2024, മാർച്ച് 29, വെള്ളിയാഴ്‌ച

2019, ജൂൺ 5, ബുധനാഴ്‌ച

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥
🙏ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്റുമായിരിക്കുക ഏന്നത് അതിലും സങ്കീർണ്ണമായ അവസ്ഥയാണ്. അത്തരമൊരു പരിണാമത്തിലേക്കുളള ശ്രമത്തിലാണ് ഞാനിപ്പോൾ. വർഷമേഘങ്ങളേ നന്ദി എന്ന കഥാസമാഹാരത്തിനും പ്രണയമാണെനിക്ക് എന്ന കവിതാസമാഹാരത്തിനും ശേഷം പുറത്തിറങ്ങുന്ന എന്റെ ആദ്യ നോവലാണ്
♥ഹൃദയതർപ്പണം♥
🙏വിലയേറിയ വിഭവങ്ങൾ ചേർന്ന ഗംഭീര വിരുന്നും സദ്യയുമൊന്നുമല്ല ഹൃദയതർപ്പണം, എന്നാൽ ഒന്നുറപ്പാണ് ഹൃദതർപ്പണം ഒരു പാഥേയമാണ്. അതേ വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ നല്ല പുത്തരിച്ചോറും തേങ്ങാചമ്മന്തിയും തോരനും മെഴുക്കുപുരട്ടിയും നല്ലകണ്ണിമാങ്ങാ ഉപ്പിലിട്ടതും ചേര്‍ത്ത് കഴിക്കുമ്പോഴുളള ഒരു നിറവും സംതൃപ്തിയും അത് ഹൃദയതർപ്പണം വായനക്കാർക്ക് പകർന്ന് നൽകും. വളരെ ചുരുങ്ങിയ അധ്യായങ്ങളിൽ ലളിതമായ ഭാഷയിൽ അതിഭാവുകത്വമോ ആർഭാടങ്ങളോ ഇല്ലാത്ത ഒരു കൊച്ച് നോവലാണ് ഹൃദയതർപ്പണം.....
സ്വീകരിക്കുക🙏
നിങ്ങളുടെ സ്വന്തം
ജയരാജ് മുരുക്കുംപുഴ

നവരസം സംഗീത സഭ സാഹിത്യ പുരസ്‌കാരം .........

നവരസം സംഗീത സഭ  സാഹിത്യ പുരസ്‌കാരം .........
തിരുവനന്തപുരം ചെമ്പൈ ഹാളിൽ  വച്ച് നടന്ന ചടങ്ങിൽ ആദരണീയനായ ശ്രീ എം. ജി . ശശി ഭൂഷൺ  അവർകളിൽ നിന്ന് സ്വീകരിക്കുന്നു........




ബുക്ക് കഫേ സാഹിത്യ പുരസ്‌കാരം ......

ബുക്ക് കഫേ സാഹിത്യ പുരസ്‌കാരം .........
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ആദരണീയനായ ശ്രീ ദേശമംഗലം രാമകൃഷ്ണൻ അവർകളിൽ നിന്ന് സ്വീകരിക്കുന്നു........



പുലരി സാഹിത്യ പുരസ്‌കാരം ,,,,,,,

പുലരി സാഹിത്യ പുരസ്‌കാരം
വർഷമേഘങ്ങളേ നന്ദി.......

2018, ഡിസംബർ 12, ബുധനാഴ്‌ച

🙏❤ധന്യ നിമിഷം❤🙏



D Y F I മണവാരി യൂണിറ്റ് നൽകിയ സ്നേഹാദരം.
ബഹുമാനപ്പെട്ട കാട്ടാക്കട എം എൽ എ ശ്രീ ഐ ബി സതീഷ് അവർകൾ പൊന്നാട അണിയിക്കുന്നു ....

🙏❤ധന്യ നിമിഷം❤🙏






പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ എന്റ 25 കഥകളുടെ സമാഹാരം 🌧വർഷമേഘങ്ങളേ നന്ദി 🌧 40 കവിതകളുടെ സമാഹാരം 💓പ്രണയമാണെനിക്ക്💓

🙏❤ധന്യ നിമിഷം❤🙏




 പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ എന്റ 25 കഥകളുടെ സമാഹാരം 🌧വർഷമേഘങ്ങളേ നന്ദി 🌧 40 കവിതകളുടെ സമാഹാരം 💓പ്രണയമാണെനിക്ക്💓 എന്നീ രണ്ട് പുസ്തകങ്ങളുടെ ഔദ്യോഗിക പ്രകാശനം ശ്രീ രാജാജി മാത്യു തോമസ് സാർ , പ്രൊഫ. പൂത്തുർ ബാലകൃഷ്ണൻ സാറിന് നൽകി നിർവ്വഹിക്കുന്നു. ജയരാജ് മുരുക്കുംപുഴ

എന്റെ ശബരിമല യാത്ര ✍🙏.








മണ്ഡലകാലത്ത് ശബരിമല  അയ്യപ്പ ദർശനം നടത്തണമെന്ന് മനസ്സിൽ തോന്നിയിരുന്നു. അതു കൊണ്ട്  തന്നെ  മാലയിട്ട് വ്രതം നോറ്റ് മണ്ഡല കാലത്തിന് ഒരുക്കം തുടങ്ങി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ടാകണം പലരും ഇത്തവണ മല കയറുന്നില്ല എന്ന് തീരുമാനമെടുത്തു എങ്കിലും ദർശനം നടത്തണം എന്ന അയ്യപ്പ ഭഗവാന്റെ തീരുമാനം മാറ്റുവാൻ ഞാനൊരുക്കമായിരുന്നില്ല. ആരും ഒപ്പമില്ലെങ്കിലും ഒറ്റക്ക് മല ചവിട്ടാൻ തന്നെ തീരുമാനിച്ചു. അതിൻ പ്രകാരം ഇന്നലെ രാവിലെ തിരുവനന്തപുരം തമ്പാനൂർ ഗണപതി ക്ഷേത്രത്തിൽ ആചാരപരമായി തന്നെ കെട്ട് നിറച്ച് ഇരുമുടിക്കെട്ടുമായി തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും പത്തനംതിട്ട ബസിൽ പത്തനം തിട്ടയിൽ ഇറങ്ങി. അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം പമ്പ ബസിൽ കയറി പമ്പയിലേക്ക് യാത്രയായി. അപ്പോഴേക്കും ശക്തമായ മഴ തുടങ്ങിയിരുന്നു. നിലക്കൽ ബേസിലൂടെ പമ്പയിലെത്തുമ്പോൾ വൈകുന്നേരം നാല് മണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു. മല കയറി പൊന്നു പതിനെട്ടാം പടിയെ തൊട്ടു വണങ്ങി തൃക്കാർത്തിക നാളിലെ പൊൻപ്രഭ ചൊരിയുന്ന അയ്യപ്പന്റെ പുണ്യ ദർശനത്താൽ ധന്യനായി.   നെയ്യഭിഷേകം ചെയ്തിട്ടേ മടങ്ങാവൂ എന്ന് അയ്യപ്പ ഭഗവാന്റെ ഇംഗിതം കാരണം ഇന്ന് പുലര്‍ച്ചെ 3.30 ന് നെയ്യഭിഷേകം നടത്തി 4 മണിയോടെ ഭഗവാനോട് യാത്ര  പറഞ്ഞ് മലയിറങ്ങി. പമ്പയിൽ എത്തുമ്പോൾ സമയം 5 മണി. ത്രിവേണി  സ്റ്റാൻഡിൽ നിന്നുളള പമ്പ സ്റ്റാൻഡിലേക്കുളള ബസിൽ കയറി പമ്പ സ്റ്റാൻഡിൽ ഇറങ്ങി. ആ യാത്ര സൗജന്യമാണ്. അവിടെ  നിന്ന്  6 മണിക്കുളള തിരുവനന്തപുരം ബസിൽ കയറി . ഉച്ചക്ക് 12.30ന് തിരുവനന്തപുരം തമ്പാനൂർ സ്റ്റാൻഡിൽ സുരക്ഷിതനായി ഇറങ്ങി.  ഈ യാത്രയിൽ ഉടനീളം അയ്യപ്പ ഭഗവാന്റെ സാന്നിധ്യം ഞാൻ തിരിച്ചറിയുകയായിരുന്നു. അതേ ഈ യാത്ര ഞാൻ തനിച്ചായിരുന്നില്ല, അയ്യപ്പ ഭഗവാൻ വഴി കാട്ടിയായി ഒപ്പം തന്നെ ഉണ്ടായിരുന്നു. 
ഞാൻ മലക്ക് പോയി വന്നതോടെ പലരും പറഞ്ഞു മലകയറാൻ  ഇനി ഞങ്ങളും മടിക്കുന്നില്ല ഉടനെ പോകുന്നുണ്ടെന്ന്. അത് കേൾക്കുമ്പോൾ ഒരു പാട് സന്തോഷം. ശബരിമല വീണ്ടും ഭക്ത ലക്ഷങ്ങളെ കൊണ്ട് നിറയാൻ തുടങ്ങുന്നു. തീർച്ചയായും ഇന്ന് പുലര്‍ച്ചെ  ഞാൻ മല ഇറങ്ങി വരുമ്പോൾ തന്നെ ഈ മണ്ഡല കാലത്തിലെ മുൻ ദിനങ്ങളിൽ നിന്ന്  വ്യത്യസ്തമായി ഭക്തരുടെ ഒഴുക്ക് നേരിട്ട്  കണ്ടു.  അത് ശുഭസൂചനയാണ്.
സ്വാമിയേ ശരണമയ്യപ്പ 🙏

