സിനിമ സമരങ്ങളുടെ പശ്ചാത്തലത്തിൽ ബന്ധുവാര് ശത്രുവാര് എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രത്തിൽ ശ്രീകുമാരൻ തമ്പി സാർ എഴുതിയ ലേഖനം വായിച്ചു. എന്നും എപ്പോഴും സിനിമയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഒരു യഥാർത്ഥ കലാകാരന്റെ ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ. അനുഭവത്തിന്റെ ചൂടും ഉൾക്കരുത്തും ആ വാക്കുകളിൽ അനുഭവവേദ്യമാണ്. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോഴും നല്ല സിനിമയുടെ വക്താവായി പിടിച്ചു നിന്ന മനസ്സിന്റെ നിശ്ചയദാര്ട്യം അഭിനന്ദനീയം തന്നെ . ഇന്നിപ്പോൾ നടക്കുന്ന സമര നാടകങ്ങൾക്കിടയിൽ അങ്ങയുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. വളരെ ചുരുക്കം ചിലർ മാത്രമാണ് ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുള്ളത്. അതിൽ തന്നെ ഭൂരിഭാഗവും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ വിഷയം കൈകാര്യം ചെയ്യാനും ശ്രദ്ധിച്ചിട്ടുണ്ട്. അതിനിടയിലാണ് ഏറ്റവും ശക്തവും വ്യക്തവുമായി ഈ വിഷയത്തിൽ ശ്രീകുമാരൻ തമ്പി സാർ തന്റെ നിലപാട് പറഞ്ഞിരിക്കുന്നത്.
ഈ സമര നാളുകളിൽ എല്ലാം തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രതികരണങ്ങൾ പ്രേക്ഷകർ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. നമ്മൾ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സിനിമ മേഖലയിലെ പല വ്യക്തിത്വങ്ങളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല എന്നത് അത്ഭുതകരമായി തോന്നി. സാറിന്റെ അഭിപ്രായം ഏറെ ആദരവോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇത്തരം നിർണായക സന്ദർഭങ്ങളിൽ യാഥാർഥ്യങ്ങൾ തുറന്നു പറയാൻ അനുഭവങ്ങളുടെ ചൂടും ചൂരും ഉൾക്കരുത്തുമുള്ള ശ്രീകുമാരൻ തമ്പി സാറിനെ പോലുള്ള ഒരു ചുരുക്കം ചിലർ എങ്കിലും ഉണ്ട് എന്നത് മാത്രമാണ് പ്രതീക്ഷ നൽകുന്നത്. അഭിനന്ദനങ്ങൾ.......
പ്രാർത്ഥനയോടെ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