2017, നവംബർ 14, ചൊവ്വാഴ്ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ..........വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടാനങ്ങളിലൂടെ  ആത്മ ശുദ്ധീകരണത്തിന്റെ  പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ഡല കാലവും  മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമേട്  ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. അത് പോലെ തന്നെ പമ്പയും  സന്നിധാനവും അനുബന്ധ പ്രദേശങ്ങളും മാലിന്യമുക്തമായി സംരക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യതപ്പെട്ടവരാണ്. അത് കൊണ്ട് തന്നെ വ്യക്തിപരമായി നാം ഓരോരുത്തരും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.  കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2017, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

കണ്ണന്റെ അമ്മ .........ആറ്റു  നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട്‌ ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നിൽ  വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകൾ  നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രാർത്ഥിച്ചു . തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നൊന്തുരുകി  പ്രാർത്ഥിച്ചു  . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ണന്റെ  മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു.....

2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

😢💔മകളേ, നിനക്കുവേണ്ടി;💔😢 ആദം ജൊവാൻ റിവ്യു....


😢നീ ആരാണെന്നു തിരിച്ചറിയാൻ കഴിയുന്ന പ്രായത്തിൽ അവൾ ഇവിടെ മടങ്ങിയെത്തും...നിന്നെ കാണാൻ...അന്നവളുടെ കയ്യിൽ ഇതിലും വലിയ പൂക്കൂടകളുണ്ടാകും....😢
സസ്പെൻസ്, പ്രണയം, വിരഹം, നിസ്സഹായത, ആക്‌ഷൻ, ട്രാജഡി എന്നിങ്ങനെ വൈകാരികഭാവഭേദങ്ങൾ ഒത്തിണക്കത്തോടെ കോർത്തിണക്കിയ ചിത്രമാണ് ആദം ജൊവാൻ. തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിനെ ഒരു ഇമോഷണൽ കോക്ടെയിൽ എന്ന് വിശേഷിപ്പിക്കാം.❤
കാമ്പും മികവുമുള്ള തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലും അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതിലും പൃഥ്വിരാജ് എന്ന നടന്റെ റേഞ്ച് ഓരോ സിനിമകൾ കഴിയുംതോറും ഉയരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ചിത്രം. ഒരു നവാഗത സംവിധായകന് ലഭിക്കാവുന്ന മികച്ച എൻട്രിയാണ് ജിനു എബ്രഹാമിന് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ജിനു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.❤
ഫ്ലാഷ്ബാക്കായി തുടങ്ങി, വികസിച്ചു, തൽസമയം പരിസമാപിക്കുന്ന കഥാഗതിയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. അവതരണത്തിലെ മികവും ജീവിതത്തിലെ വൈകാരികഭാവഭേദങ്ങൾ കൂടിച്ചേരുമ്പോളുണ്ടാകുന്ന രസതന്ത്രവുമാണ് ചിത്രത്തെ സജീവമാക്കിനിലനിർത്തുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഉണ്ടാകുന്ന നിസഹായത ഭാവുകത്വത്തോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.❤
മുണ്ടക്കയത്ത് പ്ലാന്ററായ ആദമിന്റെ ജീവിതത്തിലേക്ക് എമി എന്ന പെൺകുട്ടി കടന്നു വരുന്നു, വിവാഹശേഷം ഇരുവരും മധുവിധു ആഘോഷിക്കാനായി സ്‌കോട് ലൻഡിലുള്ള സഹോദരന്റെ കുടുംബത്തിനും അമ്മയ്ക്കും ഒപ്പം ചേരുന്നു. പക്ഷേ ആ യാത്ര അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിക്കളയുന്നു. ആദത്തിന്റെ ജീവിതത്തിൽ വലിയൊരു മുറിപ്പാട് അവശേഷിപ്പിച്ചുകൊണ്ട് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നു.
പല തലങ്ങളിലായാണ് ചിത്രം കഥപറയുന്നത്. വർഷങ്ങൾക്കുശേഷം മറ്റൊരു ദുരന്തവാർത്ത ആദത്തിനെ വീണ്ടും സ്‌കോട് ലൻഡിലെത്തിക്കുന്നു. ചെയ്തുപോയ ഒരു തെറ്റിനുള്ള പ്രായശ്ചിത്തമായി തന്റെ രക്തത്തെ തേടി ആദം നടത്തുന്ന യാത്രയിലൂടെയാണ് രണ്ടാംപകുതി പുരോഗമിക്കുന്നത്. ആ യാത്രയിൽ അവളുടെ തിരോധാനത്തിന്റെ പിറകിലുള്ള പല ദുരൂഹതകളും ചുരുളഴിയുന്നു. ഒരിടക്കാലത്ത് കേരളത്തിലടക്കം ചർച്ചാവിഷയമായ സാത്താൻ സേവയും, ബ്ലാക് മാസ്സും കടന്നുവരുന്നതോടെയാണ് കഥാഗതി പുതിയ വഴിത്തിരിവിലെത്തുന്നത്. അയാൾ ലക്ഷ്യത്തിലെത്തുമോ ഇല്ലയോ എന്നുള്ള ചോദ്യത്തിലൂടെയാണ് തുടർന്ന് ചിത്രം സഞ്ചരിക്കുന്നതും പരിസമാപ്തിയിലെത്തുന്നതും.❤
❤പൃഥ്വിരാജ് എന്ന നടന്റെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ടൈറ്റിൽ റോളിനോട് അങ്ങേയറ്റം നീതി പുലർത്താൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആദ്യ പകുതിയിലെ റൊമാൻസും, രണ്ടാം പകുതിയിലെ വൈകാരിക രംഗങ്ങളും, സംഘട്ടനവുമെല്ലാം അങ്ങേയറ്റം തന്മയത്തോടെ പൃഥ്വിരാജ് അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നു.❤
മിഷ്‌ടി ചക്രവർത്തിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹകഥാപാത്രങ്ങളും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്. നായകനൊപ്പം ചിത്രത്തിൽ ഉടനീളം പ്രാധാന്യമുള്ള കഥാപാത്രങ്ങളായി നരേൻ, ഭാവന, രാഹുൽ മാധവ് എന്നിവർ എത്തുന്നു.❤
കെട്ടുറപ്പുളള തിരക്കഥയാണ് ചിത്രത്തിന് പിന്തുണ നൽകുന്നത്. ഹൃദയത്തിൽ കൊള്ളുന്ന സംഭാഷണങ്ങളൊരുക്കാൻ തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. ❤കുടുംബബന്ധങ്ങൾക്ക് നാം നൽകുന്ന പ്രാധാന്യം പ്രഘോഷിക്കുന്ന രംഗങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് കാഴ്ചക്കാർ വരവേൽക്കുന്നത്.❤

