2017, ജനുവരി 16, തിങ്കളാഴ്‌ച

കേരളത്തിന് അർഹമായ റേഷൻ വിഹിതം അനുവദിക്കണം........


കേരളത്തിന് അർഹമായ റേഷൻ വിഹിതം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് കൊണ്ട് കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിമാസം 1 .33 ലക്ഷം മെട്രിക് ടൺ കേന്ദ്ര വിഹിതം ലഭിച്ചിരുന്ന കേരളത്തിന് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ ലഭിക്കുന്ന വിഹിതം 1 .18  ലക്ഷം മെട്രിക് ടൺ മാത്രമാണ്.2 .76 കോടി ജനങ്ങൾക്ക് സൗജന്യ ധാന്യവിതരണം നടത്തിയിരുന്ന കേരളത്തിന്  ഇന്ന് 1 .54 കോടി ജനങ്ങൾക്ക് നൽകാൻ കേന്ദ്രം അനുവദിക്കുന്നത് പ്രതിമാസം 85416  മെട്രിക് ടൺ ധാന്യമാണ്. ശേഷിക്കുന്ന 1 .80 കോടി ജനങ്ങൾക്ക് 33333 മെട്രിക് ടൺ ധാന്യം ആണ് ലഭ്യമാക്കിയത്.മുൻഗണനാ പട്ടികയിൽ ഉൾപ്പെടാത്ത സംസ്ഥാനത്തെ 54 ശതമാനം വിഭാഗത്തിന് ആളൊന്നിന് 2 കിലോഗ്രാം ധാന്യം പോലും ലഭിക്കാത്ത സ്ഥിതി വിശേഷം ആണ് നിലവിൽ. വളരെ ഗുരുതരമായ ഒരു അവസ്ഥാ വിശേഷമാണ്.   കേരളത്തിന് പ്രത്യേകമായി ലഭിച്ചിരുന്ന സ്റ്റാറ്റിയൂട്ടറി റേഷൻ സമ്പ്രദായം 2013 ഇൽ കേന്ദ്ര സർക്കാർ നീക്കം ചെയ്തത് കേരളത്തിന് വലിയ തിരിച്ചടിയായി. ഇന്ത്യയിൽ ഭക്ഷ്യ ദൗർബല്യം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ 16  ആം സ്ഥാനമാണ് കേരളത്തിന് നൽകിയിരിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഉൾപ്പെടെണ്ടവരുടെ എണ്ണം 1 .54 എന്ന് നിശ്ചയിച്ചു കൊണ്ട് പ്രതിവർഷം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ധാന്യ വിഹിതത്തിൽ നിന്ന് 2  ലക്ഷം ടൺ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ദൗര്ഭാഗ്യകരവും അശാസ്ത്രീയവുമാണ് .അന്നപൂർണ പദ്ധതിയുൾപ്പെടെയുള്ള മറ്റു പദ്ധതികളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട ധാന്യ വിഹിതത്തിലും വൻ കുറവാണു നടത്തിയിരിക്കുന്നത്. ഇത് തികച്ചും അനീതിയാണ്. ആളോഹരി റേഷൻ എന്ന 1965 ഇൽ തുടങ്ങിയ കരാർ സർക്കാർ പാലിക്കുകയാണ് വേണ്ടത്. ഭക്ഷ്യ കമ്മി ഏറ്റവും കൂടുതലായി നേരിടുന്ന കേരളത്തിന് പ്രത്യേക പരിഗണന നല്കണം. ഇപ്പോൾ തന്നെ കുറവുള്ള 2 ലക്ഷം മെട്രിക് ടൺ ധാന്യത്തിനു പുറമെ കുറച്ചധികം ധാന്യം കൂടി കേരളത്തിന്റെ വിഹിതത്തിൽ അനുവദിക്കണം. എങ്കിൽ മാത്രമേ നിലവിൽ സംജാതമായിരിക്കുന്നു അവസ്ഥാവിശേഷം മറികടക്കാൻ സാധിക്കുകയുള്ളു. തീർച്ചയായും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വളരെ വേഗം തീരുമാനം കൈക്കൊള്ളുക തന്നെ വേണം. സംസ്ഥാന സർക്കാരിന്റെ മാതൃകാ പരമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇത്തരം ഗുരുതരമായ അവസ്ഥയിൽ കേരളം പിടിച്ചു നിൽക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഉള്ള പരിമിതികൾ വ്യക്തമാണ്. അത് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ സംസ്ഥാന സർക്കാരിനെ പഴി ചാരാതെ കേന്ദ്ര സർക്കാർ കേരളത്തിലെ സാധാരണ ജനവിഭാഗങ്ങളുടെ ഇത്തരത്തിലുള്ള  അവകാശങ്ങൾ സംരക്ഷിച്ചു നൽകാൻ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതാണ്. പരിമിതമായ ഭൂവിസ്തൃതിയാലും പ്രകൃതി വിഭങ്ങളാലും തന്നെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തോടുള്ള അവഗണന അവസാനിപ്പിച്ചു ഇക്കാര്യത്തിൽ കൂടുതൽ ക്രിയാത്മകമായി ഇടപെടാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കും എന്ന് കരുതുന്നു..
പ്രാർത്ഥനയോടെ.....

2017, ജനുവരി 15, ഞായറാഴ്‌ച

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആശംസകൾ......


ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ  കേരള സംസ്ഥാന  സ്കൂൾ കലോത്സവത്തിന്  ജനുവരി 16 മുതൽ 22  വരെ കണ്ണൂരിൽ തിരി തെളിയുകയാണ്. ഇനിയുള്ള ഏഴു നാളുകൾ കൗമാര കലയുടെ രാഗ താള വർണ വിസ്മയങ്ങൾ . 1956-ൽ ഈ കൗമാര കലാമേള ആരംഭിച്ചത് മുതൽ  2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. നദികളുടെ പേരിൽ അറിയപ്പെടുന്ന 20  വേദികളിലാണ് ഇത്തവണ കൗമാര കലാമേള അരങ്ങേറുന്നത്.വേദികൾക്കു നദികളുടെ പേര് നൽകിയതും അഭിന്ദനാർഹമാണ്‌. ജലക്ഷാമം നേരിടുന്ന വർത്തമാനകാലത്തു വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഇത്. തീർച്ചയായും കലാ കേരളത്തിന്റെ എല്ലാ കണ്ണുകളും ഇനിയുള്ള ഏഴു നാളുകൾ കണ്ണൂരിലെ കലോത്സവ വേദികളിൽ ആയിരിക്കും. ഹൃദയം നിറഞ്ഞ ആശംസകൾ .
പ്രാർത്ഥനയോടെ....

2017, ജനുവരി 12, വ്യാഴാഴ്‌ച

ശ്രീകുമാരൻ തമ്പി സാറിനു സ്നേഹപൂർവ്വം......
സിനിമ സമരങ്ങളുടെ പശ്ചാത്തലത്തിൽ ബന്ധുവാര് ശത്രുവാര് എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രത്തിൽ ശ്രീകുമാരൻ തമ്പി സാർ എഴുതിയ ലേഖനം വായിച്ചു. എന്നും എപ്പോഴും സിനിമയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഒരു യഥാർത്ഥ കലാകാരന്റെ ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ. അനുഭവത്തിന്റെ ചൂടും ഉൾക്കരുത്തും ആ വാക്കുകളിൽ അനുഭവവേദ്യമാണ്. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോഴും നല്ല സിനിമയുടെ വക്താവായി പിടിച്ചു നിന്ന മനസ്സിന്റെ നിശ്ചയദാര്ട്യം അഭിനന്ദനീയം തന്നെ . ഇന്നിപ്പോൾ നടക്കുന്ന സമര നാടകങ്ങൾക്കിടയിൽ അങ്ങയുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. വളരെ ചുരുക്കം ചിലർ മാത്രമാണ് ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുള്ളത്. അതിൽ തന്നെ ഭൂരിഭാഗവും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ വിഷയം കൈകാര്യം ചെയ്യാനും ശ്രദ്ധിച്ചിട്ടുണ്ട്. അതിനിടയിലാണ് ഏറ്റവും ശക്തവും വ്യക്തവുമായി ഈ വിഷയത്തിൽ ശ്രീകുമാരൻ തമ്പി സാർ തന്റെ നിലപാട് പറഞ്ഞിരിക്കുന്നത്.
ഈ സമര നാളുകളിൽ എല്ലാം തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രതികരണങ്ങൾ പ്രേക്ഷകർ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. നമ്മൾ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സിനിമ മേഖലയിലെ പല വ്യക്തിത്വങ്ങളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല എന്നത് അത്ഭുതകരമായി തോന്നി.  സാറിന്റെ അഭിപ്രായം ഏറെ ആദരവോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇത്തരം നിർണായക സന്ദർഭങ്ങളിൽ യാഥാർഥ്യങ്ങൾ തുറന്നു പറയാൻ അനുഭവങ്ങളുടെ ചൂടും ചൂരും ഉൾക്കരുത്തുമുള്ള ശ്രീകുമാരൻ തമ്പി സാറിനെ പോലുള്ള ഒരു ചുരുക്കം ചിലർ എങ്കിലും ഉണ്ട് എന്നത് മാത്രമാണ് പ്രതീക്ഷ നൽകുന്നത്. അഭിനന്ദനങ്ങൾ.......
പ്രാർത്ഥനയോടെ......

