2016, ഏപ്രിൽ 12, ചൊവ്വാഴ്ച

കണിക്കൊന്നകള്‍ പൂവിടും കാലം .............





ഒരിക്കലും അസ്തമിക്കാത്ത നന്മകളെയും, പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുതിക്കൊണ്ട് ഇതാ മറ്റൊരു വിഷുപുലരി കൂടി ആഗതമായിരിക്കുന്നു. നിറയെ പൂവുകള്‍ ചൂടി കണിക്കൊന്നകള്‍ പുഞ്ചിരി തൂകുന്നു. ഇനിയും അവശേഷിക്കുന്ന ചില്ലകളില്‍ ഇരുന്നു വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ബാല്യത്തിന്റെ ഇട നാഴികളില്‍ എവിടെയോ കൊയ്ത്തു പാട്ടിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കുന്നു. കണ്ണിമാങ്ങയും, കശുവണ്ടിയും, ചക്കയും നിറഞ്ഞ ഫലവൃഷങ്ങള്‍ , കണി ഒരുക്കുന്നതിനായി  കൊന്നപ്പൂവു തേടിയുള്ള യാത്രകള്‍. ഇന്നും വിഷുവിന്റെ പ്രാധാന്യം കുറയുന്നില്ല, ഒരു പക്ഷെ എന്റെ ബാല്യത്തിലെ വിഷുവിനോളം ഇപ്പോഴത്തെ വിഷു ആഘോഷങ്ങള്‍ തിളക്കമുള്ളതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ന് ജനിച്ചു ജീവിക്കുന്ന തലമുറയ്ക്ക് ഇപ്പോഴത്തെ വിഷു എന്റ ബാല്യകാലത്തിലെ വിഷു പോലെ തന്നെ പ്രിയമുള്ളതായിരിക്കാം.മാറ്റങ്ങളില്‍ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്. ഒരു പക്ഷെ നാളെ ഇനിയും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകാം. എന്നാലും വിഷുവിന്റെയും, ഓണത്തിന്റെയും ഒക്കെ അടിസ്ഥാനപരമായ നന്മയ്ക്ക് എന്നും സ്ഥായിയായ ഭാവം ഒന്ന് തന്നെയാണ്, . പറമ്പിലും, പാതയോരങ്ങളിലും പൂവിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ കാണുക ആനന്ദകരമാണ്. എങ്കിലും വിഷുപ്പുലരി കഴിയുമ്പോള്‍ ഒരു പൂവ് പോലും അവശേഷിക്കാത്ത , ഒടിഞ്ഞു തൂങ്ങിയ ചില്ലകളുമായി നിസ്സഹായരായി നില്‍ക്കുന്ന കൊന്നമരങ്ങളെകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും, എന്നിരുന്നാലും മലയാള മണ്ണിനു മുഴുവനും കണി ഒരുക്കിയ നിര്‍വൃതിയും , സംതൃപ്തിയും ആ കൊന്നമരങ്ങള്‍ അനുഭവിക്കുന്നുണ്ടാകണം , അതുകൊണ്ടാണല്ലോ മുളപൊട്ടിയ പുതിയ ചില്ലകളില്‍ നിറയെ കൊന്നപ്പൂക്കളുമായി അടുത്ത വിഷുവിനും കൊന്നമരങ്ങള്‍ മലയാളികള്‍ക്ക് കണി ഒരുക്കുന്നത്, ഒരിക്കലും അസ്തമിക്കാത്ത നന്മകളും, പ്രതീക്ഷകളും പോലെ...............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...