സ്വപ്നദളങ്ങൾ കൊഴിഞ്ഞൊരിതൾപ്പൂവ് പോൽ
നിസ്സംഗനായ് നിശ്ചേഷ്ടനായ് ഞാനിരിപ്പൂ
ആയിരം മോഹമുണ്ടായിരുന്നെൻ കുഞ്ഞു ഹൃത്തിലും .
പൂക്കളെ കാണുവാൻ പൂമ്പാറ്റ പിടിക്കുവാൻ
അമ്മതൻ താരാട്ട് കേട്ടുറങ്ങാൻ
അച്ഛന്റെ കൈപിടിച്ചൊന്നു നടക്കാൻ
ഏട്ടന്റെ ചാരത്തു ചേർന്ന് നിൽക്കാൻ
കൂട്ടുകാരുമൊത്തോടിക്കളിക്കുവാൻ
മഞ്ഞും മഴയും വെയിലുമേൽക്കാൻ
മാമല താഴ്വര ഭംഗി കാണാൻ
മഴവില്ല് കണ്ടിട്ടാശ്ചര്യമോതുവാൻ
ഏറെ കൊതിപൂണ്ടിരുന്നെൻ കുഞ്ഞു ബാല്യവും.
ഇരുളിൻ മറയത്ത് അട്ടഹസിച്ചെത്തി
തല്ലിക്കൊഴിച്ചു നിങ്ങളെൻ സ്വപ്നദളങ്ങൾ
കനിവ് വറ്റിയ വറ്റിയ കാപട്യ ലോകമേ
കരയുവാൻ പോലും മറന്നുപോയെൻ ബാല്യം
സഹതാപ വാക്കുകളാൽ അർച്ചനചെയ്യുവാൻ
സ്മാരകശിലപോൽ ഞാനിരിക്കുന്നിതാ ....
സമർപ്പണം - സിറിയയിലെ യുദ്ധക്കെടുതിയുടെ “മുഖചിത്രമായ” പിഞ്ചു ബാലൻ ഒമ്രാൻ ദാഖിനീഷിനും മരണമടഞ്ഞ സഹോദരൻ അലി ദഖ്‌നീഷിനും ഒപ്പം ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുന്ന ഓരോ പിഞ്ചു ബാല്യങ്ങൾക്കും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