2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പാട്ടിന്റെ പാലാഴി, നന്മയുടെയും...........

ശ്രീ രാജീവ് അഞ്ചല്‍ അണിയിച്ചൊരുക്കിയ പാട്ടിന്റെ പാലാഴി ഹൃദയ സ്പര്‍ശിയായ മനോഹരമായ ഒരു ചലച്ചിത്ര കാവ്യമാണ്. ലാളിത്യമാര്‍ന്ന അവതരണത്തിലൂടെ , ഹൃദ്യമായ സംഗീതത്തിലൂടെ, അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങളിലൂടെ പാട്ടിന്റെ പാലാഴി പ്രേക്ഷക ഹൃദയങ്ങളില്‍ നിറയുന്നു. ഒരു ചിത്രം മികച്ച ചിത്രമാകുന്നത് ആ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രേക്ഷകന് ഒരു സംശയവും കൂടാതെ മനസ്സിലാക്കാന്‍ സാധിക്കുംപോഴാണ്. ആശയ വിനിമയം സുഗമം ആകുമ്പോഴാണ് സംവേദനം എളുപ്പമാകുന്നത്. പാട്ടിന്റെ പാലാഴിയിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച നന്മയുടെ സന്ദേശം പ്രേക്ഷകര്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് സിനിമ തീര്‍ന്നിട്ടും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മറന്നു പോകുന്ന പ്രേക്ഷകര്‍ . മനസ്സിലേക്ക് പകര്‍ന്നു കിട്ടിയ നന്മ അല്‍പ നേരത്തേക്ക് എങ്കിലും മനസ്സില്‍ നിലനില്‍ക്കാന്‍ ആകണം സിനിമ തീര്‍ന്നിട്ടും പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങാന്‍ മടിക്കുന്നത്. ശ്രീ രാജീവ് അഞ്ചലിന്റെ സംവിധാനവും, അഴകപ്പന്റെ ക്യാമറയും, സുരേഷ് മനിമാലയുടെ സംഗീതവും, ഓ. എന്‍ . കുറുപ്പ് സാറിന്റെ ഗാനങ്ങളും ബാലഭാസ്കരിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ ശരാശരിയിലും മുകളില്‍ എത്തിച്ചിരിക്കുന്നു. മീരാജാസ്മിനെ പോലെ ഉള്ള ഒരു കലാകാരിയുടെ അഭിനയ സിദ്ധിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഒതുതീര്‍പ്പുകള്‍ക്ക് വിധേയരാകേണ്ടി വരുമെങ്കിലും ഒരു കലാകാരനോ ,കലാകാരിക്കോ തന്റെ ആത്മസംത്രിപ്തിക്കി അനുസൃതമായ കഥാപാത്രം ലഭിക്കുന്ന അപൂര്‍വ്വം അവസ്സര്ങ്ങളില്‍ ഒന്നാണ് മീരക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ രേവതിയുടെ കഥാപാത്രം പറയുന്നു, ചില കാലങ്ങളില്‍ ചിലര്‍ക്ക് ചില സിദ്ധികള്‍ അത് നമ്മള്‍ അംഗീകരിച്ചു കൊടുത്താല്‍ അവര്‍ക്ക് നമ്മള്‍ ദൈവങ്ങള്‍ ആയിരിക്കും . ഒരു പക്ഷെ പാട്ടിന്റെ പാലാഴി കണ്ടിറങ്ങിയ പ്രേക്ഷകന്‍ എന്നാ നിലയില്‍ എനിക്ക് പറയാന്‍ ഉള്ളത്, ചില കാലങ്ങളില്‍ ചില നല്ല ചിത്രങ്ങള്‍ അത് നമ്മള്‍ പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്ക് അതൊരു പ്രചോദനമാകും.......

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

മദ്യം ഒഴുകുന്ന തിരുമുറ്റങ്ങള്‍.............

മലയാളികളുടെ ഗതകാല സമൃതികള്‍ ഉണര്‍ത്തി ഒരു തിരുവോണം കൂടി കടന്നു പോയി. ഒത്തു ചേരലിന്റെ ആഹ്ലാദം പങ്കിടുന്ന ഈ വേളയില്‍ ഒട്ടൊരു ആശങ്ക ഉണര്‍ത്തുന്ന വാര്‍ത്തയും നമ്മെ തേടി എത്തിയിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അഭിമാനിക്കാവുന്ന മേഘലകളില്‍ എല്ലാം ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കേരളം മദ്യപാനത്തിന്റെ കാര്യത്തിലും മറ്റാര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തവിധം മുന്നില്‍ എത്തിയിരിക്കുന്നു. ഈ ഓണ ദിവസ്സങ്ങളില്‍ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്കു അമ്പരപ്പിക്കുന്നതാണ്. ആഘോഷ വേളകള്‍ മദ്യത്തിനായി മാറ്റി വയ്ക്കുന്ന ഒരു സമൂഹമായി മലയാളി മാറിക്കഴിഞ്ഞു എന്നതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്. ഓണസദ്യയെക്കാളും പ്രാധാന്യം ഉള്ളതായി മദ്യത്തിന്റെ സാന്നിധ്യം മലയാളി മനസ്സുകളില്‍ കുടിയേറുന്നത് ഒട്ടേറെ കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നു. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താനും, , അപകടങ്ങള്‍ക്ക് കൂടുതല്‍ സഹായം ചെയ്തു കൊടുക്കാനും മാത്രമേ ഈ മദ്യസംസ്കാരം ഉപയോഗപ്പെടുകയുള്ളൂ. കണക്കുകള്‍ അനുസ്സരിച്ച് കഴിഞ്ഞ ഓണത്തിന് ഒഴുകിയ മദ്യത്തിന്റെ ഇരുപതു ശതമാനം കൂടുതലാണ് ഈ ഓണത്തിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത്. ചാലക്കുടി, കരുനാഗപ്പള്ളി , ബാലരാമപുരം, എന്നിങ്ങനെ വാര്‍ത്ത മാധ്യമങ്ങള്‍ മദ്യപാനത്തിന് ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കി , അടുത്ത തവണ മറ്റു പ്രദേശങ്ങളോട് കൂടുതല്‍ വാശിയോടെ മത്സരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ അടുത്ത തവണ മദ്യപാനത്തില്‍ മുന്നില്‍ എത്തുന്നവര്‍ക്കായി ഒരു എവര്‍റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. മദ്യപാനത്തെ മുന്‍നിര്‍ത്തി ഒരു റിയാലിറ്റി ഷോ കൂടി സംഘടിപ്പിച്ചു ഫ്ലാറ്റോ മറ്റോ നല്‍കിയാല്‍ സംഗതി കെങ്കേമം ആകുകയും ചെയ്യും, ആനന്ദ ലബ്ധിക്കു ഇനിയെന്ത് വേണം...............

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ഓര്‍മ്മയില്‍ ഒരു പൊന്നോണം ............

ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍, ചുറ്റു പാട് നിന്നും പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍ , ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുല്‍കൊടി തുമ്പുകളില്‍ നിന്ന് ഇറ്റിറ്റു
വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍, സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ , എന്നിരുന്നാലും വിഭവ സമൃദ്ധമായ സദ്യിക്കും, പുത്തന്‍ കുപ്പായത്തിനും ഓണം എത്തുന്നതും കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന എന്റെ ബാല്യം മറു വശത്ത്. കൈപ്പു ഏറിയ ജീവിത യാത്രയ്ക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി ഒരു കുറവും വരുത്താത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി ഞാന്‍ അമ്മയ്ക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹ വാല്സല്യങ്ങള്‍ക്ക് പകരമാവില്ല. വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പായങ്ങള്‍ക്ക് പകരം നല്‍കാന്‍ എത്ര ജന്മങ്ങള്‍ എടുതാലാണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്‌. ഓര്‍മയുടെ ജാലകങ്ങള്‍ അടയ്ക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല, . കാലത്തിനെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ്വ കാഴ്ചകള്‍ ആകുമ്പോഴും, സ്നേഹത്തിനെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദാരവത്തോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരകകുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പരകകുന്നു, പൂവിളികള്‍ ഉയരുന്നു.......... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ .............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️