2018 ഫെബ്രുവരി 25, ഞായറാഴ്‌ച

ആറ്റുകാൽ പൊങ്കാല 2018 മാർച്ച് 2 വെള്ളിയാഴ്ച്ച !









ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.
മാർച്ച് 2 വെള്ളിയാഴ്ച   ആണ് ആറ്റുകാൽ പൊങ്കാല. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായതിനെക്കാളും പതിന്മടങ്ങ്‌ തിരക്ക് ഇത്തവണ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ......

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.


2018 ഫെബ്രുവരി 2, വെള്ളിയാഴ്‌ച

സേവ് കെ എസ് ആർ ടി സി ....






2016 ഡിസംബർ 20 നു ബ്ലോഗിൽ ഞാൻ എഴുതിയ കുറിപ്പാണിത് ..  കെ എസ് ആർ ടി സിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ ഒരിക്കൽ കൂടി ആ കുറിപ്പ് പോസ്റ്റ് ചെയ്യുകയാണ്......

വീഴ്ചകളുടെയും നഷ്ട്ടങ്ങളുടെയും കണക്കുമാത്രമെ കേരളത്തിന്റെ പൊതുഗതാഗത മാർഗമായ കെ എസ് ആർ ടി സി ക് ഏറെ കാലങ്ങളായി പറയുവാനുള്ളു. തീർച്ചയായും ഇന്നോ ഇന്നലെയോ അല്ല പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കെ എസ് ആർ ടി സി ഇത്തരം ഒരു അവസ്ഥാ വിശേഷത്തിൽ എത്തിച്ചേർന്നിരുന്നു എന്നതാണ് യാഥാർഥ്യം. പകുതി മുങ്ങിയ ഒരു കപ്പൽ പോലെ. പലപ്പോഴും കപ്പലിനെ പൂർവ്വ അതിഥിയിൽ  കൊണ്ട് വരുന്നതിനു പകരം പകുതി മുങ്ങിയ നിലയിൽ എങ്കിലും നിലനിർത്തുക എന്ന അലംഭാവ മനോഭാവമാണ് ഇന്ന് പൂർണ്ണമായും മുങ്ങുന്ന അവസ്ഥയിൽ കെ എസ് ർ ടി സി യെ കൊണ്ട് എത്തിച്ചിരിക്കുന്നത്. കപ്പലിൽ തുള വീണപ്പോൾ തുള അടയ്ക്കുന്നതിന് പകരം വെള്ളം കോരി കളയുകയായിരുന്നു എളുപ്പ മാർഗ്ഗം . പിന്നീട് തുള അടക്കാൻ പോലും കഴിയാത്ത വിധം വെള്ളത്തിന്റെ പ്രവാഹം കൂടിയപ്പോൾ കപ്പൽ ഒന്നാകെ മുങ്ങിപ്പോയി. ഒരു പക്ഷെ നഷ്ടത്തിന്റെ കണക്കുകൾ പറയുമ്പോഴും ഇപ്പോഴും ഒരു ദിവസത്തെ കളക്ഷനും ചെലവും മാത്രം എടുത്തു നോക്കിയാൽ ഇന്നും കെ എസ് ർ ടി സി ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതാണ് യാഥാർഥ്യം . പിന്നെ എങ്ങനെയാണു നഷ്ടത്തിന്റെ വ്യാപ്തി വർധിക്കുന്നത്, കാലാ കാലങ്ങളിൽ അനുവർത്തിച്ചു പോന്ന മാർഗ്ഗങ്ങൾ തന്നെയായിരുന്നു. ഇതിനു എല്ലാവരും ഉത്തരവാദികളാണ്. എന്നാൽ ഈ സ്ഥിതിക്ക് മാറ്റം വന്നേ തീരു. അതിനു വേണ്ടുന്ന പ്രവർത്തനങ്ങളും മാർഗ്ഗ നിർദേശങ്ങളും രൂപീകരിച്ച പറ്റൂ. പൊതുവെ  പറയുംപോലെ നമ്മളിൽ കൂടുതൽ പേരും നല്ല മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിലും  വളരെ കുറച്ചു പേര് മാത്രമാണ് നല്ല മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നത്. എന്നാൽ ബഹുഭൂരിപക്ഷവും കരുതുന്നത് നല്ല മാറ്റങ്ങൾക്കായി മറ്റാരെങ്കിലും പ്രവർത്തിച്ചോളും നമ്മുക്ക് ഇതിൽ കാര്യമില്ല എന്ന മട്ടിലാണ്. തീർച്ചയായും ഈ ചിന്താഗതിക്ക് മാറ്റം വന്നേ തീരു. പൊതുവായ പ്രശ്ന പരിഹാരങ്ങൾക്കു നമുക്ക് ഓരോരുത്തർക്കും ബാധ്യത ഉണ്ട്. ഇപ്പോൾ തന്നെ സ്വന്തം വാഹനങ്ങളിലും വിമാനത്തിലും ഒക്കെ യാത്ര ചെയ്യുന്നവർ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ല എന്ന് കരുതുന്നു, ഒരു സിനിമയെ കുറിച്ചോ കളിയെ കുറിച്ചോ  ഒക്കെ അഭിപ്രായം പറയുന്നവർ പോലും ഇക്കാര്യങ്ങളിൽ ഒന്നും പറയാറില്ല.  ഇപ്പൊ കൊച്ചിയിൽ നടന്ന ഐ എസ് എൽ കാണാൻ എല്ലാവരും സ്വന്തം വാഹനങ്ങളിൽ അല്ല വന്നത്, ഒരു സിനിമ കാണാൻ കെ എസ് ആർ ടിസി ബസിൽ  യാത്ര ചെയ്തു വരുന്നവർ അനവധി ഉണ്ട്. ഇത്തരത്തിൽ പ്രത്യക്ഷമായല്ല എങ്കിലും പരോക്ഷമായി നമ്മുടെ പരമ്പരാഗത ഗതാഗത  മാർഗ്ഗങ്ങൾ എല്ലാ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ പ്രാധാന്യം കുറഞ്ഞ വിഷയങ്ങൾ പോലും വലിയ വിവാദങ്ങൾ ആക്കി മാറ്റി അഭിപ്രായ പ്രകടങ്ങൾ നടത്തുന്ന ഇന്നത്തെ യുവത ഇത്തരം പ്രാധാന്യമേറിയ വിഷയങ്ങളിൽ കൂടി മാർഗ്ഗ നിർദേശങ്ങൾ നൽകേണ്ടതുണ്ട്. എന്തായാലും 34 മില്യൺ മലയാളി സമൂഹത്തിനു ഒരു രൂപ ഇനത്തിൽ പോലും വലിയൊരു സഹായം കെ എസ് ആർ ടി സി ക്കു നൽകുവാൻ സാധിക്കും . സേവ് കെ എസ് ആർ ടി സി പദ്ധതിയിലൂടെ ഇത്തരത്തിൽ ധനസമാഹരണം നടത്തുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. ഒപ്പം സേവ് കെ എസ് ആർ ടി സി എന്ന പേരിൽ ലോട്ടറി പദ്ധതിയും ആരംഭിക്കാം തദ്ദേശ സ്ഥാപനങ്ങൾ വഴിയും സർക്കാർ സ്ഥാപനങ്ങൾ വഴിയും അവയുടെ വിപണനം നടത്തുകയും ചെയ്യാം.  യാത്ര ടിക്കറ്റിനൊപ്പം കണ്ടക്ടർ മാർക്കും ഇത്തരത്തിലുള്ള ലോട്ടറി ടിക്കറ്റുകൾ യാത്രക്കാർക്ക് വിറ്റഴിക്കുവാനുള്ള രീതി നടപ്പിലാക്കണം.നമ്മുടെ പൊതു സമൂഹത്തിൽ നിന്നും ഇത്തരത്തിൽ അനവധി നിർദേശങ്ങൾ രൂപീകരിക്കാൻ കഴിയും .  പലതുള്ളി പെരുവെള്ളം എന്ന് പറയുംപോലെ ചെറിയ ചെറിയ പ്രവർത്തങ്ങളിലൂടെ കേരളത്തിന്റെ ഏറ്റവും പ്രധാന ഗതാഗത മേഖലയെ രക്ഷിച്ചെടുക്കാം.  . അതിനായി കരുതലോടെ നീങ്ങണം. പുതിയ രക്ഷകർ അവതരിക്കുന്നത് കാത്തിരിന്നിട്ടു കാര്യമില്ല. നമ്മൾ തന്നെ നമുക്ക് രക്ഷകരാകണം ........

