2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

മഹിതം മലയാളം





"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ".
ആശയ വിനിമയത്തിലെ ഏറ്റവും ശക്തമായ ഉപാധിയാണ് ഭാഷ. തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്.മലയാളിയുടെ മാതൃഭാഷ മലയാളമാണ്.മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും,  ലിപി  ഉണ്ടെങ്കിൽ  അതു ഉൾപെടുന്ന അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ്. ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു് മലയാളം ദ്രാവിഡ  ഗോത്രത്തില്‍പ്പെടുന്ന മലയാള ഭാഷയ്ക്ക് 2013-ല്‍ ശ്രഷ്ഠ പദവി ലഭിച്ചു. മലയാള ഭാഷോത്പത്തിയെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്. ഒരു ആദി ദ്രാവിഡഭാഷയില്‍ നിന്നു ഭൂമി ശാസ്ത്രപരമായ കാരണങ്ങളാല്‍ സ്വതന്ത്രമായി വികസിച്ചതാണ് മലയാളമെന്നും അതല്ല തമിഴില്‍ നി്ന്നു വേര്‍തിരിഞ്ഞു രൂപപ്പെട്ടതാണ് എന്നതുമാണ് പ്രബലമായ രണ്ടു വാദങ്ങള്‍. ഭാഷാപരമായ പരിണാമത്തിന്റെ ഫലമായാണ് മലയാളം രൂപപ്പെട്ടതെന്ന് എല്ലാവരും സമ്മതിക്കുന്നു. തമിഴ്, സംസ്കൃതം എന്നിവയുമായി മലയാളത്തിന് ഗാഢമായ ബന്ധമുണ്ട്. വാമൊഴിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും പതിമൂന്നാം  നൂറ്റാണ്ടു മുതലാണ് സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളം വളര്‍ച്ച നേടിയത്. ഈ കാലയളവിലുണ്ടായ രാമചരിതമാണ് മലയാളത്തിലെ ആദ്യത്തെ കാവ്യം.ഒമ്പതാം നൂറ്റാണ്ടു മുതല്‍ വട്ടെഴുത്ത് ലിപിയാണ് മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്ന് പിന്നീട് കോലെഴുത്ത് രൂപപ്പെട്ടു. ഗ്രന്ഥലിപിയില്‍ നിന്നാണ് ഇന്നത്തെ മലയാളലിപി ഉണ്ടായത്. പതിനാറാം  നൂറ്റാണ്ടു മുതലാണ് മലയാളമെഴുതാന്‍ ഗ്രന്ഥ ലിപി ഉപയോഗിച്ചു തുടങ്ങിയത്. ഭാഷാപിതാവായി ഗണിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ 'കിളിപ്പാട്ടുകള്‍' എഴുതാന്‍ ഉപയോഗിച്ചത് ഗ്രന്ഥ ലിപിയാണ്. ദേശഭേദമനുസരിച്ചുള്ള ഉച്ചാരണഭേദങ്ങളും ശൈലീഭേദങ്ങളും വാമൊഴി മലയാളത്തില്‍ നിലനില്‍ക്കുന്നു.

പതിനാറാം  നൂറ്റാണ്ടു മുതല്‍ അച്ചടി കേരളത്തില്‍ എത്തിയെങ്കിലും മലയാളം അച്ചടി തുടങ്ങിയത് വൈകിയാണ്. 1772-ല്‍ റോമില്‍ മുദ്രണം ചെയ്ത 'സംക്ഷേപവേദാര്‍ത്ഥം' (1772) മാണ് അച്ചടിക്കപ്പെട്ട അദ്യ മലയാള പുസ്തകം.
ഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം.  ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളമാണ് . മാതൃഭാഷയ്‌ക്കുമേലുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധമാണ്. ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് മാതൃ ഭാഷയിലെ  വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവും .കുട്ടിയുടെ അറിവും കഴിവും ശേഷിയുമടക്കം സര്‍വതോന്മുഖ പുരോഗതി ലക്ഷ്യമിടുന്നതായിരി ക്കണം വിദ്യാഭ്യാസം . ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ.  മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്‍ കീഴില്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍.മാതൃഭാഷയെ സംരക്ഷിക്കുവാന്‍ നമുക്ക് ഓരോരുത്തർക്കും  ബാധ്യതയുണ്ട്.

2017 ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ശ്രീശാന്തിനും നീതി ലഭിക്കണം.......





സ്വാഭാവിക നീതി അത് ഏതൊരു പൗരന്റെയും അവകാശമാണ്. അവിടെ ജാതിയും മതവും രാഷ്ട്രീയവും മറ്റു പ്രാദേശിക വികാരങ്ങളും തടസ്സമാകയുമരുത്. ഇവിടെയാണ് ശ്രീശാന്ത് എന്ന കളിക്കാരന് നിഷേധിക്കപ്പെട്ടിരിക്കുന്ന നീതി നമ്മൾ ചർച്ച ചെയ്യേണ്ടത്. കോടതി കുറ്റവിമുക്തനാക്കിയ  ശേഷവും ഈ നീതി നിഷേധം തുടരുകയാണ്. ഇത്തരം നീതി നിഷേധത്തിനു മുൻകൈ എടുത്തവർ ഇന്ന് എവിടെ നിൽക്കുന്നു എന്നത് കാലത്തിന്റെ കാവ്യ നീതി മാത്രമാണ്.എന്നിരുന്നാൽ തന്നെ  ധോണി, റെയ്ന തുടങ്ങി ഈ സംഭവുമായി ബന്ധപ്പെട്ടു കേട്ട കളിക്കാരെല്ലാം ഇന്നും കളിക്കളത്തിൽ തുടരുന്നു. കൊടും കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും വരെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ ആളുകളുള്ള നാട്ടിൽ എന്തിനേറെ മനുഷ്യ ജീവനെക്കാളും   തെരുവുനായ്ക്കൾക്കു നീതി വേണമെന്ന് വാദിക്കുന്ന ആളുകൾക്കിടയിൽ ആണ് ഇത്തരത്തിൽ  ശ്രീശാന്തിനെ പോലെയുള്ളവർക്കു സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നത് എന്നത് ദുഖകരമാണ്. പരമോന്നത നീതിപീഠത്തിനെയും പുതിയ ഭരണ സമിതിയെയും പൂർണ്ണ വിശ്വാസ്സം ഉള്ളത് കൊണ്ടാണ് ശ്രീശാന്തിന്റെ കാര്യത്തിൽ സ്വാഭാവിക നീതി പാലിക്കപ്പെടും എന്ന പ്രതീക്ഷ ഉള്ളത്. തീർച്ചയായും എത്രയും വേഗത്തിൽ തന്നെ ശ്രീശാന്തിനെ പോലെ ആത്മസമർപ്പണം നടത്തുന്ന ഒരു കളിക്കാരന്റെ വിലക്ക് നീക്കി അദ്ദേഹത്തിന് സ്വാഭാവിക നീതി ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കാം.
പ്രാർത്ഥനയോടെ ......

2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച

പ്രണയഭാരം .............



പ്രണയ ഉപഹാരങ്ങളുമായി ഗിഫ്റ്റ് ഷോപ്പിന്റ  പടിയിറങ്ങുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. പട്ടു തുണിയില്‍ ആ പ്രണയ സമ്മാനങ്ങള്‍ തോളില്‍ ഭാണ്ഡമാക്കി  തൂക്കി കൊണ്ട് തന്റെ പ്രണയിനികളെ ലക്ഷ്യമാക്കി അയാള്‍ നടന്നു. ചുവന്ന പട്ടില്‍ ഇത് എന്റെ ഹൃദയമാണ് എന്ന് ഓരോ സമ്മാനങ്ങളിലും എഴുതി വച്ചിരുന്നു. നാലും കൂടിയ കവലയില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് സംശയം ആദ്യം എങ്ങോട്ട് പോകണം, എന്തായാലും ആദ്യം ഇടത്തേക്ക് പോകാം. അവിടെയാണ്, കാര്‍ത്തിക, റസിയ, പിന്നെ ഡേയ്‌സിയും , ആദ്യം കാര്‍ത്തികയെ കാണാം . പക്ഷെ അവള്‍ക്കു സമ്മാനം കൊടുത്തു കഴിയുമ്പോള്‍ ഭാണ്ഡത്തിലുള്ള  മറ്റു സമ്മാനങ്ങളെ കുറിച്ച് ചോദിച്ചാല്‍ എന്ത് പറയും, അവള്‍ക്കു സംശയം തോന്നിയാലോ. എന്തെങ്കിലും നമ്പര്‍ പറഞ്ഞു രക്ഷപ്പെടാം, അയാള്‍ ഓര്‍ത്തു. ആദ്യം കാര്‍ത്തികയെ കണ്ടു സമ്മാനം നല്‍കി , സമ്മാനം വാങ്ങി , ഓ ഗ്രേറ്റ്‌ ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന് പറഞ്ഞു കൊണ്ട് അവള്‍ ചിരിച്ചു. അതിനു ശേഷം അയാള്‍ റസിയയുടെ വീട് ലക്ഷ്യമാക്കി നടന്നു. നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു എന്ത് കൊണ്ടാണ് കാര്‍ത്തിക ഭാണ്ഡത്തിലുള്ള  മറ്റു സമ്മാനങ്ങളെ പറ്റി ചോദിക്കാത്തത്. എന്തായാലും രക്ഷപെട്ടു. റസിയ, ഡെയ്സി  ഇവര്‍ക്കും ഗിഫ്റ്റുകള്‍ നല്‍കി ഒരു ലൈനില്‍ താമസ്സിക്കുന്നവരെ ത്രിപ്തിപ്പെടുതിയപ്പോള്‍ ഒരു വിധം സമാധാനമായി. ഇനി അടുത്ത ലൈനിലേക്ക് . പക്ഷെ അപ്പോഴും അയാള്‍ക്ക് ഒരു സംശയം ബാക്കിയായിരുന്നു. എന്ത് കൊണ്ട് അവരാരും ഭാണ്ഡത്തില്‍ ഉള്ള മറ്റു ഗിഫ്റുകളെ കുറിച്ച് ചോദിക്കാത്തത്. പിന്നെയും അയാള്‍ നാൽക്കവലയിൽ എത്തി. അടുത്ത ലൈനില്‍ പോകും മുന്‍പ് അല്പം വിശ്രമിക്കാം. അയാള്‍ അടുത്ത് കണ്ട മരച്ചുവടിലേക്ക് നടന്നു. അപ്പോള്‍ കണ്ട കാഴ്ച അയാളെ അത്ഭുതപെടുത്തി. തന്നെപ്പോലെ കുറെ ചെറുപ്പക്കാര്‍ ഭാണ്ഡങ്ങളും ആയി അവിടെ ഇരിക്കുന്നു. ഓരോരുത്തരും ഓരോ ലൈനുകളില്‍ പോയി വന്നു വിശ്രമിക്കുക ആണ്. തങ്ങള്‍ കൊടുത്ത ഗിഫ്റ്റുകള്‍ വാങ്ങിയവര്‍ ഭാണ്ഡത്തിലെ മറ്റു ഗിഫ്ട്ടുകളെ കുറിച്ച് ചോദിക്കാത്തത് എന്ത് കൊണ്ട്  എന്നാണ് എല്ലാവരും ചിന്തിച്ചു കൊണ്ടിരുന്നത് . തമ്മില്‍ കണ്ടപ്പോള്‍ ആ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ സംശയത്തിന്റെ ഉത്തരം പിടികിട്ടി. കാര്‍ത്തിക , ഡെയ്സി , റസിയ തുടങ്ങി എല്ലാവര്ക്കും അറിയാമായിരുന്നു ഇത് പോലെ തങ്ങളുടെ പ്രണയ പട്ടികയിലുള്ള ഒരു പാട് ചെറുപ്പക്കാര്‍ ഭാണ്ഡങ്ങളുമായി  ഇനിയും വരാന്‍ ഉണ്ടെന്നും , ഗിഫ്ടുകളുമായി വരുന്നവന്മാരുടെ പ്രണയ പട്ടികയില്‍ വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും , പ്രണയത്തിന്റെ ആ ഭാരങ്ങള്‍ ആണ് അവന്മാരുടെ തോളത്തു  തൂങ്ങുന്നത് എന്നും.......... എന്നിട്ടും സമ്മാനങ്ങള്‍ വാങ്ങുന്നതിനും കൊടുക്കുന്നതിനും മാത്രം ഒരു കുറവും ഉണ്ടായില്ല..........

പണത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാനമാനങ്ങളുടെയും , തൂക്കം നോക്കി പ്രണയം അളന്നു തിട്ടപ്പെടുത്തുന്ന ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു , എങ്കിലും അവശേഷിക്കുന്ന നാട്ടിടവഴികളിലും , പള്ളിമെടകളിലും, ഉത്സവ പറമ്പുകളിലും ഒക്കെയായി പ്രണയാർദ്രമായ  ഒരു നോട്ടത്തിലൂടെ, പുഞ്ചിരിക്കുന്ന തിരിഞ്ഞു നോട്ടങ്ങളിലൂടെ നിശബ്ദമായി പ്രണയത്തിന്റെ വിശുദ്ധി ഇപ്പോഴും മങ്ങാതെ , മറയാതെ നില്‍ക്കുന്നു....... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍......

2017 ഫെബ്രുവരി 9, വ്യാഴാഴ്‌ച

#EZRA




#EZRA
✨🌹❤നൂറിലേറെ തവണ എസ്ര കണ്ടു, ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു - പൃഥ്വിരാജ്
✨ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പൃഥ്വിരാജിന്റെ എസ്ര എന്ന ചിത്രത്തെ കാത്തിരിയ്ക്കുന്നത്. നവാഗതനായ ജയ്‌കെ സംവിധാനം ചെയ്യുന്ന ചിത്രം മലയാള സിനിമയെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരിയ്ക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
✨എല്ലാം പ്രതീക്ഷകളും നിലനിര്‍ത്തി നാളെ (ഫെബ്രുവരി 10 ന്) ചിത്രം റിലീസ് ചെയ്യും. എസ്ര എന്ന ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജിനും ഏറെ പ്രതീക്ഷയുണ്ട്. സിനിമയെ കുറിച്ച് പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് നോക്കാം...
💖ജൂത കഥ
ജൂത കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമായിരിയ്ക്കും എസ്ര. ജൂത കമ്യൂണിറ്റിയില്‍പ്പെട്ട ദമ്പതികളുടെ കഥയാണിത്. കേരളത്തിലെ ജൂതമത ചരിത്രത്തെ കുറിച്ച് എസ്രയില്‍ പറയുന്നുണ്ട്.
  
💖അത്ഭുതപ്പെടുത്തുന്നു
ഇതിനോടകം ഞാന്‍ എസ്ര നൂറിലേറെ തവണ കണ്ടു കഴിഞ്ഞു. ഓരോ തവണ കാണുമ്പോഴും ചിത്രം ഒരു അത്ഭുതമായി തോന്നുന്നു. പ്രേക്ഷക്ഷകര്‍ക്ക് ഈ ചിത്രത്തില്‍ നിന്ന് ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നാണ് പൃഥ്വി പറയുന്നത്.
  
💖ഭാര്‍ഗ്ഗവി നിലയത്തിന് ശേഷം
മലയാളത്തിലെ ക്ലാസിക് ചിത്രമായ ഭാര്‍ഗ്ഗവി നിലയത്തിന് ശേഷമുള്ള ആദ്യത്തെ സ്‌ട്രൈറ്റ് ഹൊറര്‍ ചിത്രമായിരിക്കും എസ്ര. മിക്ക ഹൊറര്‍ ചിത്രങ്ങളും കോമഡിയ്ക്ക് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. എന്നാല്‍ ഹൊറര്‍ ചിത്രത്തിന് ഇതുവരെയുള്ള ഫോര്‍മുലകളെല്ലാം എസ്ര തിരുത്തിയെഴുതും എന്നും പൃഥ്വിരാജ് പറഞ്ഞു.
💖ചിത്രത്തിലെ കഥാപാത്രങ്ങള്‍
തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായിക. ഇംഗ്ലീഷ് വിംഗ്ലീഷ് പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ച പ്രിയയുടെ ആദ്യ മലയാള സിനിമയാണ് എസ്ര. ഇവരെ കൂടാതെ ബാബു ആന്റണി, വിജയരാഘവന്‍, സുദേവ് നായര്‍, ടൊവിനോ തോമസ്, പ്രതാപ് പോത്തന്‍, അലന്‍സിയര്‍, ഭരത് ദബോല്‍ക്കര്‍, ആന്‍ ഷീതല്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
  
💖അണിയറയില്‍
സുജിത്ത് വാസുദേവസാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹര്‍ഷനാണ്. രാഹുല്‍ രാജും സുഷൈന്‍ ശ്യാമും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നു. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി, എവി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
❤🔥❤🔥❤🔥❤🔥❤

2017 ഫെബ്രുവരി 2, വ്യാഴാഴ്‌ച

സ്ത്രീത്വം ( ലക്ഷ്മി നായർ ) അക്രമാക്കിക്കപ്പെടുമ്പോൾ .....



ലാ അക്കാദമിയിലെ കുട്ടികൾ ബഹുമാനപ്പെട്ട ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സാറിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്, നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നു എന്നാൽ പ്രിൻസിപ്പാളിനും അവരുടേതായ ഭാഗം പറയാൻ ഉണ്ടാകും . നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ തന്നെ പരിഹരിക്കണം, മുതലെടുപ്പ് നടത്താൻ പിന്തുണയുമായി വരുന്ന രാഷ്ട്രീയ നേതാക്കളെ വിശ്വസിക്കരുത് എന്ന്. ഇപ്പോൾ ഇത് പറയാൻ കാരണം ലാ അക്കാദമി സമരം തുടങ്ങിയപ്പോൾ മുതൽ വിദ്യാര്ഥികളുടയും പ്രിൻസിപ്പാളിന്റെയും ഭാഗത്തു നിന്നാണ് ഞാനും സംസാരിച്ചത്. എന്നാൽ ലക്ഷ്മി നായരുടെ  കൂടി ഭാഗം പറഞ്ഞു എന്ന നിലയിൽ എനിക്കും പലഭാഗത്തും നിന്നും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ലക്ഷ്മി നായർ എന്ന വ്യക്തിയോട് എനിക്ക് ബഹുമാനമാണ്, കാരണം അത്രമേൽ പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ലക്ഷ്മിനായർക്കു കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെ. ജിഷ്ണു പ്രണോയ് മരിച്ച നെഹ്‌റു കോളേജ് , ടോംസ് കോളേജ്  അല്ലെങ്കിൽ വര്ഷങ്ങളായി വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുകയും ആത്മഹത്യാ ചെയ്യുകയും ചെയ്‌ത കേരത്തിലെ അങ്ങോളമിങ്ങോളം ഉള്ള സ്വാശ്രയ കോളേജുകൾ, ഇവിടെയുള്ള അല്ലെങ്കിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്ന പ്രിൻസിപ്പാളിന്റെ പേരുകൾ എത്ര പേർക്ക് അറിയാം. അവിടെയെല്ലാം പ്രിൻസിപ്പാൾ മാർ ഉണ്ട്, ഉണ്ടായിരുന്നു . പിന്നെ അത് പോലുള്ള സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ലക്ഷ്മി നായർ മാത്രം ആക്രമിക്കപ്പെടുന്നു. ഞാൻ മുൻപേ പറഞ്ഞത് പോലെ അവർ ഒരു സ്ത്രീ ആയി പോയി എന്നതും ഒരു കാരണമാണ്. എന്നാൽ ഈ വിഷയത്തിൽ അതിലുപരി മറ്റു ചില അജണ്ടകൾ ഉണ്ട്. ഒരുകാര്യത്തിൽ വിദ്യാർത്ഥികളെ തെറ്റ് പറയുന്നില്ല എന്തെന്നാൽ അവർക്കു അക്കാദമിക് തലത്തിൽഎന്തെങ്കിലും ബിദ്ധിമുട്ടുകൾ നേരിടുന്നു എങ്കിൽ അത് പരിഹരിക്കപ്പെടുക തന്നെ വേണം. എന്നാൽ മറ്റൊരു തരത്തിൽ വിദ്യാർത്ഥികൾ തെറ്റുകാരുമാണ്, തങ്ങളുടെ പ്രിൻസിപ്പലിനെ വ്യക്തിപരമായി ആക്രമിക്കാൻ മാധ്യമങ്ങൾക്കും സമൂഹത്തിനും വിട്ടു  നൽകി  എന്ന വിധത്തിൽ. അവിടെയാണ് മറ്റു ചില വശങ്ങൾ കൂടി പരിശോധിക്കേണ്ടി  വരുന്നത്. മാധ്യമങ്ങൾ ഈ വിഷയത്തിൽ എന്ത് കൊണ്ട് ഇത്രയേറെ ആവേശം കാണിക്കുന്നു , ഉത്തരം ലളിതമാണ് ലാ അക്കാദമി ആയതു കൊണ്ട് തന്നെയാണ്. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നത് നമുക്കെല്ലാം ബോധ്യമുള്ളതാണല്ലോ. അപ്പോൾ പിന്നെ അഭിഭാഷക സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന ലാ അക്കാദമി യെ പോലെ ഒരു സ്ഥാപനത്തിന് എതിരെ പ്രവർത്തിക്കാൻ കിട്ടുന്ന അവസ്സരം അവർ പാഴാക്കുമോ. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വരുക എന്ന തന്ത്രപരമായ സമീപനം ആണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ നടത്തുന്നത്. ഒരാളെക്കുറിച്ചു അല്ലെങ്കിൽ ഒരു വിഷയത്തെക്കുറിച്ചു നിരന്തരം മോശം അഭിപ്രായം സമൂഹത്തിൽ  അവതരിപ്പിക്കുമ്പോൾ ചെറിയ അളവിൽ ലഹരി മരുന്ന് കുത്തി വച്ച് അതിനു അടിമയാക്കുന്ന സൈക്കോളജിക്കൽ പ്രവർത്തനമാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും  ഇത്തരം പ്രവർത്തനങ്ങളിലൂടെ ചിലർ നടത്തുന്നത്. പിന്നെ ഇതിനു പിന്നിലെ രാഷ്ട്രീയ മുതലെടുപ്പ് അത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയുമാണല്ലോ. വിദ്യാർത്ഥികൾക്കുണ്ടായ പ്രശ്നത്തിൽ എസ എഫ് ഐ ഇടപെട്ട് നടത്തിയ പരിഹാരം അഭിന്ദനം അർഹിക്കുന്നു. എല്ലാ വിദ്യാർത്ഥി സംഘടനകളും ചർച്ചയിൽ പങ്കെടുത്തതും എസ എഫ്ഇ ഐ ഒഴികെ മറ്റുള്ളവർ ഇറങ്ങിപ്പോയതും , ചർച്ച  തുടരാൻ സന്നദ്ധമായ സംഘടനാ എന്ന നിലയിൽ എസ എഫ് ഐ അവരുടെ ആവശ്യങ്ങൾ നേടിയെടുത്തതും എല്ലാം സമൂഹം കാണുന്നുണ്ട്. നിർഭയയും സൗമ്യയും ജിഷയുമെല്ലാം അക്രമിക്കപ്പെട്ടപ്പോൾ ശക്തമായി ശബ്ദമുയർത്തിയ ആൾ ആണ് ഞാൻ ഇന്നിപ്പോൾ ലക്ഷ്മി നായരെ വ്യക്തി പരമായി തേജോവധം ചെയ്യുന്നത് കാണുമ്പോഴും ശക്തമായി തന്നെ പ്രതികരിക്കുന്നു. ഒരു സ്ത്രീയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തേജോവധം ചെയ്യുന്നതും കാണുമ്പോൾ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയിൽ മിണ്ടാതിരിക്കാൻ കഴിയില്ല. ലക്ഷ്മി നായരുടെ ഔദ്യോഗികമായ വീഴ്ചകൾ ഉണ്ടെങ്കിൽ വിമർശിക്കാം എന്നാൽ വ്യക്തിപരമായി അവരെ തേജോവധം ചെയ്യുന്നത് ന്യായമാണോ. ലക്ഷ്മി നായരെ വിമർശിക്കുന്ന എത്രപേർ അവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെ കുറിച്ച് ശബ്ദിച്ചു. സ്ത്രീ പ്രവർത്തകർ ഉൾപ്പെടയുള്ളവർ ഈ വിഷയത്തിൽ പ്രതികരിച്ചു കണ്ടില്ല. ഏതെങ്കിലും ഒരു ചാനെൽ പാനലിൽ കുറച്ചു സ്ത്രീകളെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ കുറിച്ചുള്ള ന്യൂസ് ചർച്ചകൾ സംഘടിപ്പിച്ചില്ല. ലക്ഷ്മി നായർ ഒരു സ്ത്രീ എന്ന നിലയിൽ താങ്കളോട് ബഹുമാനമാണ്. ഔദ്യോഗികവും കലാപരവുമായ മേഖലകളിൽ ഒരേ സമയം വ്യക്തി മുദ്ര പതിപ്പിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ലക്ഷ്മി നായർ. പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും അത്തരം സന്ദർഭങ്ങളിൽ ആണ് നമ്മൾ ഒപ്പമുള്ളവരെ തിരിച്ചറിയുന്നത്. ഒരു പക്ഷെ ഇത് അതിനുള്ള ഒരു അവസരമായി കരുതിയാൽ മതി. സ്ത്രീയുടെ കരുത്തും സ്വാതന്ത്ര്യവും വ്യക്തിത്വവും ചിന്തകളും എന്നും ഉയർത്തിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ.........

