2018, ജനുവരി 15, തിങ്കളാഴ്‌ച

ആൾക്കൂട്ടത്തിൽ തനിയെ ........



രണ്ടു വർഷത്തിലധികമായി സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. ഈ രണ്ടു വർഷവും ഏതാണ്ട് എല്ലാ ദിവസങ്ങളിലും ആ ചെറുപ്പക്കാരന്റെ മുന്നിലൂടെ കടന്നു പോയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. ആളും ആരവങ്ങളുമില്ലാതെ തികച്ചും ഏകനായി രണ്ടു വർഷത്തോളം ഒറ്റയാൾ പോരാട്ടം നടത്തിയ ആ ചെറുപ്പക്കാരൻ ശ്രീജിത്ത് ഒരു പ്രതീകമാണ്. ശ്രീജിത്തിന്റെ നിശ്ചയ ദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് ഇത്രയും വൈകി ആണെങ്കിൽ പോലും പൊതു സമൂഹവും അതിലൂടെ മാധ്യമങ്ങളും ഈ വിഷയം ചർച്ച ചെയ്യേണ്ടി വന്നത്. സെക്രെട്ടറിയേറ്റിനു മുൻപിൽ നിത്യേന നിരവധി സമരങ്ങൾ നടക്കാറുണ്ട്. മാധ്യമങ്ങളും ക്യാമെറകളും എല്ലാ ദിവസങ്ങളിലും അവിടെ നിറഞ്ഞു നിൽക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും നിത്യേന സമരങ്ങൾ നടന്നിട്ടുണ്ട്  പല സമരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട് , എന്നാൽ അതിന്റെയൊക്കെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ , പക്ഷം ചേരലുകൾ ഉണ്ടായിരുന്നു എന്ന വസ്തുത യാഥാർഥ്യമാണ്. ഈ രണ്ടു വർഷങ്ങളിൽ മറ്റു സമരങ്ങൾ റിപ്പോർട്ട് ചെയ്യാൻ വന്ന ഏതെങ്കിലും മാധ്യമങ്ങൾ , ഏതെങ്കിലും കാമറ കണ്ണുകൾ ഒരു മാത്ര  തന്റെ നേരെ തിരിഞ്ഞിരുന്നുവെങ്കിൽ എന്ന് ആ ചെറുപ്പക്കാരൻ എത്ര വട്ടം ആഗ്രഹിച്ചിട്ടുണ്ടാകും. തന്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരാളെങ്കിലും തന്നെ വന്നു ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്ന് അയാൾ  വേദനയോടെ പല തവണ ചിന്തിച്ചിരുന്നിരിക്കാം. ചുറ്റുപാടും ആളും ആരവവും ആഘോഷവും നടക്കുമ്പോഴും വലിയൊരു ആൾക്കൂട്ടത്തിനിടയിലും തനിച്ചായി പോയ പാവം ചെറുപ്പക്കാരൻ. ഇന്നിപ്പോൾ അയാൾക്ക്‌ ചുറ്റും ആൾക്കൂട്ടമുണ്ട് , മാധ്യമങ്ങളുണ്ട് , ക്യാമെറക്കണ്ണുകൾ ഇമ ചിമ്മാതെ കൂടെയുണ്ട്.  മറ്റൊന്നും കൊണ്ടല്ല ശ്രീജിത്ത് , നിന്റെ നിശ്ചയ ദാർഢ്യം അതൊന്നു കൊണ്ട് മാത്രമാണ്  അത് സാധിച്ചത്. ഇന്നലെ വരെ നിന്റെ ചുറ്റും കറങ്ങി നടന്നിട്ടും നിന്നെ കാണാതെ പോയ മാധ്യമങ്ങൾക്കു, ഇന്നലെ വരെ നിന്റെ ചിത്രങ്ങൾ പതിയാതിരുന്ന ക്യാമറ കണ്ണുകൾക്ക്, ഇന്നലെ വരെ നിന്നെ പുച്ഛത്തോടെ നോക്കി നടന്നകന്ന ഓരോ മനുഷ്യനും ഇപ്പോൾ കുറ്റ ബോധം കൊണ്ടും ലജ്ജ കൊണ്ടും തല കുനിക്കുന്നുണ്ടാവും , ജാള്യത പെടുന്നുണ്ടാവും . അത് മറയ്ക്കാനായി ഇപ്പോൾ അവർ വല്ലാതെ പാട് പെടുന്നുണ്ട്. അത് നീയും കാണുന്നുണ്ടാവും. അവരെ അത് ചെയ്യിച്ചത് നിന്റെ നിശ്ചയ ദാർഢ്യം ഒന്ന് തന്നെയാണ്. നിനക്ക് നീതി നിഷേധിക്കപ്പെട്ടു എങ്കിൽ അത് ലഭിക്കുക തന്നെ വേണം. വൈകി കിട്ടുന്ന നീതി നീതി നിഷേധത്തിനു തുല്യമാണ്. ഇവിടെ പൊതു സമൂഹത്തിന്റെ വലിയ കൂട്ടായ്മ പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്. കാരണം എപ്പോഴോ കെട്ടു പോയേക്കാമായിരുന്ന നീതിയുടെ ജ്വാല കെടാതെ കാത്തതിന്. താരപ്പകിട്ടിന്റെയും വിവാദങ്ങളുടെയും പിന്നാലെ മാത്രം പോകുന്ന ക്യാമറക്കണ്ണുകളെ ഒരു ചെറുപ്പക്കാരന്റെ നിശ്ചയ ദാർഢ്യ ത്തിലേക്ക് ഫോക്കസ് ചെയ്യിച്ചതിനു. ഇനിയും ഒരു പാട് ശ്രീജിത്തുമാർ , അർഹമായ നീതി നിഷേധിക്കപ്പെട്ടവർ , അസ്തിത്വത്തിനായി പോരാട്ടം നടത്തുന്നവർ നമുക്ക് ചുറ്റിലും ഉണ്ട്. അവരിൽ ചിലർ ഇന്നലെ വന്നവരാകാം, പലരും വർഷങ്ങളായി നീതി നിഷേധത്തിന് ഇരകളായവരായിരിക്കാം . എന്നാൽ അവരുടെ മുന്നിലൂടെ കടന്നു പോകുമ്പോഴും ആ കാഴ്ചകൾ നമ്മൾ അവഗണിക്കുന്നു, അവർക്കു ചുറ്റിലുമുള്ള മായിക കാഴ്ചകളിലേക്ക് ഫോക്കസ് ചെയ്യുമ്പോഴും ക്യാമറ കണ്ണുകൾ അവരിലേക്കെത്തുന്നില്ല . അവിടെയാണ്  ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ പ്രതീകമാകുന്നത്. തളരാത്ത  നിശ്ചയ ദാർഢ്യ ത്തിന്റെ പ്രതീകമാകുമ്പോഴും സമൂഹ മനസാക്ഷിക്ക് ഒരോർമ്മപ്പെടുത്തൽ കൂടിയാണ് ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ, വലിയൊരു ആൾക്കൂട്ടത്തിനും ആരവങ്ങൾക്കും ഇടയിലായിട്ടു പോലും തനിച്ചായി പോകേണ്ടി വരുന്നവരുടെ , ഒരാളുടെയെങ്കിലും നോട്ടം , ഒരു ക്യാമറയെങ്കിലും തങ്ങളിലേക്ക് ഫോക്കസ് ചെയ്യണമെന്നു പ്രാർത്ഥനയോടെ  നീറുന്ന ഹൃദയവുമായിരിക്കുന്ന പാർശ്വ വൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ........


1 അഭിപ്രായം:

Punaluran(പുനലൂരാൻ) പറഞ്ഞു...

വലിയൊരു ആൾക്കൂട്ടത്തിനും ആരവങ്ങൾക്കും ഇടയിലായിട്ടു പോലും തനിച്ചായി പോകേണ്ടി വരുന്നവരുടെ , ഒരാളുടെയെങ്കിലും നോട്ടം , ഒരു ക്യാമറയെങ്കിലും തങ്ങളിലേക്ക് ഫോക്കസ് ചെയ്യണമെന്നു പ്രാർത്ഥനയോടെ നീറുന്ന ഹൃദയവുമായിരിക്കുന്ന പാർശ്വ വൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ..

കാലികപ്രസക്തിയുള്ള നല്ല ഒരു ലേഖനം ....ആശംസകൾ

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️