2017, ജനുവരി 11, ബുധനാഴ്‌ച

ദേശീയ യുവജന ദിനം .....


In 1984, the Government of India declared and decided to observe the birthday of Swami Vivekanand ,12 January as a National Youth Day every year from 1985 onwards.'it was felt that the philosophy of Swamiji and the ideals for which he lived and worked could be a great source of inspiration for the Indian Youth.'

എല്ലാ പ്രേമവും വികാസവും എല്ലാ സ്വാർഥവും സങ്കോചവുമാണ്. അതിനാൽ സ്‌നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സ്‌നേഹിക്കുന്നവൻ ജീവിക്കുന്നു, സ്വാർഥി മരിക്കുന്നു. അതിനാൽ സ്‌നേഹിക്കുവാനായി സ്‌നേഹിക്കുക; കാരണം, അത് ജീവിക്കുവാൻ ശ്വസിക്കുക എന്നതുപോലെ ജീവിതത്തിന്റെ നിയമമാണ്.

ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.

സത്യം, പരിശുദ്ധി, നിസ്വാർഥത - ഈ മൂന്നുമുള്ളയാളെ തകർക്കാൻ സൂര്യനു കീഴെയോ ഉപരിയോ യാതൊരു ശക്തിയുമുണ്ടായിരിക്കുകയില്ല. ഇവയുള്ള വ്യക്തിക്ക് മുഴുവൻലോകത്തിന്റെയും എതിർപ്പിനെ നേരിടാനാവും.

അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.
ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.

ഈ ലോകം ഭീരുക്കൾക്കുള്ളതല്ല ഓടിയൊളിക്കാൻ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ.

രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്.

വേദങ്ങളും ഖുറാനും ബൈബിളും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഒരു ലോകമാണ് ഞാൻ വിഭാവനം ചെയ്യുന്നത്.

വിധവയുടെ കണ്ണുനീർ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.

ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌

2017, ജനുവരി 10, ചൊവ്വാഴ്ച

വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസ ധനമായി അഞ്ചു ലക്ഷം രൂപ വീതം മൂന്നു മാസത്തിനകം നൽകണം എന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ്സന്തോഷകരമാണ്. ആശ്വാസധനത്തിനുള്ള തുക മരുന്ന് കമ്പനികളിൽ നിന്ന് ഈടാക്കാം എന്നതും കേന്ദ്ര സർക്കാരിനും ഇതിൽ ഉത്തരവാദിത്വം ഉണ്ട് എന്നുമുള്ള നിരീക്ഷണങ്ങളും ഏറെ പ്രാധാന്യം അർഹിക്കുന്നു. തീർച്ചയായും എൻഡോസൾഫാൻ എന്ന മാരക വിഷത്തിന്റെ ഇരകളായി മരണപ്പെട്ട ജീവിതങ്ങൾക്കും മരിച്ചു ജീവിക്കുന്ന ഒരു തലമുറക്കും ഒന്നും തന്നെ പകരമാവില്ല എങ്കിലും പരമോന്നത നീതിപീഠത്തിന്റെ ഈ വിധി ആശ്വാസകരം തന്നെയാണ്. തീർച്ചയായും ഈ വിധി കൃത്യമായ സമയത്തിനുള്ളിൽ തന്നെ നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അത് ഇരകൾക്കുആശ്വാസം നൽകുന്നതിനൊപ്പം തന്നെ സർക്കാരിന് കൂടുതൽ ശോഭ നൽകുകയും ചെയ്യും. ഡി വൈ എഫ്  ഐ യുടെ ഹർജിയിലാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. ഇതുപോലുള്ള ജനകീയ വിഷയയങ്ങളിൽ ഇനിയും കൃത്യമായ ഇടപെടലുകൾ ഡി വൈ എഫ് ഐ യുടെ ഭാഗത്തു നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ . പൊതുവായ  വിഷയങ്ങളിൽ ഇടപെടാനുള്ള പൊതുസമൂഹത്തിന്റെ താല്പര്യമില്ലായ്മയെ പലപ്പോഴും നമ്മൾ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ എൻഡോസൾഫാൻ വിഷയത്തിൽ പൊതുസമൂഹം പ്രകടിപ്പിച്ച ബദ്ധശ്രദ്ധ എടുത്തു പറയേണ്ടതാണ്. 2010 ഡിസംബർ 3 നു ഞാൻ ബ്ലോഗിൽ എഴുതിയ വേണ്ട നമുക്കീ എൻഡോസൾഫാൻ എന്ന പോസ്റ്റ് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകൾക്കും നിറഞ്ഞ പിന്തുണയും പ്രതികരണവും ആണ് കിട്ടിയത്. ആ പോസ്റ്റ് ചുവടെയുള്ള  ലിങ്കിൽ .....

2017, ജനുവരി 6, വെള്ളിയാഴ്‌ച

ആശംസകൾ കോഹ്‌ലി !!!!
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി , യുവരാജ് സിംഗിനെ പോലെ അർഹതയുള്ള കളിക്കാരുടെ തിരിച്ചു വരവ് അതെ ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും നന്മകൾ പൂക്കുന്നു. അധികാര ഗർവ്വിന്റെയും സ്വാർത്ഥതയുടെയും അഴിമതിയുടെയും അനീതിയുടെയും ഒക്കെ ഫലമായി സാധാരണ ക്രിക്കറ്റ് പ്രേമിയുടെ മനസ്സിൽ നിന്നും എപ്പോഴോ എവിടെയോ വച്ച് പടിയിറങ്ങിപ്പോയ  ക്രിക്കറ്റ് എന്ന വികാരം വീണ്ടും സിരകളിൽ നിറയുന്നു. മുഗ്ദൽ സമിതിയോട് , ലോധ കമ്മറ്റിയോട്, പരമോന്നത നീതിപീഠത്തോട് സർവ്വോപരി ദൈവത്തോട് നന്ദിയുണ്ട്. തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. മാലിന്യങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട നദി പോലെ ഏറെ  പരിശുദ്ധമായി കൂടുതൽ ശക്തമായി കൂടുതൽ ഗതി വേഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് മുന്നോട്ടു പോകും . ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട കോഹ്‌ലിക്ക് അഭിനന്ദനങ്ങളും പൂർണ്ണ പിന്തുണയും. നിർണായക സമയത്തു ഭരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത്. എങ്കിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. വളരെ സത്യസന്ധമായി ആത്മാർഥമായി ധീരമായി ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിൽ എത്തിക്കാൻ കോഹ്‌ലി എന്ന ക്യാപ്റ്റന് സാധിക്കും എന്നതിൽ തർക്കമില്ല. സ്വാർത്ഥത പുലർത്താതെ കഴിവുള്ള കളിക്കാർക്ക് അവർ ഏതു സംസ്ഥാനത്തു നിന്ന് ഉള്ളവർ ആയാലും അവരുടെ മാതൃഭാഷ എന്ത് തന്നെ ആയാലും അവർക്കു അവസ്സരം നൽകണം. ക്രിക്കറ്റിന്റെ വളർച്ചയും നന്മയും മാത്രമാകണം ലക്‌ഷ്യം. ഈ പുതുവർഷത്തിൽ ഇന്ത്യൻ  ക്രിക്കറ്റ് പുതിയ ഉയരങ്ങൾ താണ്ടട്ടെ ... ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനയും പിന്തുണയും !!!!!