2018 ജനുവരി 29, തിങ്കളാഴ്‌ച

അത് ഞാന്‍ തന്നെയാണ്....






തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരനാഥ  ജന്മം

ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍

നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ

ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് നോക്കവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി

മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2018 ജനുവരി 15, തിങ്കളാഴ്‌ച

ആൾക്കൂട്ടത്തിൽ തനിയെ ........



രണ്ടു വർഷത്തിലധികമായി സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. ഈ രണ്ടു വർഷവും ഏതാണ്ട് എല്ലാ ദിവസങ്ങളിലും ആ ചെറുപ്പക്കാരന്റെ മുന്നിലൂടെ കടന്നു പോയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. ആളും ആരവങ്ങളുമില്ലാതെ തികച്ചും ഏകനായി രണ്ടു വർഷത്തോളം ഒറ്റയാൾ പോരാട്ടം നടത്തിയ ആ ചെറുപ്പക്കാരൻ ശ്രീജിത്ത് ഒരു പ്രതീകമാണ്. ശ്രീജിത്തിന്റെ നിശ്ചയ ദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് ഇത്രയും വൈകി ആണെങ്കിൽ പോലും പൊതു സമൂഹവും അതിലൂടെ മാധ്യമങ്ങളും ഈ വിഷയം ചർച്ച ചെയ്യേണ്ടി വന്നത്. സെക്രെട്ടറിയേറ്റിനു മുൻപിൽ നിത്യേന നിരവധി സമരങ്ങൾ നടക്കാറുണ്ട്. മാധ്യമങ്ങളും ക്യാമെറകളും എല്ലാ ദിവസങ്ങളിലും അവിടെ നിറഞ്ഞു നിൽക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും നിത്യേന സമരങ്ങൾ നടന്നിട്ടുണ്ട്  പല സമരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട് , എന്നാൽ അതിന്റെയൊക്കെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ , പക്ഷം ചേരലുകൾ ഉണ്ടായിരുന്നു എന്ന വസ്തുത യാഥാർഥ്യമാണ്. ഈ രണ്ടു വർഷങ്ങളിൽ മറ്റു സമരങ്ങൾ റിപ്പോർട്ട് ചെയ്യാൻ വന്ന ഏതെങ്കിലും മാധ്യമങ്ങൾ , ഏതെങ്കിലും കാമറ കണ്ണുകൾ ഒരു മാത്ര  തന്റെ നേരെ തിരിഞ്ഞിരുന്നുവെങ്കിൽ എന്ന് ആ ചെറുപ്പക്കാരൻ എത്ര വട്ടം ആഗ്രഹിച്ചിട്ടുണ്ടാകും. തന്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരാളെങ്കിലും തന്നെ വന്നു ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്ന് അയാൾ  വേദനയോടെ പല തവണ ചിന്തിച്ചിരുന്നിരിക്കാം. ചുറ്റുപാടും ആളും ആരവവും ആഘോഷവും നടക്കുമ്പോഴും വലിയൊരു ആൾക്കൂട്ടത്തിനിടയിലും തനിച്ചായി പോയ പാവം ചെറുപ്പക്കാരൻ. ഇന്നിപ്പോൾ അയാൾക്ക്‌ ചുറ്റും ആൾക്കൂട്ടമുണ്ട് , മാധ്യമങ്ങളുണ്ട് , ക്യാമെറക്കണ്ണുകൾ ഇമ ചിമ്മാതെ കൂടെയുണ്ട്.  മറ്റൊന്നും കൊണ്ടല്ല ശ്രീജിത്ത് , നിന്റെ നിശ്ചയ ദാർഢ്യം അതൊന്നു കൊണ്ട് മാത്രമാണ്  അത് സാധിച്ചത്. ഇന്നലെ വരെ നിന്റെ ചുറ്റും കറങ്ങി നടന്നിട്ടും നിന്നെ കാണാതെ പോയ മാധ്യമങ്ങൾക്കു, ഇന്നലെ വരെ നിന്റെ ചിത്രങ്ങൾ പതിയാതിരുന്ന ക്യാമറ കണ്ണുകൾക്ക്, ഇന്നലെ വരെ നിന്നെ പുച്ഛത്തോടെ നോക്കി നടന്നകന്ന ഓരോ മനുഷ്യനും ഇപ്പോൾ കുറ്റ ബോധം കൊണ്ടും ലജ്ജ കൊണ്ടും തല കുനിക്കുന്നുണ്ടാവും , ജാള്യത പെടുന്നുണ്ടാവും . അത് മറയ്ക്കാനായി ഇപ്പോൾ അവർ വല്ലാതെ പാട് പെടുന്നുണ്ട്. അത് നീയും കാണുന്നുണ്ടാവും. അവരെ അത് ചെയ്യിച്ചത് നിന്റെ നിശ്ചയ ദാർഢ്യം ഒന്ന് തന്നെയാണ്. നിനക്ക് നീതി നിഷേധിക്കപ്പെട്ടു എങ്കിൽ അത് ലഭിക്കുക തന്നെ വേണം. വൈകി കിട്ടുന്ന നീതി നീതി നിഷേധത്തിനു തുല്യമാണ്. ഇവിടെ പൊതു സമൂഹത്തിന്റെ വലിയ കൂട്ടായ്മ പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്. കാരണം എപ്പോഴോ കെട്ടു പോയേക്കാമായിരുന്ന നീതിയുടെ ജ്വാല കെടാതെ കാത്തതിന്. താരപ്പകിട്ടിന്റെയും വിവാദങ്ങളുടെയും പിന്നാലെ മാത്രം പോകുന്ന ക്യാമറക്കണ്ണുകളെ ഒരു ചെറുപ്പക്കാരന്റെ നിശ്ചയ ദാർഢ്യ ത്തിലേക്ക് ഫോക്കസ് ചെയ്യിച്ചതിനു. ഇനിയും ഒരു പാട് ശ്രീജിത്തുമാർ , അർഹമായ നീതി നിഷേധിക്കപ്പെട്ടവർ , അസ്തിത്വത്തിനായി പോരാട്ടം നടത്തുന്നവർ നമുക്ക് ചുറ്റിലും ഉണ്ട്. അവരിൽ ചിലർ ഇന്നലെ വന്നവരാകാം, പലരും വർഷങ്ങളായി നീതി നിഷേധത്തിന് ഇരകളായവരായിരിക്കാം . എന്നാൽ അവരുടെ മുന്നിലൂടെ കടന്നു പോകുമ്പോഴും ആ കാഴ്ചകൾ നമ്മൾ അവഗണിക്കുന്നു, അവർക്കു ചുറ്റിലുമുള്ള മായിക കാഴ്ചകളിലേക്ക് ഫോക്കസ് ചെയ്യുമ്പോഴും ക്യാമറ കണ്ണുകൾ അവരിലേക്കെത്തുന്നില്ല . അവിടെയാണ്  ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ പ്രതീകമാകുന്നത്. തളരാത്ത  നിശ്ചയ ദാർഢ്യ ത്തിന്റെ പ്രതീകമാകുമ്പോഴും സമൂഹ മനസാക്ഷിക്ക് ഒരോർമ്മപ്പെടുത്തൽ കൂടിയാണ് ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ, വലിയൊരു ആൾക്കൂട്ടത്തിനും ആരവങ്ങൾക്കും ഇടയിലായിട്ടു പോലും തനിച്ചായി പോകേണ്ടി വരുന്നവരുടെ , ഒരാളുടെയെങ്കിലും നോട്ടം , ഒരു ക്യാമറയെങ്കിലും തങ്ങളിലേക്ക് ഫോക്കസ് ചെയ്യണമെന്നു പ്രാർത്ഥനയോടെ  നീറുന്ന ഹൃദയവുമായിരിക്കുന്ന പാർശ്വ വൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ........


2018 ജനുവരി 5, വെള്ളിയാഴ്‌ച

✈✈വിമാനം✈✈







✈❤ അടുത്ത കാലങ്ങളിൽ കണ്ട മികച്ച പ്രണയ സിനിമകളിൽ ഒന്ന്! കഥാപാത്രങ്ങൾ ഞെട്ടിച്ചു കളഞ്ഞ അഭിനയം. സിനിമ കണ്ടു മനസ്സും ഹൃദയവും നിറഞ്ഞു എല്ലാരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച നിമിഷം.

നല്ല മലയാള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കണം. ഓരോ നിമിഷവും മനസ്സിൽ സന്തോഷവും തൃപ്തിയും തരുന്ന സിനിമയാണ് വിമാനം.

എടുത്ത് പറയേണ്ട ചില കാര്യങ്ങൾ

പൃഥ്വിരാജ് ചെറുപ്പവും വാർധക്യ കഥാപാത്രവും അഭിനയിച്ചു അവിസ്മരണീയമാക്കി.

അലൻസിയർ കഥാപാത്രം ഏറെ മികവ് പുലർത്തി. അലൻസിയർ- പൃഥ്വിരാജ് സീനുകൾ എല്ലാം തന്നെ മികച്ച അഭിനയ മുഹൂർത്തങ്ങളായിരുന്നു.

നായിക ദുർഗ ഒരുപാട് കഴിവുള്ള നടിയന്നെന്ന് തെളിയിച്ചു.

ഗോപി സുന്ദർ സംഗീതം മികച്ചതായിരുന്നു. പശ്ചാത്തല സംഗീതവും പാട്ടുകളും വളരെ ഇമ്പമേറിയത്.

ഗ്രാമീണതയിൽ ചിത്രം പറയുകയാണ് പ്രദീപ് നായർ. ഗ്രാമീണ ഭംഗിയും നിഷ്കളങ്കതയോട് കൂടിയ സംഭാഷണവും പ്രേക്ഷകരിലേക്ക് പകർന്ന് നല്കുവാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാലും നെടുംതൂണായി നിൽക്കുന്നത് ചിത്രത്തിന്റെ തിരക്കഥ തന്നെ.

നല്ലൊരു കുടുംബ ചിത്രമാണ്. ആസ്വദിച്ചു കാണാവുന്ന ഒരു നല്ല മലയാള സിനിമ. ഒരു ക്ലാസ്സ് നിലവാരത്തിലുള്ള സിനിമ.❤✈

2017 ഡിസംബർ 29, വെള്ളിയാഴ്‌ച

പുതുവത്സരാശംസകൾ !!!!





കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നില്‍ മറ്റൊരു പുതു വർഷം കൂടി. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് പദമൂന്നാം . സ്നേഹത്തില്‍ അധിഷ്ടടിതമായ ജീവിതചര്യയിലുടെ നാളെകള്‍ കൂടുതല്‍ സുന്ദരമാക്കി മാറ്റാം. തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മിലധികംപേരും. പ്രകടിപ്പിക്കാത്ത സ്നേഹം ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. പങ്കു വൈക്കാത്ത സ്നേഹം അപൂര്‍ണവുമാണ്. ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വേഷം ഇല്ലാതാകുന്നുള്ളു . ആധുനിക ലോകത്ത് വ്യക്തി ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അസ്സമാധാനം വളര്‍ന്നു കഴിഞ്ഞു . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു. വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യ സങ്കല്‍പ്പങ്ങള്‍ കലഹരണപ്പെട്ടെന്നും  ആധുനിക ജീവിതത്തില്‍ അവയ്ക്ക് പ്രസ്സക്തി ഇല്ല എന്നും ചിലര്‍ കരുതുന്നു. കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന ഈ ആധുനിക വല്‍ക്കരണത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നു. ഇവയ്ക്കുള്ള പരിഹാരം മനസ്സില്‍ സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നമുക്കും നമ്മുടെ  ചുറ്റു പാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. നമ്മുടെ ചുറ്റുപാടുകള്‍ കൂടുതല്‍ സുന്ദരമായി തോന്നുന്നു. പൂക്കള്‍ കൂടുതല്‍ മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല്‍ മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള്‍ ഇളം കാറ്റുപോലെ ആശ്വാസകരമാകുന്നു . , വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല്‍ ദൃഢം  ആകുന്നു. അതുകൊണ്ടുതന്നെ ആധുനിക വല്‍ക്കരണവും വികസ്സനവും മാറ്റങ്ങളും സ്വാഗതം ചെയ്യുന്നതിനൊപ്പം മനസ്സുകള്‍ സ്നേഹം കൊണ്ട് നിറയ്ക്കാം . സ്നേഹമുണ്ടെങ്കില്‍ എല്ലാമുണ്ട്, എല്ലാമുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല. അതിനാല്‍ ഈ പുതുവര്‍ഷം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായി നമുക്ക് മാറ്റി വയ്ക്കാം.
ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹൃദങ്ങൾ  പനിനീര്‍ മുകുളങ്ങൾ ആയി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ . അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹൃദങ്ങൾ  സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹൃദങ്ങൾ  തിരിച്ചു പിടിക്കാനും പുതിയ സൌഹൃദങ്ങളുടെ ഊഷ്മളത  ഒന്നു കുടി ഊട്ടി  ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം .നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൾ . ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്ന ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

2017 നവംബർ 14, ചൊവ്വാഴ്ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ..........







വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടാനങ്ങളിലൂടെ  ആത്മ ശുദ്ധീകരണത്തിന്റെ  പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ഡല കാലവും  മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമേട്  ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. അത് പോലെ തന്നെ പമ്പയും  സന്നിധാനവും അനുബന്ധ പ്രദേശങ്ങളും മാലിന്യമുക്തമായി സംരക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യതപ്പെട്ടവരാണ്. അത് കൊണ്ട് തന്നെ വ്യക്തിപരമായി നാം ഓരോരുത്തരും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.  കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2017 സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

കണ്ണന്റെ അമ്മ .........



ആറ്റു  നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട്‌ ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നിൽ  വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകൾ  നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രാർത്ഥിച്ചു . തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നൊന്തുരുകി  പ്രാർത്ഥിച്ചു  . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ണന്റെ  മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു.....

2017 സെപ്റ്റംബർ 14, വ്യാഴാഴ്‌ച

😢💔മകളേ, നിനക്കുവേണ്ടി;💔😢 ആദം ജൊവാൻ റിവ്യു....






😢നീ ആരാണെന്നു തിരിച്ചറിയാൻ കഴിയുന്ന പ്രായത്തിൽ അവൾ ഇവിടെ മടങ്ങിയെത്തും...നിന്നെ കാണാൻ...അന്നവളുടെ കയ്യിൽ ഇതിലും വലിയ പൂക്കൂടകളുണ്ടാകും....😢
സസ്പെൻസ്, പ്രണയം, വിരഹം, നിസ്സഹായത, ആക്‌ഷൻ, ട്രാജഡി എന്നിങ്ങനെ വൈകാരികഭാവഭേദങ്ങൾ ഒത്തിണക്കത്തോടെ കോർത്തിണക്കിയ ചിത്രമാണ് ആദം ജൊവാൻ. തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിനെ ഒരു ഇമോഷണൽ കോക്ടെയിൽ എന്ന് വിശേഷിപ്പിക്കാം.❤
കാമ്പും മികവുമുള്ള തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലും അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതിലും പൃഥ്വിരാജ് എന്ന നടന്റെ റേഞ്ച് ഓരോ സിനിമകൾ കഴിയുംതോറും ഉയരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ചിത്രം. ഒരു നവാഗത സംവിധായകന് ലഭിക്കാവുന്ന മികച്ച എൻട്രിയാണ് ജിനു എബ്രഹാമിന് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ജിനു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.❤
ഫ്ലാഷ്ബാക്കായി തുടങ്ങി, വികസിച്ചു, തൽസമയം പരിസമാപിക്കുന്ന കഥാഗതിയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. അവതരണത്തിലെ മികവും ജീവിതത്തിലെ വൈകാരികഭാവഭേദങ്ങൾ കൂടിച്ചേരുമ്പോളുണ്ടാകുന്ന രസതന്ത്രവുമാണ് ചിത്രത്തെ സജീവമാക്കിനിലനിർത്തുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഉണ്ടാകുന്ന നിസഹായത ഭാവുകത്വത്തോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.❤
മുണ്ടക്കയത്ത് പ്ലാന്ററായ ആദമിന്റെ ജീവിതത്തിലേക്ക് എമി എന്ന പെൺകുട്ടി കടന്നു വരുന്നു, വിവാഹശേഷം ഇരുവരും മധുവിധു ആഘോഷിക്കാനായി സ്‌കോട് ലൻഡിലുള്ള സഹോദരന്റെ കുടുംബത്തിനും അമ്മയ്ക്കും ഒപ്പം ചേരുന്നു. പക്ഷേ ആ യാത്ര അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിക്കളയുന്നു. ആദത്തിന്റെ ജീവിതത്തിൽ വലിയൊരു മുറിപ്പാട് അവശേഷിപ്പിച്ചുകൊണ്ട് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നു.
പല തലങ്ങളിലായാണ് ചിത്രം കഥപറയുന്നത്. വർഷങ്ങൾക്കുശേഷം മറ്റൊരു ദുരന്തവാർത്ത ആദത്തിനെ വീണ്ടും സ്‌കോട് ലൻഡിലെത്തിക്കുന്നു. ചെയ്തുപോയ ഒരു തെറ്റിനുള്ള പ്രായശ്ചിത്തമായി തന്റെ രക്തത്തെ തേടി ആദം നടത്തുന്ന യാത്രയിലൂടെയാണ് രണ്ടാംപകുതി പുരോഗമിക്കുന്നത്. ആ യാത്രയിൽ അവളുടെ തിരോധാനത്തിന്റെ പിറകിലുള്ള പല ദുരൂഹതകളും ചുരുളഴിയുന്നു. ഒരിടക്കാലത്ത് കേരളത്തിലടക്കം ചർച്ചാവിഷയമായ സാത്താൻ സേവയും, ബ്ലാക് മാസ്സും കടന്നുവരുന്നതോടെയാണ് കഥാഗതി പുതിയ വഴിത്തിരിവിലെത്തുന്നത്. അയാൾ ലക്ഷ്യത്തിലെത്തുമോ ഇല്ലയോ എന്നുള്ള ചോദ്യത്തിലൂടെയാണ് തുടർന്ന് ചിത്രം സഞ്ചരിക്കുന്നതും പരിസമാപ്തിയിലെത്തുന്നതും.❤
❤പൃഥ്വിരാജ് എന്ന നടന്റെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ടൈറ്റിൽ റോളിനോട് അങ്ങേയറ്റം നീതി പുലർത്താൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആദ്യ പകുതിയിലെ റൊമാൻസും, രണ്ടാം പകുതിയിലെ വൈകാരിക രംഗങ്ങളും, സംഘട്ടനവുമെല്ലാം അങ്ങേയറ്റം തന്മയത്തോടെ പൃഥ്വിരാജ് അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നു.❤
മിഷ്‌ടി ചക്രവർത്തിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹകഥാപാത്രങ്ങളും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്. നായകനൊപ്പം ചിത്രത്തിൽ ഉടനീളം പ്രാധാന്യമുള്ള കഥാപാത്രങ്ങളായി നരേൻ, ഭാവന, രാഹുൽ മാധവ് എന്നിവർ എത്തുന്നു.❤
കെട്ടുറപ്പുളള തിരക്കഥയാണ് ചിത്രത്തിന് പിന്തുണ നൽകുന്നത്. ഹൃദയത്തിൽ കൊള്ളുന്ന സംഭാഷണങ്ങളൊരുക്കാൻ തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. ❤കുടുംബബന്ധങ്ങൾക്ക് നാം നൽകുന്ന പ്രാധാന്യം പ്രഘോഷിക്കുന്ന രംഗങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് കാഴ്ചക്കാർ വരവേൽക്കുന്നത്.❤

സ്‌കോട്‌ലൻഡിന്റെ മിസ്റ്റിക് സൗന്ദര്യവും ഗോഥിക് ആർക്കിടെക്ച്ചറും കാഴ്ചകളുമെല്ലാം അതിമനോഹരമായി ചിത്രത്തിൽ ഒപ്പിയെടുത്തിരിക്കുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രാഹകന്‍.❤
ദീപക് ദേവിന്റെ സംഗീതം ചിത്രത്തിന് മാറ്റുകൂട്ടുന്നു, പ്രത്യേകിച്ച് ചിത്രത്തിന്റെ വൈകാരികഭാവഭേദങ്ങൾ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ പശ്ചാത്തലസംഗീതം പ്രധാന പങ്കുവഹിക്കുന്നുണ്ട്.❤ ❤പൃഥ്വിരാജ് പാടിയ വിഷാദഛായയുള്ള ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടിട്ടുണ്ട്.❤ രഞ്ജൻ ഏബ്രഹാമിന്റെ എഡിറ്റിംഗ് മികവും ശ്രദ്ധേയമാണ്.
രണ്ടു മണിക്കൂർ നാൽപതു മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. എന്നാൽ ഒരു ഘട്ടത്തിലും വിരസമാകാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ചിത്രം വിജയിക്കുന്നു. ❤എത്ര മുൻവിധിയോടെ ചിത്രം കാണുന്ന പ്രേക്ഷകന്റെയും കണ്ണുകളെ ഈറനണിയിക്കുന്ന അതിവൈകാരികവും ഹൃദ്യവുമായ ക്ളൈമാക്സ്.❤ ❤ചിത്രത്തിന്റെ അവസാനം ഉയരുന്ന പ്രേക്ഷകന്റെ കയ്യടികൾ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രം...❤
കടപ്പാട് - മനോരമ ഓൺലൈൻ
#AdamJoan

2017 ഓഗസ്റ്റ് 29, ചൊവ്വാഴ്ച

തുമ്പപൂക്കള്‍ ചിരിക്കുന്നു ......








ഗൃഹാതുര  സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി.
 തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുൽക്കൊടി തുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കൈയ്പ്പു  ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ  എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക.ഇന്നിപ്പോൾ ആ സ്നേഹസാമീപ്യം ഇല്ലാതെ മറ്റൊരോണം കൂടി...

 തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴും  , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.

 ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു.

 തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകൾ  അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു.

സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു.......
എല്ലാ പ്രിയപ്പെട്ടവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2017 ഓഗസ്റ്റ് 16, ബുധനാഴ്‌ച

ചിങ്ങപ്പുലരിയിൽ ആശംസകൾ....





ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. കാര്‍മേഘങ്ങളുടേയും ഇല്ലായ്‌മകളുടേയും മാസമായ കര്‍ക്കിടകത്തിന്‌ വിട
കറുത്തിരുണ്ട കര്‍ക്കടക രാവുകള്ക്കപ്പൂറം
ചിങ്ങനിലാവിന്റെ നാളുകളിലേക്ക് കാത്തിരിക്കാം.
കൊയ്ത്തുപാട്ടിന്റെയും ഓണത്തുംബികളുടെയും
വരവറിയിച്ചുകൊണ്ട് വരികയായി ചിങ്ങമാസം...
മനസ്സും മുറ്റവൂം കളമെഴുതി ഒരുക്കിവയ്ക്കാം,
നന്മയുടെ പൂവിതളുകള്‍ പറിച്ച്‌
സ്നേഹത്തിന്റെ പൂക്കളമെഴുതാന്‍......
ഹൃദയം നിറഞ്ഞ ആശംസകൾ 

2017 ജൂലൈ 25, ചൊവ്വാഴ്ച

ഓർക്കാതിരിക്കുന്നതെങ്ങനെ ?

 ഇപ്പോഴും എന്നെക്കുറിച്ചോർക്കുന്നുണ്ടാവുമോ നീ
ഓർക്കാതിരിക്കാനാവില്ല നിനക്ക്
ഞാനല്ല്ലല്ലോ നിന്നിൽ നിന്ന് അകന്നു പോയത്
നീയല്ലേ  എന്നെ വിട്ടു പോയത്
മഴപെയ്യുന്ന നേരങ്ങളിൽ
കുളിർ കാറ്റ് മെല്ലെ തഴുകിടുമ്പോൾ
ഇളം മഞ്ഞു വീഴും പുലരിയിൽ
മഴവില്ലു വിരിയും മധ്യാഹ്നങ്ങളിൽ
മലർ വാകപൂക്കുന്ന യാമങ്ങളിൽ
ഒക്കെ നീ എന്നെക്കുറിച്ചു ഓർക്കുന്നുണ്ടാവണം
 ഞാനല്ലല്ലോ നിന്നിൽ നിന്ന്  അകന്നു പോയത്
നീയല്ലേ  എന്നെ വിട്ടു പോയത്
എന്നിട്ടും ഈ നേരമെല്ലാം ഞാൻ
നിന്നെക്കുറിച്ചുമോർക്കുന്നതെന്തേ
 ഞാനല്ലല്ലോ നിന്നിൽ നിന്ന്  അകന്നു പോയത്
നീയല്ലേ എന്നെ വിട്ടു പോയത്.

2017 ജൂലൈ 10, തിങ്കളാഴ്‌ച

⚡🕊🕊🕊🕊🕊🕊⚡ #Tiyaan ‍ പറഞ്ഞത്:-





1. പ്രത്യക്ഷത്തില്‍ കാണുന്നത് ആള്‍ദൈവങ്ങള്‍ മനുഷ്യരുടെ മേല്‍ നടത്തുന്ന കയ്യേറ്റവും,അതിനെ ചെറുത്തുനില്‍ക്കാന്‍  ശ്രേമിക്കുന്ന ഒരു ബ്രാഹ്മണന്‍റെ ജീവിതവും ആണങ്കിലും അതിനു പുറമേ ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട് ടിയാന്‍.
2. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും ദൈവം പറഞ്ഞതും,ദൈവത്തിനു പറയാനുള്ളതും മാത്രമല്ല ഉള്ളത്.സ്വാര്‍ത്ഥനായ മനുഷ്യന്‍ അവന്‍റെ താല്പര്യങ്ങളും അതില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.അതില്‍ നിന്ന് ദൈവം പറഞ്ഞത് ഏതൊക്കെയെന്നു നമ്മള്‍ തിരിച്ചറിയണം.
3. തനിക്കു ആത്മീയ ജീവിതത്തിന്‍റെ പുതിയ വെളിച്ചം പകര്‍ന്നു കൊടുത്ത ആഘോരികളെ നോക്കി അസ്‌ലന്‍  മുഹമ്മദ്‌ എന്ന മുസല്‍മാന്‍ നന്ദിസൂചകമായി പറയുന്നു,"ഓം നമ:ശിവായ" എന്ന്.അസ്‌ലന്‍ മുഹമ്മദിന്റെ കണ്ണുകളില്‍ നോക്കി ആഘോരികളും പറയുന്നു,"അള്ളാഹു അക്ബര്‍" എന്ന്.മനുഷ്യന്‍ കെട്ടിപ്പൊക്കിയ മതം എന്നാ ഭ്രാന്തിനു മേല്‍ ദൈവം നേടിയ വിജയം,അതാണ് അങ്ങനൊരു നിമിഷം.
4. ഭഗവാന്‍ എന്ന ആള്‍ദൈവം ആരുടെയൊക്കെ പ്രതീകമാണെന്ന് ചുറ്റിലുമൊന്നു നോക്കിയാല്‍തന്നെ മനസിലാകും.അതെ,കൊടികളുടെ ആസ്ഥിയുള്ള സര്‍വ്വത്യാഗികള്‍.ആള്‍ദൈവങ്ങളെ ലഹരിയായി കാണുന്നവര്‍ സ്വയം പുച്ചിക്കേണ്ട സമയം.
5. അസ്‌ലന്‍ മുഹമ്മദ്,പട്ടാഭിരാമാനോട് പറയുന്നുണ്ട്,'ആ വെളിച്ചം',അതാണ്‌ ഞാന്‍ എന്ന്.പേര് നല്‍കാവുന്ന ദൈവങ്ങള്‍ക്കപ്പുറം ,നിന്നെ നന്മയിലേക്കും നല്ലതിലെക്കും നയിക്കുന്ന വെളിച്ചം ഏതോ അതാണ്‌ ദൈവം എന്ന് കാട്ടിത്തരുന്നുണ്ട്.
6. ഒരു യുദ്ധക്കളത്തിലെ പോരാളി തളര്‍ന്നുവീണു കിടക്കുന്നു. സഹായത്തിനായി ആ പോരാളി (പട്ടാഭിരാമന്‍) യുദ്ധക്കളത്തില്‍ കേഴുന്നു.അതേ യുദ്ധക്കളത്തിലെ മറ്റൊരു പോരാളി (അസ്‌ലന്‍ മുഹമ്മദ്) അയാളെ പിടിച്ചുയര്‍ത്തി തോളില്‍ താങ്ങുന്നു.
ഞാന്‍ മനസിലാക്കിയത്:-
1520 CE റായ്ച്ചൂര്‍ യുദ്ധം വിജയനഗര്‍ ചക്രവര്‍ത്തിയും ബിജാപൂര്‍ സുല്‍ത്താനും തമ്മില്‍.ആ യുദ്ധത്തിലെ രണ്ടു പോരാളികള്‍ യുദ്ധം ജയ്ക്കുന്നത് ഇവര്‍ അടങ്ങുന്ന വിജയനഗര്‍ (ഹൈന്ദവ) സംഘം തന്നെ.രണ്ട് തട്ടുകളില്‍നിന്നു ചിന്തിച്ചാലും സഹായതിനെതുന്ന അസ്‌ലന്റെ കഥാപാത്രം വീണു പോകുന്നവര്‍ക്ക് ഒരു പ്രതീക്ഷയാണ്.ഇന്ന്,അത് പറയുമ്പോള്‍ പട്ടാഭിരാമന്‍ എന്ന ബ്രാഹ്മണനെ അസ്‌ലന്‍ മുഹമ്മദ് എന്നാ ഇസ്ലാം കൈ പിടിച്ചുയര്‍ത്തുന്നു.
7. ലോകത്തിലെ ഏറ്റവും വലിയ ചെറിയ മന്ത്രം എന്ന് ഞാന്‍ വിശ്വസിക്കുന്ന 'തത്ത്വമസി',നമ്മുടെ പ്രാര്‍ത്ഥനകള്‍ നടത്തി തരാമോ,ചെയ്തു തരാമോ എന്നൊന്നുമല്ല.നടത്തിത്തരണേ,ചെയ്തു തരണേ എന്നാണ്.ഒരു  ചെറിയ അവകാശവാധത്തിന്‍റെ ധ്വനി നമ്മുടെയെല്ലാം പ്രാര്‍ത്ഥനകളില്‍ ഉണ്ട്.എന്നാല്‍ ദൈവം പറയുന്നു  'തത്ത്വമസി',അത് നീ തന്നെയാണ് എന്ന്.ബുദ്ധിക്കും ശക്തിക്കും ,വിജ്ഞാനത്തിനും,സമ്പത്തിനും,ആരോഗ്യത്തിനും,നീതിക്കും ന്യായത്തിനും വേണ്ടി അലമുറയിട്ടു പ്രാര്‍ത്ഥിക്കുമ്പോള്‍ ,നീ തന്നെയാണ് അതിനുള്ള ഉത്തരം,നീ തന്നെയാണ് അതിലേക്കുള്ള വഴി എന്നും കാട്ടി തരുന്നു.
ഹിന്ദിക്കാരുടെ മാത്രം രാജ്യമെന്ന വാദം കുറച്ചെങ്കിലും  ഇപ്പോഴുമുണ്ട് ഇന്ത്യയ്ക്ക്.എന്നാല്‍ അത് അങ്ങനെയല്ല.ആരൊക്കെയാണ് യഥാര്‍ത്ഥ അവകാശികള്‍ എന്ന് കാലം പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്.ടിയാന്‍ അത് തുറന്നു കാട്ടുന്നു.
         
            'ടിയാന്‍-The Above Mentioned' 
             അതെ,മുകളിലുള്ളവന്‍.

2017 ജൂൺ 30, വെള്ളിയാഴ്‌ച

സ്നേഹപൂർവ്വം വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന് ......





പ്രിയപ്പെട്ട കൂട്ടുകാരെ
 സ്വന്തം കുടുംബത്തിലായാലും തൊഴിലിടങ്ങളിൽ ആയാലും സമൂഹ മധ്യത്തിൽ ആയാലും അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിനു പുതിയ ഊർജ്ജവും മുഖവും നൽകാനായി ധീരമായി ഉയർന്ന ശിരസ്സോടെ മുന്നോട്ടു വന്ന പ്രിയപ്പെട്ട കൂട്ടുകാരികൾക്കു, വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന് എല്ലാ പിന്തുണയും. തീർച്ചയായും ഇതുവരെയും നിങ്ങൾ സ്വീകരിച്ച നിലപാടുകളും തീരുമാനങ്ങളും വളരെ പക്വമാർന്നതു തന്നെയാണ്. കൂട്ടായ തീരുമാനങ്ങളിലൂടെ ഉയർന്നു വരുന്ന ശരിയായ നിലപാടുകൾക്ക് പൊതു സമൂഹത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. ഒരു പക്ഷെ നിങ്ങള്ക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള പിന്തുണയുയും സ്നേഹവും ആണ് നിങ്ങള്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആ സ്നേഹത്തിൽ നിന്നും പിന്തുണയിൽ നിന്നും കിട്ടുന്ന ഊർജ്ജം, ശക്തി അത് തിരിച്ചറിയുക. വളരെ ഉയരത്തിൽ പറക്കാൻ കഴിയുന്ന പ്രാവിന്റെ ചിറകുകൾ കുറെ  നാൾ കെട്ടി വച്ചിരുന്ന ശേഷം ആ കെട്ടുകൾ അഴിച്ചാലും അവ പറക്കാൻ ശ്രമിക്കില്ല , അവയ്ക്കു പറക്കാനുള്ള കഴിവ് നഷ്ട്ടമായിട്ടല്ല പക്ഷെ അതിനു സാധിക്കില്ല എന്നൊരു ബോധം ഉള്ളിൽ ഉറച്ചു പോയത് കൊണ്ടാണ്. എന്നാൽ സർവ്വ ശക്തിയുമെടുത്തു ഒന്ന് കുതിച്ചാല് അതിരുകളില്ലാത്ത ആകാശം അവയ്ക്കു സ്വന്തവുമാകും. തീർച്ചയായും നിങ്ങളെ ബന്ധിക്കുവാനും അടിച്ചമർത്തുവാനും ആർക്കും സാധിക്കുകയില്ല, അങ്ങനെ ഒരു തോന്നൽ സൃഷ്ടിക്കുമ്പോൾ ഒതുങ്ങി നിൽക്കാതെ സ്വന്തം ശക്തിയിൽ വിശ്വസിച്ചു  കൊണ്ട് ചിറകു വിടർത്തി പറക്കുക തന്നെ വേണം. നിലവിൽ മുഴുവൻ അഭിനേതാക്കളും അംഗങ്ങൾ ആയിട്ടുള്ള ഒരു സംഘടനയിലെ അംഗങ്ങൾ ആണ് നിങ്ങൾ. തീർച്ചയായും ആ സംഘടനക്കു ഒരു പേര് ഉണ്ട് എന്നാൽ നിലവിൽ ആ സംഘടനയുടെ ചില പ്രവൃത്തികൾ ആ പേരിൽ അറിയപ്പെടാൻ അവർ അർഹരല്ല എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് പേര് പറയാത്തത്. ആ സംഘടനയിൽ നിങ്ങളുടെ പ്രവർത്തനങ്ങളും ശബ്ദവും പക്വമാർന്നതു തന്നെയാണ്. ആ സംഘടനയിലെ തന്നെ പലരും അതിൽ നിന്ന് നിങ്ങൾ പിണങ്ങി പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഒരിക്കലും അവർക്കു വഴിപ്പെട്ട് കൊടുക്കരുത്. ആ സംഘടനക്കുള്ളിൽ നിന്ന് കൊണ്ടും നിങ്ങള്ക്ക് പോരാടേണ്ടതുണ്ട്. ആ സംഘടനയോട് സമരസപ്പെടുമ്പോൾ തന്നെ വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന് സ്വന്തം നിലയിൽ ഒരു പാട് കാര്യങ്ങൾ ചെയ്യുവാനുണ്ട്. അതിൽ പരമ പ്രധാനം സ്വന്തം സഹപ്രവർത്തകയ്ക്കു നീതി ലഭ്യമാക്കുക എന്നത് തന്നെയാണ്. അതിനായി സർവ്വ ശക്തിയുമെടുത്തു പോരാടുക. പൊതു സമൂഹം ഒപ്പമുണ്ട്. അതോടൊപ്പം തന്നെ സ്വന്തം തൊഴിലങ്ങളിൽ തന്നെയോ പൊതുവായോ നിശ്ശബ്ദരാക്കപ്പെട്ടുന്ന അമ്മമാരുടെ സഹോദരിമാരുടെ കുഞ്ഞുങ്ങളുടെ നാവായി മാറുക, ശബ്ദമായി മാറുക, കൈത്താങ്ങായി മാറുക. സമൂഹത്തിനായി നിങ്ങള്ക്ക് സംഭാവന ചെയ്യാൻ കഴിയുന്ന എല്ലാ മാർഗ്ഗങ്ങളും പാതകളും അവസ്സരങ്ങളും കാണുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക. നിങ്ങളിൽ തന്നെ പാർശ്വവൽക്കരിക്കപ്പെടുന്നവർക്കായി ; അവസ്സരം കിട്ടാത്തവർക്ക് വേണ്ടി സ്വന്തം നിലയിൽ സിനിമ നിർമ്മിക്കുക അതിന്റെ സമസ്ത മേഖലകളും അവഗണ നേരിടുന്നവർക്ക് അവസ്സരങ്ങൾ നൽകുക തുടങ്ങി ഒട്ടേറെ ചെയ്യാൻ കഴിയും. ഒന്നിച്ചു ഒരേ മനസ്സോടെ മുന്നോട്ടു പോവുക , അതിരുകളില്ലാത്ത ആകാശം നിങ്ങളുടേത് കൂടിയാണ്.......
പ്രാർത്ഥനയോടെ........

2017 ജൂൺ 23, വെള്ളിയാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......





പ്രിയപ്പെട്ട മെസ്സീ , അന്നൊരു  മഴക്കാലത്താണ്  ആദ്യമായി നമ്മൾ കൂട്ടുകാരായതു. പിന്നീട് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒരുപാടു മഴക്കാലങ്ങൾ നമ്മെ കടന്നു പോയി .വിജയപരാജയങ്ങളുടെ മഴ നനഞ്ഞതും  അന്നും  ഇന്നും ഒരുമിച്ചു തന്നെയാണ്. ജൂൺ 24 നു നീയാകുന്ന കളിയഴകിനു 30 ന്റെ നിറവ്  . ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. നിന്റെ പിറന്നാളിനും രണ്ടു ദിവസ്സം മുൻപ് പിറന്നാൾ ആഘോഷിക്കുന്ന എനിക്ക് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന പിറന്നാൾ സമ്മാനങ്ങൾ നീ തന്നിട്ടുണ്ട്. പലരും ചോദിക്കാറുണ്ട് എന്തിനാണ് നിന്നെക്കുറിച്ചു ഇത്രമാത്രം സംസാരിക്കുന്നത് , എഴുതുന്നത് എന്നൊക്കെ. അവരോടൊക്കെ പറയാൻ ഒരു ഉത്തരമേ ഉള്ളു. നീ സൃഷ്ട്ടിക്കുന്ന ശൂന്യതയിൽ നിന്റെ മഹത്വങ്ങൾ പറഞ്ഞു കണ്ണീർ വാർക്കുന്നതിനേക്കാൾ നിന്റെ സാന്നിധ്യത്തിൽ , നിന്റെ കളിയഴക് നിറയുന്ന വേളയിൽ തന്നെ നിനക്കു അർഹമായ ആദരവ്,  പരിഗണന, പ്രോത്സാഹനം നല്കണം എന്നു നിർബന്ധം ഉള്ളത് കൊണ്ടു തന്നെയാണ് നിന്റെ സാന്നിധ്യം ഞങ്ങൾ ആഘോഷമാക്കുന്നത്, നിന്റെ കളിയിടങ്ങൾ ഞങ്ങൾ ഉത്സവങ്ങൾ ആക്കി മാറ്റുന്നത്.  നീ എന്നും ഞങ്ങളുടെ വിശ്വാസ്സം കാത്തിട്ടേയുള്ളു. ഞങ്ങളെ പരിഹസിക്കാൻ ആർക്കും ഇടം നൽകാതെ കളിക്കളത്തിൽ നീ ഇന്ദ്രജാലങ്ങൾ കാട്ടിക്കൊണ്ടേയിരുന്നു. ഞങ്ങളെ പരിഹസിക്കാൻ ആർക്കും വിട്ടു കൊടുക്കില്ല എന്നത് നിന്റെ നിർബന്ധം കൂടിയായിരുന്നു. പകരം വയ്ക്കാൻ കഴിയാത്ത സ്നേഹവും പരിഗണനയും നീ ഞങ്ങൾക്ക് തിരിച്ചും നൽകി. എങ്കിലും ചെറിയ പിഴവുകൾ പറ്റുമ്പോൾ പോലും നീ ഏറെ വേദനിച്ചിരുന്നു. സ്വാർത്ഥമായ ചിന്തയിൽ ആയിരുന്നില്ല. നിന്നെ സ്നേഹിക്കുന്ന ഞങ്ങളെ പോലെയുള്ളവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല എന്ന വേദന ആയിരുന്നു  അതിനു പിന്നിൽ . നിന്നെ ഞങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. മനുഷ്യ സാധ്യമായതിനു അപ്പുറം നീ ചെയ്യുമ്പോഴും നീ ഞങ്ങളുടെ അരികിൽ തന്നെ ഞങ്ങളിൽ ഒരാളായി എപ്പോഴും ഉണ്ടായിരുന്നു. ആകാശത്തോളം വളരുമ്പോഴും നിന്റെ പാദങ്ങൾ ഭൂമിയിൽ തന്നെ ഉറച്ചു നിന്നിരുന്നു. നിന്റെ കണ്ണുകൾ ഞങ്ങളെ തേടിക്കൊണ്ടേയിരുന്നു. നിന്റെ പുഞ്ചിരി ഞങ്ങൾക്ക് നേരെ തന്നെയായിരുന്നു. രാജ്യത്തിനു വേണ്ടി ഒരു കപ്പ് നേടുക എന്നത് നിന്റെ ആഗ്രഹമായിരുന്നു, അതിനു വേണ്ടി നീ തീവ്രമായി ശ്രമിക്കുകയും ചെയ്തു. അതു കൊണ്ടാണല്ലോ നാലു ഫൈനലുകളിൽ നിന്റെ ടീമിനെ എത്തിക്കാൻ നിനക്കു കഴിഞ്ഞത്.  എല്ലാ കളികളിലും മനുഷ്യ സാധ്യമായതിനും അപ്പുറം  നിന്റെ വിസ്മയങ്ങൾ കാണുകയും ചെയ്തു. വരുന്ന ലോകകപ്പ്  നിനക്ക് നേടാൻ സാധിക്കും എന്ന ഉറച്ച വിശ്വാസവും പ്രതീക്ഷയും ഉണ്ട്. തീർച്ചയായും നിനക്കതു സാധിക്കുക തന്നെ ചെയ്യും. എല്ലാ ആശംസകളും പ്രാത്ഥനകളും.
2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥ പിറന്നാൾ സമ്മാനമായി വീണ്ടും ഒരിക്കൽ കൂടി ......

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുറുക്കത്തിനു    ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി  ആണെങ്കില  മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ്  ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ്  അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

2017 ജൂൺ 22, വ്യാഴാഴ്‌ച

Tiyaan....






The star brothers of Mollywood Prithviraj and Indrajith are coming together to the big screen for their new  Malayalam movie Tiyaan. The film is scripted by Murali Gopy and he also have a prominent role. Tiyan is directed by Jiyen Krishnakumar, who is debutant in film direction. Malayalam actor Shine Tom Chacko, Rahul Madhav, Ananya Nair are also featuring in different roles in this film.
Tiyaan – which means ‘the above mentioned’ will be a complete different movie in Prithvi’s career as a lead actor, Ezra was his last movie and which earned a big box office collection and it holds the slogan ‘the best horror Malayalam movie’ and so Malayalam movie lovers expecting another big treat from Prithviraj.
Pritviraj – Indrajith combination comes together again after the success of Amar akbar anthony and the fans of both have an expectation in its peak. This film is murali Gopy’s new venture after the Malayalam movie Left right left. Since it is a Murali’s film the character should have an intensity like his previous works Ee adutha kalathu, Left right left etc. it should be a complete entertainer for all viewers.
This work would be special one for Indrajith since his younger daughter Nakshthraappears in this film and the character Pattabhiraman (Indrajith) should be the toughest one among his work. Ananya plays a strong character named Amba, the better half of Pattabhiraman. The movie involves the languages and many places across India. Mumbai, Pune, Badrinath and Manali are the main shooting locations, the religious sites at Nashik and kumba mela are also captured for this film.

The film is produced under the banner of Red rose creations. The music and scores are composes by Gopi Sunder. Satheesh Kurup handles the cinematography Haneef Mohammed bankrolls the movie under the banner of Red Rose Creations.
Cast and Crew
Director                          Jiyen Krishnakumar
Written                           Murali Gopy
Music                             Gopi Sunder
Cinematography            Satheesh Kurup
Producer                        Haneef Mohammed
Production Company     Red Rose Creations
Starring
Prithviraj Sukumaran
Indrajith Sukumaran
Murali Gopy
Shine Tom Chacko
Rahul Madhav
Suraj Venjaramoodu
Ananya Nair
Release date : 29th june
https://www.youtube.com/watch?v=f9ym_s-CEmI

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️