2015, ഫെബ്രുവരി 11, ബുധനാഴ്‌ച

പ്രണയലേഖനം..........

വീണ്ടും മറ്റൊരു പ്രണയദിനം കൂടി.... തനിക്കു ആദ്യമായി കിട്ടിയ പ്രണയ ലേഖനം ഒരു നിധി പോലെ ഇന്നും അയാള് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഭാര്യയും കുട്ടികളുമായി കുടുംബമായി  കഴിയുമ്പോഴും ഇന്നും അയാള് പതിവ് തെറ്റിക്കാറില്ല. ഓരോ പ്രണയദിനത്തിലും താൻ നിധിപോലെ സൂക്ഷിക്കുന്ന ആ പ്രണയലേഖനം അയാൾ പുറത്തെടുക്കും. അത് ആസ്വദിച്ച് വായിക്കും. ആദ്യമൊക്കെ ഭാര്യക്ക്‌ ദേഷ്യം ആയിരുന്നു , പിന്നെ പരിഭവമായി , പിന്നെ പിന്നെ അതൊരു ശീലമായി. എന്നാ പിന്നെ അവളെ കെട്ടി അങ്ങ് സുഖമായി കഴിഞ്ഞാ പോരായിരുന്നോ , പലപ്പോഴും ഭാര്യയുടെ കളി വാക്കുകൾ അങ്ങനെയാണ്.  ഭൂതം നിധി കാക്കും പോലെ സൂക്ഷിക്കാൻ എന്താ അതിൽ എഴുതിയിരുക്കുന്നത് അവൾ ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കുകയാണ് പതിവ്. ഇന്നിതാ മറ്റൊരു പ്രണയദിനം കൂടി..... അയാള് തന്റെ പഴയ ഡയറിയിൽ സൂക്ഷിച്ചിരുന്ന തനിക്കു കിട്ടിയ ആദ്യ പ്രണയ ലേഖനം കൈയ്യിലെടുത്തു. അത് നിവര്ത്തി വായിക്കാൻ ഒരുങ്ങി . അപ്പോഴാണ് അവൾ കയറി വന്നത്. ഓ രാവിലെ തുടങ്ങിയോ . പിള്ളേർ ഇന്നലെ പറയുന്ന കേട്ടു ഇന്ന് പ്രണയ ദിനമാണ് , അവര്ക്ക് എന്തോ ആഘോഷങ്ങൾ ഒക്കെ ഉണ്ടെന്ന്. അവർ ആഘോഷിക്കട്ടെ എന്റെ മക്കളല്ലേ അവർ തെറ്റായ വഴിക്കൊന്നും പോകില്ല അയാൾ പറഞ്ഞു. ഈ അച്ഛന്റെ മക്കളല്ലേ അത് കൊണ്ടാ എനിക്ക് പേടി . പിള്ളേരെ കെട്ടിക്കാരായി എന്നിട്ടും പ്രണയലേഖനം വായിച്ചു രസിക്കുന്നു, അല്ല പിന്നെ ഇന്നിപ്പോ രണ്ടാം ശനിയാഴ്ച കൂടി അല്ലെ ഓഫീസിലും പോകണ്ട സ്വപ്നം കണ്ടു ഇരിക്കാമല്ലോ, ഇവിടെ നൂറു കൂട്ടം കാര്യങ്ങളുണ്ട് അതൊന്നും അറിയണ്ടല്ലോ, അവൾ പരിഭവിച്ചു. എന്റെ പ്രിയതമേ നീ പോയി ഒരു ചായ കൊണ്ട് വാ അപ്പോഴേക്കും ഞാൻ ഇതൊന്നു വായിച്ചു തീര്ക്കട്ടെ . ഓ ശരി ശരി അവൾ അടുക്കളയിലേക്കു നടന്നു. അയാള് പ്രണയ ലേഖനം കൈയിലെടുത്തു അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്, മുറിക്കുള്ളിൽ റേഞ്ച് ഇല്ല , അയാള് പുറത്തേക്കിറങ്ങി. അപ്പോഴാണ് അവൾ ചായയുമായി തിരികെ വന്നത്. പുറത്തു ആരെയോ ഫോണ്‍ ചെയ്യുന്ന ശബ്ദം കേള്ക്കാം, പ്രണയലേഖനം മേശപ്പുറത്തു തന്നെ ഉണ്ട് .അതെടുത്തു നോക്കിയാലോ , പിന്നെ കരുതി പാവം വേണ്ട അത് രഹസ്യമായി തന്നെ ഇരുന്നോട്ടെ .പെട്ടെന്ന് വീശിയ ചെറിയ കാറ്റിൽ പ്രണയലേഖനം പറന്നു അവൾക്കു അരികിലേക്ക് വീണു . അവളുടെ കണ്ണുകൾ അതിലെ വരികളിൽ ഉടക്കി. ഒരു വരി മാത്രമുള്ള പ്രണയലേഖനം . അതിലെ വരികൾ ഇങ്ങനെ ആയിരുന്നു " നിന്നെ പോലെ ഒരു വായ്‌ നോക്കിയെ പ്രേമിക്കാൻ മാത്രം മണ്ടിയല്ല ഞാൻ ". പെട്ടെന്ന് അവൾ ആ പ്രണയലേഖനം എടുത്തു മേശപ്പുറത്തു വച്ചു തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ അയാൾ. പരസ്പരം നോക്കിയപ്പോൾ തങ്ങളുടെ മുഖത്തെ ഭാവം എന്താണെന്നു അവര്ക്ക് പോലും അറിയാൻ സാധിച്ചില്ല. പതിയെ അയാൾ അവളെ  നോക്കി പുഞ്ചിരിച്ചു , അവളുടെ ചുണ്ടിലും പുഞ്ചിരി വിടര്ന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി , പ്രണയത്തിന്റെ പൊട്ടിച്ചിരി........

1 അഭിപ്രായം:

ഡോ.വാസുദേവന്‍ നമ്പൂതിരി പറഞ്ഞു...

ജീവിതാനുഭവങ്ങളുടെ നേര്‍കാഴ്ചകള്‍

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali