2016, ജൂലൈ 31, ഞായറാഴ്‌ച

അമ്മ നക്ഷത്രം







കർക്കിടക മഴയുടെ നേർത്ത ചിലംബലുകൾ...... അമ്മയുടെ  സ്നേഹ സാമീപ്യം വിട്ടകന്നിട്ടു ഇന്ന് ആഗസ്റ്റ്‌ 1 നു രണ്ടു വർഷം തികയുന്നു. എഴുതാനായി തുടങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത പോലെ. എന്ത് എഴുതിയാൽ എങ്ങനെ  എഴുതിയാൽ എത്ര എഴുതിയാൽ ആണ് അമ്മയെ കുറിച്ച് പറയാൻ കഴിയുക.
അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ
അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊമ്പരമാകുന്ന , ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ  മറക്കല്ലേ.. എത്ര വളർന്നാലും എന്തൊക്കെ വെട്ടിപ്പിടിച്ചാലും അമ്മയുടെ സ്നേഹവാത്സല്യങ്ങൾക്കു മുന്നിൽ കുഞ്ഞിളം പൈതലായ് മാറും നമ്മളെല്ലാം......


ഓർമ്മകൾ പൂക്കുന്ന കടവത്തിരുന്നു ഞാൻ
താരാട്ടു പാട്ടൊന്നു കേട്ടിടട്ടെ
ഏതോ കിനാവിന്റെ കളിവള്ളമേറി
ഒത്തിരി ദൂരം തുഴഞ്ഞോട്ടെ
ഇനിയെത്ര രാവുകൾ ഇനിയെത്ര പകലുകൾ
അറിയില്ല ഈ യാത്രാ ദൂരമെങ്ങോ
ദിക്കറിയാതെ തുഴഞ്ഞു തളരുമ്പോൾ
വഴികാട്ടുമെന്നുമെൻ 'അമ്മ നക്ഷത്രം 

2016, ജൂലൈ 29, വെള്ളിയാഴ്‌ച

ഭരതൻ: ജീവിതം സിനിമ ഓർമ







മലയാള സിനിമയെ കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാൻ സഹായിക്കുന്ന പുസ്‌തകമാണ് ഒലിവിന്റെ ഭരതൻ ജീവിതം സിനിമ ഓർമ. പി എൻ മേനോൻ, കെ പി എ സി ലളിത, , കെ ജി ജോർജ്, മമ്മൂട്ടി, പവിത്രൻ, ഷാജി എൻ കരുൺ, സത്യൻ അന്തിക്കാട്, കമൽ, ഭരത് ഗോപി, നെടുമുടി വേണു, ജലജ തുടങ്ങിയവരുടെ ഓർമകൾ.

ഷൊർണൂരിൽ വെങ്കലത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. തകരയ്‌ക്കു ശേഷം ഭരതനുമായി ചേർന്ന് ബാബു ആവാരംപൂ എന്ന തമിഴ് ചിത്രം നിർമിച്ചു. പിന്നീട് അവരുടെ കൂട്ടായ്‌മയിൽ നിന്നുണ്ടായ ചിത്രമാണ് വെങ്കലം. ഈ ചിത്രത്തിനു സെറ്റുണ്ടാക്കാൻ ഭാരതപ്പുഴയുടെ തീരത്ത് ബാബു കുറെ സ്‌ഥലം വാങ്ങിയിരുന്നു. അവിടെയാണ് പ്രധാന സെറ്റായ കെ പി എ സി ലളിതയുടെ വീട്. മണ്ണുകൊണ്ടു തീർത്ത ആ കൊച്ചു വീട് ഇന്നും അവിടെയുണ്ട്. വെങ്കലപാത്രങ്ങൾ നിർമിക്കുന്നവരുടെ കഥയായിരുന്നു അത്. എന്തെടുത്താലും ‘റിയാലിറ്റി ടു ദ കോർ’ എന്നതായിരുന്നു ഭരതന്റെ രീതി. ചെപ്പടി വിദ്യ കാട്ടി പ്രേക്ഷകരെ കബളിപ്പിക്കാൻ ഈ സംവിധായകൻ ഒരിക്കലും തയ്യാറായിട്ടില്ല. പക്ഷേ, ഈ രീതിയാകട്ടെ വളരെ അപകടം പിടിച്ചതുമാണ്.

അന്ന് ഭാരതപ്പുഴയുടെ തീരത്തെ മൺകുടിലിനോട് ചേർന്നുള്ള ഉലയിൽ യഥാർഥത്തിൽ ലോഹം ഉരുക്കി മൂശയിലൊഴിച്ച് ഓട്ടുപാത്രങ്ങൾ വാർത്തെടുക്കുകയുണ്ടായി. തീർത്തും അപകടം പിടിച്ച ആ പണിയാണ് മുരളിയും മനോജും ലളിതയും ഒക്കെ ചേർന്ന് ചെയ്‌തത്. ഒന്നു പിഴച്ചാൽ, ഒരു തുള്ളി തെറിച്ചാൽ… ഇല്ല ഒന്നും സംഭവിച്ചില്ല. കത്തുന്ന സൂര്യശോഭയിൽ ആ രംഗങ്ങൾ പിന്നീട് സ്‌ക്രീനിൽ കണ്ടപ്പോഴാണ് അതിന്റെ പ്രത്യേകത മനസ്സിലായത്. ഇടവേളയിലെപ്പോഴോ ഭരതനോട് തിരക്കി “ഒരു സിനിമയ്‌ക്കു വേണ്ടി ഇത്രയും റിസ്‌ക്… ഈ സൂക്ഷ്‌മത ആവശ്യമോ?” അന്നാണ് ഭരതൻ വൈശാലിയുടെ കഥ പറഞ്ഞത്.

വൈശാലിയുടെ ക്ലൈമാക്‌സിൽ മഴ പെയ്യുവാൻ വേണ്ടി ഒരു യാഗം നടക്കുന്നു. യാഗവേദിയിലെ ഹോമകുണ്ഡത്തിൽ നിന്നുയരുന്ന പുക മേഘങ്ങളായി, മഴ പെയ്യുന്നു എന്നതാണ് ഇതിന്റെ മിത്ത്. അന്ന് ആ യാഗവേദി ഒരുക്കിയത് സംസ്‌കൃത കോളജിലെ പ്രഫസർമാരുടെ നിർദേശാനുസരണമായിരുന്നു. ചൊല്ലിയ മന്ത്രങ്ങളൊക്കെ യഥാർഥ മന്ത്രങ്ങളായിരുന്നു. ഉപയോഗിച്ച വസ്‌തുവകകൾ ഒക്കെയും ഒറിജിനൽ. നെയ്യു മുതൽ എള്ളുവരെയുള്ള എല്ലാ സാധനങ്ങളും പാത്രങ്ങളും വരെ. വെള്ളപൂശിയതു പോലെ തെളിഞ്ഞതായിരുന്നു അപ്പോൾ ആകാശം. മന്ത്രജപം ഉയർന്നു, അഗ്നി ജ്വലിച്ചു. പിന്നീട് ഹവിസ്സായി ആകാശത്തേക്ക് പുക ഉയർന്നു. മൂന്നു ക്യാമറ വച്ചായിരുന്നു ചിത്രീകരണം. പുക ഉയർന്ന് മഴ മേഘങ്ങളാകുന്നതും ചിത്രീകരിക്കേണ്ടതാണ്. എം ടിയും അവിടെയുണ്ട്. . പുകയിലൂടെയാണ് ഞങ്ങൾ അത് കണ്ടത്.. ആകാശം മുഴുവൻ മഴ മേഘങ്ങൾ നിറഞ്ഞിരിക്കുന്നു. പിന്നെയൊരു ചൊരിച്ചിലായിരുന്നു. നിലക്കാത്ത മഴ.. വാസ്‌തവത്തിൽ രോമാഞ്ചമുണ്ടായി. തിരിഞ്ഞു നോക്കുമ്പോൾ ധ്യാനനിരതനായി ഭരതൻ.. അതേ രീതിയിൽ നിൽക്കുന്നു എം ടിയും.

കടപ്പാട് - മൂവി രാഗ 

2016, ജൂലൈ 28, വ്യാഴാഴ്‌ച

പറയാതെ വയ്യ !!!!


മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങൾ നിർഭാഗ്യകരം തന്നെയാണ്. രണ്ടു വിഭാഗത്തിൽ പെട്ടവരും സംയമനത്തോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തു പരിഹരിക്കണം എന്നതാണ് പൊതു സമൂഹത്തിന്റെ താല്പര്യം എന്നും മുൻപ് ഒരു പോസ്റ്റിൽ കുറിച്ചിരുന്നു. എന്നാൽ വീണ്ടും ഇതേ വിഷയത്തിൽ ഒരു പോസ്റ്റ് എഴുതുവാനുള്ള കാരണം മറ്റൊന്നാണ്. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത നയതന്ത്രപരവും പക്വവുമായ നിലപാടുകൾ പൊതു സമൂഹത്തിനു ബോധ്യമുണ്ട്. പ്രശ്നത്തിന്റെ തുടക്കത്തിൽ തന്നെ സമവായ ചർച്ചക്കായി ഇരു വിഭാഗങ്ങളെയും കൂട്ടി യോജിപ്പിക്കുവാനും പൊതു തീരുമാനങ്ങളിൽ എത്തിച്ചേരുവാനും അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് കഴിഞ്ഞു. സമവായ ചർച്ചകൾക്കു ശേഷം പത്രസമ്മേളനത്തിൽ ഏകപക്ഷീയമായ ചോദ്യങ്ങൾ ഉയർന്നപ്പോൾ അദ്ദേഹം ചോദിച്ചത് എന്തിനാണ് ഇപ്പോൾ നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് എന്നറിയാമല്ലോ എന്നാണ്. ഒന്നല്ല രണ്ടു വട്ടം അദ്ദേഹം ഇക്കാര്യം എടുത്തു പറഞ്ഞു. അത് ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. പരസ്പര  സഹകരണത്തിനും വിട്ടുവീഴ്ചക്കുമുള്ള ഓർമ്മപ്പെടുത്തൽ. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ജനാധിപത്യപരമായും നീതിന്യായ വ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ടും മാത്രമേ അദ്ദേഹത്തിന് നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു. അത് പൂർണ്ണമായും അദ്ദേഹം നിർവ്വഹിക്കുകയും ചെയ്തു. എന്നാൽ തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള മറുപടികൾ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകാത്തത് കൊണ്ട് അന്തി ചർച്ചകളിൽ അദ്ദേഹത്തെ വിമര്ശിക്കുന്നതിനു ഒരു ന്യായീകരണവും കാണുന്നില്ല. ചർച്ച നടത്തുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും അറിയാം ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്ന നിലയിലുള്ള  പരിമിതികളും നിലപാടുകളും എന്നിട്ടും സ്വന്തം വീഴ്ചകൾ മാറ്റി നിർത്തിക്കൊണ്ട് മുഖ്യമന്ത്രിയെ കുറ്റം പറയുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി സമവായ ചർച്ചക്ക് വിളിച്ചപ്പോൾ അതിനെ എതിർത്ത നേതാക്കളെ  നമുക്കറിയാം, ഇപ്പോൾ മുഖ്യമന്ത്രിയെ വിമർശിക്കുന്ന നേതാക്കളെയും നമുക്കറിയാം. അതിന്റെ രാഷ്ട്രീയം പൊതു സമൂഹത്തിനു ബോധ്യമാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതേകിച്ചു കേരളം  പോലൊരു സംസ്ഥാനത്തിൽ ആരും ആരുടെയും ജനാധിപത്യപരമായ അവകാശങ്ങൾ കവർന്നെടുക്കും എന്ന് തോന്നുന്നില്ല. ഒട്ടേറെ മാധ്യമ സുഹൃത്തുക്കളും അഭിഭാഷക സുഹൃത്തുക്കളും ഉണ്ട്. വളരെ  ആത്മസമർപ്പണത്തോടെ സ്വന്തം കർത്തവ്യം നിർവഹിക്കുന്ന അവരോടു ബഹുമാനവുമാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഈ രണ്ടു വിഭാഗത്തിലെയും ചിലരുടെ എങ്കിലും ഭാഗത്തു നിന്നുള്ള പ്രവർത്തികൾ കാണുമ്പോൾ ദുഃഖം തോന്നാറുണ്ട്. നിർഭാഗ്യകരമായി സംഭവിച്ച ഒരു പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം വ്യക്തിപരമായ ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ഉള്ള ഒരു സമയമായി ഇതിനെ മാറ്റി തീർക്കുന്നു. ജനാധിപത്യ സംവിധാനത്തിലെ പ്രധാനപ്പെട്ട രണ്ടു മേഖലകൾ ഇത്തരത്തിൽ ഭിന്നിച്ചു നിൽക്കുന്നത് ദൗർഭാഗ്യകരമാണ്. ഇനിയും ഒരുപാടു കാര്യങ്ങളിൽ ഒരുമിച്ചു നിന്ന് പ്രവർത്തിക്കേണ്ടവരും പോരാടേണ്ടവരുമാണ് ഇരുകൂട്ടരും അതുകൊണ്ടു തന്നെ എല്ലാ പ്രശ്നങ്ങളും  എത്രയും വേഗം അവസാനിക്കണം എന്നതാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത്. ഒപ്പം പരിമിതികൾക്കിടയിലും  ജനാധിപത്യപരമായ രീതിയിൽ നീതിന്യായ  വ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ട്   ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേരളത്തിന്റെ പൊതു സമൂഹം ഉണ്ട് എന്ന യാഥാർഥ്യം കൂടി  അനാവശ്യമായി ഈ വിഷയത്തിൽ അദ്ദേഹത്തെ വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട് .

നിനക്കതു സാധിക്കും !!!!!






ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് . വാങ് സിഹായ് എന്ന ചൈനീസ് കർഷകന്റെ പന്നി ഫാർമിൽ പിറന്ന ഒൻപതു പന്നിക്കുട്ടികളിൽ ഒന്നിന് രണ്ടു പിൻകാലുകളും ഇല്ലായിരുന്നു. അംഗവൈകല്യത്തോടെ പിറന്ന ആ പന്നിക്കുട്ടിയെ കൊണ്ട് ഭാവിയിൽ ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന് കണ്ട വാങ് സിഹായിയുടെ ഭാര്യ ആ പന്നിക്കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ അലിവ് തോന്നിയ വാങ് സിഹായി മറ്റു പന്നിക്കുട്ടികളോടൊപ്പം തന്നെ അംഗവൈകല്യമുള്ള പന്നിക്കുട്ടിയെയും പരിപാലിച്ചു. അവനു സൂ ജിയാൻ കിയാങ് എന്ന് പേരും നൽകി.  ചൈനീസ് ഭാഷയിൽ ആ വാക്കിന്റെ അർഥം ധീരൻ എന്നാണ്. ദിവസ്സവും രണ്ടു കാലുകളിൽ നടക്കുവാൻ അവനു പരിശീലനം നൽകി. പതിയെ പതിയെ രണ്ടു കാലുകളിൽ സൂ ജിയാൻ കിംഗ് അനായാസം നടന്നു തുടങ്ങി. വാർത്ത കേട്ട് ആ ഗ്രാമത്തിലെ പലരും വലിയ വില നൽകി അവനെ സ്വന്തമാക്കാൻ ശ്രമിച്ചു. എന്നാൽ വാങ് സിഹായി അവനെ വിറ്റില്ല. എത്ര അധികം പണം നൽകിയാലും അവനെ ഞാൻ വിലക്കില്ല. കാരണം പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന വലിയ പാഠം എനിക്ക് പറഞ്ഞു തന്നത് സൂ ജിയാൻ ആണ്. ജീവനുള്ളിടത്തോളം അവൻ എന്റെ ഒപ്പം ഉണ്ടാകും. തീർച്ചയായും വളരെ പ്രചോദനം നൽകുന്ന ഒരു അനുഭവം തന്നെയാണ് അത്. ലോകം മുഴുവൻ സാധിക്കില്ല എന്ന് വിളിച്ചു പറയുമ്പോഴും നമ്മുടെ അന്തരാത്മാവ് പതിയെ മന്ത്രിക്കും നിനക്കതു കഴിയും.... ഉറപ്പ്

2016, ജൂലൈ 26, ചൊവ്വാഴ്ച

അഞ്ജു പറഞ്ഞത് തെറ്റ് , ഉഷ പറഞ്ഞതാണ് ശരി........




റിയോ ഒളിംപിക്സിൽ ഇന്ത്യക്കു അത്‌ലറ്റിക്‌സിൽ ഒരു മെഡലും കിട്ടാൻ പോകുന്നില്ല എന്ന അഞ്ജു ബോബി ജോർജിന്റെ നിർഭാഗ്യകരമായ പ്രസ്താവനയും അതിനു മറുപടി എന്നോണം അഞ്ജുവിനെ പോലെ ഒരു കായികതാരം ഇത്തരത്തിൽ ബാലിശമായ പ്രസ്താവനകൾ നടത്തരുത് എന്നും ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിൽ നീരജ് ചോപ്രയെ പോലൊരു താരം ജാവലിൻ ത്രോയിൽ ലോക റെക്കോർഡ് നേടിയ അനുഭവം നമുക്ക് മുന്നിൽ ഉണ്ടെന്നും പി ടി ഉഷ ഓർമ്മിപ്പിക്കുകയും ചെയ്തു. തീർച്ചയായും ഉഷയുടെ പക്ഷമാണ് ശരി. എത്ര വലിയ കായികതാരം ആണെങ്കിലും അഞ്ജുവിനെ പോലെ ഒരാളുടെ ഇത്തരം പ്രസ്താവന അനവസരത്തിൽ ഉള്ളതായി പോയി. മെഡൽ നേടുക എന്നതിലും വലിയ കാര്യം പങ്കെടുക്കുക എന്ന ഒളിംപിക്‌സിന്റെ ആപ്തവാക്യം മറന്നു പോയത് കൊണ്ടാണോ അഞ്ജു ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് എന്നറിയില്ല. ഒരു കായികതാരവും തോൽക്കാൻ വേണ്ടിയല്ല മത്സരിക്കുന്നത്. തങ്ങളേക്കാൾ ശക്തരായ എതിരാളികൾ ആണെങ്കിൽ പോലും ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും പോരാടാൻ ആവും ഓരോ കായികതാരവും ശ്രമിക്കുക. അഞ്ജു ബോബി ജോർജും ഇത്തരം പ്രതീക്ഷകളോടെ ആവും മത്സരിച്ചിട്ടുണ്ടാവുക. മെഡൽ കിട്ടില്ല എന്ന് കരുതി മത്സരത്തിൽ പങ്കെടുക്കാതെ മാറി നില്ക്കാൻ പോരാട്ടവീര്യമുള്ള ഒരു കായികതാരത്തിനും സാധിക്കില്ല. അത് കൊണ്ട് തന്നെ വളർന്നു വരുന്ന കായികതാരങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന പ്രസ്താവനകൾ അഞ്ജുവിനെ പോലെ ഒരു കായികതാരം നടത്തുവാൻ പാടില്ല. ഇനിയിപ്പോൾ മെഡൽ കിട്ടാതിരുന്നാൽ മാത്രമല്ല  പ്രകടനം മോശമായാൽ പോലും അതിനു ഉത്തരവാദികൾ ഇത്തരം അപക്വമായ  പ്രസ്താവനകൾ നടത്തി കായികതാരങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന ആളുകൾ തന്നെയാവും എന്നതിൽ തർക്കമില്ല.

2016, ജൂലൈ 25, തിങ്കളാഴ്‌ച

ആരാണിവൻ ?






നാഗസാക്കി ആക്രമണത്തിന് ശേഷം 1945 ൽ ജോ ഓ ഡോണേൽ എടുത്ത  ചിത്രമാണിത്. തന്റെ കുഞ്ഞനുജന്റെ ശവശരീരം തോളിലേന്തി ശവദാഹത്തിനായി ഊഴം  കാത്തുനിൽക്കുന്ന  ജപ്പാൻ കാരനായ  10 വയസ്സുകാരന്റെ കരളലിയിപ്പിക്കുന്ന ചിത്രം. ജോയുടെ തന്നെ വാക്കുകൾ എടുത്താൽ, തന്റെ കുഞ്ഞനുജനെ ചുമലിലേറ്റി 10 വയസ്സുകാരനായ ഒരുബാലൻ മെല്ലെ അവിടേക്കു കടന്നു വന്നു. നിസ്സംഗമായ മുഖഭാവത്തോടെ അചഞ്ചലമായി അവൻ അവിടെ നിന്നു. പട്ടാളക്കാർ വന്നു അവന്റെ ചുമലിലെ കെട്ടഴിച്ചു അനുജന്റെ ശരീരം ഏറ്റുവാങ്ങുമ്പോൾ മാത്രമാണ് അവന്റെ കുഞ്ഞനുജൻ മരിച്ചതാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടത്. പട്ടാളക്കാർ അവന്റെ കുഞ്ഞനുജന്റെ ശരീരം അഗ്നിയിലേക്കു എടുത്തപ്പോൾ അവന്റെ അത് നോക്കി നിൽക്കുന്ന നിസ്സഹായനായ അവന്റെ ചിത്രം എന്നെ കരയിച്ചു.  കുറെ നേരം ആ അഗ്നിനാളങ്ങളിൽ നോക്കി നിന്ന ശേഷം അവൻ അകലേക്ക് നടന്നു മറഞ്ഞു . അവൻ നടന്നു മറയുമ്പോൾ അവന്റെ മുഖത്തേക്ക് ഞാൻ നോക്കി. തികച്ചും നിസ്സംഗംമായ അവന്റെ മുഖം , കീഴ്ച്ചുണ്ടുകളിൽ രക്തം പൊടിഞ്ഞിരുന്നു. ഉള്ളിലെ വേദനകൾ കടിച്ചമർത്തുമ്പോൾ രക്തം പൊടിയാതിരിക്കുമോ ? അതിലും എത്രയോ വേദനയാണ് അവന്റെ പിഞ്ചു ഹൃദയം  ഏറ്റു വാങ്ങേണ്ടി വന്നത്.  ഓരോ യുദ്ധവും നമ്മെ ഓർമിപ്പിക്കുന്നു ഇത്തരം നഷ്ട്ടങ്ങളുടെയും വേര്പാടുകളുടെയും നൊമ്പരപ്പെടുത്തുന്ന കഥകൾ . എന്നിട്ടും നാം വീണ്ടും വീണ്ടും പടവെട്ടിക്കൊണ്ടിരിക്കുന്നു .

വാൽകഷ്ണം-  1988 ൽ  ഇസാവോ ടോകഹാത സംവിധാനം ചെയ്ത ഗ്രേവ് ഓഫ് ദി ഫയർ ഫ്‌ളൈസ് എന്ന ജാപ്പനീസ് ആനിമേറ്റഡ് ചിത്രം ഇതേ വിഷയമാണ് ചർച്ച ചെയ്യുന്നത്. എല്ലവര് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിത്രമാണിത്.

2016, ജൂലൈ 21, വ്യാഴാഴ്‌ച

സന്തോഷം ഡാ........




തീർച്ചയായും ഏതു മേഖലയിൽ ഏതു നിലയിൽ പ്രവൃത്തിക്കുന്നവർ ആയാലും അർഹത ഉള്ളവർ അർഹതപ്പെട്ട സമയത്തു അർഹിക്കുന്ന രീതിയിൽ ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് തികച്ചും സന്തോഷകരമാണ്. എന്നാൽ പലപ്പോഴും നമ്മൾ മറന്നു പോകുന്ന യാഥാർഥ്യവും അതാണ്.ഒരു  ശ്രീ രജനീകാന്തിനെ പോലെ സിനിമയ്ക്ക് വേണ്ടി ആത്മസമർപ്പണം ചെയ്യുന്ന ഒരാൾ ഇത്തരത്തിൽ ആഘോഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുക തന്നെ വേണം.വൈകിയ വേളയിൽ പ്രശംസാ വചനങ്ങൾ ചൊരിയുന്നതിലും എത്രയോ മഹത്തരമാണ് അത്. സിനിമയിലെ അതിഭാവുകത്വം ജീവിതത്തിലെ സാധാരണത്തവുമായി ഒരുകാലത്തും കൂട്ടിക്കലർത്താത്ത കലർപ്പില്ലാത്ത പ്രതിഭ അർഹതപ്പെട്ട സമയത്തു ആഘോഷിക്കപ്പെടുമ്പോൾ , ആദരിക്കപ്പെടുമ്പോൾ മനസ്സിൽ ഒരു വികാരം മാത്രം
സന്തോഷം ഡാ........

ഒരു നിമിഷം ശ്രദ്ധിക്കൂ !!!!



📝🖊🎓👓അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുളള പ്രശ്നത്തില്‍ സര്‍ക്കാര്‍ പരമാവധി സംയമനം പാലിക്കുന്നുണ്ട് . ജനാധിപത്യപരമായ സര്‍ക്കാരിന്റ സമീപനം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ സര്‍ക്കാരിന്റ സംയമനത്തെ ദൗര്‍ബല്യമായി കാണാതെ ബഹുമാനിച്ച് കൊണ്ട് മാധ്യമ പ്രവര്‍ത്തകരും അഭിഭാഷക സമൂഹവും പ്രശ്ന പരിഹാരം കാണണമെന്നാണ്  പൊതുസമൂഹത്തിന്റ പക്ഷം

2016, ജൂലൈ 20, ബുധനാഴ്‌ച

സുഖമായിരിക്കട്ടെ !!!!



ആരാണിവൻ ?   1993 മാർച് 3 ന്  കരോൾ ഗസി എടുത്ത ചിത്രമാണിത്. രണ്ടു വയസ്സുള്ള കൊസാവോ  അഭയാർത്ഥിയായ അജിം ഷാല തന്റെ മുത്തച്ഛന്റെയെയും മുത്തശ്ശിയുടെയും കൈകളിലേക്ക് ഒരു മുൾവേലിക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന നിമിഷം. 2000 ഇൽ പുലിസ്റ്റർ സമ്മാനത്തിന് പരിഗണിക്കപ്പെട്ടു ചിത്രം. എല്ലാ അവകാശങ്ങളോടും കൂടി ഭൂമിയിൽ പിറന്നു വീണിട്ടും തന്റെ സ്വത്വം സ്ഥാപിച്ചു കിട്ടാൻ പലായനം ചെയ്യപ്പെണ്ടി വരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധി. കണ്ണീർ വറ്റിയ മിഴികളും ചോര വാർന്ന ഹൃദയവുമായി തന്റെ പ്രിയപ്പെട്ടവരെ പിരിയേണ്ടി വരുന്ന നിസ്സഹായ അവസ്ഥ. ഏതു കഠിന ഹൃദയനും ഒരു നിമിഷം പ്രാത്ഥിച്ചു പോകും അവന്റെ പിഞ്ചു ദേഹത്തിൽ ഒരു മുറിപ്പാടു പോലും ഉണ്ടാകരുതേ  , അവന്റെ കുഞ്ഞു മേനിയിൽ നിന്നു  ഒരു തുള്ളി ചോര പൊടിയരുതേ എന്നു. ഇന്ന് അവനു 25 വയസ്സ് ആയിട്ടുണ്ടാവും . ഏതോ നന്മയുടെ കാരുണ്യത്തിന്റെ ഏതോ തീരങ്ങളിൽ അവൻ സുരക്ഷിതാനായിരിക്കാം. എന്നിരുന്നാലും ലോകം നിലനിൽക്കുന്നിടത്തോളം തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ടു പലായനം ചെയ്യേണ്ടി വരുന്ന നിസ്സഹായ ജന്മങ്ങളുടെ പ്രതീകമായി രണ്ടു വയസ്സുകാരൻ അജിം ഷാലയുടെ ചിത്രം  ചരിത്രത്തിൽ ഉണ്ടാകും.

2016, ജൂലൈ 19, ചൊവ്വാഴ്ച

അപ്പൂപ്പൻ താടി !!!!


കുട്ടിക്കാലത്തെ കൗതുകം ശാസ്ത്ര ക്ലാസ്സുകളിൽ യാഥാർഥ്യത്തിനു വഴി മാറി എങ്കിലും അപ്പൂപ്പൻ താടി എന്നും ഒരു പ്രതീകം തന്നെ ആയിരുന്നു. ജീവിതത്തിന്റെ നേർകാഴ്ച പോലെ.  ചിലപ്പോഴൊക്കെ തടസ്സങ്ങളില്ലാതെ പറന്നു നടന്നും പലപ്പോഴും തടസ്സങ്ങളിൽ തട്ടി വഴി മുട്ടി നിന്നും മറ്റു ചിലപ്പോൾ ആത്മ ബലത്തിന്റെയോ കനിവിന്റെ നിശ്വാസങ്ങളിലോ നിരങ്ങി നീങ്ങിയും  എങ്ങു നിന്നെന്നറിയാതെ എങ്ങോട്ടേക്കെന്നറിയാതെ തുടരുന്ന യാത്ര !!!!

2016, ജൂലൈ 15, വെള്ളിയാഴ്‌ച

രാമായണം !!!!







കിളിയെകൊണ്ട് എഴുത്തച്ഛന്‍ പാടിച്ച അദ്ധ്യാത്മരാമായണം…
ഇനിയുള്ള 32 നാള്‍ രാമായണപാരായണം കേരളക്കരയെ ഭക്തിസാന്ദ്രമാക്കും…
കര്‍ക്കിടകത്തിലെ ഇല്ലായ്മയില്‍നിന്നും കരകയറാന്‍ രാമായണ പാരായണം നമ്മെ പ്രാപ്തരാക്കുന്നു…
വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുള്ള പ്രാര്‍ത്ഥനയോടെ മലയാളികള്‍ രാമായണപാരായണം തുടങ്ങി. ഇനി കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമാണ്. വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങളിലും ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍.
ഈ കര്‍ക്കിടമാസത്തില്‍ രാമായണ കഥ മുഴുവന്‍ വായിച്ചുതീര്‍ക്കുന്നത് പുണ്യമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നു. പരേതാത്മക്കളുടെ അനുഗ്രഹത്തിനായി വാവുബലി നല്കുന്ന കാലം കൂടിയാണ് കര്‍ക്കിടകം. തമിഴ്നാട്ടില്‍ ആടിമാസമായാണ് ഇത് അറിയപ്പെടുന്നത്.

രോഗങ്ങളുടെ കാലമായതിനാല്‍ കര്‍ക്കിടകത്തില്‍ മലയാളികള്‍ പ്രത്യേകമായ ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുന്ന പതിവുമുണ്ട്. രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിയ്ക്കുന്നതാണ് ഈ മരുന്നുകഞ്ഞി.
എല്ലാവര്‍ക്കും ഭക്തിയുടെയും സന്തോഷത്തിന്റെയും രാമായണ മാസം നേരുന്നു…

2016, ജൂലൈ 7, വ്യാഴാഴ്‌ച

അനുരാഗകരിക്കിൻവെള്ളം - മധുരം മധുരതരം !!!!








ഖാലിദ്‌ റഹ്മാൻ എന്ന നവാഗതിനിലൂടെ ആസിഫ്‌ അലി-ബിജു മേനോൻ കൂട്ടുകെട്ടിൽ പിറന്ന ഒരു മികച്ച എന്റർറ്റൈനർ ☺

ആസിഫ്‌ അലി - ബിജൂ മേനോൻ അപ്പനും മകനുമായി മികച്ച പ്രകടനം നടത്തുന്നു. ഈ അപ്പനും മകനും നിങ്ങളുടെ മനസ്സ്‌ കവരും ഉറപ്പ്‌. മുൻ പരാജയങ്ങളുടെ ക്ഷീണം ഇതോടെ ഇരുവർക്കും വിട്ടു മാറും എന്നത്‌ ഉറപ്പ്‌
പിന്നെ കൂടെ കട്ടക്ക്‌ പിടിച്ചു നിന്ന സൗബിനും, ശ്രീനാഥും  മാറി മാറി ചിരിപ്പിച്ചു . ആശാ ശരത്തും തന്റെ ഭാഗം മനോഹരമാക്കി.
ആദ്യമായി ആണു അഭിനയിക്കുന്നത്‌ എങ്കിലും രജീഷ തന്റെ ഭാഗത്ത്‌ നിന്നു ഒരു കുറവും വരുത്തിയില്ല....ആസിഫ്‌ അലിയുമായുള്ള അവസാന കോമ്പിനേഷൻ സീനുകൾ എല്ലാം വളറെ നന്നായി കൈകാര്യം ചെയ്തു ☺
ബിജൂ - ആശാ ശരത്ത്‌ ഇവരുടെയും കോമ്പിനേഷൻ സീനുകൾ മികച്ചു നിന്നു
ഇനി എടുത്ത്‌ പറയേണ്ടത്‌ പ്രശാന്ത്‌ പിള്ളയുടെ സംഗീതാണു ☺ 100% നിലവാരം ഉള്ള പാട്ടുകൾ...  ഷൈജൂ ഖാലിദിന്റെ ഛായാഗ്രഹണം മനോഹരം.

ഇതിലൊക്കെ ഉപരി ഖാലിദ്‌ റഹ്മാൻ എന്ന നവാഗതന്റെ മികച്ച മേക്കിംഗ്‌. ഒരു ചെറിയ കഥ അതി മനോഹരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്‌ ☺

ഓവറോൾ :- 100% ഫാമിലി എന്റർറ്റൈനർ☺ കൊടുക്കുന്ന കാശിനോടും നമ്മളുടെ സമയത്തോടും ചിത്രം നീതി പുലർത്തുന്നുണ്ട്‌ .

ധൈര്യമായി ടിക്കെറ്റെടുക്കാം ആസ്വദിച്ചു നുകരാം ഈ കരിക്കിൻവെള്ളം , അനുരാഗികരിക്കിൻ വെള്ളം

2016, ജൂലൈ 3, ഞായറാഴ്‌ച

മാ നിഷാദ ............


തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്


സെപ്റ്റംബര്‍ പതിനൊന്നു എന്നോ

നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല

നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ

നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി

ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും

എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി

നിന്റെ നേര്‍ക്ക്‌ തിരിയുമ്പോള്‍

മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ

നിഷ്കളങ്കരുടെ ആത്മാക്കള്‍

നിന്നെ തുറിച്ചു നോക്കുമ്പോള്‍

നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും

നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും

അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും

നിനക്കു കൂട്ടിനായി  കലണ്ടറിലെ

അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️