2015 നവംബർ 18, ബുധനാഴ്‌ച

സദാചാരത്തിന്റെ കാണാപ്പുറങ്ങൾ ........


 തുടക്കം മുതൽ ചുംബന സമരം പോലുള്ള പ്രതിഷേധ സമരങ്ങളെ ശക്തമായി എതിര്ത്ത ഒരു വ്യക്തിയാണ് ഞാൻ. ഞാൻ അന്ന് പങ്കു വച്ചിരുന്ന  ആശങ്കകൾ ഇന്ന് സത്യമായി ഭവിക്കുകയും ചെയ്തിരിക്കുന്നു.2014 ഒക്ടോബർ 28 നു സ്നേഹഗീതം എന്നാ എന്റെ ബ്ലോഗിൽ ചുംബന സമരത്തിന്‌ എതിരെ ഞാൻ എഴുതിയ സദാചാരത്തിന്റെ കാണാപ്പുറങ്ങൾ എന്നാ പോസ്റ്റ്‌ ഇപ്പോഴത്തെ  പ്രസക്തമായ സാഹചര്യത്തിൽ   ഒരിക്കൽ കൂടി.......

സദാചാര സംരക്ഷണവും , പ്രതിക്ഷേധങ്ങളും ഒക്കെ ചേർന്ന് വളരെ കലുഷിതമായ ഒരു ചുറ്റുപാടിൽ കൂടിയാണ് നാം കടന്നു പോകുന്നത്. സദാചാര സംരക്ഷണത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതിനെക്കാളും അപഹാസ്സ്യമാണ് അതിനെതിരെയുള്ള പ്രേതിക്ഷേധങ്ങളിൽ കാണുന്നത്. പരസ്യമായി ചുംബിച്ചാലോ, കെട്ടിപ്പിടിച്ചാലോ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടും എന്ന് കരുതുന്നത് എത്ര ലജ്ജാകരമാണ്. ദീപാവലിക്ക് ഇറങ്ങിയ കത്തി എന്നാ ചിത്രത്തിൽ വിജയ്‌ ചോദിക്കുന്ന ചോദ്യം ഉണ്ട് " യാതൊരു ഉളുപ്പും ഇല്ലാതെ   സ്ട്രാബെറി കോണ്ടം പരസ്സ്യ്പ്പെടുതുകയും  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമകാലിക ഇന്ത്യൻ കച്ചവട വ്യവസ്ഥ, എന്നാൽ അതെ ഇന്ത്യയിലെ എത്ര കുട്ടികൾ ആ പഴം രുചിച്ചു നോക്കിയിട്ടുണ്ട് " എന്ന് . എത്ര പ്രസക്തമായ ചോദ്യമാണ് അത്. ഇന്ന് സമൂഹം നേരിടുന്ന എത്രയോ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട് . എന്നാൽ അതൊന്നുമല്ല പരസ്യമായി ചുംബിക്കുവാനും, കെട്ടിപിടിക്കുവാനും ഉള്ള അവകാശം സ്ഥാപിചെടുക്കൽ ആണ് എല്ലാത്തിനും ഉപരിയായി ഉള്ള പ്രധാന പ്രശ്നം എന്ന് ഒരു യുവ സമൂഹം ചിന്തിക്കുന്നത് എത്ര പരിഹസ്സ്യ്മാണ്. ഇവിടെ ഓരോ നിമിഷവും എത്ര മാത്രം പീഡനങ്ങൾ നടക്കുന്നു, ഒരു നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനു വേണ്ടി ചെയ്യാവുന്ന എത്രയോ കാര്യങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ അതൊന്നും കാണാതെ ഉപരിപ്ലവമായ ചുംബിക്കലും കെട്ടിപിടുതവുമായി മുന്നോട്ടു പോകുന്നത് ആപത്കരമാണ്. ഇനിയിപ്പോൾ പരസ്യ ചുംബനത്തിനു ആഖ്യാനം ചെയ്യുന്നവർ അതിനായി വീട്ടില് നിന്ന് ഇറങ്ങുമ്പോൾ സ്വന്തം കൂടപിറപ്പിനോടോ, സഹോദരിയോടോ നാളെ നീയും വന്നു പരസ്യമായി പൊതു നിരത്തിൽ ചുംബിക്കണം എന്ന് ഉപദേശിക്കുമോ. സ്വന്തം കൂട പിറപ്പോ, സഹോദരിയോ പൊതു ഇടങ്ങളിൽ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നിര്വ്വികരനായി നില്ക്കാൻ മാത്രം ശീതരക്ത വാഹികളാണോ ഇന്നത്തെ പുത്തൻ തലമുറ. ഇത്തരം പ്രവണതകൾക്ക് എതിരെ ഇനിയും ശബ്ദം ഉയരാത്തത്തിൽ  അത്ഭുതം തോന്നുന്നു. ഇവിടെ ഓരോ വിഷയങ്ങല്ക്കും ശബ്ദം ഉയര്ത്താൻ ഓരോ ബിംബങ്ങളെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്, സ്ത്രീ പീഡനം ആയാൽ ഇന്നയാൾ , പരിശ്ഥിതി ആയാൽ ഇന്നയാൾ , സദാചാരം ആയാൽ മറ്റൊരാൾ , സോഷ്യൽ മീഡിയ ആയാൽ ഇനി വേറെ ഒരാൾ ..... എന്നാൽ ഈ ബിംബങ്ങൾ ഒന്നും ഇതുവരെയും  പ്രതികരിച്ചു കണ്ടില്ല. എന്തും രാഷ്ട്രീയ കണ്ണോടെ കാണുന്ന ഇക്കാലത്ത് അത്തരം പ്രതികരണങ്ങൾക്ക് കാത്തു നിന്നിട്ട് കാര്യമില്ല. ചില കാര്യങ്ങളിൽ നിലവിളിക്കും മറ്റു ചില കാര്യങ്ങളിൽ നിസ്സന്ഗത പാലിക്കും .
അവനവന്റെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യത്തെയും മാനിക്കുകയും വിലമതിക്കുകയും ചെയ്യുക തന്നെ വേണം എന്നാൽ അവ സ്ഥാപിച്ചു കിട്ടുന്നതിനായി അത്തരം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നിടത്താണ് പ്രശനം..........
വാൽകഷ്ണം -  എത്ര ന്യൂ ജെനരേശൻ എന്ന് പറഞ്ഞാലും തന്നെ കെട്ടാൻ വരുന്ന പുരുഷനോട് താൻ പരസ്യമായി ചുംബിക്കാറുണ്ട് എന്നും, മദ്യപിക്കാറുണ്ട് എന്നും വിവാഹ പൂര്വ്വ ബന്ധത്തിൽ എര്പ്പെട്ടിട്ടുണ്ട് എന്നും തുറന്നു പറയാൻ ധൈര്യമുള്ള എത്ര പെണ്‍കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട് , ഒരു പക്ഷെ ഒരു പെണ്‍കുട്ടി അങ്ങനെ തുറന്നു പറഞ്ഞാൽ പൂർണ്ണ മനസ്സോടെ അവളെ സ്വീകരിക്കാൻ തയ്യാറുള്ള എത്ര പുരുഷന്മാർ ഈ ന്യൂ ജെനെരെഷനിൽ ഉണ്ട്......... ഇനി അതുമല്ലെങ്കിൽ സ്വന്തം മകനെയോ മകളെയോ പരസ്യ ചുംബനത്തിനു ആശീർവാദവും കൊടുത്തു വിടാൻ തയ്യാറുള്ള എത്ര മാതാപിതാക്കൾ നമ്മുടെ ഇടയിൽ ഉണ്ട്....... ചിന്തിക്കുക........

2015 നവംബർ 17, ചൊവ്വാഴ്ച

ജയൻ- അന്നും ഇന്നും എന്നും ........

നവംബര്‍ 16 പിന്നിടുന്പോള്‍ മലയാളികളുടെ പ്രിയങ്കരനായ നടൻ ജയന്‍ നമ്മളില്‍ നിന്ന് അകന്നിട്ട് 35വര്‍ഷം പിന്നിടുന്നു.

പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.
ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, രാഘവന്‍, സുകുമാരന്‍, സുധീര്‍, വിന്‍സന്‍റ്, രവികുമാര്‍, മധു, മോഹന്‍, കമലഹാസന്‍ തുടങ്ങി നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയനിലെ വില്ലന്മാര്‍ പലപ്പോഴും പ്രക്ഷേകരുടെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു.
വില്ലനായും ഉപനായകനായും നായകനായും തിളങ്ങിയ ജയന്‍ വേഷം എത്ര ചെറുതായാല്‍ പോലും അതിന് തന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്ന് പറഞ്ഞുകൊണ്ട് നിര്‍ത്താവുന്ന നടനായിരുന്നു ജയന്‍.
പോസ്റ്റുമാനെ കാണ്‍മാനില്ല എന്ന ചിത്രമാണ് ജയന്‍റെ ആദ്യ ചിത്രം. എന്നാല്‍ ജയന്‍ എന്ന പേര് സ്വീകരിച്ച് അഭിനയിച്ചത് 1974ല്‍ പുറത്തിറങ്ങിയ ജേസിയുടെ ശാപമോക്ഷമാണ്. 70കളുടെ മധ്യത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി ആദ്യമായി നായകവേഷമിട്ടത് പുതിയ വെളിച്ചത്തിലായിരുന്നു. ആദ്യ വടക്കന്‍പാട്ട് സിനിമ കണ്ണപ്പനുണ്ണിയായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ തച്ചോളി അന്പുവാണ് ആദ്യ ഡബിള്‍ റോള്‍ ചിത്രം. മൊത്തം നാല് ഡബിള്‍ റോള്‍ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പ്രശസ്ത നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങളിലും അഭിനയിച്ചു. പ്രേംനസീറിനൊപ്പമായിരുന്നു ജയന്‍ കൂടുതലും അഭിനയിച്ചത്. സീമയ്ക്കൊപ്പം പത്ത് ചിത്രങ്ങളില്‍ നായകനായി.
ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, വിധുബാല, ഭവാനി, സറീന വഹാബ്, നന്ദിതാ ബോസ്, വടിവുകരശി (തമിഴ്നടി), ശോഭന, ജയമാലിനി, ശുഭ തുടങ്ങിയ പ്രമുഖ നടിമാര്‍ക്കൊപ്പം അഭിനയിച്ചു.
1978ല്‍ ജയന്‍റെ 30 ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. 1980ല്‍ ഇറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി പണം തൂത്തുവാരിയ ചിത്രമായിരുന്നു. 125 ദിവസമാണ് ഈ ചിത്രം തിയേറ്ററുകളില്‍ ഓടിയത്. പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഞ്ചാരി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ആറ് വര്‍ഷം കൊണ്ട് 116 സിനിമകളിലാണ് അഭിനയിച്ചത്. 
ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്‍റെ കടന്നുവരവോടുകൂടിയായിരുന്നു. ജയന്‍റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെ പോലും തിരുത്തിയെഴുതുകയായിരുന്നു. അഭിനയത്തോടൊപ്പം ശരീരത്തിന്‍റെ കരുത്തും വഴക്കവും കൂടിച്ചേര്‍ന്ന് ജയന്‍ അവതരിപ്പിച്ച പുതിയ സന്പ്രദായം ആവേശപൂര്‍വ്വം കാണികള്‍ നെഞ്ചിലേറ്റി. ജയന്‍റെ ശബ്ദവും ഗാംഭീര്യമുള്ളതായിരുന്നു. ജയന്‍റെ അഭിനയത്തിന് ആ ശബ്ദം തീക്ഷ്ണത നല്‍കി. 
കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ട് തന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ ആരാധകര്‍ ശബ്ദവും വേഷവും അനുകരിക്കുന്നത് പതിവായിരുന്നു. 
കാസര്‍കോട്ടെ മിലന്‍ തിയേറ്ററിലാണ് ജയന്‍റെ കൂടുതല്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നത്. അക്കാലത്ത് ജയന്‍റെ ചിത്രങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പ് തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. സ്ത്രീകളും വൃദ്ധരും കുട്ടികളും ഒരുപോലെ സ്നേഹിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണ് ജയന്‍.
34വര്‍ഷങ്ങള്‍ക്ക് മുന്പ് മലയാള സിനിമക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ഈ നടന്‍. 
സിനിമക്കുവേണ്ടി ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചുവെന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്‍റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. മലയാളം കണ്ട ഏറ്റവും കരുത്തനായ നടന്‍ തന്നെയായിരുന്നു. 
അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.
1980 നവംബര്‍ 16ന് 42-ാം വയസ്സില്‍ മദ്രാസ് ഷോളവാരത്തുവെച്ച് പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തില്‍ അതിസാഹസിക രംഗമായ ഹെലികോപ്റ്ററില്‍ തൂങ്ങി ബാലന്‍ കെ. നായരെ വലിച്ച് താഴെയിടുന്ന രംഗത്തില്‍ അഭിനയിക്കുന്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് തീപിടിച്ചായിരുന്നു ജയന്‍റെ മരണം. 
സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ നടന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് സാഹിസിക രംഗങ്ങളോടുള്ള അടങ്ങാത്ത ആവേശം മൂലമായിരുന്നു.
ചിത്രത്തിന്‍റെ പേരുപോലെ തന്നെ മലയാള സിനിമയില്‍ ജയന്‍റെ മരണം കോളിളക്കമുണ്ടാക്കി.
അതിസാഹസികനായ നടന്‍ നമ്മെ വിട്ട് കടന്നുപോയിട്ടും ഇന്നും പകരംവെക്കാനില്ലാത്ത നടനാണ് ജയന്‍.

2015 നവംബർ 16, തിങ്കളാഴ്‌ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2015 നവംബർ 10, ചൊവ്വാഴ്ച

അനാര്‍ക്കലി....


ശന്തനു. ലക്ഷദ്വീപിലെ കവരത്തിയില്‍ സ്‌പോര്‍ട്‌സ് ഡൈവിംഗ്‌ രംഗത്ത്‌ ആഴക്കടലല്‍ മുങ്ങല്‍ വിദഗ്‌ദ്ധനാണ്‌. സക്കറിയ.കവരത്തിയില്‍ തന്നെ ലൈറ്റ്‌ഹൗസിലെ സിസ്‌റ്റം എഞ്ചിനീയറാണ്‌. ഇവര്‍ രണ്ടുപേരും ഇവിടെ എത്തുന്നതിനു മുമ്പ്‌ നേവിയിലെ ഉദ്യോഗസ്‌ഥരായിരുന്നു.
അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു. എങ്കിലും അതിസാഹസികമായ അവരുടെ ജീവിതത്തില്‍ വളരെ യാദൃച്‌ഛികമായി കടന്നുവന്ന സംഭവവികാസങ്ങള്‍ ലക്ഷദ്വീപിന്റെ പശ്‌ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ്‌ അനാര്‍ക്കലി.
പ്രശസ്‌ത തിരക്കഥാകൃത്ത്‌ സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന 'അനാര്‍ക്കലി'യില്‍ ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദിതാരം പ്രിയാല്‍ ഗോര്‍ നായികയാവുന്നു.
ഹിന്ദി നടന്‍ കബീര്‍ ബേദി, സുരേഷ്‌ കൃഷ്‌ണ, മേജര്‍ രവി, രഞ്‌ജി പണിക്കര്‍, മധുപാല്‍, ജയരാജ്‌ വാര്യര്‍, അരുണ്‍ ചെമ്പില്‍ അശോകന്‍, മിയ, സംസ്‌കൃതി ഷേണായി തുടങ്ങിയവരാണ്‌ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
മാജിക്‌ മൂണിന്റെ ബാനറില്‍ ഓര്‍ഡിനറിക്കു ശേഷം രാജീവ്‌നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത്‌ വാസുദേവ്‌ നിര്‍മ്മിക്കുന്നു.
സംവിധായകന്‍ സച്ചിതന്നെയാണ്‌ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്‌. റഫീഖ്‌ അഹമ്മദ്‌, രാജീവ്‌ നായര്‍ എന്നിവരുടെ വരികള്‍ക്ക്‌ വിദ്യാസാഗര്‍ സംഗീതം പകരുന്നു. അമീര്‍ ഖാന്റെ 'പി.കെ.' ചിത്രത്തിലൂടെ ശ്രദ്ധേയനായ മനോജ്‌ മുണ്ടാഷര്‍ 'അനാര്‍ക്കലി'യില്‍ ഒരു ഹിന്ദി ഗാനം ആലപിച്ചിട്ടുണ്ട്‌.
ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും വേഷമിടുന്ന ഈ ചിത്രത്തില്‍ നാദിറാ ഇമാമായി പ്രിയാല്‍ ഗോര്‍ പ്രത്യക്ഷപ്പെടുന്നു.
72-ലെ ദ്വീപ്‌ എന്ന ചിത്രത്തിനു ശേഷം ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന സിനിമയാണ്‌ 'അനാര്‍ക്കലി.' ലക്ഷദ്വീപിന്റെ ജീവിത-സംസ്‌കാരം ഭാഷാ പശ്‌ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രണയം, ഹ്യൂമര്‍, സാഹസികത എന്നിവയ്‌ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നു. അനാര്‍ക്കലിയില്‍ വെള്ളത്തിന്റെ അടിയിലും ഒരുക്കുന്ന രംഗങ്ങളുണ്ട്‌. ബോളിവുഡിലെ ഗണേഷ്‌ മാരാരിന്റെ നേതൃത്വത്തിലൂടെ പ്രതിഭാശാലികളാണ്‌ ലോക്കല്‍ സൗണ്ട്‌ കണ്‍ട്രോള്‍ കൈകാര്യം ചെയ്യുന്നത്‌. ആഴക്കടല്‍ നീന്തല്‍ പരിശീലനത്തിനായി ഗുജറാത്തില്‍നിന്നും മികച്ച മാസ്‌റ്ററിന്റെ സഹായവും ഡ്യൂപ്പില്ലാതെ പൃഥ്വിരാജ്‌ അഭിനയിക്കുകയും ചെയ്തിരിക്കുന്നു.
പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്‌, എക്‌സിക്യുട്ടീവ്‌ പ്ര?ഡ്യൂസര്‍, റോഷന്‍ ചിറ്റൂര്‍, കല- അജയന്‍ മങ്ങാട്‌, മേക്കപ്പ്‌- റോഷന്‍, വസ്‌ത്രാലങ്കാരം- സുനില്‍ ജോര്‍ജ്‌, സ്‌റ്റില്‍സ്‌- ഹാസിഫ്‌ ഹക്കിം, എഡിറ്റര്‍- രഞ്‌ജന്‍ എബ്രാഹം, അസോസിയേറ്റ്‌ ഡയറക്‌ടര്‍- വാവ.

2015 നവംബർ 2, തിങ്കളാഴ്‌ച

തുലാമഴ..................

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

2015 ഒക്‌ടോബർ 18, ഞായറാഴ്‌ച

നമ്മുടെ സ്വന്തം മൊയ്തീൻ ....

മൊയ്തീനില്ലാത്ത ലോകത്ത് ജീവിക്കാനില്ലെന്നു തീര്പ്പാക്കി കാഞ്ചന മാല ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടത് കേട്ട് ഞങ്ങൾ അമ്പരന്നു. അവസാനമായി അവൻ കുടിച്ച ഇരുവഞ്ഞിപുഴയിലെ വെള്ളം കുടിക്കണമെന്നു പറഞ്ഞു അലമുറയിട്ട അവർ ആ വെള്ളം കുടിച്ചു ആശ്വസ്സിച്ചത് കേട്ട് ഞങ്ങൾ അതിശയിച്ചു. മൂന്നാം ദിവസ്സം പൊന്തിയിട്ടും താൻ നേരിൽ കണ്ടിട്ടില്ലാത്ത മയ്യത്തിന്റെ ഒരു കണ്ണ് മീൻ തിന്നു പോയിരുന്നു എന്ന് അറിഞ്ഞ അവർ  മീൻ കൂട്ടാതായി എന്ന് കേട്ട് ഞങ്ങൾ വ്യസ്സനിച്ചു.
ധീരന്മാര്ക്ക് മാത്രം സാധ്യമായ കർമ്മങ്ങളിലൂടെ സമൂഹത്തിനു മാതൃകയകുന്നവർക്കുള്ള പരമവീരചക്രം അർപ്പിച്ചു രാഷ്ട്രം ആ വീര സ്മരണയെ ആദരിച്ചു.....
എം എൻ കാരശ്ശേരി- മാതൃഭൂമി വാരന്ത്യപതിപ്പ് 

തെറ്റും ശരിയും ......

സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരില് നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ എല്ലാം ചര്ച്ച ചെയ്യുന്നത് കണ്ടു. തീര്ച്ചയായും ഇത്തരം പരാമർശങ്ങൾ വളരെ ദൌർഭാഗ്യകരമാണ്. വ്യക്തിപരമായി എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നിരിക്കിലും അത് ഒരു വലിയ വിഭാഗത്തെ  വേദനിപ്പിക്കുന്ന  വിധത്തിൽ ആകാൻ പാടില്ല. വാക്കും പ്രവർത്തിയും  പലപ്പോഴും പിശക് പറ്റുന്നതകാറുണ്ട്. പക്ഷെ അത്തരം വീഴ്ചകൾ വന്നാൽ അത് തിരുത്തുക തന്നെയാണ് അഭികാമ്യം, നേതൃത്വം തെറ്റിനെ തെറ്റ്അല്ലെങ്കിൽ ശരിയെ ശരി  എന്ന് പറയുന്നത് വരെ അഭിപ്രയം പറയാൻ കാത്തിരിക്കുന്ന ഇന്നത്തെ യുവത്വത്തെ സഹതാപത്തോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. തെറ്റാണെങ്കിൽ അതിനു മറ്റാരുടെയും അഭിപ്രായം കാത്തു നില്ക്കാതെ തെറ്റ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ യുവതയ്ക്ക് ഉണ്ടാകുന്ന കാലത്ത് മാത്രമേ പ്രതീക്ഷക്കു വകയുള്ളൂ. രാഷ്ട്രീയവും വ്യക്തിതാല്പര്യ്ങ്ങളും മാത്രം നോക്കി പൊതു അഭിപ്രായം പറയുന്ന സാമൂഹിക പശ്ചാത്തലം ജീർണ്ണതയുടെ മുഖം തന്നെയാണ് വെളിവാക്കുന്നത്.......

2015 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

മൊയ്തീൻ ഇല്ലാതെ നമുക്കെന്തു ആഘോഷം .......

ജാതിയുടെയും മതത്തിന്റെയും പേരിൽ അസഹിഷ്ണുത പടരുന്ന വർത്തമാന കാലഘട്ടത്തിൽ പ്രണയം എന്നതിന് അപ്പുറം സാമൂഹിക പ്രതിബദ്ധതയോടെ തിരിച്ചറിയപ്പെടെണ്ടുന്ന നന്മ നിറഞ്ഞ ഒട്ടേറെ ഘടകങ്ങൾ എന്ന് നിന്റെ  മൊയ്തീനിൽ ഉണ്ട്. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിനു മാതൃക ആക്കാൻ കഴിയുന്ന നന്മയുടെ കാഴ്ച്ചയിൽ നിന്ന് അകന്നു പോയ ഐ എഫ് എഫ് കെ ജൂറിയുടെ നടപടി ദൌർഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐ എഫ് എഫ് കെ യ്ക്ക് എന്റെ പിന്തുണയോ സാന്നിധ്യമോ ഉണ്ടാകില്ല.......

2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

വിശപ്പ്‌.....

നീ എന്തെങ്കിലും കഴിച്ചോ? എന്ന അവന്റെ സ്നേഹാർദ്രമായ ചോദ്യം കേൾക്കുമ്പോൾ തന്നെ വിശപ്പിന്റെ ആധിക്യം കെട്ടടങ്ങുമായിരുന്നു. എന്നാലിപ്പോൾ നീ എന്തെങ്കിലും കഴിച്ചോ? എന്നതിന് പകരം നീ എന്ത് കഴിച്ചു? എന്ന്  സംശയ ദൃഷ്ട്ടിയോടെ  അവൻ ചോദിക്കുമ്പോൾ വിശപ്പിനൊപ്പം ഭയവും കൂട്ട് ചേരുന്നു........

മഴനീർ ......

മഴനീർത്തുള്ളി കായലിൽ വീണാൽ അതിനു വ്യക്തിത്വം നഷ്ട്ടമാവും, മറിച്ചു താമരയിതളിൽ വീണാൽ മുത്ത്‌ പോലെ തിളങ്ങും. രണ്ടും നീർത്തുള്ളി തന്നെ പക്ഷെ അത് എവിടെ, ആരോടൊപ്പം എന്നതാണ് അതിന്റെ അഴകും വ്യക്തിത്വവും നിശ്ചയിക്കുന്നത്..........

2015 ഒക്‌ടോബർ 4, ഞായറാഴ്‌ച

മൊയ്തീൻ നൽകുന്ന തിരിച്ചറിവ് !!!!!

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ അഭൂതപൂർവ്വമായ വിജയം മലയാള സിനിമ ലോകത്തിനു ഒന്നടങ്കം നൽകുന്ന ആഹ്ലാദവും പ്രതീക്ഷയും വളരെ വലുതാണ്‌. അതിനു കാരണം ഉണ്ട്. പഴയ തലമുറ, പുതിയ തലമുറ  അതിനു രണ്ടിനും ഇടക്കുള്ള മറ്റൊരു തലമുറ എന്നിങ്ങനെ ആസ്വാദനത്തിന്റെ പരിധി തന്നെ വേർതിരിക്കുന്ന വർത്തമാനകാല മലയാള സിനിമയിൽ ഇപ്പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ട പ്രേക്ഷകർ ഒരേ മനസ്സോടെ മൊയ്തീൻ എന്ന ചിത്രത്തെ സ്വീകരിച്ചു എന്നത് തന്നെയാണ് ഏറ്റവും പ്രസക്തമായ വസ്തുത. അതിൽ തന്നെ പുത്തൻ തലമുറ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.  മദ്യപാനം , തെറി പറയൽ, വിവാഹ പൂര്വ്വ ബന്ധങ്ങൾ എന്നിങ്ങനെയുള്ള ക്ലീഷേകളിൽ പുത്തൻ തലമുറയുടെ ആസ്വാദന നിലവാരത്തെ തളചിട്ടിരുന്നവര്ക്കുള്ള ഈ തലമുറയുടെ വ്യക്തവും ശക്തവുമായ മറുപടി കൂടിയാണ് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ വിജയം. ഏതു തലമുറകളിൽ പെട്ടവർ ആയിരുന്നാലും ആത്യന്തികമായി നന്മയിലും സ്നേഹത്തിലും തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. നന്മയിലും സ്നേഹത്തിലും അലിഞ്ഞു ചേരാൻ കൊതിക്കാത്ത ഒരു തലമുറയും ഇന്നുവരെ ഉണ്ടായിട്ടുമില്ല , ഇനിയൊട്ടു ഉണ്ടാവുകയുമില്ല. അതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട സിനിമ പ്രവർത്തകർ ആസ്വാദനത്തിന്റെ പ്രതേക ചട്ടക്കൂടുകൾ തീർക്കുന്നതിനു പകരം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന കഥയും പശ്ചാത്തലവും നൽകിയാൽ മലയാള സിനിമ കൂടുതൽ ഉയരങ്ങളിലേക്ക് എന്ന കാര്യത്തിൽ സംശയം വേണ്ട......  ഇത്തരത്തിൽ ആസ്വാദനത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് കൊണ്ട് എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തിയ  എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ മുഴുവൻ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.......

നമ്മുടെ സ്വന്തം മൊയ്തീൻ.......


എന്ന് നിന്റെ മൊയ്തീൻ കണ്ടിട്ട് ദിവസ്സങ്ങൾ കഴിഞ്ഞിട്ടും ഒരു റിവ്യൂ എഴുതാൻ കഴിയുന്നില്ല. ഒട്ടേറെ തവണ ശ്രമിച്ചു. പക്ഷെ എന്ത് പറഞ്ഞാണ് , എങ്ങിനെ പറഞ്ഞാണ് വിശേഷിപ്പിക്കുക ! അറിയില്ല, വാക്കുകൾക്കും വരികൾക്കും അപ്പുറം അനുഭവം തന്നെയാണ് എന്ന് നിന്റെ മൊയ്തീൻ. കാലമേറെ കഴിഞ്ഞാലും ഉറഞ്ഞു പോയ ഒരു മഞ്ഞുതുള്ളി പോലെ എന്ന് നിന്റെ മൊയ്തീൻ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ്‌ പാട്ടായി എന്നും ഉണ്ടാകും. നന്ദി ഒരുപാട് നന്ദി, ഇത്തരം ഒരു അനുഭവം പകര്ന്നു നല്കിയതിനു , ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........

2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

സ്നേഹഗീതം@8....


സ്നേഹഗീതം എന്ന എന്റെ ബ്ലോഗ്‌ 8 വര്ഷത്തിലേക്ക്... എഴുത്തിന്റെ വഴികളിൽ എന്നും സ്നേഹമായ് , വാത്സല്യമായ്, പ്രോത്സാഹനമായ്‌ ഒപ്പമുള്ള  പ്രിയപ്പെട്ടവര്ക്ക് ഒരായിരം നന്ദി......

2015 സെപ്റ്റംബർ 30, ബുധനാഴ്‌ച

കണ്ണന്റെ അമ്മ .........

ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട്‌ ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......

അമ്മ......

അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ

അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ  മറക്കല്ലേ....... പ്രാർത്ഥനയോടെ..........

2015 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

മാ നിഷാദ ............

തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്

സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക്‌ തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി  കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....

2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

നമുക്ക് ഇതെന്തു പറ്റി....... ?

ഏറെ വിഷമത്തോടെ എങ്കിലും നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങൾ കണ്ണ് തുറന്നു കാണുക തന്നെ വേണം. എന്ത് കൊണ്ടാണ് നാമെല്ലാം ഇത്രമേൽ സ്വാർത്ഥരായി മാറുന്നത്. സഹജീവികൾ എന്ന നിലയിൽ പോലും മറ്റുള്ളവര്ക്ക് പരിഗണനയോ ഒരിറ്റു സ്നേഹമോ നല്കാൻ പോലും കഴിയാത്ത വിധം നമ്മുടെ മനസ്സുകൾ ഇടുങ്ങിയതും മരവിച്ചതും ആയി മാറിയിരിക്കുന്നു. ഏറെ ഭയത്തോടെ മാത്രം ഭാവിയിലേക്ക് നോക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. സാംസ്കാരികമായി മുന്നേറ്റം ഉണ്ടാകുന്നതിനു മുൻപ് നമ്മുടെ സമൂഹത്തിൽ നില നിന്നിരുന്ന ദുഷ് പ്രവണതകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ഇന്ന് നമ്മുടെ സാമൂഹിക അവസ്ഥകൾ പരിണമിച്ചിരിക്കുന്നു. മതത്തിന്റെയും , ജാതിയുടെയും എന്തിനേറെ ഉപജാതികളെ ചൊല്ലി പോലും മുന്പെങ്ങും ഇല്ലാത്ത വിധത്തില സംഘർഷങ്ങൾ രൂപപ്പെടുന്നു. സ്നേഹത്തിനു , സഹിഷ്ണുതക്ക് , സഹവർത്തിത്തനത്തിന്, നന്മക്കു  എന്ത് ജാതി പേരിട്ടാണ് നമുക്ക് വിളിക്കാൻ കഴിയുക.  നിസ്സാര കാര്യങ്ങൾ പോലും മറ്റു അർത്ഥതലങ്ങൾ നല്കി അസഹിഷ്ണുത മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഒഴുക്കി വിടുന്നു. ഇനി മറ്റൊരു വിവേകാനന്ദന് ,യേശു ക്രിസ്തുവിനു,, ശ്രീ ബുദ്ധനു, നബിക്ക്,  ചട്ടമ്പി സ്വാമികൾക്ക് , ശ്രീനാരായണ ഗുരുവിനു നമ്മുടെ മണ്ണിൽ പിറവി എടുക്കുവാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. നമ്മുടെ സാംസ്കാരിക ജീർണ്ണത കളുടെ സമയത്തെല്ലാം ഏറെ പ്രതീക്ഷകൾ നല്കി ഇത്തരം വഴി കാട്ടലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ അത്തരം ഒരു പ്രതീക്ഷക്കു മങ്ങലേൽക്കുന്നു. സ്വതന്ത്രമായ ചിന്തകൾക്കും സ്നേഹത്തിലേക്കും സഹ വര്ത്തിതത്തിലേക്കും    നന്മയിലേക്കുള്ള വഴികാട്ടലുകൾക്കും അപ്പുറത്ത് പിറവി കൊള്ളുമ്പോൾ തന്നെ അസഹിഷ്ണുതയുടെയും വേറിട്ട അർഥം കൽപ്പിക്കലിന്റെയും ചുമരുകൾക്കുള്ളിൽ ഓരോ ജന്മവും തളക്കപ്പെടുകയാണ്. ഇത്തരം ഒരു സാഹചര്യത്തിന് ഞാനുൾപ്പെടെയുള്ള ഓരോരുത്തരും ഉത്തരവാദികളാണ്. മാറേണ്ടത് നമ്മൾ ഓരോരുത്തരുമാണ് , നമ്മുടെ മനസ്സുകളാണ് , നമ്മുടെ ചിന്തകളാണ്. നമ്മൾ ഓരോരുത്തരും നന്മയിലേക്കുള്ള, സ്നേഹത്തിലേക്കുള്ള , സഹിഷ്ണുതയിലേക്കുള്ള , സഹവര്തിതതിലെക്കുള്ള പാത പുതിയ തല മുറക്കായി തെളിച്ചു കൊടുക്കേണ്ടതുണ്ട്. ഇനി പിറവി കൊള്ളുന്ന തലമുറ എങ്കിലും തെളിഞ്ഞ ബുദ്ധിയോടെ നിർമ്മലമായ ചിന്തകളോടെ  അത്തരം പ്രകാശമാനമായ വഴികളിലൂടെ കാലിടറാതെ കൈകോർത്തു നടക്കട്ടെ . നമ്മുടെ സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ ചിന്താ ധാരകൾ   അവിടെ സൌരഭ്യം പടർത്തി പൂത്തുലയട്ടെ...  നമയുടെ,  സ്നേഹത്തിന്റെ , സഹവർതിതതിന്റെ, സഹിഷ്ണുതയുടെ  ശലഭങ്ങൾ , പൂത്തുംബികൾ അവിടമാകെ പറന്നുല്ലസ്സിക്കട്ടെ.......
പ്രാർത്ഥനയോടെ........

2015 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കഥയല്ലിത് അനുഭവം .........

എന്തെല്ലാം വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച്‌ കൊണ്ടാണ് ഓരോ ദിവസ്സവും കടന്നു പോകുന്നത്. പതിവ് പോലെ ഓഫീസിൽ പോകുവാനായി ആണ് ഇന്ന് 04/09/2015 വെള്ളി  രാവിലെ  നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ എത്തിയത് . സാധാരണ ഇരിക്കാറുള്ള സ്റോണ്‍ ബഞ്ചിനു അരികിൽ എത്തി. ട്രെയിൻ വരുന്നത് വരെ ഒന്നുകിൽ മൊബൈലിൽ പാട്ട് കേൾക്കും അല്ലെങ്കിൽ സഹയാത്രികരുമായി വിശേഷങ്ങൾ പങ്കിടും. ഇരിക്കാനായി തുടങ്ങുമ്പോഴാണ് ബഞ്ചിനു കീഴിലായി ഒരു മൊബൈൽ ഫോണ്‍ കിടക്കുന്നത് കണ്ടത്. പെട്ടെന്ന് മൊബൈൽ ഫോണ്‍ കൈയിൽ എടുത്തു. ആയിരമോ , പതിനായിരമോ രൂപ വില വരും. പക്ഷെ വിപണി വിലയേക്കാൾ എത്രയോ മടങ്ങ്‌ മൂല്യം ആണ് നമ്മൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ ഓരോ ഫോണിനും ഉണ്ടാകുന്നതു. എത്രയോ സൌഹൃദങ്ങൾ, ബന്ധങ്ങൾ , രഹസ്യങ്ങൾ ....... ഫോണ്‍ ന്ഷ്ട്ടമായ ആൾ വളരെ വിഷമിക്കുക ആകും. ഇനിയിപ്പോ എന്താ ചെയ്യുക ഞാൻ ആലോചിച്ചു. മൊബൈലിൽ ഓരോ കൊണ്ടക്ടുകൾ ആയി പരിശോധിച്ചു. ഒട്ടേറെ നമ്പരുകൾ സേവ് ചെയ്തിരിക്കുന്നു. പെട്ടെന്നാണ് അമ്മ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ശ്രദ്ധയിൽ പെട്ടത് . പിന്നെ ഒന്നും ആലോചിച്ചില്ല ആ നമ്പരിലേക്ക് ഒരു കാൾ ചെയ്തു. പെട്ടെന്ന് അങ്ങേ തലക്കൽ നിന്ന് എന്ത് പറ്റി മോനെ എന്ന് ചോദിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി. ഇത് ഫോണ്‍ ന്ഷ്ട്ടമായ ആളിന്റെ അമ്മ തന്നെ ആണ്. അമ്മെ ഞാൻ നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ നിന്നാണ് സംസാരിക്കുന്നതു, ഈ ഫോണ്‍ ഇപ്പോൾ എന്റെ കൈവശം ആണ് ഞാൻ പറഞ്ഞു. അത് കേട്ട് അമ്മ വിഷമത്തോടെ പറഞ്ഞു അവൻ രാവിലെ ജോലിക്ക് പോയതാണ് , ഇനി എന്ത് ചെയ്യും മോനെ. അപ്പോൾ ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യ് അമ്മെ മകന്റെ പേരും നമ്പരും പറയു. വിവരം സ്റേഷൻ മാസ്റ്ററെ ധരിപ്പിക്കാം, ഫോണും എല്പ്പിചെക്കാം, മകൻ വരുമ്പോൾ വന്നു വാങ്ങാൻ പറഞ്ഞാൽ മതി. വളരെ ഉപകാരം മോനെ അവന്റെ പേര് സ്റ്റുവർട്ട് എന്നാണ്, നമ്പർ 8592989282. പെട്ടെന്ന് തന്നെ ആളിന്റെ പേരും നമ്പരും എഴുതി ഫോണുമായി സ്റേഷൻ മാസ്റെരുടെ അടുക്കലേക്കു നടന്നു . അപ്പോഴാണ് വളരെ അകലെ നിന്നും ഒരാള് വെപ്രാളത്തോടെ എന്തോ തിരഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടത് . ആളെ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. അയാളെ അരികിൽ വിളിച്ചു കാര്യം അന്വോഷിച്ചു. മൊബൈൽ കൈമോശം വന്ന കാര്യം അയാൾ പറഞ്ഞു.ഏതാണ്ട് ജോലി സ്ഥലത്ത് എത്തിയതാണ് മൊബൈൽ നഷ്ട്ടമായി എന്നറിഞ്ഞപ്പോൾ തിരഞ്ഞു വന്നതാണ്‌ .  അപ്പോൾ തന്നെ അയാളെ വിവരങ്ങൾ ധരിപ്പിച്ചു. മൊബൈൽ കിട്ടിയ കാര്യവും , അമ്മയെ വിളിച്ച കാര്യവും ഒക്കെ പറഞ്ഞു. അയാൾക്ക്‌ വലിയ സന്തോഷമായി. വലിയ ഉപകാരവും നന്ദിയും ഒക്കെ പറഞ്ഞു അയാൾ നടന്നകന്നു.......  നന്ദി വാക്കുകൾക്കു അപ്പുറത്ത് ഒട്ടേറെ സൌഹൃദങ്ങൾക്കും ബന്ദങ്ങൾക്കും ഇടയിലേക്ക് വീണ്ടും അയാൾ നടന്നു കയറുന്നത് നല്കിയ സംതൃപ്തി തന്നെയാണ് ഏറ്റവും വലുതായി അനുഭവപ്പെട്ടത്........

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

ഡബിള്‍ ബാരല്‍ - നിറയൊഴിക്കല്‍ ആഘോഷം, അസാധാരണ സിനിമ!


ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ മലയാള സിനിമ കാലങ്ങളായി തുടര്‍ന്നുവരുന്ന ശീലങ്ങളെ ഉടച്ചുകളയുന്നവയാണ്. നായകനായാലും സിറ്റി ഓഫ് ഗോഡായാലും ആമേനായാലും. ഇപ്പോഴിതാ ഡബിള്‍ ബാരല്‍ വന്നിരിക്കുന്നു. അമരവും ചിന്താവിഷ്ടയായ ശ്യാമളയും അച്ചുവിന്‍റെ അമ്മയും നരസിംഹവുമൊക്കെ കണ്ടുശീലിച്ച മലയാളി അതേ കാഴ്ചപ്പാടോടെ ചെന്നിരുന്ന് കാണേണ്ട പടമല്ല ഇരട്ടക്കുഴല്‍.

പരിഹാസമാണ് ഈ സിനിമയുടെ മുഖമുദ്ര. മലയാളത്തിലെ ആദ്യത്തെ ഗ്യാംഗ്സ്റ്റര്‍ കോമഡി. ആമിര്‍ഖാന്‍ നിര്‍മ്മിച്ച ഡെല്‍‌ഹി ബെല്ലി കണ്ടപ്പോള്‍ തോന്നിയ രസത്തിന്‍റെ പത്തിരട്ടി ഡോസ് കൂട്ടിയ ഒരു സിനിമയാണ് ഡബിള്‍ ബാരല്‍. അപ്പോള്‍ ആ ഒരു തയ്യാറെടുപ്പോടെ ചിത്രം കാണാന്‍ പോയാല്‍ ആസ്വദിക്കാം. അല്ലെങ്കില്‍ ‘ഇതെന്ത് നടക്കുന്നു?’ എന്ന് ആശ്ചര്യപ്പെടാം.

സ്ക്രീനില്‍ ഇത്രയും നല്ല കോമിക് ആട്ടം മലയാള സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സിനിമയായാലൊരു കഥവേണമെന്ന നമ്മുടെ ചലച്ചിത്രകാരന്‍‌മാരുടെ വാശിയെ ചെവിക്കുപിടിച്ച് പുറത്തേക്കെറിഞ്ഞിട്ടാണ് ലിജോ ഇരട്ടക്കുഴലുമായി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുന്നത്. കാതടച്ചും കണ്ണുപൊത്തിയും വേണമെങ്കില്‍ ഈ സിനിമയെ നിഷേധിക്കാം. എന്നാല്‍ ഓര്‍ക്കുക, പത്ത് വര്‍ഷത്തിന് ശേഷവും ഡബിള്‍ ബാരല്‍ ഇതേ പുതുമയോടെ നിലനില്‍ക്കും. ഭാവിയിലെ കഥപറച്ചില്‍, അല്ലെങ്കില്‍ ഭാവിയിലെ മലയാള സിനിമ എങ്ങനെയായിരിക്കുമെന്ന പ്രവചനാത്മകമായ നിരീക്ഷണമാണ് ലിജോ ഇവിടെ നടത്തുന്നത്.


ലൈലയെന്നും മജ്നുവെന്നും പേരുള്ള, ഒരുമിച്ചിരിക്കുമ്പോള്‍ അമൂല്യമായ, വേറിട്ടുനിന്നാല്‍ കാല്‍ക്കാശിന് ആര്‍ക്കും വേണ്ടാത്ത രത്നങ്ങളാണ് ഈ സിനിമയിലെ നായകനും നായികയുമെന്ന് വേണമെങ്കില്‍ പറയാം. ഈ രത്നങ്ങള്‍ക്കുവേണ്ടിയുള്ള പാച്ചിലും യുദ്ധവും നിറയൊഴിക്കലുകളുമാണ് ഡബിള്‍ ബാരല്‍. ഇത്തരമൊരു പ്രമേയത്തെ ഇതിനുമുമ്പ് മലയാളികള്‍ പരിചയിച്ചിട്ടില്ല. ചിലര്‍ വെടിവെപ്പാഘോഷത്തിന്‍റെ ഡിക്ഷ്ണറിയെന്ന് ഇതുവരെ വിശ്വസിച്ചിരുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ എക്സ്റ്റെന്‍ഷനായി ഇരട്ടക്കുഴലിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍, അമല്‍ നീരദ് സൃഷ്ടിച്ച ആ പുകലോകം ഇരട്ടക്കുഴലെന്ന ആഴക്കടലിന്‍റെ മധ്യത്തില്‍ കാണുന്ന ഒരു ചെറുദ്വീപ് മാത്രമാണ്.

പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ചെമ്പന്‍, ഇഷ ഷെര്‍വാണി, ആസിഫ് അലി തുടങ്ങിയ നീണ്ട താര നിരയാണ് ചിത്രത്തില്‍ നിറഞ്ഞാടുന്നത്. ഷൈന്‍ ചെയ്തത് പൃഥ്വിയും ഇന്ദ്രനും ചെമ്പനും തന്നെ. സംഗീതം പ്രശാന്ത് പിള്ളയുടേതാണ്. ആമേനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംഗീതാനുഭവമാണ് ഇരട്ടക്കുഴലിനായി പ്രശാന്ത് സൃഷ്ടിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍റെ ക്യാമറാചലനങ്ങള്‍ ഒരു ഗ്യാംഗ്സ്റ്റര്‍ കോമഡിയുടെ കൃത്യമാ‍യ മൂഡ് സൃഷ്ടിക്കുന്നു.

പ്രേക്ഷകരുടെ കണ്ണിനനുസരിച്ച് കാഴ്ച സൃഷ്ടിക്കുന്നവരല്ല, തന്‍റെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചാനയിക്കുന്നവരാണ് നല്ല സംവിധായകര്‍. കാലാതീതമായ സൃഷ്ടികള്‍ അവരിലൂടെയേ പുറം‌ലോകത്തെത്തൂ. പക്ഷേ 16 കോടിയുടെ ഈ ബ്രഹ്മാണ്ഡസിനിമയ്ക്ക് ഔട്ട് ഓഫ് ദി ബോക്സ് ആയ പ്രേക്ഷകരെയും നിര്‍മ്മിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സാമ്പത്തിക വിജയം എന്ന കരയെത്താന്‍ കഴിയൂ.

റേറ്റിംഗ്: 4.5/5
കടപ്പാട് - വെബ്‌ ദുനിയ മലയാളം

2015 ഓഗസ്റ്റ് 23, ഞായറാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി.
 തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കൈയ്പ്പു  ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ  എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക.ഇന്നിപ്പോൾ ആ സ്നേഹസാമീപ്യം ഇല്ലാതെ മറ്റൊരോണം കൂടി...

 തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.
 ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു.
 തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകൾ  അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️