2017 ജനുവരി 16, തിങ്കളാഴ്‌ച

കേരളത്തിന് അർഹമായ റേഷൻ വിഹിതം അനുവദിക്കണം........






കേരളത്തിന് അർഹമായ റേഷൻ വിഹിതം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് കൊണ്ട് കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിമാസം 1 .33 ലക്ഷം മെട്രിക് ടൺ കേന്ദ്ര വിഹിതം ലഭിച്ചിരുന്ന കേരളത്തിന് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ ലഭിക്കുന്ന വിഹിതം 1 .18  ലക്ഷം മെട്രിക് ടൺ മാത്രമാണ്.2 .76 കോടി ജനങ്ങൾക്ക് സൗജന്യ ധാന്യവിതരണം നടത്തിയിരുന്ന കേരളത്തിന്  ഇന്ന് 1 .54 കോടി ജനങ്ങൾക്ക് നൽകാൻ കേന്ദ്രം അനുവദിക്കുന്നത് പ്രതിമാസം 85416  മെട്രിക് ടൺ ധാന്യമാണ്. ശേഷിക്കുന്ന 1 .80 കോടി ജനങ്ങൾക്ക് 33333 മെട്രിക് ടൺ ധാന്യം ആണ് ലഭ്യമാക്കിയത്.മുൻഗണനാ പട്ടികയിൽ ഉൾപ്പെടാത്ത സംസ്ഥാനത്തെ 54 ശതമാനം വിഭാഗത്തിന് ആളൊന്നിന് 2 കിലോഗ്രാം ധാന്യം പോലും ലഭിക്കാത്ത സ്ഥിതി വിശേഷം ആണ് നിലവിൽ. വളരെ ഗുരുതരമായ ഒരു അവസ്ഥാ വിശേഷമാണ്.   കേരളത്തിന് പ്രത്യേകമായി ലഭിച്ചിരുന്ന സ്റ്റാറ്റിയൂട്ടറി റേഷൻ സമ്പ്രദായം 2013 ഇൽ കേന്ദ്ര സർക്കാർ നീക്കം ചെയ്തത് കേരളത്തിന് വലിയ തിരിച്ചടിയായി. ഇന്ത്യയിൽ ഭക്ഷ്യ ദൗർബല്യം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ 16  ആം സ്ഥാനമാണ് കേരളത്തിന് നൽകിയിരിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഉൾപ്പെടെണ്ടവരുടെ എണ്ണം 1 .54 എന്ന് നിശ്ചയിച്ചു കൊണ്ട് പ്രതിവർഷം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ധാന്യ വിഹിതത്തിൽ നിന്ന് 2  ലക്ഷം ടൺ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ദൗര്ഭാഗ്യകരവും അശാസ്ത്രീയവുമാണ് .അന്നപൂർണ പദ്ധതിയുൾപ്പെടെയുള്ള മറ്റു പദ്ധതികളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട ധാന്യ വിഹിതത്തിലും വൻ കുറവാണു നടത്തിയിരിക്കുന്നത്. ഇത് തികച്ചും അനീതിയാണ്. ആളോഹരി റേഷൻ എന്ന 1965 ഇൽ തുടങ്ങിയ കരാർ സർക്കാർ പാലിക്കുകയാണ് വേണ്ടത്. ഭക്ഷ്യ കമ്മി ഏറ്റവും കൂടുതലായി നേരിടുന്ന കേരളത്തിന് പ്രത്യേക പരിഗണന നല്കണം. ഇപ്പോൾ തന്നെ കുറവുള്ള 2 ലക്ഷം മെട്രിക് ടൺ ധാന്യത്തിനു പുറമെ കുറച്ചധികം ധാന്യം കൂടി കേരളത്തിന്റെ വിഹിതത്തിൽ അനുവദിക്കണം. എങ്കിൽ മാത്രമേ നിലവിൽ സംജാതമായിരിക്കുന്നു അവസ്ഥാവിശേഷം മറികടക്കാൻ സാധിക്കുകയുള്ളു. തീർച്ചയായും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വളരെ വേഗം തീരുമാനം കൈക്കൊള്ളുക തന്നെ വേണം. സംസ്ഥാന സർക്കാരിന്റെ മാതൃകാ പരമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇത്തരം ഗുരുതരമായ അവസ്ഥയിൽ കേരളം പിടിച്ചു നിൽക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഉള്ള പരിമിതികൾ വ്യക്തമാണ്. അത് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ സംസ്ഥാന സർക്കാരിനെ പഴി ചാരാതെ കേന്ദ്ര സർക്കാർ കേരളത്തിലെ സാധാരണ ജനവിഭാഗങ്ങളുടെ ഇത്തരത്തിലുള്ള  അവകാശങ്ങൾ സംരക്ഷിച്ചു നൽകാൻ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതാണ്. പരിമിതമായ ഭൂവിസ്തൃതിയാലും പ്രകൃതി വിഭങ്ങളാലും തന്നെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തോടുള്ള അവഗണന അവസാനിപ്പിച്ചു ഇക്കാര്യത്തിൽ കൂടുതൽ ക്രിയാത്മകമായി ഇടപെടാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കും എന്ന് കരുതുന്നു..
പ്രാർത്ഥനയോടെ.....

2017 ജനുവരി 15, ഞായറാഴ്‌ച

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആശംസകൾ......






ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ  കേരള സംസ്ഥാന  സ്കൂൾ കലോത്സവത്തിന്  ജനുവരി 16 മുതൽ 22  വരെ കണ്ണൂരിൽ തിരി തെളിയുകയാണ്. ഇനിയുള്ള ഏഴു നാളുകൾ കൗമാര കലയുടെ രാഗ താള വർണ വിസ്മയങ്ങൾ . 1956-ൽ ഈ കൗമാര കലാമേള ആരംഭിച്ചത് മുതൽ  2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. നദികളുടെ പേരിൽ അറിയപ്പെടുന്ന 20  വേദികളിലാണ് ഇത്തവണ കൗമാര കലാമേള അരങ്ങേറുന്നത്.വേദികൾക്കു നദികളുടെ പേര് നൽകിയതും അഭിന്ദനാർഹമാണ്‌. ജലക്ഷാമം നേരിടുന്ന വർത്തമാനകാലത്തു വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഇത്. തീർച്ചയായും കലാ കേരളത്തിന്റെ എല്ലാ കണ്ണുകളും ഇനിയുള്ള ഏഴു നാളുകൾ കണ്ണൂരിലെ കലോത്സവ വേദികളിൽ ആയിരിക്കും. ഹൃദയം നിറഞ്ഞ ആശംസകൾ .
പ്രാർത്ഥനയോടെ....

2017 ജനുവരി 12, വ്യാഴാഴ്‌ച

ശ്രീകുമാരൻ തമ്പി സാറിനു സ്നേഹപൂർവ്വം......




സിനിമ സമരങ്ങളുടെ പശ്ചാത്തലത്തിൽ ബന്ധുവാര് ശത്രുവാര് എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രത്തിൽ ശ്രീകുമാരൻ തമ്പി സാർ എഴുതിയ ലേഖനം വായിച്ചു. എന്നും എപ്പോഴും സിനിമയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഒരു യഥാർത്ഥ കലാകാരന്റെ ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ. അനുഭവത്തിന്റെ ചൂടും ഉൾക്കരുത്തും ആ വാക്കുകളിൽ അനുഭവവേദ്യമാണ്. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോഴും നല്ല സിനിമയുടെ വക്താവായി പിടിച്ചു നിന്ന മനസ്സിന്റെ നിശ്ചയദാര്ട്യം അഭിനന്ദനീയം തന്നെ . ഇന്നിപ്പോൾ നടക്കുന്ന സമര നാടകങ്ങൾക്കിടയിൽ അങ്ങയുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. വളരെ ചുരുക്കം ചിലർ മാത്രമാണ് ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുള്ളത്. അതിൽ തന്നെ ഭൂരിഭാഗവും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ വിഷയം കൈകാര്യം ചെയ്യാനും ശ്രദ്ധിച്ചിട്ടുണ്ട്. അതിനിടയിലാണ് ഏറ്റവും ശക്തവും വ്യക്തവുമായി ഈ വിഷയത്തിൽ ശ്രീകുമാരൻ തമ്പി സാർ തന്റെ നിലപാട് പറഞ്ഞിരിക്കുന്നത്.
ഈ സമര നാളുകളിൽ എല്ലാം തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രതികരണങ്ങൾ പ്രേക്ഷകർ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. നമ്മൾ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സിനിമ മേഖലയിലെ പല വ്യക്തിത്വങ്ങളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല എന്നത് അത്ഭുതകരമായി തോന്നി.  സാറിന്റെ അഭിപ്രായം ഏറെ ആദരവോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇത്തരം നിർണായക സന്ദർഭങ്ങളിൽ യാഥാർഥ്യങ്ങൾ തുറന്നു പറയാൻ അനുഭവങ്ങളുടെ ചൂടും ചൂരും ഉൾക്കരുത്തുമുള്ള ശ്രീകുമാരൻ തമ്പി സാറിനെ പോലുള്ള ഒരു ചുരുക്കം ചിലർ എങ്കിലും ഉണ്ട് എന്നത് മാത്രമാണ് പ്രതീക്ഷ നൽകുന്നത്. അഭിനന്ദനങ്ങൾ.......
പ്രാർത്ഥനയോടെ......

2017 ജനുവരി 11, ബുധനാഴ്‌ച

ദേശീയ യുവജന ദിനം .....






In 1984, the Government of India declared and decided to observe the birthday of Swami Vivekanand ,12 January as a National Youth Day every year from 1985 onwards.'it was felt that the philosophy of Swamiji and the ideals for which he lived and worked could be a great source of inspiration for the Indian Youth.'

എല്ലാ പ്രേമവും വികാസവും എല്ലാ സ്വാർഥവും സങ്കോചവുമാണ്. അതിനാൽ സ്‌നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സ്‌നേഹിക്കുന്നവൻ ജീവിക്കുന്നു, സ്വാർഥി മരിക്കുന്നു. അതിനാൽ സ്‌നേഹിക്കുവാനായി സ്‌നേഹിക്കുക; കാരണം, അത് ജീവിക്കുവാൻ ശ്വസിക്കുക എന്നതുപോലെ ജീവിതത്തിന്റെ നിയമമാണ്.

ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.

സത്യം, പരിശുദ്ധി, നിസ്വാർഥത - ഈ മൂന്നുമുള്ളയാളെ തകർക്കാൻ സൂര്യനു കീഴെയോ ഉപരിയോ യാതൊരു ശക്തിയുമുണ്ടായിരിക്കുകയില്ല. ഇവയുള്ള വ്യക്തിക്ക് മുഴുവൻലോകത്തിന്റെയും എതിർപ്പിനെ നേരിടാനാവും.

അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.
ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.

ഈ ലോകം ഭീരുക്കൾക്കുള്ളതല്ല ഓടിയൊളിക്കാൻ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ.

രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്.

വേദങ്ങളും ഖുറാനും ബൈബിളും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഒരു ലോകമാണ് ഞാൻ വിഭാവനം ചെയ്യുന്നത്.

വിധവയുടെ കണ്ണുനീർ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.

ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌

2017 ജനുവരി 10, ചൊവ്വാഴ്ച

വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............




കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസ ധനമായി അഞ്ചു ലക്ഷം രൂപ വീതം മൂന്നു മാസത്തിനകം നൽകണം എന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ്സന്തോഷകരമാണ്. ആശ്വാസധനത്തിനുള്ള തുക മരുന്ന് കമ്പനികളിൽ നിന്ന് ഈടാക്കാം എന്നതും കേന്ദ്ര സർക്കാരിനും ഇതിൽ ഉത്തരവാദിത്വം ഉണ്ട് എന്നുമുള്ള നിരീക്ഷണങ്ങളും ഏറെ പ്രാധാന്യം അർഹിക്കുന്നു. തീർച്ചയായും എൻഡോസൾഫാൻ എന്ന മാരക വിഷത്തിന്റെ ഇരകളായി മരണപ്പെട്ട ജീവിതങ്ങൾക്കും മരിച്ചു ജീവിക്കുന്ന ഒരു തലമുറക്കും ഒന്നും തന്നെ പകരമാവില്ല എങ്കിലും പരമോന്നത നീതിപീഠത്തിന്റെ ഈ വിധി ആശ്വാസകരം തന്നെയാണ്. തീർച്ചയായും ഈ വിധി കൃത്യമായ സമയത്തിനുള്ളിൽ തന്നെ നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അത് ഇരകൾക്കുആശ്വാസം നൽകുന്നതിനൊപ്പം തന്നെ സർക്കാരിന് കൂടുതൽ ശോഭ നൽകുകയും ചെയ്യും. ഡി വൈ എഫ്  ഐ യുടെ ഹർജിയിലാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. ഇതുപോലുള്ള ജനകീയ വിഷയയങ്ങളിൽ ഇനിയും കൃത്യമായ ഇടപെടലുകൾ ഡി വൈ എഫ് ഐ യുടെ ഭാഗത്തു നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ . പൊതുവായ  വിഷയങ്ങളിൽ ഇടപെടാനുള്ള പൊതുസമൂഹത്തിന്റെ താല്പര്യമില്ലായ്മയെ പലപ്പോഴും നമ്മൾ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ എൻഡോസൾഫാൻ വിഷയത്തിൽ പൊതുസമൂഹം പ്രകടിപ്പിച്ച ബദ്ധശ്രദ്ധ എടുത്തു പറയേണ്ടതാണ്. 2010 ഡിസംബർ 3 നു ഞാൻ ബ്ലോഗിൽ എഴുതിയ വേണ്ട നമുക്കീ എൻഡോസൾഫാൻ എന്ന പോസ്റ്റ് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകൾക്കും നിറഞ്ഞ പിന്തുണയും പ്രതികരണവും ആണ് കിട്ടിയത്. ആ പോസ്റ്റ് ചുവടെയുള്ള  ലിങ്കിൽ .....

2017 ജനുവരി 6, വെള്ളിയാഴ്‌ച

ആശംസകൾ കോഹ്‌ലി !!!!




വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി , യുവരാജ് സിംഗിനെ പോലെ അർഹതയുള്ള കളിക്കാരുടെ തിരിച്ചു വരവ് അതെ ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും നന്മകൾ പൂക്കുന്നു. അധികാര ഗർവ്വിന്റെയും സ്വാർത്ഥതയുടെയും അഴിമതിയുടെയും അനീതിയുടെയും ഒക്കെ ഫലമായി സാധാരണ ക്രിക്കറ്റ് പ്രേമിയുടെ മനസ്സിൽ നിന്നും എപ്പോഴോ എവിടെയോ വച്ച് പടിയിറങ്ങിപ്പോയ  ക്രിക്കറ്റ് എന്ന വികാരം വീണ്ടും സിരകളിൽ നിറയുന്നു. മുഗ്ദൽ സമിതിയോട് , ലോധ കമ്മറ്റിയോട്, പരമോന്നത നീതിപീഠത്തോട് സർവ്വോപരി ദൈവത്തോട് നന്ദിയുണ്ട്. തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. മാലിന്യങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട നദി പോലെ ഏറെ  പരിശുദ്ധമായി കൂടുതൽ ശക്തമായി കൂടുതൽ ഗതി വേഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് മുന്നോട്ടു പോകും . ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട കോഹ്‌ലിക്ക് അഭിനന്ദനങ്ങളും പൂർണ്ണ പിന്തുണയും. നിർണായക സമയത്തു ഭരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത്. എങ്കിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. വളരെ സത്യസന്ധമായി ആത്മാർഥമായി ധീരമായി ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിൽ എത്തിക്കാൻ കോഹ്‌ലി എന്ന ക്യാപ്റ്റന് സാധിക്കും എന്നതിൽ തർക്കമില്ല. സ്വാർത്ഥത പുലർത്താതെ കഴിവുള്ള കളിക്കാർക്ക് അവർ ഏതു സംസ്ഥാനത്തു നിന്ന് ഉള്ളവർ ആയാലും അവരുടെ മാതൃഭാഷ എന്ത് തന്നെ ആയാലും അവർക്കു അവസ്സരം നൽകണം. ക്രിക്കറ്റിന്റെ വളർച്ചയും നന്മയും മാത്രമാകണം ലക്‌ഷ്യം. ഈ പുതുവർഷത്തിൽ ഇന്ത്യൻ  ക്രിക്കറ്റ് പുതിയ ഉയരങ്ങൾ താണ്ടട്ടെ ... ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനയും പിന്തുണയും !!!!!

2017 ജനുവരി 4, ബുധനാഴ്‌ച

ധോണി എന്ന ശാപം ഒഴിയുന്നു.....





കായിക ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനും സ്വാർത്ഥനുമായ കളിക്കാരൻ ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ  ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. ലോധ കമ്മിറ്റിയുടെയും സുപ്രീം കോടതിയുടെയും ഇടപെടലിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് രംഗം ശുദ്ധീകരിക്കപ്പെടുന്ന ഈ വേളയിലാണ് കാലം നൽകിയ പ്രഹരത്തിൽ അനിവാര്യമായ ഈ പടിയിറക്കം.അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ ഇനിയും ഏറെ നാൾ പിടിച്ചു നില്ക്കാൻ കഴിയില്ല എന്ന തിരിച്ചറിവിന്റെ പിന്മടക്കം. എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികൾ ആക്കാൻ  കഴിയില്ല .എത്രയോ പ്രഗത്ഭരായ കളിക്കാരുടെ സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ തല്ലിക്കെടുത്തിയാണ് അയാൾ ഇക്കാലമത്രയും ടീമിൽ കടിച്ചു തൂങ്ങിയത്. വിരേന്ദർ സെവാഗ് , ഗൗതം ഗംഭീർ, യുവരാജ് സിങ് , ശ്രീശാന്ത് ..... എണ്ണിയാൽ തീരാത്ത പട്ടിക നീളുന്നു. കണ്ണുനീരും ശാപങ്ങളും ധോണിയെ ജീവിതകാലമത്രയും പിന്തുടർന്ന് കൊണ്ടേയിരിക്കും. ക്യാപ്റ്റൻ കൂൾ എന്നത് വെറും ആലങ്കാരിക പ്രയോഗം മാത്രമാണ്. അയാളുടെ മനസ്സ് എന്നും എപ്പോഴും അസ്വസ്ഥമായിരുന്നു . മറ്റു കളിക്കാരെ എങ്ങനെ തകർക്കാം , സ്വന്തം സ്ഥാനം നിലനിർത്താൻ എന്തെല്ലാം അവിശുദ്ധ മാർഗ്ഗങ്ങൾ നടത്താം എന്നതിനെ കുറിച്ചെല്ലാം അസ്വസ്ഥത പൂണ്ട മനസ്സിന്റെ ഉടമയായിരുന്നു അയാൾ. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിന്റെ സമസ്ത മേഖലകളിൽ നിന്നും ധോണി എന്ന ശാപം ഒഴിഞ്ഞു പോകണം. ക്രിക്കറ്റിനെ നെഞ്ചോട്  ചേർത്തു പിടിച്ചുരുന്ന ഞാനുൾപ്പെടെയുള്ള പതിനായിരങ്ങളെ ക്രിക്കറ്റിൽ നിന്നും അകറ്റി നിർത്തിയതിനു ഉത്തരവാദി ധോണി എന്ന സ്വാർത്ഥൻ തന്നെയാണ്. ക്രിക്കറ്റിനെ മലിനമാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒരു കാലത്തും അയാൾക്ക്‌ ഒഴിഞ്ഞു മാറാനും കഴിയില്ല. ഞങ്ങൾ വീണ്ടും  ക്രിക്കറ്റിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും ഒരു ശാപമായി കടിച്ചു തൂങ്ങി നിൽക്കാതെ ക്രിക്കറ്റിന്റെ സമസ്ത മേഖലകളിൽ നിന്നും ഒഴിഞ്ഞു പോകു. ധോണി എന്ന ശാപം തുടരുന്നിടത്തോളം നിറഞ്ഞ മനസ്സോടെ ക്രിക്കറ്റിനെ സ്നേഹിക്കാൻ ഞങ്ങൾക്ക് കഴിയില്ല. എന്തൊക്കെ നേടിയാലും വെട്ടിപ്പിടിച്ചാലും മറ്റുള്ളവരുടെ കണ്ണുനീരിനു ഒരു നാൾ വില കൊടുക്കേണ്ടി വരും , അവരുടെ ശാപങ്ങളിൽ ഉരുകി ശിഷ്ട ജന്മം കഴിയേണ്ടി വരും.........

2016 ഡിസംബർ 30, വെള്ളിയാഴ്‌ച

പുതുവത്സരാശംസകൾ !!!!



കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നില്‍ മറ്റൊരു പുതു വർഷം കൂടി. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് പദമൂന്നാം . സ്നേഹത്തില്‍ അധിഷ്ടടിതമായ ജീവിതചര്യയിലുടെ നാളെകള്‍ കൂടുതല്‍ സുന്ദരമാക്കി മാറ്റാം. തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മിലധികംപേരും. പ്രകടിപ്പിക്കാത്ത സ്നേഹം ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. പങ്കു വൈക്കാത്ത സ്നേഹം അപൂര്‍ണവുമാണ്. ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വേഷം ഇല്ലാതാകുന്നുള്ളു . ആധുനിക ലോകത്ത് വ്യക്തി ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അസ്സമാധാനം വളര്‍ന്നു കഴിഞ്ഞു . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു. വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യ സങ്കല്‍പ്പങ്ങള്‍ കലഹരണപ്പെട്ടെന്നും  ആധുനിക ജീവിതത്തില്‍ അവയ്ക്ക് പ്രസ്സക്തി ഇല്ല എന്നും ചിലര്‍ കരുതുന്നു. കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന ഈ ആധുനിക വല്‍ക്കരണത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നു. ഇവയ്ക്കുള്ള പരിഹാരം മനസ്സില്‍ സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നമുക്കും നമ്മുടെ  ചുറ്റു പാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. നമ്മുടെ ചുറ്റുപാടുകള്‍ കൂടുതല്‍ സുന്ദരമായി തോന്നുന്നു. പൂക്കള്‍ കൂടുതല്‍ മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല്‍ മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള്‍ ഇളം കാറ്റുപോലെ ആശ്വാസകരമാകുന്നു . , വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല്‍ ദൃഢം  ആകുന്നു. അതുകൊണ്ടുതന്നെ ആധുനിക വല്‍ക്കരണവും വികസ്സനവും മാറ്റങ്ങളും സ്വാഗതം ചെയ്യുന്നതിനൊപ്പം മനസ്സുകള്‍ സ്നേഹം കൊണ്ട് നിറയ്ക്കാം . സ്നേഹമുണ്ടെങ്കില്‍ എല്ലാമുണ്ട്, എല്ലാമുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല. അതിനാല്‍ ഈ പുതുവര്‍ഷം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായി നമുക്ക് മാറ്റി വയ്ക്കാം.
ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹൃദങ്ങൾ  പനിനീര്‍ മുകുളങ്ങൾ ആയി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ . അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹൃദങ്ങൾ  സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹൃദങ്ങൾ  തിരിച്ചു പിടിക്കാനും പുതിയ സൌഹൃദങ്ങളുടെ ഊഷ്മളത  ഒന്നു കുടി ഊട്ടി  ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം .നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൾ . ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്ന ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️