സ്‌കോട്‌ലൻഡിന്റെ മിസ്റ്റിക് സൗന്ദര്യവും ഗോഥിക് ആർക്കിടെക്ച്ചറും കാഴ്ചകളുമെല്ലാം അതിമനോഹരമായി ചിത്രത്തിൽ ഒപ്പിയെടുത്തിരിക്കുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രാഹകന്‍.❤
ദീപക് ദേവിന്റെ സംഗീതം ചിത്രത്തിന് മാറ്റുകൂട്ടുന്നു, പ്രത്യേകിച്ച് ചിത്രത്തിന്റെ വൈകാരികഭാവഭേദങ്ങൾ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ പശ്ചാത്തലസംഗീതം പ്രധാന പങ്കുവഹിക്കുന്നുണ്ട്.❤ ❤പൃഥ്വിരാജ് പാടിയ വിഷാദഛായയുള്ള ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടിട്ടുണ്ട്.❤ രഞ്ജൻ ഏബ്രഹാമിന്റെ എഡിറ്റിംഗ് മികവും ശ്രദ്ധേയമാണ്.
രണ്ടു മണിക്കൂർ നാൽപതു മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. എന്നാൽ ഒരു ഘട്ടത്തിലും വിരസമാകാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ചിത്രം വിജയിക്കുന്നു. ❤എത്ര മുൻവിധിയോടെ ചിത്രം കാണുന്ന പ്രേക്ഷകന്റെയും കണ്ണുകളെ ഈറനണിയിക്കുന്ന അതിവൈകാരികവും ഹൃദ്യവുമായ ക്ളൈമാക്സ്.❤ ❤ചിത്രത്തിന്റെ അവസാനം ഉയരുന്ന പ്രേക്ഷകന്റെ കയ്യടികൾ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രം...❤
കടപ്പാട് - മനോരമ ഓൺലൈൻ
#AdamJoan

2017, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

തുമ്പപൂക്കള്‍ ചിരിക്കുന്നു ......
ഗൃഹാതുര  സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി.
 തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുൽക്കൊടി തുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കൈയ്പ്പു  ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ  എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക.ഇന്നിപ്പോൾ ആ സ്നേഹസാമീപ്യം ഇല്ലാതെ മറ്റൊരോണം കൂടി...

 തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴും  , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.

 ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു.

 തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകൾ  അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു.

സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു.......
എല്ലാ പ്രിയപ്പെട്ടവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച

ചിങ്ങപ്പുലരിയിൽ ആശംസകൾ....

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. കാര്‍മേഘങ്ങളുടേയും ഇല്ലായ്‌മകളുടേയും മാസമായ കര്‍ക്കിടകത്തിന്‌ വിട
കറുത്തിരുണ്ട കര്‍ക്കടക രാവുകള്ക്കപ്പൂറം
ചിങ്ങനിലാവിന്റെ നാളുകളിലേക്ക് കാത്തിരിക്കാം.
കൊയ്ത്തുപാട്ടിന്റെയും ഓണത്തുംബികളുടെയും
വരവറിയിച്ചുകൊണ്ട് വരികയായി ചിങ്ങമാസം...
മനസ്സും മുറ്റവൂം കളമെഴുതി ഒരുക്കിവയ്ക്കാം,
നന്മയുടെ പൂവിതളുകള്‍ പറിച്ച്‌
സ്നേഹത്തിന്റെ പൂക്കളമെഴുതാന്‍......
ഹൃദയം നിറഞ്ഞ ആശംസകൾ 

2017, ജൂലൈ 25, ചൊവ്വാഴ്ച

ഓർക്കാതിരിക്കുന്നതെങ്ങനെ ?

 ഇപ്പോഴും എന്നെക്കുറിച്ചോർക്കുന്നുണ്ടാവുമോ നീ
ഓർക്കാതിരിക്കാനാവില്ല നിനക്ക്
ഞാനല്ല്ലല്ലോ നിന്നിൽ നിന്ന് അകന്നു പോയത്
നീയല്ലേ  എന്നെ വിട്ടു പോയത്
മഴപെയ്യുന്ന നേരങ്ങളിൽ
കുളിർ കാറ്റ് മെല്ലെ തഴുകിടുമ്പോൾ
ഇളം മഞ്ഞു വീഴും പുലരിയിൽ
മഴവില്ലു വിരിയും മധ്യാഹ്നങ്ങളിൽ
മലർ വാകപൂക്കുന്ന യാമങ്ങളിൽ
ഒക്കെ നീ എന്നെക്കുറിച്ചു ഓർക്കുന്നുണ്ടാവണം
 ഞാനല്ലല്ലോ നിന്നിൽ നിന്ന്  അകന്നു പോയത്
നീയല്ലേ  എന്നെ വിട്ടു പോയത്
എന്നിട്ടും ഈ നേരമെല്ലാം ഞാൻ
നിന്നെക്കുറിച്ചുമോർക്കുന്നതെന്തേ
 ഞാനല്ലല്ലോ നിന്നിൽ നിന്ന്  അകന്നു പോയത്
നീയല്ലേ എന്നെ വിട്ടു പോയത്.

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ..........

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുട...