടങ്ങളിൽ  എല്ലാം തന്നെ പൊതുജന പക്ഷം നിന്ന് കൊണ്ട് തന്നെ ആയിരിന്നു സർക്കാർ നിലപാടുകൾ പറഞ്ഞത്. ഇത്തരത്തിൽ അനവധി ചർച്ചകളുടെ അടിസ്ഥാനത്തിൽ ആണ് എല്ലാവര്ക്കും സ്വീകാര്യമായ ഒരു ഫീസ് ഘടനയിൽ എത്തി ചേർന്നത്. അതിന്റെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കുകയും ചെയ്തു. ഇനി വരുന്ന വർഷം ഏകീകൃത ഫീസ് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കും എന്ന് ഉറപ്പു നൽകുകയും ചെയ്തു.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു കരാറും ഫീസ് ഘടനയും നിശ്ചയിച്ചതിനു ശേഷമാണ് പ്രതിഷേധങ്ങളും സമരങ്ങളും ഒക്കെ അരങ്ങേറുന്നത്. ഇത്തരം ഒരു കരാറിൽ പിന്നീടുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം , അത് കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുകയും ചെയ്യും. അത് നിലവിലെ പഠന സാഹചര്യത്തെ പോലും ദോഷകരമായി ബാധിക്കുകയും ചെയ്യും . ഇത്തരം പ്രശനങ്ങൾ വളരെ കൃത്യമായി അറിയുന്നവർ തന്നെയാണ് ചില മുടന്തൻ വാദഗതികൾ ചൂണ്ടി കാട്ടി പ്രശ്നങ്ങൾ  ഉണ്ടാക്കാൻ ശ്രമിക്കുന്നത്. മുകൾ പരപ്പ് മാത്രം കാണാതെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിശോധിക്കുന്ന ഏതൊരാൾക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെടുകയും ചെയ്യും. അത് കൊണ്ട് തന്നെയാണ് ഇപ്പോഴത്തെ സ്വാശ്രയ സമരം അനാവശ്യവും അപഹാസ്സ്യവും എന്ന്  അഭിപ്രായപ്പെട്ടത്. ജനപക്ഷത്തു നിന്ന് ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ നോക്കി കാണുന്ന ആർജ്ജവമുള്ള ഒരു ഭരണാധികാരി എന്ന നിലയിൽ തരാതരം നിലപാടുകൾ മാറ്റാതിരിക്കുകയും ആരുടെയെങ്കിലും വിലപേശലുകൾക്കു വശം വദനാകാതിരിക്കുകയും ഉറച്ച ശബ്ദത്തിൽ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടുകൾ ധീരമായവ തന്നെയാണ് . അഭിവാദ്യങ്ങൾ !!!!

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali