2016, ജൂലൈ 28, വ്യാഴാഴ്‌ച

പറയാതെ വയ്യ !!!!


മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങൾ നിർഭാഗ്യകരം തന്നെയാണ്. രണ്ടു വിഭാഗത്തിൽ പെട്ടവരും സംയമനത്തോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തു പരിഹരിക്കണം എന്നതാണ് പൊതു സമൂഹത്തിന്റെ താല്പര്യം എന്നും മുൻപ് ഒരു പോസ്റ്റിൽ കുറിച്ചിരുന്നു. എന്നാൽ വീണ്ടും ഇതേ വിഷയത്തിൽ ഒരു പോസ്റ്റ് എഴുതുവാനുള്ള കാരണം മറ്റൊന്നാണ്. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത നയതന്ത്രപരവും പക്വവുമായ നിലപാടുകൾ പൊതു സമൂഹത്തിനു ബോധ്യമുണ്ട്. പ്രശ്നത്തിന്റെ തുടക്കത്തിൽ തന്നെ സമവായ ചർച്ചക്കായി ഇരു വിഭാഗങ്ങളെയും കൂട്ടി യോജിപ്പിക്കുവാനും പൊതു തീരുമാനങ്ങളിൽ എത്തിച്ചേരുവാനും അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് കഴിഞ്ഞു. സമവായ ചർച്ചകൾക്കു ശേഷം പത്രസമ്മേളനത്തിൽ ഏകപക്ഷീയമായ ചോദ്യങ്ങൾ ഉയർന്നപ്പോൾ അദ്ദേഹം ചോദിച്ചത് എന്തിനാണ് ഇപ്പോൾ നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് എന്നറിയാമല്ലോ എന്നാണ്. ഒന്നല്ല രണ്ടു വട്ടം അദ്ദേഹം ഇക്കാര്യം എടുത്തു പറഞ്ഞു. അത് ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. പരസ്പര  സഹകരണത്തിനും വിട്ടുവീഴ്ചക്കുമുള്ള ഓർമ്മപ്പെടുത്തൽ. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ജനാധിപത്യപരമായും നീതിന്യായ വ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ടും മാത്രമേ അദ്ദേഹത്തിന് നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു. അത് പൂർണ്ണമായും അദ്ദേഹം നിർവ്വഹിക്കുകയും ചെയ്തു. എന്നാൽ തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള മറുപടികൾ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകാത്തത് കൊണ്ട് അന്തി ചർച്ചകളിൽ അദ്ദേഹത്തെ വിമര്ശിക്കുന്നതിനു ഒരു ന്യായീകരണവും കാണുന്നില്ല. ചർച്ച നടത്തുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും അറിയാം ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്ന നിലയിലുള്ള  പരിമിതികളും നിലപാടുകളും എന്നിട്ടും സ്വന്തം വീഴ്ചകൾ മാറ്റി നിർത്തിക്കൊണ്ട് മുഖ്യമന്ത്രിയെ കുറ്റം പറയുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി സമവായ ചർച്ചക്ക് വിളിച്ചപ്പോൾ അതിനെ എതിർത്ത നേതാക്കളെ  നമുക്കറിയാം, ഇപ്പോൾ മുഖ്യമന്ത്രിയെ വിമർശിക്കുന്ന നേതാക്കളെയും നമുക്കറിയാം. അതിന്റെ രാഷ്ട്രീയം പൊതു സമൂഹത്തിനു ബോധ്യമാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതേകിച്ചു കേരളം  പോലൊരു സംസ്ഥാനത്തിൽ ആരും ആരുടെയും ജനാധിപത്യപരമായ അവകാശങ്ങൾ കവർന്നെടുക്കും എന്ന് തോന്നുന്നില്ല. ഒട്ടേറെ മാധ്യമ സുഹൃത്തുക്കളും അഭിഭാഷക സുഹൃത്തുക്കളും ഉണ്ട്. വളരെ  ആത്മസമർപ്പണത്തോടെ സ്വന്തം കർത്തവ്യം നിർവഹിക്കുന്ന അവരോടു ബഹുമാനവുമാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഈ രണ്ടു വിഭാഗത്തിലെയും ചിലരുടെ എങ്കിലും ഭാഗത്തു നിന്നുള്ള പ്രവർത്തികൾ കാണുമ്പോൾ ദുഃഖം തോന്നാറുണ്ട്. നിർഭാഗ്യകരമായി സംഭവിച്ച ഒരു പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം വ്യക്തിപരമായ ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ഉള്ള ഒരു സമയമായി ഇതിനെ മാറ്റി തീർക്കുന്നു. ജനാധിപത്യ സംവിധാനത്തിലെ പ്രധാനപ്പെട്ട രണ്ടു മേഖലകൾ ഇത്തരത്തിൽ ഭിന്നിച്ചു നിൽക്കുന്നത് ദൗർഭാഗ്യകരമാണ്. ഇനിയും ഒരുപാടു കാര്യങ്ങളിൽ ഒരുമിച്ചു നിന്ന് പ്രവർത്തിക്കേണ്ടവരും പോരാടേണ്ടവരുമാണ് ഇരുകൂട്ടരും അതുകൊണ്ടു തന്നെ എല്ലാ പ്രശ്നങ്ങളും  എത്രയും വേഗം അവസാനിക്കണം എന്നതാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത്. ഒപ്പം പരിമിതികൾക്കിടയിലും  ജനാധിപത്യപരമായ രീതിയിൽ നീതിന്യായ  വ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ട്   ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേരളത്തിന്റെ പൊതു സമൂഹം ഉണ്ട് എന്ന യാഥാർഥ്യം കൂടി  അനാവശ്യമായി ഈ വിഷയത്തിൽ അദ്ദേഹത്തെ വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല:

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...