2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

മഹിതം മലയാളം





"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ".
ആശയ വിനിമയത്തിലെ ഏറ്റവും ശക്തമായ ഉപാധിയാണ് ഭാഷ. തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്.മലയാളിയുടെ മാതൃഭാഷ മലയാളമാണ്.മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും,  ലിപി  ഉണ്ടെങ്കിൽ  അതു ഉൾപെടുന്ന അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ്. ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു് മലയാളം ദ്രാവിഡ  ഗോത്രത്തില്‍പ്പെടുന്ന മലയാള ഭാഷയ്ക്ക് 2013-ല്‍ ശ്രഷ്ഠ പദവി ലഭിച്ചു. മലയാള ഭാഷോത്പത്തിയെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്. ഒരു ആദി ദ്രാവിഡഭാഷയില്‍ നിന്നു ഭൂമി ശാസ്ത്രപരമായ കാരണങ്ങളാല്‍ സ്വതന്ത്രമായി വികസിച്ചതാണ് മലയാളമെന്നും അതല്ല തമിഴില്‍ നി്ന്നു വേര്‍തിരിഞ്ഞു രൂപപ്പെട്ടതാണ് എന്നതുമാണ് പ്രബലമായ രണ്ടു വാദങ്ങള്‍. ഭാഷാപരമായ പരിണാമത്തിന്റെ ഫലമായാണ് മലയാളം രൂപപ്പെട്ടതെന്ന് എല്ലാവരും സമ്മതിക്കുന്നു. തമിഴ്, സംസ്കൃതം എന്നിവയുമായി മലയാളത്തിന് ഗാഢമായ ബന്ധമുണ്ട്. വാമൊഴിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും പതിമൂന്നാം  നൂറ്റാണ്ടു മുതലാണ് സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളം വളര്‍ച്ച നേടിയത്. ഈ കാലയളവിലുണ്ടായ രാമചരിതമാണ് മലയാളത്തിലെ ആദ്യത്തെ കാവ്യം.ഒമ്പതാം നൂറ്റാണ്ടു മുതല്‍ വട്ടെഴുത്ത് ലിപിയാണ് മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്ന് പിന്നീട് കോലെഴുത്ത് രൂപപ്പെട്ടു. ഗ്രന്ഥലിപിയില്‍ നിന്നാണ് ഇന്നത്തെ മലയാളലിപി ഉണ്ടായത്. പതിനാറാം  നൂറ്റാണ്ടു മുതലാണ് മലയാളമെഴുതാന്‍ ഗ്രന്ഥ ലിപി ഉപയോഗിച്ചു തുടങ്ങിയത്. ഭാഷാപിതാവായി ഗണിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ 'കിളിപ്പാട്ടുകള്‍' എഴുതാന്‍ ഉപയോഗിച്ചത് ഗ്രന്ഥ ലിപിയാണ്. ദേശഭേദമനുസരിച്ചുള്ള ഉച്ചാരണഭേദങ്ങളും ശൈലീഭേദങ്ങളും വാമൊഴി മലയാളത്തില്‍ നിലനില്‍ക്കുന്നു.

പതിനാറാം  നൂറ്റാണ്ടു മുതല്‍ അച്ചടി കേരളത്തില്‍ എത്തിയെങ്കിലും മലയാളം അച്ചടി തുടങ്ങിയത് വൈകിയാണ്. 1772-ല്‍ റോമില്‍ മുദ്രണം ചെയ്ത 'സംക്ഷേപവേദാര്‍ത്ഥം' (1772) മാണ് അച്ചടിക്കപ്പെട്ട അദ്യ മലയാള പുസ്തകം.
ഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം.  ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളമാണ് . മാതൃഭാഷയ്‌ക്കുമേലുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധമാണ്. ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് മാതൃ ഭാഷയിലെ  വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവും .കുട്ടിയുടെ അറിവും കഴിവും ശേഷിയുമടക്കം സര്‍വതോന്മുഖ പുരോഗതി ലക്ഷ്യമിടുന്നതായിരി ക്കണം വിദ്യാഭ്യാസം . ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ.  മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്‍ കീഴില്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍.മാതൃഭാഷയെ സംരക്ഷിക്കുവാന്‍ നമുക്ക് ഓരോരുത്തർക്കും  ബാധ്യതയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️