2017, ജനുവരി 4, ബുധനാഴ്‌ച

ധോണി എന്ന ശാപം ഒഴിയുന്നു.....

കായിക ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനും സ്വാർത്ഥനുമായ കളിക്കാരൻ ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ  ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. ലോധ കമ്മിറ്റിയുടെയും സുപ്രീം കോടതിയുടെയും ഇടപെടലിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് രംഗം ശുദ്ധീകരിക്കപ്പെടുന്ന ഈ വേളയിലാണ് കാലം നൽകിയ പ്രഹരത്തിൽ അനിവാര്യമായ ഈ പടിയിറക്കം.അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ ഇനിയും ഏറെ നാൾ പിടിച്ചു നില്ക്കാൻ കഴിയില്ല എന്ന തിരിച്ചറിവിന്റെ പിന്മടക്കം. എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികൾ ആക്കാൻ  കഴിയില്ല .എത്രയോ പ്രഗത്ഭരായ കളിക്കാരുടെ സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ തല്ലിക്കെടുത്തിയാണ് അയാൾ ഇക്കാലമത്രയും ടീമിൽ കടിച്ചു തൂങ്ങിയത്. വിരേന്ദർ സെവാഗ് , ഗൗതം ഗംഭീർ, യുവരാജ് സിങ് , ശ്രീശാന്ത് ..... എണ്ണിയാൽ തീരാത്ത പട്ടിക നീളുന്നു. കണ്ണുനീരും ശാപങ്ങളും ധോണിയെ ജീവിതകാലമത്രയും പിന്തുടർന്ന് കൊണ്ടേയിരിക്കും. ക്യാപ്റ്റൻ കൂൾ എന്നത് വെറും ആലങ്കാരിക പ്രയോഗം മാത്രമാണ്. അയാളുടെ മനസ്സ് എന്നും എപ്പോഴും അസ്വസ്ഥമായിരുന്നു . മറ്റു കളിക്കാരെ എങ്ങനെ തകർക്കാം , സ്വന്തം സ്ഥാനം നിലനിർത്താൻ എന്തെല്ലാം അവിശുദ്ധ മാർഗ്ഗങ്ങൾ നടത്താം എന്നതിനെ കുറിച്ചെല്ലാം അസ്വസ്ഥത പൂണ്ട മനസ്സിന്റെ ഉടമയായിരുന്നു അയാൾ. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിന്റെ സമസ്ത മേഖലകളിൽ നിന്നും ധോണി എന്ന ശാപം ഒഴിഞ്ഞു പോകണം. ക്രിക്കറ്റിനെ നെഞ്ചോട്  ചേർത്തു പിടിച്ചുരുന്ന ഞാനുൾപ്പെടെയുള്ള പതിനായിരങ്ങളെ ക്രിക്കറ്റിൽ നിന്നും അകറ്റി നിർത്തിയതിനു ഉത്തരവാദി ധോണി എന്ന സ്വാർത്ഥൻ തന്നെയാണ്. ക്രിക്കറ്റിനെ മലിനമാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒരു കാലത്തും അയാൾക്ക്‌ ഒഴിഞ്ഞു മാറാനും കഴിയില്ല. ഞങ്ങൾ വീണ്ടും  ക്രിക്കറ്റിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും ഒരു ശാപമായി കടിച്ചു തൂങ്ങി നിൽക്കാതെ ക്രിക്കറ്റിന്റെ സമസ്ത മേഖലകളിൽ നിന്നും ഒഴിഞ്ഞു പോകു. ധോണി എന്ന ശാപം തുടരുന്നിടത്തോളം നിറഞ്ഞ മനസ്സോടെ ക്രിക്കറ്റിനെ സ്നേഹിക്കാൻ ഞങ്ങൾക്ക് കഴിയില്ല. എന്തൊക്കെ നേടിയാലും വെട്ടിപ്പിടിച്ചാലും മറ്റുള്ളവരുടെ കണ്ണുനീരിനു ഒരു നാൾ വില കൊടുക്കേണ്ടി വരും , അവരുടെ ശാപങ്ങളിൽ ഉരുകി ശിഷ്ട ജന്മം കഴിയേണ്ടി വരും.........

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...