2018, മാർച്ച് 23, വെള്ളിയാഴ്‌ച

കുല മഹിമയുടെ ചോരപ്പൂക്കൾ....








പ്രിയപ്പെട്ടവരേ.....
എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാഹാരത്തിലെ ഇരുപത്തിയൊന്നാമത്തെ കവിതയായ കുലമഹിമയുടെ ചോരപ്പൂക്കൾ എന്ന കവിതയാണ് ചുവടെ. ഉത്തരേന്ത്യയിൽ മാത്രമല്ല തമിഴ്നാട്ടിലും നമ്മുടെ സാക്ഷര കേരളത്തിലും ദുരഭിമാനക്കൊല എന്ന ദുരന്തം തല പൊക്കുമ്പോൾ വേദനയോടെ ഈ കവിത നിങ്ങളുടെ സമക്ഷം സമർപ്പിക്കുന്നു.

ജയരാജ് മുരുക്കുംപുഴ

കുല മഹിമയുടെ ചോരപ്പൂക്കൾ...

അരുതേ എന്‍ മകളെ കൊല്ലരുതേ.......
കുല മഹിമയ്ക്കായി ചുട്ടെരിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പേറ്റു നോവിനായ് കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചെങ്ങോ  മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ്‌ അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗദ്ഗദം
ചെയ്തൊരാപാരാധത്തിനു പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നിൽക്കുമീ  അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമഹിമയിൽ  ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോ ഈ അമ്മതന്‍ തലവിധി .......

2018, മാർച്ച് 21, ബുധനാഴ്‌ച

കരുതാം, നാളേയ്ക്കായ് ഒരുതുളളി....









world Water Day, on 22 March every year, is about taking action to tackle the water crisis. Today, 1.8 billion people use a source of drinking water contaminated with faeces, putting them at risk of contracting cholera, dysentery, typhoid and polio.

The Sustainable Development Goals, launched in 2015, include a target to ensure everyone has access to safe water by 2030, making water a key issue in the fight to eradicate extreme poverty.

In 1993, the United Nations General Assembly officially designated March 22 as World Water Day. World Water Day is coordinated by UN-Water in collaboration with governments and partners.
2018 Theme:  Nature for Water – explores how we can use nature to overcome the water challenges of the 21st century

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

2018, ഫെബ്രുവരി 25, ഞായറാഴ്‌ച

ആറ്റുകാൽ പൊങ്കാല 2018 മാർച്ച് 2 വെള്ളിയാഴ്ച്ച !









ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.
മാർച്ച് 2 വെള്ളിയാഴ്ച   ആണ് ആറ്റുകാൽ പൊങ്കാല. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായതിനെക്കാളും പതിന്മടങ്ങ്‌ തിരക്ക് ഇത്തവണ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ......

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.


2018, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

സേവ് കെ എസ് ആർ ടി സി ....






2016 ഡിസംബർ 20 നു ബ്ലോഗിൽ ഞാൻ എഴുതിയ കുറിപ്പാണിത് ..  കെ എസ് ആർ ടി സിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ ഒരിക്കൽ കൂടി ആ കുറിപ്പ് പോസ്റ്റ് ചെയ്യുകയാണ്......

വീഴ്ചകളുടെയും നഷ്ട്ടങ്ങളുടെയും കണക്കുമാത്രമെ കേരളത്തിന്റെ പൊതുഗതാഗത മാർഗമായ കെ എസ് ആർ ടി സി ക് ഏറെ കാലങ്ങളായി പറയുവാനുള്ളു. തീർച്ചയായും ഇന്നോ ഇന്നലെയോ അല്ല പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കെ എസ് ആർ ടി സി ഇത്തരം ഒരു അവസ്ഥാ വിശേഷത്തിൽ എത്തിച്ചേർന്നിരുന്നു എന്നതാണ് യാഥാർഥ്യം. പകുതി മുങ്ങിയ ഒരു കപ്പൽ പോലെ. പലപ്പോഴും കപ്പലിനെ പൂർവ്വ അതിഥിയിൽ  കൊണ്ട് വരുന്നതിനു പകരം പകുതി മുങ്ങിയ നിലയിൽ എങ്കിലും നിലനിർത്തുക എന്ന അലംഭാവ മനോഭാവമാണ് ഇന്ന് പൂർണ്ണമായും മുങ്ങുന്ന അവസ്ഥയിൽ കെ എസ് ർ ടി സി യെ കൊണ്ട് എത്തിച്ചിരിക്കുന്നത്. കപ്പലിൽ തുള വീണപ്പോൾ തുള അടയ്ക്കുന്നതിന് പകരം വെള്ളം കോരി കളയുകയായിരുന്നു എളുപ്പ മാർഗ്ഗം . പിന്നീട് തുള അടക്കാൻ പോലും കഴിയാത്ത വിധം വെള്ളത്തിന്റെ പ്രവാഹം കൂടിയപ്പോൾ കപ്പൽ ഒന്നാകെ മുങ്ങിപ്പോയി. ഒരു പക്ഷെ നഷ്ടത്തിന്റെ കണക്കുകൾ പറയുമ്പോഴും ഇപ്പോഴും ഒരു ദിവസത്തെ കളക്ഷനും ചെലവും മാത്രം എടുത്തു നോക്കിയാൽ ഇന്നും കെ എസ് ർ ടി സി ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതാണ് യാഥാർഥ്യം . പിന്നെ എങ്ങനെയാണു നഷ്ടത്തിന്റെ വ്യാപ്തി വർധിക്കുന്നത്, കാലാ കാലങ്ങളിൽ അനുവർത്തിച്ചു പോന്ന മാർഗ്ഗങ്ങൾ തന്നെയായിരുന്നു. ഇതിനു എല്ലാവരും ഉത്തരവാദികളാണ്. എന്നാൽ ഈ സ്ഥിതിക്ക് മാറ്റം വന്നേ തീരു. അതിനു വേണ്ടുന്ന പ്രവർത്തനങ്ങളും മാർഗ്ഗ നിർദേശങ്ങളും രൂപീകരിച്ച പറ്റൂ. പൊതുവെ  പറയുംപോലെ നമ്മളിൽ കൂടുതൽ പേരും നല്ല മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിലും  വളരെ കുറച്ചു പേര് മാത്രമാണ് നല്ല മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നത്. എന്നാൽ ബഹുഭൂരിപക്ഷവും കരുതുന്നത് നല്ല മാറ്റങ്ങൾക്കായി മറ്റാരെങ്കിലും പ്രവർത്തിച്ചോളും നമ്മുക്ക് ഇതിൽ കാര്യമില്ല എന്ന മട്ടിലാണ്. തീർച്ചയായും ഈ ചിന്താഗതിക്ക് മാറ്റം വന്നേ തീരു. പൊതുവായ പ്രശ്ന പരിഹാരങ്ങൾക്കു നമുക്ക് ഓരോരുത്തർക്കും ബാധ്യത ഉണ്ട്. ഇപ്പോൾ തന്നെ സ്വന്തം വാഹനങ്ങളിലും വിമാനത്തിലും ഒക്കെ യാത്ര ചെയ്യുന്നവർ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ല എന്ന് കരുതുന്നു, ഒരു സിനിമയെ കുറിച്ചോ കളിയെ കുറിച്ചോ  ഒക്കെ അഭിപ്രായം പറയുന്നവർ പോലും ഇക്കാര്യങ്ങളിൽ ഒന്നും പറയാറില്ല.  ഇപ്പൊ കൊച്ചിയിൽ നടന്ന ഐ എസ് എൽ കാണാൻ എല്ലാവരും സ്വന്തം വാഹനങ്ങളിൽ അല്ല വന്നത്, ഒരു സിനിമ കാണാൻ കെ എസ് ആർ ടിസി ബസിൽ  യാത്ര ചെയ്തു വരുന്നവർ അനവധി ഉണ്ട്. ഇത്തരത്തിൽ പ്രത്യക്ഷമായല്ല എങ്കിലും പരോക്ഷമായി നമ്മുടെ പരമ്പരാഗത ഗതാഗത  മാർഗ്ഗങ്ങൾ എല്ലാ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ പ്രാധാന്യം കുറഞ്ഞ വിഷയങ്ങൾ പോലും വലിയ വിവാദങ്ങൾ ആക്കി മാറ്റി അഭിപ്രായ പ്രകടങ്ങൾ നടത്തുന്ന ഇന്നത്തെ യുവത ഇത്തരം പ്രാധാന്യമേറിയ വിഷയങ്ങളിൽ കൂടി മാർഗ്ഗ നിർദേശങ്ങൾ നൽകേണ്ടതുണ്ട്. എന്തായാലും 34 മില്യൺ മലയാളി സമൂഹത്തിനു ഒരു രൂപ ഇനത്തിൽ പോലും വലിയൊരു സഹായം കെ എസ് ആർ ടി സി ക്കു നൽകുവാൻ സാധിക്കും . സേവ് കെ എസ് ആർ ടി സി പദ്ധതിയിലൂടെ ഇത്തരത്തിൽ ധനസമാഹരണം നടത്തുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. ഒപ്പം സേവ് കെ എസ് ആർ ടി സി എന്ന പേരിൽ ലോട്ടറി പദ്ധതിയും ആരംഭിക്കാം തദ്ദേശ സ്ഥാപനങ്ങൾ വഴിയും സർക്കാർ സ്ഥാപനങ്ങൾ വഴിയും അവയുടെ വിപണനം നടത്തുകയും ചെയ്യാം.  യാത്ര ടിക്കറ്റിനൊപ്പം കണ്ടക്ടർ മാർക്കും ഇത്തരത്തിലുള്ള ലോട്ടറി ടിക്കറ്റുകൾ യാത്രക്കാർക്ക് വിറ്റഴിക്കുവാനുള്ള രീതി നടപ്പിലാക്കണം.നമ്മുടെ പൊതു സമൂഹത്തിൽ നിന്നും ഇത്തരത്തിൽ അനവധി നിർദേശങ്ങൾ രൂപീകരിക്കാൻ കഴിയും .  പലതുള്ളി പെരുവെള്ളം എന്ന് പറയുംപോലെ ചെറിയ ചെറിയ പ്രവർത്തങ്ങളിലൂടെ കേരളത്തിന്റെ ഏറ്റവും പ്രധാന ഗതാഗത മേഖലയെ രക്ഷിച്ചെടുക്കാം.  . അതിനായി കരുതലോടെ നീങ്ങണം. പുതിയ രക്ഷകർ അവതരിക്കുന്നത് കാത്തിരിന്നിട്ടു കാര്യമില്ല. നമ്മൾ തന്നെ നമുക്ക് രക്ഷകരാകണം ........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️